2018-04-21 13:12:00

ദൈവത്തില്‍ അചഞ്ചലരായി നില്‍ക്കുക-പാപ്പാ വൈദികാര്‍ത്ഥികളോട്


പൗരോഹിത്യ ശുശ്രൂഷാദൗത്യം ഫലവത്താകണമെങ്കില്‍ നമ്മെ സ്നേഹിക്കുകയും താങ്ങിനിറുത്തുകയും ചെയ്യുന്ന ദൈവത്തില്‍ അചഞ്ചലരായി നാം നിലകൊള്ളണമെന്ന് മാര്‍പ്പാപ്പാ.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സഭയ്ക്കുവേണ്ടി വൈദികരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ദ്ദിനാള്‍ വില്യം അലെന്‍ 1576 ല്‍ റോമില്‍ സ്ഥാപിച്ച വെനെറബിള്‍ ഇംഗ്ലീഷ് കോളേജിലെ (VENERABLE ENGLISH COLLEGE) വൈദികാര്‍ത്ഥികളും അവരുടെ പരിശീലകരുമടങ്ങിയ അമ്പതോളം പേരെ ശനിയാഴ്ച (21/04/18) വത്തിക്കാനില്‍ സ്വീകരിച്ചവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവത്തോടുള്ള സ്നേഹം, അയല്‍ക്കാരനോടുള്ള സ്നേഹം എന്നിവയ്ക്കൂന്നല്‍ നല്കി ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ഇന്ന് പ്രബലമായിരിക്കുന്ന “താല്‍ക്കാലികതയുടെ സംസ്കൃതി”യില്‍ ദൈവത്തോടുള്ള സ്നേഹത്തില്‍ ഉറച്ചു നിലക്കുക ആയാസകരമാണെന്നും ആകയാല്‍ സെമിനാരിയിലെ പരിശീലന കാലത്ത് ആന്തരികജീവിതത്താല്‍ പരിപോഷിതരാകേണ്ടത് അനിവാര്യമാണെന്നും പാപ്പാ പറഞ്ഞു.

അയല്‍ക്കാരനെ സ്നേഹിക്കേണ്ടതിന്‍റെ പ്രാധാന്യവും എടുത്തുകാട്ടിയ പാപ്പാ നമുക്കുവേണ്ടിയല്ല മറ്റുള്ളവര്‍ക്കുവേണ്ടിയാണ്, അവര്‍ക്കുള്ള നിരന്തര സേവനത്തിലാണ് നാം ക്രിസ്തുവിന്‍റെ സാക്ഷികളാകേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു.

സ്നേഹത്തിലുള്ള ഈ വിശ്വസ്തതയാണ്, ആന്തരിക ഉറപ്പാണ് നിണസാക്ഷികളുടെ ജീവിതത്തിന്‍റെ സവിശേഷതയെന്ന് പാപ്പാ വിശദീകരിച്ചു.

ക്രിസ്തീയജീവിതം നേരിടുന്ന ഒരു പ്രതിബന്ധം ഭയമാണെന്നു പറഞ്ഞ പാപ്പാ അതിനെ സ്നേഹം, പ്രാര്‍ത്ഥന, നല്ല മനോഭാവം എന്നിവയാല്‍ ജയിക്കാനകുമെന്ന് ഉദ്ബോധിപ്പിച്ചു.

വൈദികരുടെ പൗരോഹിത്യശുശ്രൂഷാ ദൗത്യ നിര്‍വ്വഹണത്തില്‍ സൗഹൃദം, നല്ല ആരോഗ്യകരമായ ബന്ധങ്ങള്‍ എന്നിവയ്ക്കുള്ള പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.