2018-04-30 12:17:00

“മനുഷ്യജീവന്‍ ഏതവസ്ഥയിലും തനിമയാര്‍ന്നത്”: മാര്‍പ്പാപ്പാ


“അപൂര്‍വമായ ഒരു ജീവിതം” (“Una Vita Rara”) എന്ന സംഘടനയിലെ അംഗങ്ങളുമായി വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ ഏപ്രില്‍ 30-ാംതീയതി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഈ കൂടിക്കാഴ്ചയ്ക്കായി എത്തിയതിന് അവര്‍ക്കു നന്ദിപറഞ്ഞുകൊണ്ടാരംഭിച്ച സന്ദേശത്തില്‍ പാപ്പാ തുടര്‍ന്നു:

"അപൂര്‍വരോഗങ്ങളെക്കുറിച്ചുള്ള  ഗവേഷണങ്ങള്‍ നടത്തുന്നതിനുവേണ്ടിയുള്ള സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിക്കാഴ്ചകളില്‍ ഞാന്‍ എപ്പോഴും സന്തോഷവാനാണ്.  തീര്‍ച്ചയായും, ദുരിതങ്ങളും സഹനങ്ങളുമേകുന്ന വേദനകളുണ്ട്.  പക്ഷേ, എന്നെ എപ്പോഴും, സ്പര്‍ശിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്നത് അവിടെ കുടുംബങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ഈ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുകയും ആ സാഹചര്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ്". ദാവീദ് എന്ന കുട്ടിക്ക് അപൂര്‍വരോഗം പിടിപെട്ടപ്പോള്‍ ഇത്തരം രോഗബാധിതര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന, അവന്‍റെ മാതാപിതാക്കളുടെ ആഗ്രഹത്തെയും ആരംഭിച്ച സംഘടനയെയും ശ്ലാഘിച്ചുകൊണ്ട് പാപ്പാ ആ സംഘടനയുടെ "അപൂര്‍വമായ ഒരു ജീവിതം" എന്ന പേര് ഏറെക്കാര്യങ്ങള്‍ ധ്വനിപ്പിക്കുന്നുവെന്ന് വിശദമാക്കി: "അത് ദാവീദിനെക്കുറിച്ചുള്ള യാഥാര്‍ഥ്യത്തിന്‍റെ പ്രകടനമാണ്.  ഒപ്പം അവനോടൊത്തുള്ള നിങ്ങളുടെ ജീവിതവുമാണ്.  അതൊരിക്കലും, നിഷേധാത്മകമല്ല, ഭാവാത്മകമാണ് എന്നതും സവിശേഷമാണ്. ഓരോ മനുഷ്യജീവനും തനിമയുള്ളതാണ്.  രോഗം അപൂര്‍വമോ, വളരെ അപൂര്‍വമോ ആയാലും ജീവന്‍ അപ്പോഴും അങ്ങനെ തന്നെയാണ്.  ഈ ഭാവാത്മകദര്‍ശനം. സ്നേഹത്തിന്‍റെ അത്ഭുതമാതൃകയാണ്. അത് നിഷേധാത്മകസാഹചര്യങ്ങളിലും എങ്ങനെ കാര്യങ്ങളെ നന്മയായി കാണാമെന്നു അറിയുന്നു.  അന്ധകാരാവൃതമായ നിശയുടെ മധ്യത്തില്‍ എങ്ങനെ വെളിച്ചത്തിന്‍റെ ഒരു ചെറിയ ജ്വാല കാത്തു സൂക്ഷിക്കാമെന്ന് അതറിയുന്നു..."

"...ആ സ്നേഹം അടുത്ത അത്ഭുതവും ചെയ്തുകൊണ്ടു തുടരുകയാണ്.  അത് മറ്റുള്ളവരിലേയ്ക്കു തുറവിയുള്ളതായിരിക്കുന്നു, അവരുടെ സഹനങ്ങളിലേയ്ക്കും രോഗങ്ങളിലേയ്ക്കും, ഭാരപ്പെട്ട അവസ്ഥകളിലേയ്ക്കും, ദൈനംദിനജീവിതത്തിന്‍റെ മടുപ്പുകളിലേയ്ക്കും തുറവിയോടെ ഐക്യദാര്‍ഢ്യം സൃഷ്ടിക്കുന്നു..." അവര്‍ക്കു നന്ദി പറഞ്ഞുകൊണ്ടും, അവര്‍ക്കും സംഘടനയ്ക്കും വേണ്ടിയുള്ള പ്രാര്‍ഥന വാഗ്ദാനം ചെയ്തുകൊണ്ടുമാണ് പാപ്പാ അവരോടുള്ള വാക്കുകള്‍ക്ക് സമാപനം കുറിച്ചത്.

"അപൂര്‍വമായ ഒരു ജീവിതം" എന്ന സംഘടന, അപൂര്‍വരോഗങ്ങള്‍ക്കുവേണ്ടിയുള്ള ചികിത്സാരംഗത്ത്, ആരോഗ്യസംരക്ഷണം, ഗവേഷണം എന്നിവയെ പിന്തുണയ്ക്കുകയും അങ്ങനെയുള്ള രോഗികളോടുള്ള സാമൂഹ്യ ഐക്യദാര്‍ഢ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടിയുള്ള സംഘടനയാണ്. 2016 ഏപ്രില്‍ 16-നാരംഭിച്ച ഈ സംഘടനയിലെ 62 അംഗങ്ങളാണ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഏപ്രില്‍ 30-ാംതീയതി വത്തിക്കാനിലെത്തിയത്.








All the contents on this site are copyrighted ©.