2018-05-23 10:48:00

ആഗോളകുടുംബസമ്മേളനവും ദണ്ഡവിമോചനവും - പ്രഖ്യാപനം


 2018 ഓഗസ്റ്റില്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ചു നടക്കുന്ന  9-ാമത് ആഗോള കുടുംബസമ്മേളനത്തോടനുബന്ധിച്ച്, വിശ്വാസികള്‍ക്കു പരിശുദ്ധ പിതാവ് അനുവദിച്ചു നല്‍കുന്ന ദണ്ഡവിമോചനത്തെക്കുറിച്ച് അപ്പസ്തോലിക പെനിറ്റെന്‍ഷ്യറിയുടെ പ്രഖ്യാപനം പ്രസിദ്ധപ്പെടുത്തി.

മെയ് 21-ാംതീയതി പ്രസിദ്ധപ്പെടുത്തിയ ഈ ഡിക്രിയനുസരിച്ച്, പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചിട്ടുള്ള ഈ ദണ്ഡവിമോചനം ലഭിക്കുന്നതിന് പൊതുവായുള്ള നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതാണ്.  അനുരഞ്ജനകൂദാശ, ദിവ്യകാരുണ്യം എന്നിവയുടെ സ്വീകരണം, മാര്‍പ്പാപ്പായുടെ നിയോഗാര്‍ഥമുള്ള പ്രാര്‍ഥന എന്നിയാണ്, സാധാരണ നിബന്ധനകള്‍. 

അയര്‍ലണ്ടിലെ ഡബ്ലിനില്‍ വച്ച് വരുന്ന ഓഗസ്റ്റ് 21-26 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍  പാപ്പായുടെ സാന്നിധ്യമുള്ള ആഘോഷമായ സമാപനസമ്മേളനത്തില്‍ പങ്കുചേരുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക. അതിനു സാധിക്കാത്തവര്‍ക്ക്, ആത്മീയമായി, ഇതില്‍  പങ്കുചേരുകയും, പ്രത്യേകിച്ച്, പരിശുദ്ധ പിതാവിന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വഴി ശ്രവിക്കുകയും കുടുംബം ഒരുമിച്ച്, 'സ്വര്‍ഗസ്ഥനായ പിതാവേ', എന്ന പ്രാര്‍ഥന, വിശ്വാസപ്രമാണം, ദൈവകാരുണ്യം യാചിച്ചുകൊണ്ടുള്ള പ്രാര്‍ഥനകള്‍ എന്നിവ ചൊല്ലി നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ പൂര്‍ണദണ്ഡവിമോചനം ലഭിക്കുന്നതാണെന്ന് ഡിക്രി പ്രസ്താവിക്കുന്നു.  മനസ്താപമുള്ള ഹൃദയത്തോടെ, ഈ സമയത്ത്, കുടുംബങ്ങളുടെ നന്മയ്ക്കായി പ്രാര്‍ഥിക്കുന്ന ഏതൊരു വിശ്വാസിക്കും ഭാഗികമായ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്,

ഇതുവരെ 103 രാജ്യങ്ങളില്‍ നിന്നായി 22,000 പേര്‍ ഈ സമ്മേളനത്തിനായി പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശ്രമജീവിതം നയിക്കുന്ന സന്യാസിനികളുടെ നൂറുകണക്കിന് അന്താരാഷ്ട്ര സമൂഹങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി തങ്ങളുടെ പ്രാര്‍ഥന വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്സന്ദര്‍ശിക്കുക : http://www.laityfamilylife.va/content/laityfamilylife/en/storico/2018/wmof--papa-francesco-concede-il-dono-delle-indulgenze.html








All the contents on this site are copyrighted ©.