സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

മാധ്യമവിദ്യാഭ്യാസം : ഇന്നിന്‍റെ ആവശ്യം

മാധ്യമലോകം - AFP

22/04/2018 11:41

മാധ്യമപ്രവര്‍ത്തകയും, അദ്ധ്യാപികയുമായ സിസ്റ്റര്‍ ലീലാ ജോസും ഫാദര്‍ വില്യം നെല്ലിക്കലും ചേര്‍ന്നാണ് മാധ്യമവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍ പങ്കുവയ്ക്കുന്നത്.1. ജനാധിപത്യമല്ല മാധ്യമാധിപത്യം! ജനാധിപത്യത്തിലാണ് നാമിന്ന് ജീവിക്കുന്നത് എന്നു വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍‍ ജനാധിപത്യമല്ല, മാധ്യമാധിപത്യമാണിവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത് ! എല്ലാ കാര്യത്തിലും ‘മീഡിയ’ നമ്മെ ഭരിക്കുന്നു. എന്തുടുക്കണം, എന്തുഭക്ഷിക്കണം, എവിടെ പോകണം, എങ്ങനെയാവണം നമ്മുടെ ബന്ധങ്ങള്‍ എന്നുവരെ മാധ്യമങ്ങള്‍ തീരുമാനിക്കുന്നു. ആരുടെയും കീഴിലല്ല ഞാന്‍, എന്‍റെ ഇഷ്ടം നടത്തും എന്ന ധാര്‍ഷ്ട്യം കാണിക്കുന്ന മലായളി കണ്ണുമടച്ച് മീഡിയാ ഡിക്റ്റേറ്റുകളെ അനുസരിക്കുന്നു, അനുധാവനംചെയ്യുന്നു. വ്യക്തികളെയും പ്രസ്ഥാനങ്ങളെയും മാധ്യമങ്ങള്‍ പൊതുവിചാരണ നടത്തി എക്സിക്ക്യൂട്ടീവിന്‍റെയും ജുഡീഷ്യറിയുടെയും ധര്‍മ്മങ്ങളില്‍ക്കൂടി കൈകടത്തുന്നത് നാം അനുദിനം കാണുന്നുണ്ട്.

അതേ സമയം മാധ്യമധര്‍മ്മം വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ന് മാധ്യമങ്ങളാണ് കുഞ്ഞുങ്ങള്‍ക്ക് മൂല്യങ്ങള്‍ വളരെയധികം പകര്‍ന്നു നല്കുന്നത്. കഥപ്പെട്ടിയിലൂടെയും മുഖപുസ്തകത്തിലൂടെയും (face book). ഇന്‍റര്‍നെറ്റിലൂടെയും കാര്‍ട്ടൂണുകളിലൂടെയുമെല്ലാം അവര്‍ ജീവിതത്തിനുള്ള പടക്കോപ്പ് ശേഖകരിക്കുന്നു. മാതാപിതാക്കള്‍ക്ക് പെയിരന്‍റിംഗിനുള്ള  (Parenting) സമയം കുറയുന്തോറും കുട്ടികള്‍ സമയം കൊല്ലികളായി, വിനോദോപാധികളായി തെരഞ്ഞെടുക്കുന്നത് വിവിധ മാധ്യമങ്ങളെയാണ്. മാധ്യമങ്ങള്‍ വെറും സാങ്കേതിക ഉപകരണങ്ങളാണെന്ന് ഇനിയും കരുതിക്കൂടാ. ഇതൊരു പുതിയ സംസ്ക്കാരം വിളമ്പുന്നതിനപ്പുറം ഒരു പുതിയ സംസ്ക്കാരംതന്നെ ആയിത്തീര്‍ന്നിരിക്കുന്ന. മനുഷ്യനെ ഇന്ന് ഏറ്റവും അധികം സ്വാധീനിക്കുന്ന പുതിയ സംസ്ക്കാരമാണ് – മാധ്യമസംസ്ക്കാരം!

2. കുടുംബങ്ങളിലെ മാധ്യമപ്രതിഷ്ഠ
മനുഷ്യസംസ്ക്കാരത്തിന്‍റെ കേന്ദ്രബിന്ദു മതങ്ങള്‍ അല്ലെങ്കില്‍ ഈശ്വരവിശ്വാസമായിരുന്ന കാലഘട്ടമുണ്ടായിരുന്നു. പട്ടണങ്ങളിലെ അംബരചുംബികളായ ദേവാലയങ്ങളുടെ മണിമാളികകളും ക്ഷേത്രഗോപുരങ്ങളും മുസ്ലീംപള്ളികളുടെ താഴികക്കടങ്ങളും ഉയര്‍ന്നുനിന്ന കാലമുണ്ടായിരുന്നു. എന്നാല്‍ തല്‍സ്ഥാനത്ത് ആധുനിക സമ്പര്‍ക്ക മാധ്യമങ്ങളുടെ പ്രസരണ ഗോപുരങ്ങളാണ് ഇന്നു നാം കാണുന്നത്. ഓണം, ക്രിസ്തുമസ്, ഈദ്, ദീപാവലി എന്നീ ആഘോഷങ്ങളെ ഒരാണ്ടിലെ നാഴികക്കല്ലുകളായി എണ്ണിയിരുന്ന കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ തല്‍സ്ഥാനം ഇന്ന് കൈയടക്കിയിരിക്കുന്നത് ടെന്നീസ്, ക്രിക്കറ്റ്പരമ്പര, ലോകസൗന്ദര്യ മത്സരം തുടങ്ങിയ മാധ്യമ മാമാങ്കങ്ങളാണ്.

എന്തിന്..., സമയബോധം ഉണര്‍ത്തിയിരുന്ന ദേവാലയ മണിനാദവും, ക്ഷേത്രങ്ങളിലെ ശംഖനാദവും മോസ്ക്കുകളിലെ ബാങ്കുവിളിയുമെല്ലാം ഇന്ന് മാധ്യമ ശബ്ദഘോഷത്തില്‍ മുങ്ങിയിരിക്കുന്നു. പലരും കിടക്കവിട്ട് എഴുന്നേല്‍ക്കുന്നതുതന്നെ സംഗീതം കേട്ടുകൊണ്ടാണ്, കുട്ടകള്‍ അവരുടെ ഇഷ്ടകാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ കണ്ടുകൊണ്ടാണ്. പ്രാതലിനൊപ്പം പത്രവാര്‍ത്തകളും അകത്താക്കുന്നു. ഉച്ചയ്ക്കുശേഷമുള്ള പൈങ്കിളിപ്പരമ്പര അമ്മമാരുടെ വീട്ടുജോലികള്‍ എളുപ്പമാക്കുന്നു. പാട്ടിന്‍റെ പശ്ചാത്തലത്തില്‍ പഠനം അനായാസം. ബുദ്ധിവ്യായാമത്തിന് വീഡിയോ ഗെയിംസ്. അത്താഴത്തിനുശേഷമുള്ള പരമ്പര ആസ്വദിക്കുന്നതില്‍ ഒരിക്കലും അധികംപേരും വീഴ്ചവരുത്തുന്നില്ല. അങ്ങനെ ദിവസത്തിലെ ശ്രേഷ്ഠമുഹൂര്‍ത്തങ്ങളെല്ലാം മാധ്യമസൃഷ്ടമായി തീര്‍ന്നിരിക്കുന്നു.

ഗുരുക്കന്മാരും വീരപുരുഷന്മാരുമൊക്കെ ആയിരുന്നു ഒരു കാലത്തെ ആരാധനാപാത്രങ്ങള്‍. ഇന്നു തല്‍സ്ഥാനത്ത് മാധ്യമങ്ങളിലെ നായകന്മാരെയും നായികമാരെയുമാണ് യുവജനങ്ങള്‍ക്കിഷ്ടം. ജീവിതശൈലിയും വസ്ത്രധാരണാരീതിയും സദാചാരബോധവുമെല്ലാം നിര്‍ണ്ണയിക്കുന്നത് ഇന്ന് വെള്ളിത്തിരയിലെ നായികാ നായകന്മാരാണ്. മുന്‍വിധികളെയും വിലയിരുത്തലുകളെയും സ്വാധീനിക്കുന്നതും അവര്‍തന്നെ. എന്തിന് ജീവിത പ്രശ്നങ്ങള്‍ക്ക് ഇന്ന് പ്രതിവിധി പറഞ്ഞുതരുന്നത് മാധ്യമങ്ങളാണ്, ആത്മീയ ഗുരുക്കുന്മാരോ മുതിര്‍ന്നവരോ അല്ല. മാധ്യമങ്ങള്‍ മാതാപിതാക്കന്മാരെപ്പോലെ മറ്റൊരു സാന്ത്വനകേന്ദ്രമായി മാറിയിരിക്കുന്നു.

3. സാമൂഹികമായ മൂല്യഛ്യുതി
ചത്ത മീനിനെപ്പോലെ നമ്മുടെ കുഞ്ഞുങ്ങള്‍ ഈ പുതുസംസ്ക്കാര പ്രളയത്തില്‍ പൊങ്ങിക്കിടക്കാന്‍ ഇടവരരുത്. പകരം, ഒഴുക്കിനെതിരെ നീന്തുന്ന ജീവനുള്ള മത്സ്യങ്ങളെപ്പോലെയാവണം നമ്മുടെ വളരുന്ന തലമുറ. അതുകൊണ്ട് മാധ്യമ വിദ്യാഭ്യാസം പരമ്പരാഗത വിദ്യാഭ്യാസത്തോടൊപ്പവും അതിന്‍റെ ഭാഗമായും നീങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി നാം അവര്‍ക്ക് പുതിയ പുതിയ ഗാഡ്ജറ്റുകളും സാങ്കേതങ്ങളും പ്രാപ്യമാക്കിക്കൊണ്ടിരിക്കുന്നു. പുതിയ ഗ്ലാസുകള്‍ വാങ്ങുന്നു എന്നു സങ്കല്പിക്കുക. അതില്‍ നമുക്ക് നല്ല പാനീയങ്ങളോ വിഷമോ യുക്തിപോലെ നിറയ്ക്കാം. അപ്പോള്‍ എന്താണു നിറക്കേണ്ടതെന്നു തിരഞ്ഞെടുക്കാനുള്ള അറിവ് നാം ഗ്ലാസ് ഉപയോഗിക്കുന്നവര്‍ക്കു കൊടുക്കണം.

ഫേസ് ബുക്കിന്‍റെയും ഇന്‍റെര്‍നെറ്റിന്‍റെയും കമ്പ്യൂട്ടറുകളുടെയുമൊക്കെ വലിയ സാധ്യതകളെ ഉപയോഗിക്കുന്ന എത്ര കുട്ടികളുണ്ട്. സ്വന്തം ചിന്താശക്തി വളര്‍ത്തുവാന്‍ അവയെ ഉപയോഗിക്കുന്നതിനുപകരം, വ്യര്‍ത്ഥമായ അന്വേഷണങ്ങള്‍ക്കായി ജീവിതത്തിന്‍റെ നല്ല സമയം പാഴാക്കിക്കളയുന്നവരല്ലേ നമ്മുടെ കുട്ടികള്‍ അധികവും. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും മാധ്യമ പ്രളയത്തില്‍ ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു. ചാനലുകളില്‍ അഞ്ചു മണിക്ക് തുടങ്ങുന്ന സീരിയലുകള്‍ എന്താണ് വിളമ്പിക്കൊണ്ടിരിക്കുന്നത്. കള്ളവും ചതിയും കൊലയും വ്യാഭിചാരവും മദ്യപാനവുമൊക്കെ നടത്തുന്ന സ്ത്രീകളെയും പുരുഷന്മാരയെുമാണ് നമ്മുടെ വീടുകള്‍ക്കുള്ളിലേയ്ക്ക് സ്വാഗതം ചെയ്യുന്നത്. അലങ്കാരവസ്തുക്കളും അടിമകളും ആകുന്നതിനപ്പുറം സ്വന്തം കഴിവുകളെ, തന്‍റെ സ്ത്രീത്വത്തെ, മാതൃത്വത്തെ സമൂഹനന്മയാക്കായ് ഉപയോഗിക്കുന്ന കഥാപാത്രങ്ങള്‍ ഈ സീരിയലുകളില്‍ കുറവാണ്. സ്ത്രീപുരുഷ സമത്വം പ്രഘോഷിക്കുന്ന എത്ര കഥകളുണ്ട് എന്ന് ആലോചിച്ചു നോക്കൂ. എന്നിട്ടും കേരളത്തിലെ സ്ത്രീ ജനങ്ങള്‍ സ്വന്തം മക്കളോടുകൂടിപ്പോലും സമയം ചെലവഴിക്കാതെ ഈ കഥകളില്‍ മുഴുകുന്നു. ഇവിടെ തകരുന്നത് കുടുംബബന്ധങ്ങളാണ്. പരമ്പരാഗതമായ നമ്മുടെ സാമൂഹ്യ നന്മയാണ് ബന്ധങ്ങളുടെ ഊഷ്മളതയാണ്. അവനും അവള്‍ക്കും ആകാമെങ്കില്‍ എനിക്കും ആകാം എന്ന നിഗമനം തിന്മയുടെ കാര്യത്തിലാണെന്നത് ആശങ്കാജനകമാണ്.

4.  കുടുംബങ്ങളെ അട്ടിമറിക്കുന്ന മാധ്യങ്ങള്‍
കുടുംബങ്ങളില്‍ പ്രാര്‍ത്ഥന മുറികള്‍ ടി.വി.യുടേയും വി.സി.ആറിന്‍റേയും പ്രതിഷ്ഠയായിക്കഴിഞ്ഞില്ലേ. സമൂഹത്തിന്‍റെതന്നെ കേന്ദ്രസ്ഥാനത്ത് മാധ്യമങ്ങള്‍ കടന്നുകൂടിയിരിക്കുന്നു. വളരുന്ന സംസ്ക്കാരവും ജീവിതദര്‍ശിയാകേണ്ട മൂല്യങ്ങളും ജിവിതത്തോടുള്ള മനോഭാവവും എല്ലാം... ഒരിക്കല്‍ ഗുരുക്കന്മാരും കാരണവന്മാരും മുതിര്‍ന്നവരും പറഞ്ഞുകൊടുത്തിരുന്നതാണ്, പഠിപ്പിച്ചിരുന്നതാണ്. ആധുനിക മാധ്യമങ്ങള്‍ അതിന്‍റെ വര്‍ണ്ണവശ്യതയും ക്രിയാത്മകതയുംകൊണ്ട് പരമ്പരാഗത സംസ്ക്കാരത്തെയും വിശ്വാസചൈതന്യത്തെയും മൂല്യവ്യവസ്ഥിതിയെയുമെല്ലാം കീഴ്പ്പെടുത്തിവരികയാണ്.   

അതുകൊണ്ട് മാധ്യമങ്ങളെ, അവയുടെ പിന്നിലെ തത്വശാസ്ത്രങ്ങളെ, കച്ചവട തന്ത്രങ്ങളെ, വിശ്വാസനീയമായി ചമച്ചെടുക്കുന്ന സാങ്കേതിക വിദ്യകളെ നമ്മുടെ സമൂഹം തിരിച്ചറിയണം. ഇതാണ് മാധ്യമ വിദ്യാഭ്യാസത്തിലൂടെ ലക്ഷൃമിടുന്നത്. നിര്‍മ്മാതാവിന്‍റെ താല്പര്യങ്ങള്‍ക്കനുസരിച്ച് സൃഷ്ടിച്ചെടുക്കുന്ന കൃത്രിമ യാഥാര്‍ത്ഥ്യങ്ങളാണ് നാം കാണുന്നത്, കേള്‍ക്കുന്നത് എന്നു തിരിച്ചറിയാന്‍ കഴിയുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കണം.  ഇല്ലെങ്കില്‍ മാധ്യമ ശാസ്ത്രജ്ഞന്‍ മാര്‍ഷല്‍ മാക്ലൂഹന്‍ പറയുന്നതുപോലെ ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞു തന്നിട്ട് വീടുകൊള്ളയടിക്കുന്ന കള്ളന്മാര്‍ നമ്മെയും രസിപ്പിച്ച്, കൊള്ളയടിക്കും. നമ്മുടെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടെന്നുമിരിക്കും.

5.  മാധ്യമങ്ങളുടെ മായികലോകം
എന്തുകൊണ്ടാണ് മാധ്യമങ്ങള്‍, വിശേഷിച്ചും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ഇത്രയ്ക്ക് പ്രലോഭനീയവും മാനസീകാടിമത്വം സൃഷ്ടിക്കുന്നവയുമായി തീരുന്നത്? സിനിമയ്ക്കും ടെലിവിഷനും ദൃശ്യബിംബങ്ങളെ വളരെ യഥാതഥമായി അവതരിപ്പിക്കാന്‍ സാധിക്കുന്നു. മാധ്യമ സൃഷ്ടമായ ഈ യാഥാര്‍ത്ഥൃത്തില്‍ പ്രേക്ഷകനും പങ്കാളിയാണെന്ന പ്രതീതി ജനിപ്പിക്കുന്നു. മാധ്യയാഥാര്‍ത്ഥ്യം കെട്ടിച്ചമയ്ക്കപ്പെട്ടതാണ്. വളച്ചൊടിക്കപ്പെടുന്ന യാഥാര്‍ത്ഥ്യം സംവിധായന്‍ ഉദ്ദേശിക്കുന്ന സന്ദേശമായി പ്രേക്ഷകരിലെത്തുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ വികസിത രാജ്യങ്ങളും, മേല്‍ക്കോയ്മയുള്ള സംസ്ക്കാരങ്ങളുമാണ്. എന്തുകൊണ്ടാണ് അവര്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്? അവര്‍ക്ക് വില്ക്കേണ്ടതു വില്ക്കാന്‍! ലാഭത്തിനുവേണ്ടി മാത്രമുള്ള പരക്കംപാച്ചിലില്‍ അവിടെ ഭവ്യമായതൊന്നുമില്ല, ദിവ്യമായതൊന്നുമില്ല. ടിവി പരിപാടികളുടെ ഇടയ്ക്ക് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയല്ല, മറിച്ച് പരസ്യങ്ങളുടെ ഇടയില്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ പര്യസ്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുകയാണ്, നിര്‍ബന്ധിക്കുകയാണ് മാധ്യമങ്ങള്‍. ലൈംഗികത, ക്രൂരത, നഗ്നത, അയാഥാര്‍ത്ഥമായവ, എന്തുകാട്ടിയും ഉല്പന്നങ്ങള്‍ വില്ക്കാനുള്ള വ്യഗ്രതയാണ് നാമിന്നു കാണുന്നത്.

6. മാധ്യമവിദ്യാഭ്യാസം അനിവാര്യം (Media Education) 
മാധ്യങ്ങള്‍ എന്താണ്? അവ ആരുടേതാണ്? എന്ത് ഫിലോസഫിയാണ് അവരുടേത്? എന്തിനാണവര്‍ മാധ്യമങ്ങള്‍ നടത്തുന്നത്? എങ്ങനെയാണ് പ്രോഗ്രാം സൃഷ്ടിക്കപ്പെടുന്നത്? വിനോദവും വിജ്ഞാനവും എങ്ങനെ ഒരുമിച്ച് പകരാം. വ്യക്തികളുടെ  അവകാശങ്ങളെ മാനിച്ചുകൊണ്ട് സത്യം പറയാനുള്ള ധര്‍മ്മം മാധ്യമങ്ങള്‍ക്കില്ലേ? എന്നീ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തുവാന്‍ വ്യക്തികളെ സഹായിക്കുകയാണ് മാധ്യമ വിദ്യാഭ്യാസം ചെയ്യുന്നത്. അത് മൂന്നു തലത്തിലാകാം.

1. മാധ്യമങ്ങളുടെ സാങ്കേതികത്വം പഠിക്കുക, അതിലൂടെ മാധ്യമജോലികള്‍ സമ്പാദിക്കുക.

2. മാധ്യമ വിശകലനത്തില്‍ പ്രാവീണ്യം നേടുക.

മാധ്യമ പരിപാടികളുടെ നന്മ-തിന്മകള്‍ അരയന്നത്തെപ്പോലെ വിവേചിക്കുവാന്‍ കഴിവു നേടുക.

3. മാധ്യധാര്‍മ്മികതയിലും മാധ്യമ പോളിസികളിലും പ്രാവീണ്യം നേടുക. വിശാലമായ മേഖലായാണ് മാധ്യമവിദ്യാഭ്യാസം. ഇതിലൂടെ യുവജനങ്ങള്‍ക്ക് ജോലിസാദ്ധ്യതയും കൂടുതലാണ്.

നാം ആര്‍ഹിക്കുന്ന മാധ്യമങ്ങള്‍ നമുക്കു ലഭിക്കുന്നു, എന്നാണ് പറയപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അറിവുനേടി അവയോടു പ്രതികരിച്ച്, പ്രവര്‍ത്തിച്ച് മാധ്യമങ്ങളെ നല്ല ദാസന്മാരാക്കുക, അങ്ങനെ സമൂഹനിര്‍മ്മിതിയില്‍ മാധ്യമങ്ങളെ പങ്കുകാരാക്കുക എന്നതാണ് പ്രധാനം.

7. ഉത്തരവാദിത്ത്വപ്പെട്ടവര്‍ - മാതാപിതാക്കള്‍, അദ്ധ്യപകര്‍, സാമൂഹ്യാധികാരികള്‍
വിവേചനപൂര്‍വ്വമായ മാധ്യമങ്ങളുടെ കൈകാര്യംചെയ്യല്‍, മാധ്യമവിദ്യാഭ്യാസം ഇന്നിന്‍റെ ആവശ്യമാണ്. മാതാപിതാക്കള്‍, ഗൂരുക്കന്മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിവേചനപൂര്‍വ്വം മാധ്യമങ്ങള്‍ കൈകാര്യംചെയ്യാന്‍ കുട്ടികളെ, യുവജനങ്ങളെ പഠിപ്പിക്കണം. നാം മാധ്യമങ്ങള്‍ക്ക് അടിയറപറയുന്നതിനു പകരം ഉത്തരവാദിത്വത്തോടെ സമൂഹത്തിന്‍റെ നന്മ്യ്ക്കും പുരോഗതിക്കുമായി അവ ഉപയോഗിക്കാനുള്ള വെല്ലുവിളി ഉള്‍ക്കൊള്ളണം. മാധ്യമങ്ങളെ വിമര്‍ശനബുദ്ധ്യാ മനസ്സിലാക്കി ഉപയോഗിക്കുന്ന പ്രക്രിയയാണ് മാധ്യമവിദ്യാഭ്യാസം അല്ലെങ്കില്‍ മാധ്യമബോധനം. ഉത്തരവാദിത്വത്തോടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവയുടെ ഭാഷയും സാങ്കേതികതയും മൂല്യങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുകയും, നമ്മുടെ അനുദിന ജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഗ്രഹിക്കുകയും വേണം.

മാധ്യങ്ങളുടെ ശക്തിയും പ്രാധാന്യവും മനസ്സിലാക്കിക്കൊണ്ടാണ് ദൈവജനത്തോട് മാധ്യമസംസ്ക്കാരം വളര്‍ത്തുവാന്‍ സഭ ആഹ്വാനംചെയ്യുകയും പ്രചോദനം നല്കുകയും ചെയ്യുന്നത്. എന്നിട്ടും എന്തേ?, വിദ്യാഭ്യാസ മേഖലയിലെ പ്രാവീണ്യര്‍ എന്നറിയപ്പെടുന്ന കത്തോലിക്കാ വിദ്യാലയങ്ങള്‍ ഇന്നും മാധ്യമ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്തത്, എന്ന് അത്ഭുതപ്പെട്ടു പോവുകയാണ്. നല്ല സമൂഹം, പാപ്പാ ഫ്രാന്‍സിസ് പറയുന്നതുപോലെ, നീതിയും സമാധാനവും കാരുണ്യവും നിറഞ്ഞ വ്യക്തിബന്ധങ്ങള്‍ നിലനില്ക്കുന്ന സമൂഹം സ്വപ്നം കാണുന്നുണ്ടോ നാം. എങ്കില്‍ മാധ്യങ്ങളെക്കുറിച്ച് പഠിച്ചേ തീരൂ. വിശകലനം ചെയ്തേ തീരൂ!

8. മാധ്യമാവബോധം – Media Awareness 
നാം മാധ്യമങ്ങളെയും മാധ്യമ പരിപാടികളെയും വിമര്‍ശിക്കാന്‍ പഠിച്ചേ തീരൂ. നല്ലത് നിര്‍മ്മിക്കണം. നല്ലതിനെ പ്രോത്സാഹിപ്പിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ മാധ്യമക്കടലില്‍ നീന്താന്‍ പഠിപ്പിക്കണം, ഇല്ലെങ്കില്‍ അവര്‍ അതില്‍ മുങ്ങിത്താഴും. അത് സമൂഹത്തിന്‍റെ തന്നെ വലിയ ദുരന്തമായിരിക്കും.

കുട്ടികള്‍ക്ക് മാധ്യമ വിദ്യാഭ്യാസം നല്കുന്നതിനുള്ള ഏറ്റവും നല്ലവേദി വിദ്യാഭ്യാസ മേഖല തന്നെയാണ്. ഏതെങ്കിലും ക്ലാസ്സില്‍, ഏഴാം ക്ലാസ്സിലോ എട്ടാം ക്ലാസ്സിലോ, മാധ്യമ വിദ്യാഭ്യാസത്തിനായി ഒരു മണിക്കൂര്‍ നീക്കിവയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകരെയും വിമര്‍ശകരെയുംകൊണ്ട്, അനലിസ്റ്റുകളെക്കൊണ്ട് നല്ല പാഠപ്പുസ്തകങ്ങള്‍ അല്ലെങ്കില്‍ പാഠങ്ങള്‍ ഒരുക്കുകയും കുട്ടികള്‍ക്ക് ഈ പാഠങ്ങള്‍ ഉപയോഗിച്ച് മാധ്യമവിദ്യാഭ്യാസം നടത്തുവാന്‍ കഴിവുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുകയും വേണം. സമൂഹത്തിന്‍റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും തീര്‍ച്ചയായും ഇതിന്‍റെ പ്രാധാന്യം മനസ്സിലാക്കും. കാരണം മാധ്യമങ്ങള്‍ വളരെ വലിയ ശക്തിയാണ്.  ആ ശക്തിയെ നന്മയ്ക്കോ തിന്മയ്ക്കോ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.


(William Nellikkal)

22/04/2018 11:41