2018-05-17 12:43:00

വ്യാജ ഐക്യത്തെക്കുറിച്ച് മുന്നറിയിപ്പ്-പാപ്പായുടെ വചനസമീക്ഷ


സഭയുടെയും സമൂഹത്തിന്‍റെയും ജീവിതത്തില്‍ ഐക്യം സംജാതമാക്കാന്‍ നാം പരിശ്രമിക്കുകയാണെങ്കില്‍ നമ്മള്‍ യേശുകാണിച്ച പാതയിലാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ വ്യാഴാഴ്ച(17/05/18) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യോഹന്നാന്‍റെ സുവിശേഷം പതിനേഴാം അദ്ധ്യായം 20-26 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, യേശു ശിഷ്യന്മാരുടെ ഐക്യത്തിനായി പിതാവിനോടു പ്രാര്‍ത്ഥിക്കുന്ന സംഭവം അനുസ്മരിച്ച പാപ്പാ ഈ യഥാര്‍ത്ഥ ഐക്യം നിത്യതയിലേക്കു നയിക്കുന്നതാണെന്നു വിശദീകരിച്ചു.

എന്നാല്‍ വ്യാജമായ ഐക്യമുണ്ടെന്ന് പാപ്പാ പൗലോസപ്പസ്തോലനെതിരെ യഹൂദര്‍ കുറ്റാരോപണം നടത്തുന്നതും യേശുവിന് ഓശാന പാടിയവര്‍ പിന്നീട് അവിടത്തെ ക്രൂശിക്കണമെന്ന് ആക്രോശിക്കുന്നതുമായ വേദപുസ്തക സംഭവങ്ങള്‍ അവലംബമാക്കി വിവരിച്ചു.

വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് ശിക്ഷവിധിക്കാന്‍ ശ്രമിക്കുന്ന ശൈലി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും ഒരുവനെതിരെ ഇത്തരം ആരോപണങ്ങള്‍, വിമര്‍ശനങ്ങള്‍ രണ്ടോമൂന്നോ പേര്‍ ചേര്‍ന്നു നടത്തുമ്പോള്‍ അവിടെ കപട ഐക്യമാണ് ഉണ്ടാകുന്നതെന്നും പാപ്പാ പറഞ്ഞു.

ഈ വ്യാജ ഐക്യത്തിന്‍റെ ലക്ഷ്യം ശിക്ഷവിധിക്കുക എന്നതു മാത്രമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ യേശുവുമായും പിതാവുമായുമുള്ള മഹത്തായ ഐക്യത്തിലേക്കാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.