2018-04-23 13:00:00

പാപ്പായുടെ ത്രികാലജപസന്ദേശം: യേശു സൗഖ്യദായകന്‍


വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച് തമിഴ്നാട്ടുകാരായ മൂന്നു പേരുള്‍പ്പടെ വിവിധരാജ്യാക്കാരായിരുന്ന 16 ശെമ്മാശന്മാര്‍ക്ക് ഫ്രാന്‍സീസ് പാപ്പാ പൗരോഹിത്യ കൂദാശ നല്കിയ തിരുക്കര്‍മ്മത്തില്‍ സംബന്ധിച്ചവരുള്‍പ്പടെ ആയിരങ്ങള്‍ ലോക ദൈവവിളി പ്രാര്‍ത്ഥനാദിനമായിരുന്ന ഈ ഞായറാഴ്ച (22/04/18). പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ സന്തോഷം അറിയിച്ചു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(22/04/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍, വിശിഷ്യ, ആടുകള്‍ക്കു വേണ്ടി ജീവനര്‍പ്പിക്കുന്ന നല്ല ഇടയനാണ് താന്‍ എന്ന് യേശു സ്വയം വെളിപ്പെടുത്തുന്ന സംഭവം അവതരിപ്പിക്കപ്പെടിരിക്കുന്ന സുവിശേഷ ഭാഗം, യോഹന്നാന്‍റെ സുവിശേഷം, 10-Ↄ○ അദ്ധ്യായം 11 മുതല്‍ 18 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

 പാപ്പായുടെ വിചിന്തനം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഉത്ഥിതനായ കര്‍ത്താവിന്‍റെ ശിഷ്യരെന്ന നിലയിലുള്ള നമ്മുടെ അനന്യത വീണ്ടു കണ്ടെത്തുന്നതിന് നമ്മെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് ഉയിര്‍പ്പുകാലത്തിലെ നാലാമത്തെതായ ഈ ഞായറാഴ്ചത്തെ ആരാധാനക്രമം. പത്രോശ്ലീഹാ പ്രവര്‍ത്തിച്ചതും ജറുസലേമിലാകമാനം സംസാരവിഷയമായതുമായ   മുടന്തന് സൗഖ്യമേകിയ സംഭവം യേശുവിന്‍റെ നാമത്തിലാണ് നിവര്‍ത്തിയാക്കപ്പെട്ടതെന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ പത്രോസ് പരസ്യമായി പ്രഖ്യാപിക്കുന്നു. കാരണം യേശുവിലല്ലാതെ മറ്റാരിലും രക്ഷ സാധ്യമല്ല. സൗഖ്യമാക്കപ്പെട്ട ആ മനുഷ്യന്‍ നമ്മെ ഒരോരുത്തരെയും പ്രതിനിധാനം ചെയ്യുന്നു, നമ്മുടെ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു. ഉത്ഥിതനായ കര്‍ത്താവിന്‍റെ കരങ്ങളില്‍ നമ്മുടെ അസ്തിത്വം വിശ്വാസത്തോടെ സമര്‍പ്പിക്കുന്ന പക്ഷം സകലവിധ ആത്മീയ രോഗങ്ങളിലും നിന്ന്, അതായത്, ഉല്‍ക്കര്‍ഷേച്ഛ, ഉദാസീനത, ഔദ്ധത്യം, തുടങ്ങിയവയില്‍ നിന്ന് നമെല്ലാവരും സൗഖ്യമാക്കപ്പെടും. “നസ്രായനായ യേശുക്രിസ്തുവിന്‍റെ നാമത്തിലാണ് ഈ മനുഷ്യന്‍ സൗഖ്യം പ്രാപിച്ച് നിങ്ങളുടെ മുന്നില്‍ നില്ക്കുന്നത്” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍, 4:10) – പത്രോസ് പ്രഖ്യാപിക്കുന്നു. സൗഖ്യം പ്രദാനം ചെയ്യുന്ന ഈ ക്രിസ്തു ആരാണ്? അവിടുന്നിനാല്‍ സൗഖ്യമാക്കപ്പെടുകയെന്നതില്‍ ഉള്‍ക്കൊള്ളുന്നതെന്താണ്? എന്തില്‍ നിന്നാണ് സൗഖ്യമാക്കപ്പെടുക? ഏതെല്ലാം മനോഭാവങ്ങളിലൂടെയാണ് ഇത് സാക്ഷാത്കൃതമാകുക?

ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം, ഞാന്‍ നല്ല ഇടയാണ് എന്ന് യേശു പറയുന്ന ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കായി സ്വന്തം ജീവന്‍ നല്കുന്നു. (യോഹന്നാന്‍ 10:11)  യേശുവിന്‍റെ ഈ സ്വയാവിഷ്കാരത്തെ സമൂര്‍ത്തമായ യാതൊരു ഫലവും പുറപ്പെടുവിക്കാത്ത കേവലം വൈകാരികമായ ഒരു നിര്‍ദ്ദേശമായി  തരംതാഴ്ത്താനാകില്ല. സ്വന്തം ജീവന്‍ നല്കുന്ന ഇടയന്‍ ആയിരിക്കുന്നതിലൂടെയാണ് യേശു സൗഖ്യം പ്രദാനം ചെയ്യുന്നത്. നമുക്കായി ജീവന്‍ ത്യജിച്ചുകൊണ്ട് യേശു നാമോരോരുത്തരോടും പറയുന്നു: എന്നെത്തന്നെ മുഴുവനായി നല്‍കി രക്ഷിക്കത്തവിധം അത്രമാത്രം എനിക്ക് വിലപ്പെട്ടതാണ് നിന്‍റെ ജീവന്‍.  സ്വന്തം ജീവന്‍ സമര്‍പ്പിക്കലാണ് അവിടത്തെ അതിവിശിഷ്ടനായ നല്ല ഇടയന്‍ ആക്കിത്തീര്‍ക്കുന്നത്. അവിടന്ന് സൗഖ്യദായകന്‍ ആണ്, മനോഹരവും ഫലദായകവുമായ ജീവിതം നയിക്കാന്‍ നമ്മെ പ്രാപ്തനാക്കുന്നവന്‍ ആണ്.

ഈ സുവിശേഷത്തിലെ രണ്ടാമത്തെ ഭാഗം നമ്മോടു പറയുന്നത് ഏതെല്ലാം അവസ്ഥകളിലാണ് യേശുവിന് നമ്മെ സുഖമാക്കാനും നമ്മുടെ ജീവിതം മനോഹരവും ഫലം പുറപ്പെടുവിക്കുന്നതുമാക്കിത്തീര്‍ക്കാനും സാധിക്കുക എന്നാണ്. യേശു പറയുന്നു: ഞാന്‍ നല്ല ഇടയനാണ്, എനിക്ക് എന്‍റെ ആടുകളെ അറിയാം, പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ എന്‍റെ ആടുകള്‍ എന്നെ തിരിച്ചറിയുന്നു” (യോഹ:10,14-15). യേശു സൂചിപ്പിക്കുന്നത് ധിക്ഷണാപരമായ ഒരു അറിവിനെക്കുറിച്ചല്ല, പ്രത്യുത, യേശുവും പിതാവുമായുള്ള ബന്ധത്തിന്‍റെ പ്രതിഫലനമായ, സവിശേഷ വാത്സല്യത്തിന്‍റെയും പര്സപരാര്‍ദ്രതയുടെയുമായ വ്യക്തിപരമായ ബന്ധത്താലുള്ള, ഒരു അറിവിനെക്കുറിച്ചാണ് അവിടന്ന് പരാമര്‍ശിക്കുന്നത്.  ഈ മനോഭാവത്തിലൂടെയാണ് യേശുവുമായുള്ള സജീവബന്ധം സാക്ഷാത്കൃതമാകുക. നമ്മെ അറിയാന്‍ നമ്മെത്തന്നെ അവിടത്തേക്കു വിട്ടുകൊടുക്കുക. തന്നില്‍ത്തന്നെ സ്വയം അടച്ചിടാതിരിക്കുക, കര്‍ത്താവ് എന്നെ അറിയുന്നതിനായി അവിടത്തേക്കു സ്വയം തുറന്നുകൊടുക്കുക. അവിടന്ന് നമ്മെ ഓരോരുത്തരെയും കരുതലോടെ നോക്കുന്നു, നമ്മുടെ ഹൃദയങ്ങളെ അവിടന്ന് ആഴത്തില്‍ അറിയുന്നു. നമ്മുടെ മേന്മകളും കുറവുകളും, നമ്മുടെ സാക്ഷാത്കൃത പദ്ധതികളും അസഫലീകൃത പ്രത്യാശകളും അവിടന്നറിയുന്നു. നാം ആയിരിക്കുന്ന അവസ്ഥയില്‍, നമുക്കു സൗഖ്യമേകാനും, നമ്മോടു പൊറുക്കാനും, നമ്മുടെ പാപത്തോടുകൂടിയും അവിടന്ന് നമ്മെ സ്വീകരിക്കുന്നു, നമ്മെ സ്നേഹത്തോടെ നയിക്കുന്നു. അത് അഗമ്യ വഴികളിലൂടെയും വഴിതെറ്റാതെ കടന്നുപോകാന്‍ നമുക്കു കഴിയേണ്ടതിനാണ്. അവിടന്ന് നമ്മെ അനുയാത്ര ചെയ്യുന്നു.

നാമാകട്ടെ, യേശുവിനെ തിരിച്ചറിയാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. അവിടന്നുമായുള്ള ഒരു സമാഗമം അതില്‍ അന്തര്‍ലീനമാണ്. യേശു കാണിച്ചുതരുന്നതും വിശാല ചക്രവാളങ്ങളിലേക്കു തുറന്നുകിടക്കുന്നതുമായ പുത്തന്‍ സരണികളിലൂടെ ചരിക്കുന്നതിന് യഥേഷ്ട മനോഭാവങ്ങള്‍ വെടിഞ്ഞുകൊണ്ട് അവിടത്തെ പിന്‍ചെല്ലാനുള്ള ഒരു അഭിവാഞ്ഛ ഉളവാക്കുന്നതായ കൂടിക്കാഴ്ചയാണിത്. യേശുവുമായുള്ള ബന്ധം ജീവിക്കാനും അവിടത്തെ ശ്രവിക്കാനും വിശ്വസ്തതയോടെ പിന്‍ചെല്ലാനുമുള്ള ആഗ്രഹം നമ്മുടെ സമൂഹങ്ങളില്‍ തണുത്തുറയുമ്പോള്‍ സുവിശേഷാനുസൃതമല്ലാത്ത വിഭിന്നങ്ങളായ ചിന്താരീതികളും ജീവിത ശൈലികളും അനിവാര്യം പ്രബലപ്പെടും. യേശുവുമായുള്ള കൂടുതല്‍ ശക്തമായ ഒരു ബന്ധം പരിപക്വമാകുന്നതിന് നമ്മുടെ അമ്മയായ മറിയം നമ്മെ സഹായിക്കട്ടെ. യേശു നമ്മുടെ ഉള്ളിലേക്കു കടന്നുവരുന്നതിന്  നമുക്ക് അവിടത്തേക്കു സ്വയം തുറന്നിടാം. ശക്തമായ ഒരു ബന്ധം അവിടന്നുമായി സ്ഥാപിക്കാന്‍ നമുക്കു സാധിക്കട്ടെ. അവിടന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു. അങ്ങനെ നമുക്ക് ആജീവനാന്തം അവിടത്തെ അനുഗമിക്കാന്‍ സാധിക്കും. ദൈവരാജ്യത്തെ പ്രതി സകലവും ഉപേക്ഷിക്കുന്നതിന് വിളിക്കുന്ന കര്‍ത്താവിനോട് ഉദാരതയോടും സ്ഥൈര്യത്തോടുംകൂടി അനേകര്‍ പ്രത്യുത്തരിക്കുന്നതിനു വേണ്ടി പരിശുദ്ധ കന്യകാമറിയം     ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനുള്ള ഈ ലോകദിനത്തില്‍ മാദ്ധ്യസ്ഥ്യം വഹിക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, ഉയിര്‍പ്പുകാലത്തില്‍ ചൊല്ലുന്ന “സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം പാപ്പാ, മദ്ധ്യ അമേരിക്കന്‍ നാടായ നിക്കരാഗ്വയില്‍ സംജാതമായിരിക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി.

നിക്കരാഗ്വയില്‍ ഈ ദിനങ്ങളിലുണ്ടായ സംഭവങ്ങള്‍ തന്നില്‍ ആശങ്കയുളവാക്കിയരിക്കുന്നുവെന്നു വെളിപ്പെടുത്തിയ പാപ്പാ സംഘര്‍ഷഭരിതമായി പരിണമിച്ച സാമുഹ്യ പ്രതിക്ഷേധത്തില്‍ എതാനു പേര്‍ ഇരകളായത് അനുസ്മരിച്ചു. ആ നാടിനോടുളള തന്‍റെ സാമീപ്യം അറിയിച്ച പാപ്പാ അക്രമങ്ങള്‍ അവസാനിപ്പിക്കാനും ഫലശൂന്യമായ രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കാനും സമാധാനപരമായും ഉത്തരവാദിത്വത്തോടും കൂടെ പ്രശ്നപരിഹൃതിക്ക് പരിശ്രമിക്കാനുമുള്ള പ്രാദേശികമെത്രാന്മാരുടെ അഭ്യര്‍ത്ഥനയില്‍ താനും പങ്കുചേരുന്നുവെന്ന് വെളിപ്പെടുത്തി.

ഉയിര്‍പ്പുകാലത്തിലെ നാലമത്തെ ഞായറാഴ്ച ദൈവവിളികള്‍ക്കായുള്ള ലോക പ്രാര്‍ത്ഥനാദിനം ആചരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഈ ദിനത്തിന്‍റെ  വിചിന്തന പ്രമേയം “കര്‍ത്താവിന്‍റെ വിളി ശ്രവിക്കുക, വിവേചിച്ചറിയുക, ജീവിക്കുക” എന്നതായിരുന്നുവെന്നു അനുസ്മരിച്ചു.

യേശുക്രിസ്തുവിന്‍റെ മഹത്വത്തിനും സഹോദരങ്ങളുടെ സേവനത്തിനും വേണ്ടി അവിടത്തോടുള്ള പ്രണയ കഥകള്‍ അവിടന്ന് സഭയില്‍ ഉളവാക്കുന്നത് തുടരുന്നതിന് പാപ്പാ അവിടത്തേക്ക് നന്ദി പ്രകാശിപ്പിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വച്ച് താന്‍ ഞായറാഴ്ച രാവിലെ 16 ശെമ്മാശന്മാര്‍ക്ക് പൗരോഹിത്യം നല്കിയത് അനുസ്മരിച്ച പാപ്പാ ഈ നവവൈദികര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. കര്‍ത്താവ് അവിടത്തെ വയലിലേക്ക് നല്ലവരായ അനേകം ജോലിക്കാരെ അയക്കുന്നതിനും സമര്‍പ്പിത ജീവിത വിളികളും ക്രിസ്തീയ വിവാഹജീവിത വിളികളും ഗുണീഭവിപ്പിക്കുന്നതിനും വേണ്ടി അവിടത്തോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

16 നവവൈദികരില്‍ 4 പേര്‍ താന്‍ നില്ക്കുന്ന ജാലകത്തിനടുത്തേക്കു വരുമെന്ന് പാപ്പാ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ജാലകത്തിങ്കല്‍ പ്രത്യക്ഷരായി.

തുടര്‍ന്ന് പാപ്പാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തതിനു ശേഷം എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി (arrivederci) അതായത് വീണ്ടും കാണമെന്ന് പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.