2018-04-23 11:59:00

പാപ്പാ ഹോര്‍ഹെ ബെര്‍ഗോള്യോയ്ക്ക് തിരുനാള്‍ ആശംസകള്‍


ഫ്രാന്‍സീസ് പാപ്പാ, ഹോര്‍ഹെ എന്ന തന്‍റെ പേരിനു കാരണഭൂതനായ വി. ഗീവര്‍ഗീസിന്‍റെ ഓര്‍മത്തിരുനാള്‍ ഏപ്രില്‍ 23-ാംതീയതി ആചരിക്കുമ്പോള്‍, ലോകമെമ്പാടുനിന്നും വിവിധ മാധ്യമങ്ങളിലൂടെ പാപ്പായ്ക്ക് ആശംസകളുടെ പ്രവാഹമായിരുന്നു.

പതിവുപോലെ, ഈ നാമഹേതുകത്തിരുനാളും ഫ്രാന്‍സീസ് പാപ്പാ ആഘോഷിച്ചത് റോമിലെ പാര്‍പ്പിടരഹിതരും, ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുമായ ജനങ്ങളുമായുള്ള ഐക്യദാര്‍ഢ്യത്തിലാണ്. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രം, കാരിത്താസിനോടു ചേര്‍ന്ന്, അവരെ സ്വീകരിക്കുന്ന കാന്‍റീനുകള്‍, വിശ്രമശാലകള്‍ മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെ 3000 പേര്‍ക്ക് ഐസ്ക്രീം വിതരണം ചെയ്തു.

കപ്പദോക്കിയായില്‍ ജനിച്ച്, ഡയക്ലീഷന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തലവനായിരുന്ന ഗീവര്‍ഗീസ് രക്തസാക്ഷിത്വം വരിച്ചത് 303-ലാ‍ണ് എന്നാണ് പാരമ്പര്യം. ആളുകളെ വിഴുങ്ങിയിരുന്ന ഭീകരസര്‍പ്പത്തെ വിജയിച്ചുകൊണ്ട്, തിന്മയുടെ മേല്‍ അദ്ദേഹം വിജയം വരിച്ചുവെന്ന് ഒരു ഐതിഹ്യമുണ്ട്.  'സാത്താന്‍ എന്നത് ഒരു സങ്കല്പമല്ല, അതൊരു വ്യക്തിയാണ്' എന്നു പാപ്പാ തന്‍റെ സന്ദേശങ്ങളില്‍ ആവര്‍ത്തിച്ചിട്ടുള്ളത്, ആനന്ദിച്ചാഹ്ലാദിക്കുവിന്‍ എന്ന രേഖയിലും സ്പഷ്ടമായി പഠിപ്പിക്കുന്നുണ്ട് (GE 160).

ഈലോകതിന്മകളെ വിജയിച്ച് വിശുദ്ധിയിലേയ്ക്കു സഭാംഗങ്ങളെ നയിക്കുവാന്‍ വേണ്ട ദൈവാനുഗ്രഹം പ്രാര്‍ഥിച്ചുകൊണ്ട്, പ്രിയ മാര്‍പ്പാപ്പാ ഹോര്‍ഹെ ബെര്‍ഗോള്യോയ്ക്ക് നമുക്കും ആശംസകള്‍ നേരാം.








All the contents on this site are copyrighted ©.