2018-05-16 14:13:00

"മതാന്തരസംവാദവും സഹകരണവും സത്താപരം": മാര്‍പ്പാപ്പ


വത്തിക്കാനിലെത്തിയ ബുദ്ധ, ഹിന്ദു, ജൈന, സിക്ക് മതങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പാ നല്‍കിയ ലഘുസന്ദേശത്തിലാണ് ഇക്കാലഘട്ടത്തില്‍ സംവാദവും സഹകരണവും ഏറെ മൂല്യമുള്ളതാണെന്നു പാപ്പാ ചൂണ്ടിക്കാട്ടിയത്. 

വിവിധമത വിശ്വാസങ്ങളെ ഒരുമിച്ചു കൊണ്ടുവരുന്നതില്‍ അവരൊരുക്കുന്ന സംരംഭങ്ങളെ ഏറെ വിലമതിക്കുന്നുവെന്ന് വ്യക്തമാക്കിയ പാപ്പാ ഇപ്രകാരം തുടര്‍ന്നു:  "സങ്കീര്‍ണവും അവിചാരിത വുമായ കാരണങ്ങളാല്‍, ചെറുതും വലുതുമായ അസ്വസ്ഥതകളിലേയ്ക്കും സംഘട്ടനങ്ങളിലേയ്ക്കും അക്രമത്തിന്‍റെ അകമ്പടിയോടെ നയിക്കുന്ന ഈ കാലഘട്ടത്തില്‍, സംവാദവും സഹകരണവും അടിസ്ഥാനപരമാണ്.  മതനേതാക്കള്‍, സമാഗമത്തിന്‍റെ ഒരു സംസ്ക്കാരം പോഷിപ്പിക്കുന്നതും, ഫലപൂര്‍ണമായ സംവാദത്തിന്‍റെ ഉദാഹരണങ്ങള്‍ നല്‍കുന്നതും, ജീവന്‍റെ ശുശ്രൂഷ, മനുഷ്യാന്തസ്സ്, സൃഷ്ടിപരിരക്ഷ എന്നിവയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതും ദൈവത്തിനു നന്ദി പറയാനുള്ള മഹത്തായ ഒരു കാരണമാണ്.  അവരവരുടെ മതപാരമ്പര്യമനുസരിച്ച്, ലോകനന്മയെ പ്രോത്സാഹിപ്പിച്ചുകൊണ്ടും, അവര്‍ ഒത്തൊരുമിച്ചു ചെയ്ത സമ്മേളനത്തിനും നന്ദിപറഞ്ഞുകൊണ്ടും അവര്‍ക്കും അവരുടെ സമൂഹങ്ങള്‍ക്കും സമൃദ്ധമായ ദൈവാനുഗ്രഹം പ്രാര്‍ഥിച്ചുമാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

27 പേരടങ്ങിയ ഈ പ്രതിനിധിസംഘത്തില്‍ ഹിന്ദു, ബുദ്ധ, ജൈന, സിക്ക് മത വിശ്വാസത്തില്‍ ഉള്ളവരാണ് ഉണ്ടായിരുന്നത്.  മെയ് 15-ാംതീയതി, മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, “Dharma and Logos:  സങ്കീര്‍ണമായ കാലഘട്ടത്തില്‍ സംവാദവും സഹകരണവും" എന്ന വിഷയവുമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഇവര്‍. മെയ് 16-ന് ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിക്കുമുമ്പ്, പാപ്പാ വസതിയായ സാന്താമാര്‍ത്തയില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.

തായ്ലണ്ടില്‍ നിന്നുള്ള ബുദ്ധ സന്യാസിമാരുടെ പ്രതിനിധിസംഘത്തെയും പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു  അവര്‍ക്ക് ഊഷ്മളമായ സ്വാഗതം ആശംസിച്ചു കൊണ്ടുനല്‍കിയ സന്ദേശത്തില്‍, അവരുടെ മതഗ്രന്ഥം ആധുനികഭാഷയിലേയ്ക്കു തര്‍ജമ ചെയ്ത തിനു പാപ്പാ അവരെ ശ്ലാഘിച്ചു.  അവരുടെ നേതാവായിരുന്ന സോമദേയ് ഫ്രാ വാനരത്ന, പോള്‍ ആറാമന്‍ പാപ്പായെ സന്ദര്‍ശിച്ചതിനെ ക്കുറിച്ചും, അതിന്‍റെ സ്മരണിക മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ കാര്യാലയത്തിന്‍റെ പ്രവേശനകവാടത്തില്‍ സ്ഥാപിച്ചിരിക്കുന്നതിനെക്കുറിച്ചും പാപ്പാ അനുസ്മരിച്ചു.

ബുദ്ധ, ക്രിസ്തു മതങ്ങള്‍ തങ്ങളുടെ അടുപ്പം വളര്‍ത്തി, ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ചുള്ള പരസ്പര അറിവിലും ആദരവിലും മുന്നേറട്ടെയെന്ന് ആശംസിച്ചുകൊണ്ട്, വീണ്ടും അവരു ടെ സന്ദര്‍ശനത്തിനു കൃതജ്ഞതയര്‍പ്പിച്ചും, സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവാനുഗ്രഹങ്ങള്‍ അവര്‍ക്കായി പ്രാര്‍ഥിച്ചുമാണ് പാപ്പാ തന്‍റെ സന്ദേശമവസാനിപ്പിച്ചത്. പോള്‍ ആറാ മന്‍ശാലയില്‍ വച്ച്, രാവിലെ നടന്ന ഈ കൂടിക്കാഴ്ചയില്‍, 57 പ്രതിനിധികളാണ് സംബന്ധിച്ചത്.

മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദിനാള്‍ ഴാന്‍-ളൂയി തൗറാന്‍ സംവാദത്തിനു മുന്‍കൈയെടുക്കുന്നതിനും, സമാഗമത്തിന്‍റെ ഒരു സംസ്ക്കാരം പോഷിപ്പിക്കുന്നതിനും മുന്‍വിധികളും തുറവിയില്ലായ്മയും അതിജീവിക്കാന്‍ കഴിയണമെന്നു സമ്മേളനത്തിനു നല്‍കിയ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.  യുദ്ധവും സംഘട്ടനങ്ങളും നടമാടുന്ന ഈ ലോകത്തില്‍, മതനേതാക്കാള്‍ സംവാദ ത്തിന്‍റെ ഉറപ്പുള്ള പാലങ്ങളാകണമെന്നുള്ളതാണ് ജനങ്ങളുടെ പ്രതീക്ഷ  അദ്ദേഹം പ്രസ്താവിച്ചു.  അദ്ദേഹം നല്‍കിയ ഈ സന്ദേശം, സമ്മേളനത്തില്‍ വായിക്കപ്പെടുകയായിരുന്നു.

 








All the contents on this site are copyrighted ©.