2018-05-24 12:14:00

DOCAT ​LXVIII​: “ജനാധിപത്യം''


ഡുക്യാറ്റിന്‍റെ എട്ടാമധ്യായത്തില്‍ നല്‍കിയിരിക്കുന്ന രാഷ്ട്രീയാധികാരത്തെയും ധാര്‍മികതയെയും കുറിച്ചുള്ള ചര്‍ച്ചകളാണു നാം ഈ ദിനങ്ങളില്‍ നമ്മുടെ ശ്രദ്ധാവിഷയമായിരിക്കുന്നത്.  പൗരസമൂഹങ്ങള്‍ അഥവാ സിവിള്‍ സമൂഹങ്ങള്‍ എന്താണെന്നും അവ എങ്ങനെ രൂപപ്പെടുന്നു വെന്നും കഴിഞ്ഞ ദിനത്തില്‍ നാം ചിന്തിച്ചു. ഇന്ന് ഇതേ അധ്യായത്തിലെ 203 മുതല്‍ 206 വരെയുള്ള നാലു ചോദ്യോത്തരങ്ങളിലൂടെ രാഷ്ട്രീയാ ധികാരത്തെക്കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചും അവിടെ യഥാര്‍ഥ അധികാരം ആരിലാണ് എ ന്നതിനെക്കുറിച്ചുമൊക്കെ നാം ചര്‍ച്ച ചെയ്യുകയാണ്.

203-ാമത്തെ ചോദ്യത്തിനുത്തരമായി രാഷ്ട്രീയാധികാരത്തെക്കുറിച്ചുള്ള വ്യക്തമായ പ്രബോധനം സഭ അവതരിപ്പിക്കുന്നത് കാണാം. മനുഷ്യവ്യക്തിയുടെ മൂല്യത്തിനും, നീതിയ്ക്കും ഭംഗംവരാത്ത അധികാരം പൊതുനന്മയ്ക്ക്, രാഷ്ട്രത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്. കാരണം, നീതിപൂര്‍വം ക്രമവത്ക്കരിക്കപ്പെട്ട ബന്ധങ്ങളിലും ഈ നീതിയുടെ പ്രായോഗികമായ നിര്‍വഹണത്തിലും അടിസ്ഥാനപ്പെടുത്താത്ത ഒരു സമൂഹത്തിനും നിലനില്‍പ്പുണ്ടാകുകയില്ല. ഓരോ സമൂഹവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന് അധികാരവും, നിയമാനുസൃതമായ അധികാരത്താല്‍ ഭരിക്കപ്പെടാനുളള വിട്ടുകൊടുക്കലും ദൈവസൃഷ്ടിയെന്നനിലയില്‍ മനു ഷ്യപ്രകൃതിക്കു ചേര്‍ന്നതാണ്. ഇക്കാര്യം വിശദീകരിക്കുന്നതാണ് ഇന്നത്തെ പഠനഭാഗത്തുള്ള ആദ്യത്തെ ചോദ്യവും അതിന്‍റെ ഉത്തരവും.

ചോദ്യം 203: രാഷ്ട്രീയാധികാരം എന്തിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?

മനുഷ്യവ്യക്തിയാണ് രാഷ്ടീയ സമൂഹത്തിലെ മൗലിക മൂല്യമെങ്കില്‍ അവന്‍ രാഷ്ട്രീയാധികാര ത്തിനുള്ള നിയമാനുസൃതത്വത്തിന്‍റെ ഏകകാരണവുമാണ്.  അങ്ങനെ രാഷ്ട്രീയാധികാരമെന്നത് ഭരി ക്കാന്‍ ഇടയാകുന്ന, തനിക്കു തന്നോടു മാത്രമേ, ഉത്തരവാദിത്വമുള്ളുവെന്നു സങ്കല്പ്പിക്കുന്ന, ഒരുവന്‍റെ തന്നിഷ്ടമനുസരിച്ചുള്ള നിശ്ചയമല്ല.  ഭരിക്കാനുള്ള അധികാരം ജനങ്ങളാലാണു നിയമാനുസൃതമാക്കപ്പെടുന്നത്. അധികാരം കൈയ്യാളുന്നവര്‍, അവരെ നിയമാനുസൃതരാക്കുന്ന വ്യക്തി കളെപ്പോലെ, വിവേകം അഥവാ യുക്തി എന്ന കഴിവിന്‍റെ സഹായത്താല്‍ സത്യം അറിയാന്‍ ക ഴിവുള്ളവരാണ്.  മൂല്യങ്ങളുടെ സാധ്യത സുനിശ്ചിതമായി തിരിച്ചറിയാന്‍ അവര്‍ക്കു കഴിയും.  കത്തോലിക്കാ സാമൂഹികസിദ്ധാന്തം പൊതുവായ സംശയവാദത്തെ (skepticism) തള്ളിക്കളയുന്നു. സത്യവും സാര്‍വത്രിക ധാര്‍മിക മൂല്യങ്ങളും ആത്യന്തികമായ അറിയാന്‍ കഴിയാത്തവയാണെന്ന് അവകാശപ്പെടുന്ന വാദമാണത്. നീതികൂടാതെ അധികാരംകിട്ടാന്‍ പരിശ്രമിക്കുന്ന രാഷ്ട്രീയസമൂഹ ത്തിന്‍റെ സവിശേഷതയെപ്പറ്റി വി. ആഗസ്തീനോസ് പറയുക “കൊള്ളക്കാരുടെ സംഘം” എന്നാണ്.

ഇംഗ്ലീഷ് ചരിത്രകാരനായ ലോര്‍ഡ് ആക്റ്റണ്‍ (1834-1902,) ഇക്കാര്യത്തെ വിശദീകരിക്കുന്നത് ഈ വാക്കുകളിലൂടെയാണ്. “നമുക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള അധികാരമല്ല സ്വാതന്ത്ര്യം.  പിന്നെയോ നമ്മള്‍ ചെയ്യേണ്ടതു ചെയ്യാന്‍ കഴിവുള്ളവരായിരിക്കാനുള്ള അവകാശമാണ്”

രാഷ്ട്രീയാധികാരം നീതിപൂര്‍വകമല്ല എന്നു പല അവസരങ്ങളും വ്യക്തമാക്കുമ്പോഴും, അതു നീതിപൂര്‍വകമായിരിക്കണമെന്നു നാം ആഗ്രഹിക്കുകയും അതിനായി പ്രയത്നിക്കുകയും വേണം.  കാരണം, പൊതുനന്മ നമ്മുടെ ആഗ്രഹമായിരിക്കണം.  നീതിയില്ലാത്ത രാഷ്ട്രത്തെക്കുറിച്ച് വി. ആ ഗസ്തീനോസ് നടത്തുന്ന വിമര്‍ശനം ശക്തമാണ്.  അദ്ദേഹം ചോദിക്കുന്നു: “നീതിയില്ലെങ്കില്‍ കൊള്ള ക്കാരുടെ വലിയൊരു സംഘമല്ലാതെ മറ്റെന്താണ് സ്റ്റേറ്റ്?”

ജനാധിപത്യം എന്നത് രാഷ്ട്രമീമാംസയിലുണ്ടായ വളര്‍ച്ചയാണെന്നു നമുക്കറിയാം.  അതിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള കാര്യമാണ് അടുത്ത ചോദ്യത്തിനുത്തരമായി വരിക. രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതില്‍ പൗരന്മാരുടെ ഭാഗഭാഗിത്വം ഉറപ്പുവരുത്തുന്ന സമ്പ്രദായമെന്ന നിലയില്‍ ജനാധിപത്യം ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ ഭരിക്കുന്നവരെ തെരഞ്ഞെടുക്കാനും, അവര്‍ കണക്കു ബോധിപ്പിക്കുന്നവരായിരിക്കാനും തക്കസമയത്ത് സമാധാനപൂര്‍ണമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവര്‍ക്കു പകരമുള്ളവരെ വയ്ക്കാനും വേണ്ട ഗ്യാരന്‍റി പൗരന്മാര്‍ക്കു നല്‍കുകയും ചെയ്യുന്നിടത്തോളം സഭ ജനാധിപത്യ സമ്പ്രദായത്തെ വിലമതിക്കുന്നു എന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചെന്തേസ്സിമൂസ് അന്നൂസ് എന്ന ചാക്രികലേഖനം നമ്മെ അനുസ്മരിപ്പിക്കുന്നു.  ഈ ജനാധിത്യത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചാണ് അടുത്ത ചോദ്യം.

ചോദ്യം 204: ജനാധിപത്യം പ്രാചീനഗ്രീക്കുകാരോട് എന്താണ് കടപ്പെട്ടിരിക്കുന്നത്?

ഏറെ കടപ്പെട്ടിട്ടുണ്ട്. ജനാധിപത്യം, ഡെമോക്രസി എന്ന വാക്കുതന്നെ അവര്‍ കണ്ടുപിടിച്ചതാണ്.  (ദേമോസ് = ജനം, ക്രാത്തോസ്  = ഭരണം).  ജനാധിപത്യത്തിന്‍റെ ഉല്‍പ്പത്തിയെ പ്രാചീന ഗ്രീക്കുകാരോടു മാത്രം മിക്കപ്പോഴും ബന്ധപ്പെടുത്താറുണ്ട്.  അതു ശരിയല്ല. കാരണം,  നാലിലൊന്നു ജനങ്ങള്‍ക്കു മാത്രമേ (സ്വതന്ത്രഗ്രീക്കുകാര്‍) വോട്ടുചെയ്യാന്‍  അവിടെ അവകാശമുണ്ടായിരുന്നുള്ളു. കൂടാതെ, മിക്ക ഗ്രീക്കുതത്വജ്ഞാനികളും രാജ്യതന്ത്രജ്ഞരും ഏകാധിപത്യത്തെക്കാളും കുലീനാധിപത്യത്തെക്കാളും അല്‍പ്പം കൂടുതലായി മാത്രമേ ജനാധിപത്യത്തെ വിലമതിച്ചിരുന്നുള്ളു. “അന്ധരായ ജനക്കൂട്ട”ത്തെക്കാള്‍ നന്നായി രാഷ്ട്രീയ പൊതുനന്മയെ തിരിച്ചറിയുന്ന “തത്വജ്ഞാനിയായ രാജാവാ”യിരുന്നു അവരുടെ ആദര്‍ശം. മനുഷ്യവ്യക്തിയുടെ അടിസ്ഥാനപരമായ മൂല്യമെന്ന്, രാഷ്ടീയചിന്തയെ അന്നു നിര്‍വചിച്ചിരുന്നില്ല.

ജനാധിപത്യത്തിന്‍റെ കുറവുകളില്ലെന്നു പറയാനാവില്ല.  ഉദാഹരണമായി, “ജനാധിപത്യം ഭരണക്രമത്തിന്‍റെ ഏറ്റവും മോശമായ രൂപമാണ്, വിവിധ കാലങ്ങളില്‍ പരീക്ഷിച്ചിട്ടുള്ള മറ്റുള്ള സകല രൂപങ്ങളെയും ഒഴിവാക്കിയാല്‍” എന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ അഭിപ്രായം ഇതാണു സൂചിപ്പിക്കുന്നത്. ഇക്കാര്യം തന്നെ മറ്റൊരുവിധത്തില്‍ അവതരിപ്പിക്കുകയാണ്, ഫ്രെഡറിക് നീഷേ (1844 – 1900) എന്ന ജര്‍മന്‍ തത്വചിന്തകന്‍: “ഏകാധിപത്യത്തിനുള്ള ദുരാശയെന്ന പകര്‍ച്ചവ്യാധിയെ തടയാനുള്ള ക്വാറന്‍റയിന്‍ സജ്ജീകരണമാണ് ജനാധിപത്യപരമായ സ്ഥാപനങ്ങള്‍, അവ അവയില്‍ത്തന്നെ ഏറെ ഉപകാരമുള്ളവയും ഏറെ ശല്യപ്പെടുത്തുന്നവയുമാണ്” 

ഇവിടെ ക്രിസ്തുമതത്തിന്‍റെ സ്വാധീനവും വ്യക്തമാണ്.  അതു വിശദീകരിക്കുകയാണ് 205-ാമത്തെ ചോദ്യത്തിനുത്തരം.

ചോദ്യം 205: ജനാധിപത്യം ക്രിസ്തുമതത്തിന്‍റെ ഫലമാണോ?

അതെ എന്നു പറയുന്നത് ഏറെക്കുറെ ശരിയാണ്.  ഗ്രീസില്‍ കുറച്ചുപേര്‍ക്കായി റിസേര്‍വു ചെയ്തിരുന്ന ഒരു കാര്യം മൗലികമായി ജനാധിപത്യപരമാക്കിയതും, അതിനെ മനുഷ്യാസ്തിത്വത്തിന്‍റെ മൗലിക ഘടകമാക്കിയതും ക്രിസ്തുമതം മാത്രമാണ്.  ഓരോ വ്യക്തിക്കും അവന്‍റെ ഉറവിടങ്ങളില്‍ നിന്നും ജനനത്തില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന മഹത്വമാണ് ആ കാര്യം.  ഓരോ വ്യക്തിയും ദൈവത്തോടു നേരിട്ടു ബന്ധപ്പെട്ടുനില്‍ക്കുന്നു.  അവന്‍റെ മേല്‍ ഏകാധിപത്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന ഏതൊരു രാഷ്ട്രീയ സമൂഹത്തില്‍ നിന്നും ഈ ബന്ധം അവനെ രക്ഷിക്കുന്നു. രാഷ്ട്രീയ തീരുമാനമെടുക്കലിനുള്ള പങ്കുചേരലിനെ ജനാധിപത്യവത്കൃതമാക്കുന്നതിനുള്ള യഥാര്‍ഥ അടിത്തറ ഓരോ മനുഷ്യവ്യക്തിയുടെയും മഹത്വമാണ്.  കൂടാതെ, ആധുനിക ജനാധിപത്യക്രമം മനുഷ്യാവകാശങ്ങളില്‍ അടിയുറപ്പിച്ചിട്ടുള്ളതാണ്.  ഉദാഹരണമായി സ്വേച്ഛാപരമായ ഭൂരിപക്ഷ തീരുമാനമനുസരിച്ച് മനുഷ്യജീവനെ നശിപ്പിക്കുകയില്ലെന്നും അല്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ഞെരുക്കപ്പെടുകയില്ലെന്നും അതു ഗ്യാരന്‍റി നല്‍കുന്നു.

 “തങ്ങളുടെ ഉടമസ്ഥര്‍ തങ്ങള്‍ തന്നെയാണെന്നും സൃഷ്ടിയുടെ മാനേജര്‍മാര്‍ തങ്ങള്‍ മാത്രമാണെന്നും മനുഷ്യര്‍ അവകാശപ്പെടുമ്പോള്‍, സ്വാതന്ത്ര്യവും നീതിയും സമാധാനവും പ്രബലപ്പെടുന്ന ഒരു സമൂഹത്തെ യഥാര്‍ഥത്തില്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുമോ?” എന്നു ചോദിക്കുന്ന ബെനഡിക്ട് 16-ാമന്‍ പാപ്പാ (ഒക്ടോ. 10, 2008) ദൈവചിന്തയില്ലാതെ ഒരു നല്ല രാഷ്ട്രീയസമൂഹം സാധ്യമല്ല എന്നു വ്യക്തമാക്കുകയാണ്. ഗ്രീക്കില്‍, ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന (45-120) പുരാതന ചരിത്രകാരനായ പ്ലൂട്ടാര്‍ക്ക് അഭിപ്രായപ്പെട്ടിരിക്കുന്നതും ഇവിടെ ചിന്തനീയമാണ്:  “ദൈവത്തെക്കൂടാതെ ഒരു സ്റ്റേറ്റു സ്ഥാപിക്കുന്നതിനെക്കാള്‍ എളുപ്പമാണ് വായുവില്‍ ഒരു നഗരം പണിയുന്നത്”.

വ്യക്തികള്‍ക്കുവേണ്ടിയാണ് സ്റ്റേറ്റ് അഥവാ രാഷ്ട്രം. അവിടെ ആത്യന്തികാധികാരി വ്യക്തി തന്നെയാണ്.  ശരിയായ മനസ്സാക്ഷി രൂപീകരണം ലഭിച്ചിട്ടുള്ള വ്യക്തിക്കാണ് ശരിയായ അധികാരം കൈയാളുവാന്‍ സാധിക്കുക.  ഇക്കാര്യത്തെക്കുറിച്ചുള്ള സഭാപ്രബോധനമാണ് ഇനിയുള്ളത് 

ചോദ്യം 206: ആത്യന്തിക അധികാരി ആരാണ്? സ്റ്റേറ്റോ പൗരനോ?

വ്യക്തിയുടെ മനസ്സാക്ഷിയാണ് ആത്യന്തിക അധികാരിയെന്നു ക്രിസ്തുമതം എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. അധാര്‍മികനിയമങ്ങള്‍ സ്റ്റേറ്റു കല്‍പ്പിച്ചാല്‍പോലും അനുസരിക്കരുത്. ജനാധിപത്യം ഏകാധിപത്യത്തെക്കാളും അല്ലെങ്കില്‍ കുലീനാധിപത്യത്തെക്കാളും നല്ലതാണ്. കാരണം, അതു കൂടുതല്‍ കാര്യക്ഷമമാണ്. ജനാധിപത്യത്തിനു വ്യത്യസ്തമായ, മാനുഷികാവകാശങ്ങളെ അടിസ്ഥാ നപ്പെടുത്തിയിട്ടുള്ള സഹജസ്വഭാവമുണ്ട് (Ethos: ധാര്‍മികമൂല്യങ്ങളെക്കുറിച്ചുള്ള ബോധം രൂപംകൊ ടുത്ത മനോഭാവം). മനുഷ്യവ്യക്തിയുടെ സാക്ഷാത്ക്കാരത്തിനുള്ള ഏറ്റവും നല്ല സംഘടനാപരമായ ചട്ടക്കൂടാണത്.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം സംശയലേശമെന്യേ പഠിപ്പിക്കുന്നതിതാണ്: "ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ഓരോ മനുഷ്യനും വ്യക്തിയെന്ന നിലയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നു.  രണ്ടാമതായിമാത്രം സാമൂഹിക ജീവിയെന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. എന്നിരുന്നാലും രാഷ്ട്രം, കുടുംബം എന്നിങ്ങനെയുള്ള സാമൂഹികസ്ഥാപനങ്ങള്‍ വ്യക്തിക്ക് അത്യാവശ്യമാണ്" (CCC 1881-1892 See also YOUCAT 322) വ്യക്തിയുടെ സഹജസ്വഭാവത്തിനു ചേര്‍ന്നതുമാണ് അവ.

തികഞ്ഞ മതവിശ്വാസിയും, മാനവസ്നേഹിയും ആയിരുന്ന മഹാത്മാഗാന്ധി രാഷ്ട്രത്തിന്‍റെ പിതാവായി ആദരിക്കപ്പെടുന്നു.  രാഷ്ട്രത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തന്‍റെ വിശ്വാസവും മതവും മുറുകെപ്പിടിച്ചിരുന്ന ലോകാരാധ്യനായിരുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.  എന്തുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേയ്ക്കു പ്രവേശിച്ചതെന്ന് അദ്ദേഹം പറയുന്നു.  ഒപ്പം, മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമെന്തെന്ന് ആധികാരികതയോടെയും  അദ്ദേഹം വ്യക്തമാക്കുന്നു:

 “സത്യത്തോടുള്ള എന്‍റെ ഭക്തി രാഷ്ട്രീയത്തിന്‍റെ മണ്ഡലത്തിലേയ്ക്കു നയിച്ചു.  മതത്തിനു രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നു പറയുന്നവര്‍ക്ക് മതത്തിന്‍റെ അര്‍ഥമെന്തെന്ന് അറിഞ്ഞുകൂടാ എന്നു സംശയം കൂടാതെ, എന്നാല്‍ പൂര്‍ണവിനയത്തോടെ ഞാന്‍ പറയുന്നു”

അതെ ക്രൈസ്തവരെന്ന നിലയില്‍, ദൈവികപദ്ധതിയാല്‍ രൂപീകരിക്കപ്പെട്ട സമൂഹമെന്ന നിലയില്‍ സഭാമക്കള്‍ക്ക് രാഷ്ട്രീയം അന്യമല്ല.  പൊതുനന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നീതി യിലും സ്നേഹത്തിലും അധിഷ്ഠിതമായിരിക്കാന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനും, രാഷ്ട്രീയാധികാരികളെ പ്രേരിപ്പിക്കാനും നമുക്കു കഴിയണം.  സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ അതു ചെയ്യുന്നു.  ആ പ്രബോധനങ്ങള്‍ അനുസരിച്ചു വ്യക്തിപരമായ സംഭാവനകളേകാന്‍ നമുക്കും കഴി യട്ടെ. 








All the contents on this site are copyrighted ©.