2018-05-27 17:42:00

മറിയം മാതൃവാത്സല്യത്തിന്‍റെ സ്നേഹശില്പം


ക്രിസ്ത്ബ്ദത്തോളം എത്തുന്ന മരിയഭക്തി

 മരിയഭക്തിക്ക് ക്രിസ്താബ്ദത്തോളം പഴക്കമുണ്ട് എന്നു പറയേണ്ടതില്ല.  ‘മെയ്മാസ റാണി എന്ന പേരില്‍ ദൈവമാതാവിന്‍റെ ഓര്‍മ്മ ഇന്നാളില്‍ നാം കൊണ്ടാടുന്നു. വസന്തം തളിര്‍ത്ത് പൂവണിയുന്ന മാസമാണല്ലോ ഇത്. പുതുജീവന്‍റെ പ്രതീകമാണ് വസന്തം. അതിനാല്‍ ദൈവപുത്രനായ യേശുവിനെ ലോകത്തിന്‍റെ നവജീവനായി മറിയം നല്കിയതിന്‍റെ ഓര്‍മ്മകൂടിയാണിത്. ഇക്കാലത്ത് സുലഭമായി ലഭ്യമാകുന്ന വര്‍ണ്ണപൂക്കള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടന്നു. ഫാത്തിമായില്‍ പരിശുദ്ധ കന്യാകാനാഥ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഒരു മെയ് 13-Ɔο തിയതിയായിരുന്നല്ലോ – 1817 മെയ് 13!. മെയ് മാസവണക്കം 31-Ɔο തിയതി സമാപിക്കുന്നത്, മാതാവിന്‍റെ സന്ദര്‍ശനത്തിരുനാള്‍ അനുസ്മരിച്ചുകൊണ്ടാണ്. ദിവ്യരക്ഷകനെ ഉദരത്തില്‍ വഹിച്ച മറിയം തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിച്ചതിന്‍റെ ഓര്‍മ്മയാണല്ലോ ഇത്. അങ്ങനെ രക്ഷയുടെ വാഗ്ദാനങ്ങള്‍ പൂവണിയുവാന്‍ തുടങ്ങിയ സ്നേഹമുഹൂര്‍ത്തങ്ങള്‍ മെയ് മാസത്തില്‍ അനുസ്മരിക്കപ്പെടുന്നു.

ദൈവസ്നേഹത്തിന്‍റെ കണ്ണി മറിയം
ദൈവസ്നേഹം മനുഷ്യകുലത്തിന് മാതൃസ്നേഹമാക്കി തന്നത് മറിയമാണ്. യേശുവും മറിയവും തമ്മിലുള്ള ബന്ധം രക്ഷാകര പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. നസ്രത്തിലെ ജീവിതത്തിന്‍റെ ആരംഭത്തില്‍തന്നെ ഒരു മനുഷ്യവ്യക്തിക്കു സാധിക്കുന്ന പൂര്‍ണ്ണതയുടെ ഉന്നതിയില്‍ മറിയം എത്തിച്ചേര്‍ന്നിരുന്നു. കന്യകയും മാതാവുമാണ് മറിയം. അവള്‍ അമലോത്ഭവയാണ്. സ്വര്‍ഗ്ഗാരോപിതയാണ്, സ്വര്‍ഗ്ഗരാജ്ഞിയാണ്. മനുഷൃന്‍ തിന്മ വിട്ടകന്ന്, ദൈവത്തിങ്കലേയ്ക്ക് തിരിയാനുള്ള മാനസാന്തരത്തിന്‍റെ സന്ദേശവുമായി മറിയം ഇന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

ദൈവികവാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചവള്‍
പരിശുദ്ധ കന്യകാമറിയത്തിന്‍റെ സുകൃതങ്ങളില്‍ ശ്രദ്ധേയമാകുന്നത് ആഴമായ വിശ്വാസമാണ്. “ഇതാ കര്‍ത്താവിന്‍റെ ദാസി,” എന്ന സമ്മതത്തോടെ ആരംഭിക്കുന്ന ആ സ്നേഹസമര്‍പ്പണം കലവറയില്ലാതെ ജീവിതാന്ത്യംവരെ തുടരുന്നു. ഒരമ്മ എന്ന നിലയില്‍ ദൈവകുമാരനെ പോറ്റിവളര്‍ത്താന്‍ കന്യകാനാഥ ജീവിതത്തില്‍ എല്ലാം ചെയ്തു കാണും. ബതലഹേമിലെ കാലിക്കൂട്ടിലും, നസ്രത്തിലെ കൊച്ചുവീട്ടിലും ആ അമ്മയുടെ സമര്‍പ്പണം തുടര്‍ന്നു. അതിനിടെ ദൈവിക പദ്ധതിയില്‍ തനിക്കു തുണയായിരുന്ന യൗസേപ്പ് മരണമടയുന്നു. പിന്നെ യേശുവും വിടപറയുന്നു. എന്നിട്ടും മറിയം പതറാതെ നിലകൊണ്ടു.

മാതൃവാത്സല്യത്തിന്‍റെ ശില്പം
1499-ലാണ് വിഖ്യാത ശില്പിയും ചിത്രകാരനുമായ മൈക്കിളാഞ്ചലോ പിയത്താ എന്ന പേരില്‍, കുരിശില്‍ മരിച്ച യേശുവിനെ മടിയില്‍ കിടത്തിയ അമ്മയുടെ വിശ്വത്തര പൂര്‍ണ്ണകായ മാര്‍ബിള്‍ പ്രതിമ പണിതീര്‍ത്തത്. വിശുദ്ധ പത്രോസിന്‍റെ വത്തിക്കാനിലെ ബസിലിക്കയുടെ വലതു ഭാഗത്തുള്ള ചെറിയ അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന പിയത്താ, എന്ന വെണ്ണിലാ ശില്പം മൈക്കിളാഞ്ചലോയുടെ സൃഷ്ടികളില്‍ ഏറ്റവും പൂര്‍ണ്ണതയുള്ളതെന്ന് കലാലോകം വിലയിരുത്തുന്നു. 33 വയസ്സ് പ്രായമുള്ള മകനെ ഒരമ്മ മടിയില്‍ കിടത്തുമ്പോഴുള്ള ശരീരശാസ്ത്രത്തിന്‍റെ എല്ലാ അനുപാതങ്ങളും തെറ്റിച്ചാണ് കലാകാരന്‍ ഈ അപൂര്‍വ്വസൃഷ്ടി നടത്തിയിരിക്കുന്നതെന്ന് വിമര്‍ശകര്‍ വ്യാഖ്യനിക്കുന്നു. ജീവിത വിശുദ്ധിയുടെ നിത്യനൈര്‍മ്മല്യം മറിയത്തിന്‍റെ മുഖത്ത് യൗവ്വനഭാവമായി കലാകാരന്‍ ബോധപൂര്‍വ്വം പ്രതിഫലിപ്പിച്ചിരിക്കുന്നു. മറിയത്തിലെ കൃപാവരത്തിന്‍റെ നിറവും ഈ യൗവ്വനഭാവത്തില്‍ ദൃശ്യമാണ്.  കാണികള്‍ മൃതനായ ക്രിസ്തുവിനെ അമ്മയുടെ മടിയില്‍ക്കാണുമ്പോള്‍, മൈക്കിളാഞ്ചലോ കണ്ടത് ആ അമ്മ പെറ്റുവളര്‍ത്തിയ ഓമന പുത്രനെയായിരിക്കണം. മനുഷ്യനേത്രങ്ങളെ അമ്പരപ്പിക്കുന്ന ചിത്രസംയോജനത്തിന്‍റെ പൂര്‍ണ്ണതയും വിശദാംശങ്ങളും ശില്പത്തില്‍ തെളിഞ്ഞുനില്ക്കുന്നു. പൂര്‍ണ്ണകായനായ ക്രിസ്തുവിന്‍റെ മൃതദേഹത്തെ താങ്ങുമാറ് മറിയത്തിന്‍റെ മേലങ്കി ചിട്ടയുള്ള ചുരുളുകളും വടിവുകളുംകൊണ്ട് വിസ്തരിച്ച്, താഴെ ഗോല്‍ഗോത്തായുടെ വിരിമാറിലേയ്ക്ക് ശില്പി വിരിയിച്ചിരിക്കുന്നു. ക്രിസ്തുവിന്‍റെ നഗ്നമായ മൃതദേഹത്തിന്‍റെ സ്പന്ദനം നിലച്ച രക്തധമനികളും ഞരമ്പുകളും മൈക്കളാഞ്ചലോ യാഥാര്‍ത്ഥ്യത്തോടു സമാനമായി മാര്‍ബിളില്‍ കോറിയിരിക്കുന്നു.

 ശില്പത്തിന്‍റെ നാമം, പിയെത്താ  എന്നു ലത്തീനിലും, ഇംഗ്ലിഷില്‍ Piety-യെന്നുമാണ്. Pieta അല്ലെങ്കില്‍  Piety എന്ന വാക്കിന് ഭക്തി എന്നാണര്‍ത്ഥം.  വാക്കു സൂചിപ്പിക്കുന്നതുപോലെ, മൈക്കിളാഞ്ചലോയുടെ സൃഷ്ടിയിലെ അമ്മയുടെ മുഖതാവില്‍ ദുഃഖമല്ല, വാത്സല്യവും ഭക്തിയുമാണ്.  ക്രിസ്തുവിന്‍റെ മുഖത്ത് താന്‍ സഹിച്ച അതീവ പീഡകളുടെ ഭാവമൊന്നും മൈക്കിളാഞ്ചലോ ചിത്രീകരിച്ചിട്ടില്ലെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കാം. കൈകാലുകളിലെ ആണിപ്പാടിനും മാറിലെ മുറിവിനുംമേലെ, ക്രിസ്തുവിന്‍റെ മൃതമേനിയില്‍ മറ്റു മുറിപ്പാടുകള്‍ ഒന്നുംതന്നെ ശില്പി രേഖപ്പെടുത്തിയിട്ടില്ല. പിതൃഹിതത്തിന് ആത്മബലിയായി സമര്‍പ്പിച്ച പുത്രന്‍റെ പ്രശാന്തതയാണിവിടെ.  തന്‍റെ പീ‍ഡാസഹനത്തില്‍ ക്രിസ്തുവേറ്റ മുറിപ്പാടുകള്‍ തുലോം നിസ്സാരങ്ങളായി മാത്രമേ പിയെത്തായില്‍ മൈക്കിളാഞ്ചലോ കൊത്തിയിട്ടുള്ളൂ എന്നത് ശില്പത്തില്‍ കലാകാരന്‍ ഒളിപ്പിച്ചിരുന്ന അപൂര്‍വ്വ ചാതുരി വെളിപ്പെടുത്തുന്നു. അങ്ങനെ ദൈവ–മനുഷ്യ ബന്ധത്തിന്‍റെ കൂട്ടായ്മയില്‍ ഉതിരുന്ന സംതൃപ്തി അമ്മയുടെ മടിയില്‍ കിടക്കുന്ന ജീവസ്സറ്റ മകന്‍റെ മുഖത്ത് ശില്പി മൈക്കിളാഞ്ചലോ മാര്‍ബിളില്‍ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വത്തിക്കാനില്‍‍ വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ വാമഭാഗത്ത് ഇന്നും സൂക്ഷിച്ചിരിക്കുന്ന ആ വെണ്ണിലാ ശില്പം, പിയെത്താ കാലംകണ്ട ഒരുത്ഭുത സൃഷ്ടിയാണെന്നും സ്ഥാപിക്കുന്നു!

കുരിശോളം കൂട്ടായ മാതൃസ്നേഹം
സഭയിലുള്ള മറിയത്തിന്‍റെ പ്രത്യേക സ്ഥാനം ക്രിസ്തുവിനോടുള്ള അവളുടെ ഐക്യത്തില്‍നിന്നു വേര്‍തിരിക്കാനാവാത്തതും അതില്‍നിന്നു നേരിട്ട് ഉത്ഭവിക്കുന്നതുമാണ്. രക്ഷാകര കര്‍മ്മത്തില്‍ മറിയത്തിനു മകനോടുള്ള ഈ ഐക്യം ക്രിസ്തുവിന്‍റെ ജനനംമുതല്‍ മരണംവരെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. പീഡാനുഭവത്തിന്‍റെ മണിക്കൂറില്‍ അത് സര്‍വ്വോപരി വെളിപ്പെടുത്തപ്പെട്ടു. അങ്ങനെ പരിശുദ്ധ കന്യകയുടെ വിശ്വാസത്തിന്‍റെ തീര്‍ത്ഥയാത്രയില്‍ അവള്‍ സഹനത്തിന്‍റെ പാതയില്‍ മുന്നേറുകയും ദിവ്യപുത്രനുമായുള്ള ഐക്യം കുരിശുവരെ വിശ്വസ്തതാപൂര്‍വ്വം കാത്തുസൂക്ഷിക്കുകയും ചെയ്തു. ദൈവികപദ്ധതിക്ക് അനുസൃതമായി തന്‍റെ ഏകജാതനോടൊപ്പം അവിടുത്തെ സഹനത്തിന്‍റെ തീവ്രത സംവഹിച്ചുകൊണ്ടും കുരിശിന്‍ ചുവട്ടില്‍ പതറാതെ നിലയുറപ്പിച്ചുകൊണ്ടും, അവിടുത്തെ തിരുയാഗം ആ മാതൃഹൃദയത്തില്‍ ചേര്‍ത്തുകൊണ്ടും, തന്നില്‍നിന്നു ഉത്ഭവിച്ച ദിവ്യബലിവസ്തു ഹോമിക്കപ്പെടാന്‍ ആര്‍ദ്രമായി സമ്മതിച്ചുംകൊണ്ടുമാണ് മറിയം നിശ്ശബ്ദയായി, നമ്രശിരസ്ക്കയായി കുരിശിന്‍ ചുവട്ടില്‍ നിന്നത്.

കുരിശില്‍ കിടന്നുകൊണ്ട്  പിടഞ്ഞു മരിക്കവേ  ക്രിസ്തു തന്‍റെ ശിഷ്യന്‍ യോഹന്നാനെ ചൂണ്ടിക്കാണിച്ചുകൊണ്ടു മറിയത്തോടു പറഞ്ഞു. “സ്ത്രീയേ, ഇതാ... നിന്‍റെ മകന്‍.” ഈ വാക്കുകളോടെ ശിഷ്യനായ യോഹന്നാന് മറിയത്തെ യേശു അമ്മയായി നല്കുകയും, അതുവഴി മനുഷ്യകുലത്തിന്‍റെ മുഴുവന്‍ അമ്മയായി  മറിയം മാറുകയും ചെയ്തു. തന്‍റെ പുത്രന്‍റെ സ്വര്‍ഗ്ഗരോഹണശേഷം, സഭയുടെ ആരംഭത്തില്‍ മറിയം പ്രാര്‍ത്ഥനയോടെ തന്‍റെ മാതൃസാന്നിദ്ധ്യം ക്രിസ്തു-ശിഷ്യന്മാര്‍ക്ക് പ്രകടമാക്കി. മംഗലവാര്‍ത്തയുടെ സമയത്തു തന്‍റെമേല്‍ എഴുന്നള്ളിയ പരിശുദ്ധാത്മാവിന്‍റെ ദാനത്തിനായി, അങ്ങനെ ക്രിസ്തുവിന്‍റെ മരണശേഷവും അപ്പസ്തോലന്മാരോടും മറ്റു പല സ്ത്രീകളോടും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും, അവര്‍ക്ക് ധൈര്യംപകരുകയും ചെയ്ത അമ്മയുടെ മാതൃവാത്സല്യവും, സ്നേഹസാന്നിദ്ധ്യവും സിഹിയോന്‍ ഊട്ടുശാലയില്‍ ഏറെ പ്രകടമായി ദൃശ്യമാകുന്നു.

ആത്മവിശുദ്ധിയുടെ മാതൃക
ദൈവപിതാവിന്‍റെ ഹിതത്തിനും അവിടുത്തെ പുത്രന്‍റെ രക്ഷാകര പ്രവൃത്തിയ്ക്കും പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിനും കന്യകാമറിയം പൂര്‍ണ്ണ വിധേയയായിനിന്നുകൊണ്ട് സഭയ്ക്കു വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും മാതൃകയായി. അങ്ങനെ, സഭയുടെ മഹോന്നതയും സമാനതയില്ലാത്ത അംഗവും, സഭാമക്കള്‍ക്ക് മാതൃകയുമാണ് പരിശുദ്ധ കന്യകാമറിയം. സഭ നേ‍ടേണ്ട ആത്മവിശുദ്ധിയുടെ സാക്ഷാത്ക്കാരവും പ്രതിരൂപവുമാണ് രക്ഷകന്‍റെ അമ്മയായ മറിയം. സഭയെയും മനുഷ്യവംശം മുഴുവനെയും സംബന്ധിച്ചുള്ള മറിയത്തിന്‍റെ മാതൃവാത്സല്യം വിഖ്യാതമാണ്. തന്‍റെ അനുസരണം, വിശ്വാസം, ശരണം, ജ്വലിക്കുന്ന സ്നേഹം എന്നിവയിലൂടെ മനുഷ്യര്‍ക്ക് ആത്മീയ ജീവന്‍ നേടിക്കൊടുക്കാനുള്ള രക്ഷാകര പദ്ധതയില്‍ നസ്രത്തിലെ മറിയം തികച്ചും അന്യൂനമായി പങ്കുചേരുന്നു. ഇക്കാരണത്താലാണ് കൃപാവരത്തിന്‍റെ ക്രമത്തില്‍ മറിയം നമ്മുടെ ആത്മീയ അമ്മയായിരിക്കുന്നത്.

സ്വര്‍ഗ്ഗോന്മുഖയും സ്വര്‍ഗ്ഗാരോപിതയും
ദൈവികപദ്ധതിയില്‍ ഉത്ഭവപാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍നിന്നും സ്വതന്ത്രയായിരുന്ന നിര്‍മ്മല കന്യക, ഇഹലോക വാസത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേയ്ക്ക് എടുക്കപ്പെട്ടു. ദൈവം എല്ലാറ്റിന്‍റെയും രാജ്ഞിയായി മറിയത്തെ ഉയര്‍ത്തി. പാപത്തെയും മരണത്തെയും കീഴടക്കിയ തന്‍റെ തിരുക്കുമാരാന്‍ ക്രിസ്തുവിനോട് കൂടുതലായി അനുരൂപപ്പെടാന്‍ വേണ്ടിയായിരുന്നിരിക്കണം ദൈവം ഇപ്രകാരം പ്രവര്‍ത്തിച്ചത്. ഭാഗ്യവതിയായ കന്യകയുടെ സ്വര്‍ഗ്ഗാരോപണം തന്‍റെ പുത്രന്‍റെ പുനരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും, ക്രൈസ്തവ മക്കള്‍ നേടേണ്ട പുനരുത്ഥാനത്തിന്‍റെയും സ്വര്‍ഗ്ഗീയ ജീവന്‍റെയും മുന്നാസ്വാദനവുമാണെന്നും പറയാം!

സ്വയാര്‍പ്പണം ചെയ്ത  മാതൃവാത്സല്യം
ക്രിസ്തുവും അവിടുത്തെ അമ്മയും തമ്മിലുള്ള ബന്ധത്തെ കേന്ദ്രീകരിച്ചു വളരേണ്ടതാണ് മരിയഭക്തി. ഈ മാതൃ-പുതൃ ബന്ധത്തിന്‍റെ അഭൗമമായ മാനങ്ങള്‍ കണ്ടെത്തുന്നതായിരിക്കണം അത്. അമ്മയും മകനും തമ്മിലുള്ള ആഴമുള്ളതും കലവറയില്ലാത്തതുമായ സ്നേഹത്തിന്‍റെ പ്രതീകമാണ് മറിയത്തിന്‍റെ വിമലഹൃദയം. സ്വാഭിലാഷ പൂര്‍ത്തീകരണമാണ് വളര്‍ച്ചയും നേട്ടവുമെന്നത് ആധുനിക മനുഷ്യന്‍റെ ദര്‍ശനമാണ്, കാഴ്ചപ്പാടാണ്. അത് സ്വാര്‍ത്ഥതയുടെ വികലമായ കാഴ്ചപ്പാടുമാണ്. മറിയം നമുക്കു കാണിച്ചുതരുന്നത് ക്രിസ്തു-കേന്ദ്രീകൃതമായ സ്വയാര്‍പ്പണത്തിന്‍റെ ത്യാഗമുള്ള സ്നേഹമാണ്. “ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് നന്മയ്ക്കായി സകലതും നല്കുന്നു” (റോമ.8, 28). സകലതും നന്മയായി മറിയത്തിലൂടെ പ്രവര്‍ത്തിച്ച ദൈവം, ഇന്നും ആ അമ്മയുടെ മദ്ധ്യസ്ഥതയാല്‍ ലോകത്ത് നന്മ വര്‍ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. അതിരുകളില്ലാതെ, അളവുകളില്ലാതെ നല്കുന്ന സ്നേഹം – ദൈവസ്നേഹം, സ്രഷ്ടാവിന്‍റെ നിത്യസ്നേഹം!

കുരിശ്ശിലേറിയ സ്വയാര്‍പ്പണത്തിന്‍റെ പരമമായ മുഹൂര്‍ത്തത്തില്‍ തന്‍റെ അമ്മയെ കുരിശില്‍നിന്നും നിത്യമായി നിര്‍ഗ്ഗളിക്കുന്ന കൃപാവരത്തിന്‍റെ വറ്റാത്ത ഉറവയാക്കി ക്രിസ്തു മാറ്റി. അങ്ങനെ കുരിശിന്‍ ചുവട്ടിലെ മറിയം ജീവിതയാത്രയില്‍ മനുഷ്യകുലത്തിന്‍റെ സഹയാത്രികയും സംരക്ഷകയുമായി മാറുന്നു. ‘നിത്യമായ ഭവനത്തില്‍ ഒരുനാള്‍ നമ്മളും എത്തിച്ചേരുംവരെ ഈ ജീവിതയാത്രയിലെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും തന്‍റെ മാതൃസ്നേഹത്താല്‍ മറിയം നമ്മെ ഓരോരുത്തരെയും കാത്തുപരിപാലിക്കുകയും നയിക്കുകയും ചെയ്യുന്നു.’ LG 62.

മറിയം സ്വര്‍ഗ്ഗീയമാദ്ധ്യസ്ഥ
ജീവിത സാഗരത്തിന്‍റെ വേലിയേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും നീന്തിനീങ്ങുമ്പോള്‍, മറിയം നമുക്കായി തന്‍റെ തിരുക്കുമാരന്‍റെ സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം തേടുകയും, അവിടുത്തെ ദിവ്യസ്നേഹത്തിന്‍റെ ശക്തിയും ദൈവിക കാരുണ്യവും നമുക്കായി നേടിത്തരുകയും ചെയ്യുന്നു. മറിയത്തിന്‍റെ ശക്തമായ മദ്ധ്യസ്ഥ്യത്തിലുള്ള ഉറച്ചവിശ്വാസത്തിന്‍റെയും അനുഭവവേദ്യമായിട്ടുള്ള നന്മകളോടുള്ള പ്രതിനന്ദിയുടെയും പ്രതീകമായി നമ്മുടെ ആവശ്യങ്ങള്‍ക്കുമപ്പുറം ഉയര്‍ന്നു ചിന്തിക്കുവാനും സഹോദരങ്ങളിലേയ്ക്ക്, വിശിഷ്യ എളിയവരിലേയ്ക്കും പാവങ്ങളിലേയ്ക്കും ആവശ്യത്തിലായിരിക്കുന്നവരിലേയ്ക്കും തിരിയുവാന്‍ നസ്രത്തിലെ മറിയം, മെയ് മാസറാണി നമ്മെ പ്രചോദിപ്പിക്കട്ടെ!

സ്നേഹമുള്ള മാതൃഹൃദയം – വിമലഹൃദയം!
ജീവിതവ്യഥകളില്‍നിന്നും നമ്മെ കൈപിടിച്ചുയര്‍ത്തുന്ന മറിയം നമ്മുടെ ഓരോരുത്തരുടെയും ക്രൈസ്തവ വിളിയുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍ സഹായിക്കും. നമ്മുടെ ജീവിതങ്ങള്‍ കരുണയുള്ള പിതാവിന്‍റെ സ്നേഹത്തോടുള്ള പ്രത്യുത്തരമായിരിക്കണമെന്ന് മാതൃസഹജമായ വാത്സല്യത്തോടെ മറിയം ഈ മെയ് മാസാനുസ്മരണത്തില്‍ മനസ്സിലാക്കിത്തരുന്നു.  മനുഷ്യന്‍റെ നന്മയും സന്തോഷവുമല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത കരുണാര്‍ദ്രനായ ദൈവം തന്‍റെ തിരുഹിതത്തോട് ഏവരും സന്തോഷത്തോടെയും കലവറയില്ലാതെയും പ്രത്യുത്തരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മറിയം നമ്മോടു പറയുകയാണ്.... നമുക്ക് മനസ്സിലാക്കിത്തരുകയാണ്.

എവിടെ ദൈവമുണ്ടോ അവിടെ ജീവനും ഭാവിയും...
നമ്മുടെ ജീവിതങ്ങള്‍ ദൈവസ്നേഹത്താല്‍ സ്പര്‍ശിക്കപ്പെടാന്‍ അനുവദിക്കുമ്പോള്‍ സ്വര്‍ഗ്ഗം നമുക്കായി തുറക്കപ്പെടും. അങ്ങനെ നമ്മുടെ കാലഘട്ടത്തെ മറിയത്തെപ്പോലെ, ജീവിത വിശ്വസ്തതയും സ്നേഹവുംകൊണ്ട് ക്രിസ്തുവിന്‍റെ സുവിശേഷ വെളിച്ചത്താല്‍ പ്രശോഭിപ്പിക്കാം. അതുവഴി അനുദിന ജീവിതത്തിലെ ചെറിയകാര്യങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്തുവാനും, ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുവാനും മെയ്മായ റാണി നമ്മെ തുണയ്ക്കട്ടെ! നമ്മെ നയിക്കട്ടെ!!








All the contents on this site are copyrighted ©.