2018-05-09 14:08:00

15-ാമതു മെത്രാന്‍ സിനഡ്: പ്രവര്‍ത്തനരേഖ തയ്യാറാകുന്നു


മെയ് 7-8 തീയതികളിലായി നടന്ന മെത്രാന്‍സിനഡിന്‍റെ പൊതു കാര്യാലയത്തിലെ, സാധാരണ ആലോചനാസമിതിയുടെ നാലാമത് മീറ്റിംഗില്‍ അടുത്ത ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മെത്രാന്‍ സിനഡിനായുള്ള ഇന്‍സ്ട്രുമെന്തും ലബോറിസ്  അംഗീകരിക്കപ്പെട്ടു.

യോഗത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ അധ്യക്ഷം വഹിച്ചു.  മെത്രാന്‍ സിനഡിന്‍റെ ജനറല്‍ സെക്രട്ടറി, കര്‍ദിനാള്‍ ലൊരേന്‍സോ ബാള്‍ദിസേരിയുടെ ആമുഖപ്രഭാഷണത്തോടെയാണ് യോഗം ആരംഭിച്ചത്.  പരിശുദ്ധ പിതാവിന്‍റെ സാന്നിധ്യത്തിനും, ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പതിനഞ്ചാമതു സിനഡിന്‍റെ തയ്യാറെടുപ്പുകള്‍ക്കും മാര്‍ഗരേഖയ്ക്കുമായി പാപ്പാ നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും, പ്രത്യേകമായി,  കഴിഞ്ഞ മാര്‍ച്ച് 19 മുതല്‍ 24 തീയതികളിലായി നടത്തിയ പ്രീ-സിനഡല്‍ മീറ്റിംഗില്‍ സാര്‍വദേശീയവും, സാര്‍വമതപരവുമായ പങ്കാളിത്തത്തിനു വഴിയൊരുക്കിയതിനും അദ്ദേഹം പാപ്പായ്ക്കു നന്ദി പറഞ്ഞു.

പിന്നീട്, സിനഡിനായുള്ള ഇന്‍സ്ട്രുമെന്തും ലബോറിസിന്‍റെ രൂപരേഖ അവതരിപ്പിക്കപ്പെട്ടു. അതേക്കുറിച്ചുള്ള ചര്‍ച്ചയില്‍ വിവിധാഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നുവരികയും ഉചിതമായ  തിരുത്തലുകളോടെ രേഖ അംഗീകരിക്കപ്പെടുകയും ചെയ്തു. ഈ ദ്വിദിന സമ്മേളനത്തിന്‍റെ അവസാനത്തില്‍ പരിശുദ്ധ പിതാവ് കൗണ്‍സിലംഗങ്ങള്‍ക്കും, ഇതിനായി സംഭാവന നല്‍കിയ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മെത്രാന്മാരുടെ സിനഡിന്‍റെ പൊതു കാര്യാലയത്തിന്‍റെ പതിനാലാമത് സാധാരണ കൗണ്‍സിലിന്‍റെ നാലാം സമ്മേളനമായിരുന്നു ഇത്. ഈ സമ്മേളനത്തെക്കുറിച്ച് കാര്യാലയം മെയ് ഒന്‍പതാം തിയതി പുറപ്പെടുവിച്ച പത്ര പ്രസ്താവനയിലാണ് ഇക്കാര്യം വിശദമാക്കിയത്.








All the contents on this site are copyrighted ©.