2018-05-28 16:10:00

സന്തോഷം സമാധാനത്തില്‍ അധിഷ്ഠിതം : പാപ്പാ ഫ്രാന്‍സിസ്


സാന്താ മാര്‍ത്തിയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ
പാപ്പാ ഫ്രാന്‍സിസ് നല്കിയ വചന സന്ദേശം:

ധനികനായ യുവാവിന്‍റെ സുവിശേഷ ഭാഗത്തെയും വിശുദ്ധ പത്രോസിന്‍റെ ആദ്യ ലേഖന ഭാഗത്തെയും ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത് (1 പത്രോസ് 1, 1-9), (മര്‍ക്കോസ് 10, 17-20).

ആനന്ദം ക്രൈസ്തവന്‍റെ നിശ്വാസം
വ്യക്തിതാല്പര്യങ്ങളുടെ ബന്ധികളാകാതെ, യാഥാര്‍ത്ഥമായ സന്തോഷത്തില്‍ സമാശ്വാസം കണ്ടെത്തണം. സന്തോഷം ക്രൈസ്തവന്‍റെ നിശ്വാസമാണ്. എന്നാല്‍ ആ സന്തോഷം സമാധാനത്തില്‍ അധിഷ്ഠിതവുമാണ്. അത് ഇന്നിന്‍റെ സംസ്ക്കാരം തരുന്ന ആര്‍ഭാടങ്ങളുടെയും ഉല്ലാസത്തിന്‍റെയും തിമിര്‍പ്പല്ല. പീഡനങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമപ്പുറം ക്രൈസ്തവന്‍ കണ്ടെത്തുന്ന ആത്മീയ സന്തോഷം സമാധാനത്തില്‍ അധിഷ്ഠിതമാണെന്ന് പാപ്പാ അടിവരയിട്ടു പ്രസ്താവിച്ചു.

നല്ല ക്രൈസ്തവന്‍ ദുഃഖത്തിന്‍റെ നിഴലില്‍ ജീവിക്കില്ല. അതിനാല്‍ സന്തോഷത്തില്‍ ജീവിക്കാന്‍ അവനും അവളും സമാധാനം കണ്ടെത്തുന്നു. അവര്‍ സമാശ്വാസത്തിന്‍റെ ദൂതന്മാരായി മാറുന്നു. ഹൃദയത്തില്‍ സന്തോഷമില്ലാത്തൊരാള്‍ക്ക് ക്രൈസ്തവനായിരിക്കുക സാദ്ധ്യമല്ല. സന്തോഷം ക്രൈസ്തവന്‍റെ ജീവനിശ്വാസവും, ആത്മീയജീവന്‍റെ അടയാളവുമാണ്. സന്തോഷം നമുക്ക് വാങ്ങാനാവില്ല. അതു നാം ആര്‍ജ്ജിച്ചെടുക്കുന്നതാണ്. അത് ദൈവാരൂപിയുടെ ദാനമാണ്. പരിശുദ്ധാത്മാവാണ് ഹൃദയത്തില്‍ സന്തോഷം വളര്‍ത്തുന്നതാണ്.

സന്തോഷത്തിന്‍റെ ആദ്യപടി സമാധാനം
ഓര്‍മ്മയാകുന്ന അടത്തറയിലാണ് സന്തോഷം നാം കെട്ടിപ്പടുക്കേണ്ടത്. ദൈവം തന്ന നന്മകള്‍ ജീവിതത്തില്‍ മറക്കാനാവില്ല. നന്മകളുടെ ഓര്‍മ്മ നമ്മെ പുനര്‍ജീവിപ്പിക്കുന്നു. ഒപ്പം അത് നമുക്ക് ദൈവിക ഐക്യത്തിനുള്ള പ്രത്യാശയും പകരുന്നു. അപ്പോള്‍ ഓര്‍മ്മയും പ്രത്യാശയുമാണ് ക്രൈസ്തവ ജീവിതത്തില്‍ സന്തോഷത്തിനുള്ള സൂക്തങ്ങള്‍. എന്നാല്‍ അത് പൊള്ളയോ നൈമിഷികമോ ആയ സന്തോഷമല്ല, മറിച്ച് സമാധാനത്തില്‍നിന്നും ഉതിരുന്ന ആനന്ദമാണ്.  ആനന്ദം അട്ടഹസിക്കുന്നതിലല്ല! പൊള്ളയായ ചിരിയുമല്ലത്. സമാധാനത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നതാണ്. ഹൃദയാന്തരാളത്തിലെ സമാധാനം ദൈവം തരുന്നതാണ്. അതില്‍നിന്നാണ് ആനന്ദം ഉതിരുന്നത്. അതിനാല്‍ യഥാര്‍ത്ഥമായ ആനന്ദം സമാധാനത്തില്‍നിന്നും ഉതിര്‍ക്കൊള്ളുന്നു. അത് അത്ര എളുപ്പവുമല്ല.

ലഘു സന്തോഷങ്ങളുടെ സംസ്ക്കാരം
ആനുകാലിക സംസ്ക്കാരം സന്തോഷമില്ലാത്തതാണെന്നത് ദൗര്‍ഭാഗ്യം തന്നെ! ഇന്ന് താല്ക്കാലിക സന്തോഷം തരുന്ന ഒത്തിരി കാര്യങ്ങളിലാണ് മനുഷ്യന്‍റെ ശ്രദ്ധ. എന്നാല്‍ അതില്‍ മനുഷ്യന്‍ പൂര്‍ണ്ണമായ സംതൃപ്തി കണ്ടെത്തുന്നുമില്ല. യഥാര്‍ത്ഥ സന്തോഷം നമുക്ക് വാങ്ങാനാകില്ല. അത് പരിശുദ്ധാത്മാവ് തരുന്നതാണ്. അത് ജീവിതത്തിന്‍റെ സുഖദുഃഖങ്ങളിലും കഷ്ഠനഷ്ടങ്ങളിലും ഒരുപോലെ ഹൃദയത്തില്‍ സ്പന്ദിക്കുന്നു! കാരണം അത് ദൈവരൂപിയുടെ ദാനമാണ്!

സുരക്ഷയ്ക്കും സ്വരക്ഷയ്ക്കുംവേണ്ടി നാം അസ്വസ്ഥരാകുന്നു. ധനത്തിന്‍റെയും സുഖത്തിന്‍റെയും സുരക്ഷയാണ് നമ്മെ അസ്വസ്ഥരാക്കുന്നത്. ധനികനായ യുവിവിന്‍റെ അസ്വസ്ഥത ധനത്തെയും സുഖലോലുപതയെയും കേന്ദ്രീകരിച്ചുള്ള ഹൃദയചാഞ്ചല്യമായിരുന്നു. അതുകൊണ്ട് അയാള്‍ സന്തോഷമില്ലാതെ, ദുഃഖിതനായി മടങ്ങിപ്പോയെന്നു സുവിശേഷത്തില്‍ വായിക്കുന്നു. തന്‍റെ സ്വത്ത് ഉപേക്ഷിച്ചാല്‍ സന്തോഷം നഷ്ടമാകുമെന്ന് അയാള്‍ വിചാരിച്ചു. എന്നാല്‍ സമാധാനത്തില്‍നിന്നും ലഭിക്കുന്ന സന്തോഷവും സമാശ്വാസവുമാണ് യഥാര്‍ത്ഥ സമ്പത്ത്! 








All the contents on this site are copyrighted ©.