2018-05-14 11:34:00

"സുവിശേഷപ്രഘോഷണം പരിശുദ്ധാത്മശക്തിയാല്‍": ത്രികാലജപസന്ദേശം


2018, മെയ്മാസം 13-ാം തീയതി, സ്വര്‍ഗാരോഹണത്തിരുനാളില്‍, മധ്യാഹ്നനേരത്ത്, വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസ്ലിക്കയുടെ അങ്കണത്തില്‍, പരിശുദ്ധ പിതാവു നയിക്കുന്ന ത്രികാലജപത്തില്‍ പങ്കുചേരുന്നതിനും സന്ദേശം ശ്രവിച്ച് ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി അനേകായിരങ്ങള്‍ സന്നിഹിതരായിരുന്നു. ത്രികാലജപം നയിക്കുന്നതിനെത്തുന്ന പതിവു ജാലകത്തിങ്കല്‍ എത്തിയ ഫ്രാന്‍സീസ് പാപ്പാ കൈകളുയര്‍ത്തി വീശി തീര്‍ഥാടകസമൂഹത്തെ അഭിവാദ്യം ചെയ്തപ്പോള്‍ പ്രത്യഭിവാദ്യം ചെയ്തുകൊണ്ട‌് കരങ്ങളുയര്‍ത്തി വീശിയും, കരഘോഷവും ആഹ്ലാദാരവവും മുഴക്കിയും, മാര്‍പ്പാപ്പായോടുള്ള സ്നേഹാദരവുകള്‍ അവരും പ്രകടമാക്കി.

ഇറ്റലിയിലും മറ്റു പല രാജ്യങ്ങളിലും ഈ ഞായറാഴ്ച, സ്വര്‍ഗാരോഹണത്തിരുനാളായി ആചരി ക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍, വി. മര്‍ക്കോസിന്‍റെ സുവിശേഷം അവസാന അധ്യായത്തില്‍ അവസാനഭാഗത്തു (മര്‍ക്കോ 16:15-20) നല്‍കപ്പെട്ടിരിക്കുന്ന കര്‍ത്താവിന്‍റെ സ്വര്‍ഗാരോഹണ വിവരണത്തെ ആസ്പദമാക്കി പാപ്പാ ഇറ്റാലിയന്‍ഭാഷയില്‍ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ കൊടുക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ, സുപ്രഭാതം!

ഇന്ന് ഇറ്റലിയിലും മറ്റനേകരാജ്യങ്ങളിലും, കര്‍ത്താവിന്‍റെ സ്വര്‍ഗാരോഹണത്തിരുനാള്‍ ആഘോഷിക്കുകയാണ്. ഈ ആഘോഷത്തില്‍ രണ്ടു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നു.  ആദ്യം, അത് മഹത്വപൂര്‍ണ നായ യേശു പിതാവിന്‍റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന സ്വര്‍ഗത്തിലേയ്ക്ക് നമ്മുടെ നയനങ്ങളെ തിരിക്കുന്നു (മര്‍ക്കോ 16:19). മറ്റൊന്ന്, സഭയുടെ ദൗത്യത്തിന്‍റെ ആരംഭം നമ്മെ അനുസ്മരിപ്പിക്കുന്നു: അതായത്, ഉത്ഥിതനും സ്വര്‍ഗത്തിലേയ്ക്ക് ആരോഹണം ചെയ്തവനുമായ യേശു ലോകം മുഴുവനും സുവിശേഷമെത്തിക്കുന്നതിനു തന്‍റെ ശിഷ്യന്മാരെ അയയ്ക്കുന്നു. അതിനാല്‍, സ്വര്‍ഗാരോഹണം, നമ്മെ ആകാശത്തേയ്ക്കു നോക്കുന്നതിനും, ഉടന്‍തന്നെ ഭൂമിയിലേയ്ക്ക് തിരിഞ്ഞുകൊണ്ട്, ഉത്ഥിതനായ കര്‍ത്താവ് ഭരമേല്‍പ്പിച്ച ദൗത്യം തുടരുന്നതിനും നമ്മെ പ്രേരിപ്പിക്കുന്നു.

ഇതുതന്നെ ചെയ്യുന്നതിനുവേണ്ടിയാണ്, ഇന്നത്തെ സുവിശേഷഭാഗം നമ്മെ ക്ഷണിക്കുന്നത്. അവിടെ ശിഷ്യന്മാരെ യേശു തന്‍റെ ദൗത്യം ഭരമേല്‍പ്പിക്കുന്ന വിവരണത്തിനുശേഷം ഉടനെതന്നെ സ്വര്‍ഗാരോഹണമെന്ന സംഭവമാണ് വരിക. ഇത് കെട്ടുപാടുകളില്ലാത്തെ ഒരു മിഷനാണ്.  അതായത്, അക്ഷരാര്‍ഥത്തില്‍ അതിരുകളില്ലാത്തത്, അത് മാനുഷിക ശക്തികളെ അതിശയിക്കുന്നു.  വാസ്തവത്തില്‍, യേശു പറയുന്നത് ഇതാണ്: “നിങ്ങള്‍ ലോകമെങ്ങും പോയി സര്‍വസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍” (16:15).  ഇങ്ങനെ, നിസ്സാരരായ ഒരു കൂട്ടം മനുഷ്യരെ, ബുദ്ധിപരമായ വലിയ കഴിവുകളില്ലാത്ത ഇവരെ, യേശു തന്‍റെ ദൗത്യം ഭരമേല്‍പ്പിക്കുന്നതിനു കാണിക്കുന്ന ഈ ധൈര്യം വളരെ വലുതാണ്. ലോകത്തിന്‍റെ വലിയ ശക്തികളോടു തട്ടിച്ചുനോക്കുമ്പോള്‍ ഒട്ടും പ്രസക്തമല്ലാത്ത ഈ ചെറുസംഘം, യേശുവിന്‍റെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സന്ദേശമേകുവാന്‍ ലോകത്തിന്‍റെ എല്ലാ കോണുകളിലേയ്ക്കും അയയ്ക്കപ്പെടുകയാണ്.

എന്നാല്‍, ഈ ദൈവികപദ്ധതി, അപ്പസ്തോലന്മാര്‍ക്കു ദൈവംതന്നെ നല്‍കിയ ശക്തികൊണ്ടുമാത്രം നേടാന്‍ കഴിയുന്ന ഒന്നാണു താനും.  ഈയര്‍ഥത്തില്‍, യേശു അവര്‍ക്ക് ഉറപ്പുനല്‍കുന്നു. അവരുടെ ദൗത്യം പരിശുദ്ധാത്മാവിനാല്‍ നിവൃത്തിയാക്കപ്പെടും എന്ന്. യേശു പറയുന്നു: “പരിശുദ്ധാത്മാവു വന്നു കഴിയുമ്പോള്‍, നിങ്ങള്‍ ശക്തി പ്രാപിക്കും.  ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (നടപടി 1:8). അങ്ങനെ ആ ദൗത്യം, യാഥാര്‍ഥ്യമായിത്തീരുകയാണ്.  അപ്പസ്തോലന്മാര്‍ അവരുടെ സുവിശേഷവേല ആരംഭിച്ചു, അവരുടെ പിന്‍ഗാമികളിലൂടെ ആ വേല തുടരുകയും ചെയ്തു.  യേശുവിനാല്‍ ഭരമേല്‍പ്പിക്കപ്പെട്ട ആ ദൗത്യം നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നു പോരുന്നു. ഇന്നവരെ അതു തുടരുന്നു: അത് നമ്മുടെ എല്ലാവരുടെയും സഹകരണം ആവശ്യമുള്ളതാണ്.  യഥാര്‍ഥത്തില്‍, ഓരോ രുത്തരും, താന്‍ സ്വീകരിച്ച മാമോദീസായാല്‍, അവരവരുടെ നിലയില്‍ സുവിശേഷപ്രഘോഷണം നടത്തുന്നതിനു കഴിവുള്ളവരാക്കപ്പെട്ടിരിക്കുന്നു.

കര്‍ത്താവിന്‍റെ സ്വര്‍ഗത്തിലേയ്ക്കുള്ള ആരോഹണം, നമ്മുടെയിടയില്‍ അവിടുത്തെ സാന്നിധ്യത്തിന്‍റെ, നവരൂപത്തിലുള്ള സാന്നിധ്യത്തിന്‍റെ പ്രോദ്ഘാടനമായിരുന്നു. അത് നമുക്ക് അവിടുന്നുമായി കണ്ടുമുട്ടുന്നതിനു കണ്ണുകളും ഹൃദയവും ഉണ്ടായിരിക്കുന്നതിനും, അവിടുത്തെ ശുശ്രൂഷിക്കുന്നതിനും, മറ്റുള്ളവര്‍ക്ക് അവിടുത്തെക്കുറിച്ച് സാക്ഷ്യമേകുന്നതിനും ആവശ്യപ്പെട്ടുകൊണ്ടുള്ളതുമാണ്.  അത് ആരോഹണത്തിന്‍റെ സ്ത്രീപുരുഷന്മാരായിരിക്കുന്നതിനെക്കുറിച്ച്, അതായത്, നമ്മുടെ കാലഘട്ടത്തിന്‍റെ വഴികളില്‍ ക്രിസ്തുവിനെ തേടുന്നവരായിരിക്കുന്നതിനെക്കുറിച്ച്, അവിടുത്തെ രക്ഷയുടെ വചനങ്ങള്‍ ഭൂമിയുടെ അതിര്‍ത്തികള്‍വരെ എത്തിക്കുന്നതിനെക്കുറിച്ച് ആണ്. ഈ യാത്രയില്‍ നാം നമ്മുടെ സഹോദരരില്‍, പ്രത്യേകിച്ചും ഏറ്റവും ദരിദ്രരില്‍, സഹിക്കുന്നവരില്‍, അവരുടെ ശരീരത്തിലും, കഠിനമായ മരണാനുഭവത്തിലും ദാരിദ്ര്യത്തിന്‍റെ പുതിയ അനുഭവത്തിലുമായിരിക്കുന്ന വൃദ്ധരിലും ക്രിസ്തുവിനെത്തന്നെ നാം കണ്ടുമുട്ടുന്നു.  ആരംഭത്തില്‍, ഉത്ഥിതനായ ക്രിസ്തു അപ്പസ്തോലന്മാരെ പരിശുദ്ധാത്മാവിന്‍റെ ശക്തിയോടെ അയച്ചതുപോലെ, ഇന്നു അവിടുന്നു നമ്മെയും അയയ്ക്കുന്നു, അതേ ശക്തിയോടെ, പ്രത്യാശയുടെ ഗോചരവും മൂര്‍ത്തവുമായ അടയാളങ്ങള്‍ നല്‍കുന്നതിന്.

മരിച്ച് ഉയിര്‍ത്തെഴുന്നേറ്റവനായ നമ്മുടെ കര്‍ത്താവിന്‍റെ അമ്മയായ കന്യകാമറിയം, ശിഷ്യന്മാരുടെ പ്രഥമസമൂഹത്തിന്‍റെ വിശ്വാസത്തെ സജീവമാക്കിയ കന്യകാമറിയം, ഇന്നു ആരാധനാക്രമത്തിലൂടെ, നമ്മോട് ആഹ്വാനം ചെയ്തതുപോലെ, നമ്മുടെ ഹൃദയങ്ങളെ ഉന്നതങ്ങളില്‍ സൂക്ഷിക്കാന്‍ നമ്മെ സഹായിക്കട്ടെ!  അതോടൊപ്പം തന്നെ, ജീവിതത്തിന്‍റെയും ചരിത്രത്തിന്‍റെയും സമൂര്‍ത്തമായ സാഹചര്യങ്ങളില്‍ സധൈര്യം സുവിശേഷവിത്തു വിതയ്ക്കുന്നതിന് ഈ മണ്ണില്‍ കാല്‍പ്പാദങ്ങളുറപ്പിക്കാനും നമ്മെ സഹായിക്കട്ടെ!

ഈ പ്രാര്‍ഥനാശംസയോടെ പാപ്പാ സന്ദേശമവസാനിപ്പിച്ച് ലത്തീന്‍ഭാഷയില്‍ ത്രികാലജപം ചൊല്ലി.  തുടര്‍ന്ന് അപ്പസ്തോലിക ആശീര്‍വാദം നല്‍കുകയും ചെയ്തു








All the contents on this site are copyrighted ©.