2018-04-21 13:05:00

സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുളിമാവായിത്തീരുക


ക്രൈസ്തവര്‍ അനുദിന ജീവിതത്തിലെ നിരവധിയായ അണുകര്‍മ്മങ്ങളിലൂടെ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും  പ്രത്യാശയുടെയും പുളിമാവായിത്തീരാന്‍ വിളിക്കപ്പെട്ടവരാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

ഉത്തര ഇറ്റലിയിലെ ബൊളൊഞ്ഞ അതിരൂപതയിലും ചെസേന രൂപതയിലും നിന്നെത്തിയിരുന്ന പതിമൂവായിരത്തോളം തീര്‍ത്ഥാടകരെ ശനിയാഴ്ച (21/04/18) ഉച്ചയ്ക്ക്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യേശുവുമായി കൂടിക്കാഴ്ച നടത്തുകയെന്ന ആവശ്യം നമ്മുടെ സമകാലീനരായ സ്ത്രീപുരുഷന്മാര്‍ക്കുണ്ടെന്നു പ്രസ്താവിച്ച പാപ്പാ പ്രവര്‍ത്തികളാല്‍ സാക്ഷ്യമേകിക്കൊണ്ട് അവരോട് സുവിശേഷം പ്രഘോഷിക്കാന്‍ ആഹ്വാനം ചെയ്തു. ഈ സാക്ഷ്യദായക അനുദിനകര്‍മ്മങ്ങള്‍ വലിയവയായിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന വസ്തുത പാപ്പാ ഊന്നിപ്പറഞ്ഞു.

ചെസേനക്കാരായ പീയുസ് ആറാമന്‍, പീയുസ് ഏഴാമന്‍ എന്നീ പാപ്പാമാരെയും  അനുസ്മരിച്ച പാപ്പാ ഇടയന്മാരും സുവിശേഷ പ്രഘോഷകരുമായിരുന്ന അവരുടെ പാത ഈ സുവിശേഷവത്ക്കരണ യത്നത്തില്‍ പിന്‍ചെല്ലാന്‍ പ്രചോദനം പകര്‍ന്നു.

മാമ്മോദീസാ സ്വീകരിച്ച ഒരോ വ്യക്തിയും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ചും ഓര്‍മ്മിപ്പിച്ച പാപ്പാ ഒരോ വിശുദ്ധനും ഒരു ദൗത്യവും സ്വര്‍ഗ്ഗീയ പിതാവിന്‍റെ പദ്ധതിയും ആണെന്നും ഈ പദ്ധതി ചരിത്രത്തിലെ ഒരു നിശ്ചിത സമയത്ത് പ്രതിഫലിപ്പിക്കേണ്ടതും സമൂര്‍ത്തമാക്കപ്പെടേണ്ടതും ആണെന്നുമുള്ള തന്‍റെ പ്രബോധനം ആവര്‍ത്തിച്ചു.








All the contents on this site are copyrighted ©.