2018-05-26 12:39:00

പാപ്പായുടെ കാരുണ്യവെള്ളി ആചരണം


വിദ്യാലയം സമാഗമത്തിന്‍റെയും വളര്‍ച്ചയുടെയും രൂപവത്ക്കരണത്തിന്‍റെയും വേദിയാകണമെന്ന് മാര്‍പ്പാപ്പാ.

2015 ഡിസമ്പര്‍ 8 മുതല്‍ 2016 നവമ്പര്‍ 20 വരെ ആചരിക്കപ്പെട്ട കരുണയുടെ ജൂബിലി വര്‍ഷത്തില്‍ താന്‍ വ്യക്തിപരമായി ആരംഭിച്ച “കാരുണ്യവെള്ളി ആചരണം” തുടരുന്ന ഫ്രാന്‍സീസ് പാപ്പാ, ഈ ആചരണത്തിന്‍റെ ഭാഗമായി റോമിന്‍റെ തെക്കു-കിഴക്കെ പ്രാന്തത്തിലുള്ള “എലീസ സ്കാല” സര്‍ക്കാര്‍ വിദ്യാലയം വെള്ളിയാഴ്ച (25/05/18) വൈകുന്നേരം സന്ദര്‍ശിച്ച അവസരത്തിലാണ് ഇതു പറഞ്ഞത്.

മാസത്തിലെ ഒരു വെള്ളിയാഴ്ചയാണ് പാപ്പാ ഇപ്രകാരം കാരുണ്യവെള്ളി ആചരിക്കുന്നത്.

വിദ്യാലയത്തിന്‍റെ മേധാവിയും അദ്ധ്യാപകരും ഇരുനൂറിലേറെ വിദ്യാര്‍ത്ഥികളും പാപ്പായുടെ അപ്രതീക്ഷിത സന്ദര്‍ശനവേളയില്‍ ആ വിദ്യാലയത്തില്‍ സന്നിഹിതരായിരുന്നു.

തങ്ങളില്‍ വിസ്മുളവാക്കിയ ഈ സന്ദര്‍ശനം, നീതിബോധത്തിന്‍റെയും ആദരവിന്‍റെയും ആര്‍ജ്ജവത്തിന്‍റെയും മൂല്യങ്ങള്‍ക്കനുസൃതം കഞ്ഞുങ്ങള്‍ വളരുന്നതിന് സാഹചര്യം ഒരുക്കുന്നതായ ഒരു വിദ്യാലയം പടുത്തുയര്‍ത്തുന്നത് ഒത്തൊരുമിച്ചു തുടരാന്‍  തങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജം പകരുന്നുവെന്ന് ഈ വിദ്യാലയത്തിന്‍റെ ചുമതലവഹിക്കുന്ന അദ്ധ്യാപിക ക്ലാവുദിയ ജെന്തീലി പറഞ്ഞു.

ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എലീസ സ്കാല എന്ന പെണ്‍കുട്ടി പതിനൊന്നാം വയസ്സില്‍ രക്താര്‍ബുദം മൂലം മരണമടഞ്ഞതിനെ തുടര്‍ന്നാണ് ഈ വിദ്യാലയം 2015 മുതല്‍ “എലീസ സ്കാല” എന്ന പേരു ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.








All the contents on this site are copyrighted ©.