2018-05-19 09:33:00

ജറുസലേമിന്‍റെ അദ്വീതീയ അനന്യത ഓര്‍ക്കുക


സമാഗമത്തോടു സമ്മതം മൂളാനും സംഘര്‍ഷത്തോടു അരുതു പറയാനും ധൈര്യമുള്ളവരായിരിക്കാനുള്ള ക്ഷണം പരിശുദ്ധസിംഹാസനം ആവര്‍ത്തിക്കുന്നു.

വിശുദ്ധനാട്ടിലും മദ്ധ്യപൂര്‍വ്വദേശത്തും സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുന്ന പശ്ചാത്തലിത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി സ്വിറ്റ്സര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ സംഘടിപ്പിച്ച യോഗത്തെ വെള്ളിയാഴ്ച (18/05/18) സംബോധന ചെയ്യവെ, ജനീവയില്‍, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ  സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവന്‍ യുര്‍ക്കൊവിച്ചാണ് ഇത് പറഞ്ഞത്.

സംഭാഷണത്തോടും ചര്‍ച്ചകളോടും ഉടമ്പടികളുടെ പാലനത്തോടും ആത്മാര്‍ത്ഥതയോടും അനുകൂലമായും അക്രമത്തോടും ശത്രുതകളോടും പ്രകോപനപരങ്ങളായ നടപടികളോടും കാപട്യത്തോടും പ്രതികൂലമായും പ്രതികരിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ജറുസലേമിന്‍റെ കാര്യത്തില്‍ അതിര്‍ത്തിപ്രശ്നം എന്നതിനെക്കാളുപരി യഹൂദര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പുണ്യനഗരമായ അതിന്‍റെ  അദ്വീതീയ അനന്യത സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഓര്‍ക്കണമെന്ന് ആര്‍ച്ചുബിഷപ്പ് പറയുന്നു.

ഗാസയിലും പശ്ചിമതീരത്തും ഈ ദിനങ്ങളില്‍ അനേകര്‍ക്ക് ജീവഹാനി സംഭവിക്കുകയും മുറിവേല്‍ക്കുകയും ചെയ്തതില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ   അതീവ ദുഃഖം അദ്ദേഹം രേഖപ്പെടുത്തുകയും കൂടുതല്‍ പിരിമുറുക്കങ്ങള്‍ ഇനി ഉണ്ടാകതിരിക്കേണ്ടതിന് വിവേചനബുദ്ധിയും ജ്ഞാനവും പ്രബലപ്പടണമെന്ന അഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.