2018-05-26 12:12:00

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ധാര്‍മ്മികമാനം-പാപ്പാ


ഇന്ന് സമ്പദ്ഘടന നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രതിസന്ധിയ്ക്കും അനിഷേധ്യമായ ധാര്‍മ്മിക മാനം ഉണ്ടെന്നും അത് സ്വാര്‍ത്ഥതയുടെയും വലിച്ചെറിയല്‍ സംസ്കൃതിയുടെയുമായ മനോഭാവവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും മാര്‍പ്പാപ്പാ.

സഭയുടെ സാമൂഹ്യപ്രബോധനങ്ങളും പരിശുദ്ധസിംഹാസനത്തിന്‍റെ പ്രവര്‍ത്തനങ്ങളും സഭയുടെ സാന്നിധ്യവും സാമൂഹ്യജീവിതത്തിന്‍റെ ഭിന്ന തലങ്ങളില്‍ എത്തിക്കുകയെന്ന ലക്ഷ്യമുള്ളതും, അല്മായ വ്യവസായികളും പണ്ഡിതരും തൊഴില്‍വിദഗ്ദരുമൊക്കെ അംഗളായി 1993 ജൂണ്‍ 5 ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ രൂപംകൊടുത്തതുമായ “ചെന്തേസിമൂസ് ആന്നൂസ് പ്രോ പൊന്തേഫിച്ചെ” (CENTESINUS ANNUS PRO PNTEFICE) എന്ന ഫൗണ്ടേഷന്‍റെ 25-Ↄ○ സ്ഥാപനവാര്‍ഷികവേളയില്‍ റോമിലും വത്തിക്കാനിലുമായി 24-26 വരെ (24-26/05/18) സംഘടിപ്പിക്കപ്പെട്ട അതിന്‍റെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ അഞ്ഞൂറിലേറെപ്പേരെ ശനിയാഴ്ച (26/05/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇന്നു മാനവകുടുംബം അഭിമുഖീകരിക്കേണ്ട ധാര്‍മ്മിക വെല്ലുവിളികള്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന “നിസ്സംഗതയുടെ ആഗോളവത്ക്കരണ”ത്തില്‍ പ്രകടമാണെന്ന് പാപ്പാ പറഞ്ഞു.

ആഗോള കുടിയേറ്റ പ്രതിഭാസവുമായി ബന്ധപ്പെട്ട ധാര്‍മ്മികപ്രശ്നങ്ങളെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

സാമൂഹ്യസാമ്പത്തിക ബന്ധങ്ങളില്‍ ധാര്‍മ്മിക മാനം പുറമെ നിന്നു കൊണ്ടുവരേണ്ടല്ല പ്രത്യുത ആ ബന്ധങ്ങള്‍ക്കുള്ളില്‍ നിന്നുതന്നെ ജന്മംകൊള്ളേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

“നൂതന നയങ്ങളും നവ്യ ജീവിതശൈലികളും ഡിജിറ്റല്‍ യുഗത്തില്‍” എന്ന പ്രമേയം “ചെന്തേസിമൂസ് ആന്നൂസ് പ്രോ പൊന്തേഫിച്ചെ” യുടെ ത്രിദിന അന്താരാഷ്ട്ര സമ്മേളനം സ്വീകരിച്ചിരുന്നത് പാപ്പാ അനുസ്മരിക്കുകയും യുവജനത്തിന്‍റെയും കുടുംബങ്ങളുടെയും ഭാവിയെക്കുറിച്ചു സഭയ്ക്കുള്ള ഔത്സുക്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ സമ്മേളനത്തില്‍ കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന്‍റെ സാന്നിധ്യം പ്രത്യേകം അനുസ്മരിച്ച പാപ്പാ ഈ രംഗത്ത് ആവശ്യമുള്ള എക്യുമെനിക്കല്‍ സഹകരണത്തെക്കുറിച്ചു സൂചിപ്പിക്കുകയും പാത്രിയാര്‍ക്കീസിന്‍റെ സാന്നിധ്യം ഈ പൊതുവായ ഉത്തരവാദിത്വത്തിന്‍റെ വാചാലമായ അടയാളമായി വിശേഷിപ്പിക്കുകയും ചെയ്തു.

സാമ്പത്തിക നീതി, സമത്വം, ഉള്‍ച്ചേര്‍ക്കല്‍ എന്നിവയുടെതായ ആഗോള സംസ്കൃതി കെട്ടിപ്പടുക്കുന്നതിന് സംഭാവനചെയ്യാന്‍ പാപ്പാ ഈ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തൊലൊമെയൊ ഒന്നാമന് പാപ്പാ  ശനിയാഴ്ച വത്തിക്കാനില്‍ ദര്‍ശനം അനുവദിച്ചു.








All the contents on this site are copyrighted ©.