2018-04-24 12:13:00

“സഭ മുന്നോട്ടു ചലിക്കുന്നവളും പ്രേഷിതയുമാണ്”: മാര്‍പ്പാപ്പാ


സാന്താ മാര്‍ത്താ കപ്പേളയില്‍ ഏപ്രില്‍ 24-ാംതീയതി അര്‍പ്പിച്ച പ്രഭാതബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. യേശുവിന്‍റെ പ്രബോധനങ്ങളെ അംഗീകരിക്കാത്ത യഹൂദപ്രമാണികളെക്കുറിച്ച്, വി. മത്തായിയുടെ സുവിശേഷം 13-ാമധ്യായത്തിലെ വായനയെ (വാ. 53-58) ആസ്പദമാക്കിയായിരുന്നു ഈ വചനവിചിന്തനം.

“സഭ മുന്നോട്ടുപോകുന്ന സഭയാണ്.  അത് അതിനെത്തന്നെ അതിശയിക്കുന്ന ഒന്നാണ്.  സഭ തെരഞ്ഞെടുക്കപ്പെട്ടവരുമായി അടഞ്ഞു നില്‍ക്കുന്ന ഒരു കൂട്ടായ്മയല്ല, മറിച്ച്, പ്രേഷിതസഭയാണ്. സഭയുടെ ചലനത്തെ ഒരു സൈക്കിളിന്‍റെ ചലനത്തോടുപമിക്കാവുന്നതാണ്. കാരണം അത്  സന്തുലിതത്വമുള്ളതും മുന്നോട്ടു ചലിക്കുന്നതുമാണ്. മുന്നോട്ടു ചലിക്കുന്നവേളയില്‍, അതിനെ പിടിച്ചുനിര്‍ത്തിയാല്‍ അതു മറിയും.  അതു നല്ലൊരുദാഹരണമാണ്”... ഈ ചലനത്തെ നിരോധിക്കുന്ന യഹൂദപ്രമാണികളുടെ മനോഭാവത്തെ വിശദമാക്കിക്കൊണ്ടു പാപ്പാ തുടര്‍ന്നു:

“അവര്‍ നിയമം സ്വീകരിച്ചത് ജീവനുള്ളതായിട്ടായിരുന്നെങ്കിലും, അതിനെ തത്വങ്ങളാക്കി അവര്‍ 'വാറ്റി'യെടുത്തു.  അതു പുറത്തേയ്ക്കു പോകുന്നതോ, നവമായതിനെ കൂട്ടിച്ചേര്‍ക്കാനാവാത്തതോ ആയി മാറി.  അവിടെ എപ്പോഴും, പരിശുദ്ധാത്മാവിനെ ചെറുത്തുനില്‍ക്കുന്ന സ്വഭാവമുണ്ട്.  എല്ലായ്പോഴും, ലോകാവസാനം വരെ അതുണ്ടാകും”... നന്മയോടു തുറവിയുളള വരായിരിക്കുന്നതോടൊപ്പം തിന്മയെ ചെറുത്തു നില്‍ക്കാനും ദൈവകൃപ ആവശ്യമാണെന്നുദ്ബോധിപ്പിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു:  “എന്നാല്‍ ചെറുത്തുനില്‍ക്കേണ്ടതിനെ ചെറുത്തുനില്‍ക്കാന്‍, അതായത്, തിന്മയായതിനെ ചെറുത്തുനില്‍ക്കാന്‍, നമ്മില്‍ നിന്നു നമ്മുടെ സ്വാതന്ത്ര്യം എടുത്തുമാറ്റുന്നവരെ ചെറുത്തുനില്‍ക്കാന്‍ നമുക്കു കഴിയേണ്ടതിനുള്ള കൃപ ദൈവം നല്‍കട്ടെ.  എന്നാല്‍, പുതിയ കാര്യങ്ങളോടു എങ്ങനെ തുറവിയുള്ളവരായിരിക്കണമെന്നു നമുക്ക് അറിയാനും ദൈവം കൃപ നല്‍കട്ടെ”...  “ദൈവത്തില്‍ നിന്നു വരുന്നവയെ മാത്രം, പരിശുദ്ധാത്മാവിന്‍റെ ശക്തിയോടെ വരുന്നവമാത്രം വിവേചിച്ചു സ്വീകരിക്കുന്നതിനും, കാലത്തിന്‍റെ അടയാളങ്ങള്‍ ഗ്രഹിച്ചു തീരുമാനമെടുക്കുന്നതിനും അവിടുന്നു കൃപ നല്‍കട്ടെ”.  ഈ പ്രാര്‍ഥനയോടെയാണ് പാപ്പാ തന്‍റെ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.