2018-05-23 09:32:00

പാപ്പായുടെ പ്രഭാഷണത്തോടെ CEI സമ്മേളനത്തിനാരംഭം


2018 മെയ് 21-ാംതീയതി, വൈകുന്നേരം 4.30-ന്, വത്തിക്കാനിലെ സിനഡുശാലയില്‍,  ഇററാലിയന്‍ മെത്രാന്‍ സമിതിയുടെ പൊതു  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ.

ഏവരെയും വത്തിക്കാനിലേയ്ക്കു സ്വാഗതം ചെയ്തുകൊണ്ട്, സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുനാളില്‍ ഈ സമ്മേളനത്തിനു തുടക്കം കുറിച്ചതില്‍ അവര്‍ക്കു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട്, പാപ്പാ പ്രാര്‍ഥനാപൂര്‍വം തന്‍റെ പ്രഭാഷണം ആരംഭിച്ചു.

"നമുക്കൊരുമിച്ചു മാതാവായ മറിയത്തോടു പറയാം.  അങ്ങ് ഞങ്ങളുടെ അമ്മയാണെന്നതു ഞങ്ങള്‍ക്ക് അനുഭവവേദ്യമാക്കണമേ, ഞങ്ങള്‍ തനിച്ചല്ല, ഒരു അമ്മയായി അങ്ങു ഞങ്ങളെ സഹഗമിക്കുന്നു... മറിയം നമ്മുടെ മാതാവ്, സഭ ഒരു മാതാവായിരിക്കുന്നതിനു സഹായിക്കട്ടെ, പിതാക്കന്മാരുടെ പ്രബോധനമനുസരിച്ച്, നമ്മുടെ ആത്മാവും ഒരു അമ്മയാണ്.  മൂന്നു മഹതികള്‍ ' മറിയം, സഭ, നമ്മുടെ ആത്മാവ്..." തുടര്‍ന്നു തന്നെ ഉത്ക്കണ്ഠാകുലനാക്കുകയും പരിഹാരം തേടുന്നതുമായ മൂന്നു കാര്യങ്ങളാണ് അവരോടു പാപ്പാ പങ്കുവച്ചത്.

ദൈവവിളിയിലെ പ്രതിസന്ധി - കാരണങ്ങള്‍, പരിഹാരങ്ങള്‍

പാപ്പാ തന്‍റെ ആദ്യത്തെ ഉത്ക്കണ്ഠയായി പങ്കുവച്ചത് ദൈവവിളിയിലെ പ്രതിസന്ധിയാണ്. ഈ അഭാവത്തെ താല്ക്കാലികതയും ആപേക്ഷികതാവാദവും ധനാധിപത്യവും നയിക്കുന്ന സംസ്ക്കാരത്തിന്‍റെ വിഷക്കനിയെന്ന്, സമര്‍പ്പിതര്‍ക്കും അപ്പസ്തോലികജീവിതക്കാര്‍ക്കും വേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍റെ സമ്പൂര്‍ണസമ്മേളനത്തില്‍ പാപ്പാ വിശേഷിപ്പിച്ചത് ആവര്‍ത്തിച്ചുകൊണ്ട്, തുടര്‍ന്നു: “തീര്‍ച്ചയായും, ജനനനിരക്കിലെ അപകടകരമായ താഴ്ച, ജനസംഖ്യാപരമായ ഈ ശൈത്യകാലം ദൈവവിളിയെ പ്രതികൂലമായി ബാധിക്കുന്നു.  അതുപോലെതന്നെ ഉതപ്പുകളും, മന്ദോഷ്ണമായ സാക്ഷ്യവും ദൈവവിളിയെ ഇല്ലാതാക്കുന്നു. പുതിയ ദൈവവിളികളുടെ അഭാവത്തില്‍ എത്രയെത്ര സെമിനാരികളും, ആശ്രമങ്ങളും സന്യാസഭവനങ്ങളും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അടച്ചുപൂട്ടേണ്ടിവരും? ദൈവത്തിനേ അറിയൂ!  നൂറ്റാണ്ടുകളായി, അപ്പസ്തോലിക തീക്ഷ്ണതയാല്‍ നിറഞ്ഞ  മിഷനറിമാരെയും, സന്യാസിനികളെയും വൈദികരെയും കൊണ്ട് ഫലഭൂയിഷ്ഠവും, ഉദാരവുമായിരുന്ന ഈ പ്രദേശം, ഫലപ്രദമായ പരിഹാരമന്വേഷിക്കാത്ത ദൈവവിളിപരമായ വന്ധ്യതയിലേയ്ക്കു പ്രവേശിക്കുന്നതു കാണുക സങ്കടകരമാണ്”.  ഇത്തരുണത്തില്‍, സഭയുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുകയും, രൂപതകള്‍ വൈദികരെ കൈമാറുന്നതിലെ  ആവശ്യകത മനസ്സിലാക്കുകയും അത് ഇറ്റലിയില്‍ തന്നെ പ്രയോഗത്തിലാക്കി നോക്കുകയും ചെയ്യുക എന്നും പാപ്പാ ഉപദേശിച്ചു.

സുവിശേഷാത്മകദാരിദ്ര്യവും സുതാര്യതയും

രണ്ടാമതായി പാപ്പാ തന്‍റെ പരിഗണനയായി പങ്കുവച്ചത് സുവിശേഷാത്മക ദാരിദ്ര്യവും, സുതാര്യതയുമാണ്. ദാരിദ്ര്യം അമ്മയും കോട്ടയുമെന്ന ഇഗ്നേഷ്യന്‍ വീക്ഷണം പങ്കുവച്ചുകൊണ്ട്, ദാരിദ്ര്യചൈതന്യമില്ലാതെ, അപ്പസ്തോലിക തീക്ഷ്ണതയോ,  ശുശ്രൂഷകള്‍ക്കു ജീവനോ ഉണ്ടാവുകയില്ല എന്നു പാപ്പാ പ്രബോധിപ്പിച്ചു... ഇക്കാര്യം വിശ്വസിക്കുന്നവര്‍ക്ക് ദാരിദ്ര്യത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ട്, ഫറവോയെപ്പോലെ ജീവിക്കാന്‍ സാധിക്കുകയില്ല... ചില രൂപതകളിലെ, സാമ്പത്തിക ഉതപ്പുകള്‍ തന്നെ മുറിപ്പെടുത്തുന്നുവെന്നു വ്യക്തമാക്കിയ പാപ്പാ അതെക്കുറിച്ച് വീണ്ടും ഉദാഹരണങ്ങളിലൂടെ വിശദീകരണം നല്‍കുകയും സഭയിലെ സാമ്പത്തിക സുതാര്യതയുടെ അനുപേക്ഷണീയതയെ ഊന്നിപ്പറയുകയും ചെയ്തു.

രൂപതകളുടെ ലയനം

പാപ്പായുടെ മൂന്നാമത്തെ പരിഗണനയായിരുന്നത് ഒന്നിലധികം രൂപതകളുടെ ലയനത്തെക്കുറി ച്ചുള്ള ആശയമാണ്. അത് അജപാലനപരമായ ഒരു ആവശ്യമായി മാറുന്നിടത്ത്, അപ്രകാരം ചെയ്യേണ്ടതാണെന്നു പോള്‍ ആറാമന്‍ പാപ്പായുടെ 1964-ലെ ഒരു സന്ദേശം ഉദ്ധരിച്ചുകൊണ്ട് പാപ്പാ സൂചിപ്പിച്ചു. അതിന്‍റെ പ്രായോഗികബുദ്ധിമുട്ടുകളെ അംഗീകരിച്ചുകൊണ്ട് ഇക്കാര്യം ഏറെക്കാലം ഇഴഞ്ഞുനീങ്ങിയ ഒരു ചര്‍ച്ചയാണെന്നു ചൂണ്ടിക്കാട്ടിയ പാപ്പാ അതിനായുള്ള തീരുമാനം വൈകേണ്ടതില്ലെന്നും പറഞ്ഞു.

ഈ മൂന്നു പരിഗണനകള്‍, അവരുടെ വിചിന്തനവിഷയമായി നല്‍കി, പ്രിയ സഹോദരരേ നന്ദി എന്നു പറഞ്ഞുകൊണ്ടാണ്, മുന്‍കൂട്ടി തയ്യാറാക്കാതെയുള്ള ഈ പ്രഭാഷണം പാപ്പാ നല്‍കിയത്.  വത്തിക്കാനിലെ സിനഡുശാലയില്‍, നടക്കുന്ന ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ 71-ാമതു പൊതു സമ്മേളനം, സ്വീകരിച്ചിരിക്കുന്ന പ്രമേയം, "ആധുനിക സമ്പര്‍ക്ക മാധ്യമങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ സഭയുടെ സാന്നിധ്യം" എന്നതാണ്.  24-ാം തീയതിയാണു ഈ പൊതുസമ്മേളനം സമാപിക്കുന്നത്.

 








All the contents on this site are copyrighted ©.