2018-05-11 13:28:00

"പരസ്പരോല്‍ക്കര്‍ഷനുതുകന്നവ അനുവര്‍ത്തിക്കാം": മാര്‍പ്പാപ്പാ


മെയ് 11-ാംതീയതി വെള്ളിയാഴ്ചയില്‍, വത്തിക്കാനിലെത്തിയ, ചെക് പ്രദേശങ്ങള്‍ക്കും സ്ലോവാക്യയ്ക്കും വേണ്ടിയുള്ള ഓര്‍ത്തൊഡോക്സ് സഭാതലവന്‍, ആര്‍ച്ചുബിഷപ്പ് റത്തിസ്ലാവിനെ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.  തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി റോമില്‍ ഈ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:

 “പൗലോസ് ശ്ലീഹാ,  റോമാക്കാര്‍ക്കെഴുതുന്നു, സമാധാനത്തിനും പരസ്പരോല്‍ക്കര്‍ഷത്തിനും ഉതകുന്നവ നമുക്കനുവര്‍ത്തിക്കാം (14:19). നമ്മെ ഐക്യപ്പെടുത്തുകയും, പരസ്പരോല്‍ക്കര്‍ഷത്തിനായുള്ള പ്രവര്‍ത്തനങ്ങളും സമാധാനാന്വേഷണത്തിന്‍റെ പൊതുവായ അന്വേഷണങ്ങളും തുടരുന്നതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആത്മീയബന്ധങ്ങളെപ്രതി നമുക്കു ദൈവത്തെ സ്തുതിക്കാം.  ഈ ബന്ധങ്ങളില്‍, റോമിലുള്ള പുരാതന ബസിലിക്ക സാന്‍ ക്ലെമേന്തെ, സ്ലാവ് അപ്പസ്തോലനായ വി. സിറിലിന്‍റെ കബറിടം എന്നിവ പ്രത്യേകം എടുത്തു പറയുന്നതിനു ഞാനാഗ്രഹിക്കുന്നു... രണ്ടാമതായി, വിശുദ്ധ സഹോദരരായ സിറിലും മെത്തോഡിയസും സ്ലാവുജനതയ്ക്കു സ്വീകാര്യമായ വിധത്തില്‍ സുവിശേഷസന്ദേശത്തെ പരിഭാഷപ്പെടുത്തിയതിലൂടെ നമുക്കു കൈവന്ന ബന്ധമാണ് എടുത്തുപറയേണ്ടത്.  ആ സംസ്ക്കാരത്തില്‍ രൂപമെടുത്ത സുവിശേഷം, ആ സംസ്ക്കാരത്തിന്‍റെ വളര്‍ച്ചയ്ക്കു കാരണമായി.  വി. ജോണ്‍ പോള്‍ രണ്ടാമന്‍ ഈ വിശുദ്ധന്മാരെ യൂറോപ്പിന്‍റെ മധ്യസ്ഥരാക്കി ഉയര്‍ത്തുകയും, സുവിശേഷവത്ക്കരണത്തിനു മാതൃക ആയി തുടര്‍ന്നും അവര്‍ പ്രശോഭിക്കുകയും ചെയ്യുന്നു...  അതുമൂലം, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് വിവിധ സംസ്ക്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേര്‍തിരിവുകളെ അതിജീവിക്കാന്‍ കഴിയുന്നുവെന്നതും ഇവിടെ ഞാനനുസ്മരിക്കുന്നു...  ഈയര്‍ഥത്തില്‍, അവര്‍, സഭൈക്യത്തിന്‍റെ ആധികാരികതയുള്ള മുന്നോടികളാണ് (ജോണ്‍ പോള്‍ രണ്ടാമന്‍, Letter Slavorum Apostoli, 14)...”

ഇപ്രകാരമുള്ള ആത്മീയബന്ധങ്ങളെയും സൗഹൃദത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാന ത്തോടെ, പരസ്പരമുള്ള പ്രാര്‍ഥനയുടെ ആവശ്യകത ഏറ്റുപറഞ്ഞുകൊണ്ടുമാണ് പാപ്പാ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്. 2018 മെയ് 11-ാംതീയതി മധ്യാഹ്നത്തോടെയായിരുന്നു മെത്രാപ്പോലീത്ത റത്തിസ്ലാവും മറ്റു പ്രതിനിധികളുമായുള്ള പാപ്പായുടെ ഈ കൂടിക്കാഴ്ച.

എമ്മാവൂസിലേയ്ക്കു പോയ, ഏറെ ദുഃഖിതരായ രണ്ടു ശിഷ്യന്മാരോടൊത്ത് ഉത്ഥിതനായ യേശു നടന്നുനീങ്ങി അവരെ ശക്തിപ്പെടുത്തിയത് അനുസ്മരിച്ചുകൊണ്ടാണ്, സ്ലാവു വിശ്വാസികളുടെ മെത്രാപ്പോലീത്ത തന്‍റെ സന്ദേശം ആരംഭിച്ചത്.

അന്ന് യേശു അപ്പം മുറിച്ചതുപോലെ, ഇന്നു നമുക്കു ചരിത്രപരമായ കാരണങ്ങളാല്‍, ഇന്നു നമുക്കതിനാവുന്നില്ലെന്ന നൊമ്പരവും ഒപ്പം, ഉത്ഥിതനായ കര്‍ത്താവിനോടുകൂടി നടക്കുന്ന തീര്‍ഥാടകരാണ് നാമെന്ന ആനന്ദവും അദ്ദേഹം പങ്കുവച്ചു.   തലേന്ന്, റോമിലെ വി. ക്ലെമെന്‍റിന്‍റെ ബസിലിക്കയില്‍ വിവിധ പ്രദേശങ്ങളിലില്‍ നിന്നുള്ള ഓര്‍ത്തൊഡോക്സ് ക്രൈസ്തവര്‍ ഒരുമിച്ചു ബലിയര്‍പ്പിച്ചതിലുള്ള കൃതജ്ഞതയും അദ്ദേഹം അറിയിച്ചു.

 വി. സിറിള്‍, മെത്തൊഡിയൂസ്, വി. റത്തിസ്ലാവ് എന്നീ വിശുദ്ധ രുടെ ഐക്കണ്‍ അദ്ദേഹം പാപ്പായ്ക്കു സമ്മാനിച്ചുകൊണ്ടും, ഉത്ഥിതനായ കര്‍ത്താവിന്‍റെ അനുഗ്രഹം ആശംസിച്ചുകൊണ്ടുമാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.