2018-05-18 08:42:00

DOCAT ​LXVII​: “പൊതുനന്മയുടെ ദൈവശാസ്ത്രപരമായ ഉല്‍പ്പത്തി''


ഡുക്യാറ്റിന്‍റെ എട്ടാമധ്യായം, രാഷ്ട്രീയാധികാരത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന സഭയുടെ സാമൂഹ്യപ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.  ഈ ഭാഗത്തു നിന്ന് 199 മുതല്‍ 202 വരെയുള്ള നാലു ചോദ്യങ്ങളാണ് ഇവിടെ വിചിന്തനത്തിനെടുത്തിരിക്കുന്നത്.  രാഷ്ടീയമായ പൊതുസമൂഹത്തെക്കുറിച്ച്, അതിന്‍റെ ദൈവശാസ്ത്രപരമായ അടിസ്ഥാനത്തെ ക്കുറിച്ച് നല്‍കപ്പെട്ടിട്ടുള്ള സഭാപ്രബോധനങ്ങള്‍ പഠിക്കുകയും ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്തുകൊണ്ട് പൊതുനന്മയ്ക്കുചിതമായ സംഭാവന നല്‍കുന്നതിന് ക്രൈസ്തവരായ നമുക്കുള്ള ഉത്തരവാദിത്വത്തെ ഊട്ടിയുറപ്പിക്കാം.

കുടുംബം സ്വാഭാവികമായി രൂപപ്പെടുന്ന സമൂഹവും എല്ലാത്തരം സമൂഹങ്ങളുടെ അടിസ്ഥാനഘടകവുമാണ്.  പൗരസമൂഹങ്ങള്‍ അഥവാ സിവിള്‍ സമൂഹങ്ങള്‍ രൂപപ്പെടുക സവിശേഷ താല്പര്യങ്ങളാല്‍, അല്ലെങ്കില്‍ ലക്ഷ്യങ്ങളാല്‍ പ്രേരിപ്പിക്കപ്പെടുമ്പോഴാണ്. ഇക്കാര്യത്തെക്കുറിച്ചുള്ള വിശദീകരണമാണ് ഇന്ന് ആദ്യചോദ്യത്തിനുത്തരമായി നല്‍കപ്പെട്ടിരിക്കുന്നത്. 

ചോദ്യം 199: എങ്ങനെയാണ് സിവിള്‍ സമൂഹം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്?

വിതരണം (supply), ആവശ്യം (demand), മത്സരം (competition) എന്നിവ ഭരിക്കുന്ന “വിപണി”  (Market) യെക്കാള്‍ കൂടുതല്‍ ഒന്നായി സിവിള്‍സമൂഹം മിക്കപ്പോഴും കാണപ്പെടുന്നില്ല.  എന്നാലും ലാഭം ലക്ഷ്യം വയ്ക്കാത്ത സാമൂഹിക സംരംഭങ്ങളുണ്ട് (യൂണിയനുകള്‍, സംഘടനകള്‍, ഫൗണ്ടേഷനു കള്‍, സവിശേഷ താല്‍പ്പര്യമുളള കൂട്ടായ്മകള്‍). അവ ഐക്യദാര്‍ഢ്യത്തിലും സന്നദ്ധ സേവനത്തി ലും തഴച്ചുവളരുന്നു. സമൂഹത്തിന്‍റെ ഒന്നിപ്പിന് അനുപേക്ഷണീയമായ മൂല്യങ്ങളെ സമൂഹത്തില്‍ പോഷിപ്പിക്കുന്നു.  ഊഷ്മളത, അടുപ്പം, കൂട്ടായ്മ, ദുര്‍ബലരുടെ കഷ്ടസ്ഥിതിയെ പരിഗണിക്കല്‍, സാഹോദര്യം, തുടങ്ങിയ സന്നദ്ധസേവനപരമായ സമര്‍പ്പണങ്ങളാല്‍, പൊതുമേഖലയില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നതിനാല്‍ ഇവയെ മൂന്നാം മേഖല എന്നു വിളിക്കാറുണ്ട്.  ഉത്തരവാദിത്വം സജീവമായി പങ്കുവയ്ക്കുന്ന സമര്‍പ്പിതരായ വ്യക്തികളുടെയും വിശ്വസ്തതയുള്ള സംഘടനകളുടെയും അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെടുമ്പോള്‍ മാത്രമാണ് ഒരു സ്റ്റേറ്റിനു ഭരിക്കാന്‍ കഴിയുന്നത്.

അതിനാല്‍, നമുക്കു മനസ്സിലാക്കാന്‍ കഴിയും, ഏതൊരു സിവിള്‍ സമൂഹവും, സ്റ്റേറ്റുള്‍പ്പെടെ, നിലനില്‍ക്കണമെങ്കില്‍, അവിടെ സമര്‍പ്പണവും വിശ്വസ്തതയുമുള്ള വ്യക്തികള്‍ ആവശ്യമാണ്.  യുവജനമതബോധനഗ്രന്ഥം പറയുന്നുണ്ട്: "സാമ്പത്തികശാസ്ത്രം സമ്പത്തു വര്‍ധിപ്പിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കണം. രാഷ്ട്രീയതന്ത്രമാകട്ടെ, അതു നീതിപൂര്‍വം വിതരണംചെയ്യുന്നതില്‍ താല്‍പ്പ ര്യം  കാണിക്കണം... വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സംരംഭങ്ങള്‍ ഉണ്ടാകുക കൂടി വേണം.  അവര്‍ പ്രധാനമായി ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കാത്തവരും ഐക്യദാര്‍ഢ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ചൈതന്യം മൂലം പ്രവര്‍ത്തിക്കുന്നവരും ആയിരിക്കണം.  വിപണിയും രാഷ്ട്രവും ആവശ്യമാണ്.  അതോടൊപ്പം സുശക്തമായ സിവിള്‍ സമൂഹവും ആവശ്യമാണ്" (നം. 447).

 “സ്റ്റേറ്റിനുതന്നെ ഗ്യാരന്‍റി നല്‍കാന്‍ കഴിയാത്ത മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ് സ്വതന്ത്രവും മതനിരപേക്ഷവുമാക്കപ്പെട്ട സ്റ്റേറ്റ് ജീവിക്കുന്നത്.  അതു വ്യക്തിയുടെ ധാര്‍മികസത്തയിലും സമൂഹത്തിന്‍റെ ഏകാത്മകതയിലുമാണ് ജീവിക്കുന്നത്” (ഏണസ്റ്റ് വോള്‍ഫ് ഗാങ് ബോ ക്കെന്‍ ഫോര്‍ഡ്, 1930..., ജര്‍മന്‍, ഭരണഘടനാ സംബന്ധമായ ന്യായാധിപന്‍)

“ചിന്താശീലരും സമര്‍പ്പിതരുമായ പൗരന്മാരുടെ ചെറിയൊരു ഗ്രൂപ്പിന് ലോകത്തെ പരിവര്‍ത്തനം ചെയ്യിക്കാന്‍ കഴിയുമെന്നതിനാല്‍ ഒരിക്കലും സംശയിക്കരുത്.  യഥാര്‍ഥത്തില്‍ അതാണ് എന്നുമു ള്ളത്” (മാര്‍ഗരറ്റ് മീഡ്, 1901-1978, അമേരിക്കന്‍ സാംസ്ക്കാരിക – മാനവവംശശാസ്ത്ര വിദഗ്ധ

“വ്യക്തിയുടെ ഉന്നതമായ ഭാഗധേയം ഭരിക്കുകയെന്നതിനെക്കാള്‍ സേവിക്കുകയെന്നതാണ്” (ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍).

രാഷ്ട്രത്തെക്കുറിച്ച് അതിന്‍റെ ഭരണത്തെക്കുറിച്ച് ഉള്ള ക്രിസ്തീയസങ്കല്പങ്ങളുടെ ഉറവിടം ക്രിസ്തുവിനു മുമ്പുതന്നെ, പഴയനിയമകാലത്തു തന്നെയാണ് കാണുക.  അതിനെ ക്രിസ്തുവിന്‍റെയും തുടര്‍ന്നു സഭാപ്രബോധനങ്ങളുടെയും പ്രബോധനങ്ങളാല്‍ സമ്പന്നമാക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്തു.  ഇതിനെക്കുറിച്ച് തുടര്‍ന്നുള്ള ചോദ്യത്തിനുത്തരം വ്യക്തത നല്‍കുന്നു.

ചോദ്യം 200: സ്റ്റേറ്റിനെ സംബന്ധിച്ചും ഗവണ്‍മെന്‍റിനെ സംബന്ധിച്ചുമുള്ള ക്രൈസ്തവധാരണയുടെ ഉറവിടങ്ങള്‍ എന്തൊക്കെയാണ്?

സ്റ്റേറ്റ്, ഗവണ്‍മെന്‍റ് (ഭരണം), അധികാരം എന്നിവയെ സംബന്ധിച്ച ക്രൈസ്തവ ആശയം പഴയ നിയമത്തില്‍ വേരുറച്ചതാണ്. പ്രാചീന ഇസ്രായേലില്‍ രാഷ്ട്രീയചിന്ത ദൈവത്തെയും “അവിടുത്തെ ജന”ത്തെയും ചുറ്റിപ്പറ്റിയാണുണ്ടായത്.  അതു യാഹ്വെയെയും ഉടമ്പടി സൂക്ഷിക്കുന്നതിനെയും സംബന്ധിച്ചുള്ളതായിരുന്നു. ഒരു “രാജാവ്” കൂടി ഉണ്ടായിരിക്കുകയെന്നത് ദൈവികമായ ഒരു ആനുകൂല്യമെന്ന നിലയില്‍ സംഭവിച്ചു. തീര്‍ച്ചയായും രാജാവ് തനിക്കുവേണ്ടിത്തന്നെ അധികാരം പ്രയോഗിക്കാന്‍ ഉദ്ദേശിക്കപ്പെട്ടവനായിരുന്നില്ല. പിന്നെയോ സാമൂഹികനീതി അന്വേഷിക്കുക, വി ധിനിര്‍ണയം നടത്തുക, ദരിദ്രര്‍ക്ക് സേവനം ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യണമെന്നു സങ്കല്പിക്കപ്പെട്ടിരുന്നു.  “ദൈവത്തിന് ഇഷ്ടപ്പെട്ട” വിധത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടണമെന്നായിരുന്നു സങ്കല്പം.  പൊതുക്കാര്യങ്ങള്‍ എങ്ങനെ ക്രമീകൃതമാക്കണമെന്ന ചോദ്യം യുക്തി പൂര്‍വകമായി ഗ്രീക്കു തത്വശാസ്ത്രത്തില്‍ ഹെറോഡോട്ടസ് മുതല്‍ പ്ലേറ്റോ വരെയുള്ള കാലത്ത് പ്രത്യക്ഷപ്പെട്ടു.  “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” (മത്താ 22:21), സഭയും സ്റ്റേറ്റും തമ്മിലുള്ള ബന്ധത്തിലെ ഒരു പരിവര്‍ത്തനഘട്ടമായിരുന്നു.  ക്രിസ്തുമതത്തിലേയ്ക്കുള്ള കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരം.  അതു വിശുദ്ധ ആഗസ്തീനോസിന്‍റെ ഗ്രന്ഥങ്ങളില്‍ ഏറെ വിശദമായി അപഗ്രഥിച്ചിട്ടുണ്ട്.

പഴയനിയമത്തിലെ രാജാധികാരസങ്കല്പം മററു ജനതകളില്‍ നിന്നു വ്യത്യസ്തമാണ്.  പല പ്രാചീന സമൂഹങ്ങളിലും രാജാവിനെ ദൈവമായി കണ്ടിരുന്നെങ്കില്‍ പഴയനിയമം ദൈവത്തെ രാജാവായി കണ്ടു. നിയമാവര്‍ത്തനം, എസെക്കിയേല്‍ എന്നീ രണ്ടു ഗ്രന്ഥങ്ങളില്‍ നിന്നുള്ള വചന ഭാഗം ഉദാഹരണമാക്കാം.

"അവര്‍ പാപം ചെയ്ത എല്ലാ വസതികളിലും നിന്ന് അവരെ ഞാന്‍ രക്ഷിച്ച് നിര്‍മലരാക്കും.  അങ്ങനെ അവര്‍ എന്‍റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും" (എസെ 37:23).

“നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നത് നിങ്ങള്‍ അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ സ്നേഹിക്കുകയും പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ സ്നേഹിക്കുകയും ചെയ്യണമെന്നല്ലാതെ എന്താണ്?” (നിയമാ 10:12).

ഈ ഒരു വ്യത്യസ്ത വീക്ഷണം സഭാധികാരത്തിലും കാണാം. അവിടെ ഇന്നു നാം കാണുന്ന തരത്തിലുള്ള ജനാധിപത്യമല്ല ഉള്ളത്. യുവജനമതബോധനഗ്രന്ഥം അതു വിശദീകരിക്കുന്നു:  "എല്ലാ അധികാരവും ജനങ്ങളില്‍ നിന്നു വരുന്നു എന്ന തത്വത്തിലാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത്.  സഭയിലാകട്ടെ, എല്ലാ അധികാരവും ക്രിസ്തുവില്‍ നിന്നു വരുന്നു എന്നതാണു സത്യം.  ക്രിസ്തുവില്‍ നിന്ന് സംഘാതാത്മക ഘടനയും സഭയ്ക്കു ലഭിച്ചിരിക്കുന്നു" (നമ്പര്‍ 140, 376).

ചോദ്യം 201: പൊതുനന്മയുടെ ദൈവശാസ്ത്രപരമായ ഉല്‍പ്പത്തി എന്ത്?

പ്രാചീന ഇസ്രായേലിന്‍റെ കാലം മുതല്‍ ക്രൈസ്തവ മധ്യയുഗംവരെ പൊതുനന്മ (ലത്തീന്‍ ഭാഷ യില്‍ BONUM COMMUNE) രാഷ്ടീയ സങ്കല്പമെന്നതിനെക്കാള്‍ കൂടുതലായി ഒരു ദൈവശാസ്ത്ര സങ്കല്പമായിരുന്നു.  വി. തോമസ് അക്വീനാസിന്‍റെ അഭിപ്രായത്തില്‍ ഒന്നാമതായി പൊതുനന്മ ഉള്‍ക്കൊണ്ടിരിക്കുന്നത് വിശുദ്ധര്‍ക്കു ദൈവവുമായുള്ള സംസര്‍ഗത്തിലാണ്.  ദൈവിക കല്‍പ്പനകളും മാനുഷികക്രമവും പരസ്പരം സഹകരിച്ചു നില്‍ക്കുന്നു.  അദ്ദേഹം രാഷ്ട്രീയ യാഥാര്‍ഥ്യത്തില്‍ നിന്നു തുടങ്ങുന്നു.  ഉദാഹരണമായി നിയമം എന്താണ് എന്ന നിര്‍വചനത്തില്‍ നിന്നു തുടങ്ങുന്നു.  പൊതുനന്മയെ സംബന്ധിച്ച പ്രായോഗിക താല്‍പ്പര്യം ദൈവകേന്ദ്രീയതയില്‍ നിന്നു സാവധാനം ഉത്ഭവിച്ചു.  കൂടാതെ വ്യക്തിക്കു ദൈവവുമായുള്ള സംസര്‍ഗത്തില്‍ ജീവിക്കാന്‍ സാധി ക്കുന്ന സാമൂഹിക ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കുകയുംചെയ്തു.  ഇപ്പോഴും എപ്പോഴും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമിതാണ്.  രാഷ്ട്രീയ സമൂഹം ഏതു നന്മയ്ക്കുവേണ്ടി പരിശ്രമി ക്കുന്നുവോ ആ “നന്മ” വ്യക്തികളുടെ “നന്മ”യ്ക്കു വിരുദ്ധമായിരിക്കരുത്.  പിന്നെയോ, അവരുടെ വികസനത്തിനുവേണ്ടി സമുചിതവും പൊതുവുമായ ചട്ടക്കൂടു നല്‍കണം.  ഈ അര്‍ഥത്തില്‍, രാഷ്ട്രീയ പൊതുനന്മയ്ക്ക് വ്യക്തിയ അല്ലെങ്കില്‍ സിവിള്‍ സമൂഹത്തെ സേവിക്കുകയെന്ന കടമയുണ്ട്.

ഇതിന്‍റെ വിശദീകരണം ഫ്രാന്‍സീസ് പാപ്പായുടെ സുവിശേഷത്തിന്‍റെ ആനന്ദം എന്ന പ്രബോ ധനത്തില്‍ നിന്നു നമുക്കു ശ്രവിക്കാം.

“പരസ്നേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന രൂപങ്ങളിലൊന്നായി നിലകൊള്ളുന്ന അത് പൊതുനന്മ അ ന്വേഷിക്കുന്നിടത്തോളം അപ്രകാരമുള്ളതാണ്.  സമൂഹത്തിന്‍റെ ദുരിതപൂര്‍ണമായ അവസ്ഥയാലും ദരിദ്രരുടെ ജീവിതത്താലും യഥാര്‍ഥമായ അസ്വസ്ഥതയനുഭവിക്കുന്ന കൂടുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ ഞങ്ങള്‍ക്കു നല്‍കണമെന്നു കര്‍ത്താവിനോടു ഞാന്‍ പ്രാര്‍ഥിക്കുന്നു.  ഗവണ്‍മെന്‍റിന്‍റെ നേതാക്കളും ധനകാര്യ നേതാക്കളും ശ്രദ്ധിക്കുകയും അവരുടെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ചെയ്യുകയെന്നത് ജീവല്‍പ്രധാനമായ കാര്യമാണ്.  എല്ലാ പൗരന്മാര്‍ക്കും മഹത്വപൂര്‍ണമായ തൊഴിലും വിദ്യാഭ്യാസവും ആരോഗ്യശുശ്രൂഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അധ്വാനിക്കുന്നവരായിരിക്കാന്‍ തന്നെ” (ഫ്രാന്‍സീസ് പാപ്പാ, EG 205).

ചോദ്യം 202: രാഷ്ട്രീയ സമൂഹം മൗലികമൂല്യങ്ങളെ ആശ്രയിക്കുന്നുണ്ടോ?

സമകാലീന ജനാധിപത്യ സമ്പ്രദായങ്ങള്‍ ദൈവത്തോടും അവിടുത്തെ ഉടമ്പടിയോടും വിശ്വസ്തത പുലര്‍ത്താന്‍ പരിശ്രമിക്കുകയെന്ന അടിസ്ഥാനത്തിലല്ല സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.  മതനിക്ഷ്പക്ഷതയുള്ള ആധുനിക ജനാധിപത്യ സമ്പ്രദായങ്ങള്‍ മനുഷ്യവ്യക്തിയുടെ മഹത്വത്തോടും വ്യക്തിപരമായ അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള ആദരവിനാല്‍ സജീവമാക്കപ്പെട്ടവയാണ്.  ഇപ്പറഞ്ഞവയെല്ലാമാകട്ടെ, മതസ്വാതന്ത്ര്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും അടിയുറച്ചുള്ളവയാണ്.  മതബോധ്യങ്ങളാല്‍ സുപ്രധാനമായ വിധത്തില്‍ പിന്താങ്ങപ്പെടുകയും പോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന മൗലിക ധാര്‍മിക സങ്കല്പങ്ങളെ തള്ളിക്കളയാന്‍ ആധുനിക സ്റ്റേറ്റുകള്‍ക്കു പോലും സാധ്യമല്ല.  ക്രിസ്തുമതം നിലനില്‍ക്കുന്നതുകൊണടു മാത്രമാണ് മനുഷ്യവ്യക്തിയെയും വികസിക്കാനുള്ള അവന്‍റെ സ്വാതന്ത്ര്യത്തെയും ഇന്നു വിലമതിക്കാന്‍ സാധിക്കുന്നത്.  മനുഷ്യനെ രാഷ്ട്രീയ കോമണ്‍വെല്‍ത്തിനോടുള്ള പരിപൂര്‍ണ കീഴടങ്ങലില്‍ നിന്നു മോചിപ്പിച്ചതു ക്രിസ്തുമതമാണ്.  യഥാര്‍ഥത്തില്‍ വ്യക്തിയുടെ അനന്യമായ മൂല്യത്തെ രാഷ്ട്രം അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നാണ് ക്രിസ്തുമതം പ്രതീക്ഷിക്കുന്നത്.  സ്റ്റേറ്റ് ആപേക്ഷികതാവാദത്തോടു പൊരുതണമെന്നും നിയമംവഴി ധാര്‍മികവും മതപരവുമായ മൂല്യങ്ങളെ കാത്തുസൂ ക്ഷിക്കണമെന്നും സഭ പ്രതീക്ഷിക്കുന്നു.

അതെ ഇക്കാരണത്താലാണ് നാം ദൈവരാജ്യം വരണമേ എന്നു പ്രാര്‍ഥിക്കുന്നത്.  രാജാക്കന്മാരുടെ രാജാവേ എന്നു ക്രിസ്തുവിനെ നാം വിളിക്കുന്നതും ദൈവരാജ്യസങ്കല്പത്തില്‍ നിന്നു കൊണ്ടാണ്.  ഇഹത്തില്‍ നമുക്കു സമാധാനം പ്രദാനം ചെയ്യുന്നതും നിത്യമായ സമാധാനം നാം കൈവരിക്കുന്നതും ഈ ഭൂമിയില്‍, ദൈവരാജ്യത്തിനായി ആഗ്രഹിച്ചുകൊണ്ടും പരിശ്രമിച്ചുകൊണ്ടുമാണ്.








All the contents on this site are copyrighted ©.