2018-04-17 14:33:00

“നാമെല്ലാവരും പ്രവാചകരായിരിക്കണം”: മാര്‍പ്പാപ്പാ


യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്ന്, ദിവ്യകാരുണ്യപ്രഭാഷണഭാഗവും (യോഹ 6:30-35), നടപടിപ്പുസ്തകത്തില്‍ നിന്ന്, വി. സ്തേഫാനോസിന്‍റെ ശക്തമായ സാക്ഷ്യവിവരണവും (നടപടി 7:51 -8:1) നല്‍കുന്ന ആരാധനാക്രമവായനയെ അടിസ്ഥാനമാക്കി നല്‍കിയ സന്ദേശത്തില്‍ സ്തേഫാനോസ്, സഭയുടെ ആദ്യത്തെ രക്തസാക്ഷി, 'പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്ന'വരെ അതെക്കുറിച്ച് ശക്തമായി കുറ്റപ്പെടുത്തിയതും തല്‍ഫലമായി അദ്ദേഹം കല്ലെറിഞ്ഞുകൊല്ലപ്പെട്ടതും വ്യാഖ്യാനിച്ചുകൊണ്ട്, ഇന്നും ഒരു പ്രവാചകന്‍ സത്യം പറഞ്ഞുകൊണ്ടു കടന്നുവന്നാല്‍, അതു ഹൃദയത്തെ സ്പര്‍ശിച്ചാല്‍, ഹൃദയം കൂടുതല്‍ ശിലാതുല്യമാവുകയും, പ്രവാചകന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും എന്ന യാഥാര്‍ഥ്യം പാപ്പാ ചൂണ്ടിക്കാട്ടി.

പ്രവാചകന്‍ പറയുന്നത് യാഥാര്‍ഥ്യമാണോ എന്ന് തിരിച്ചറിയുന്നതെങ്ങനെയെന്ന്, സത്യപ്രവാചകന്‍റെ സ്വഭാവമെന്തെന്ന്  വിശദീകരിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു:  "സത്യം പറയുന്ന പ്രവാചകന് പീഡനമേല്‍ക്കുക എന്നത് എല്ലാക്കാലത്തെയും പ്രത്യേകതയാണ്...  സത്യപ്രവാചകന്‍, തന്‍റെ ജനം സത്യത്തെ തള്ളിപ്പറയുന്നതിനെക്കുറിച്ചു വിലപിക്കുന്നു...  എന്നിരുന്നാലും പ്രവാചകശബ്ദം ഒരിക്കലും നാശത്തിന്‍റേതല്ല, തിരിച്ചുവരവിന്‍റേതാണ്, പ്രത്യാശയുടേതാണ്... ദൗര്‍ഭാഗ്യം ഉരുവിടുന്ന വചനങ്ങള്‍, പ്രത്യാശയുടെ വാതില്‍ തുറന്ന്, ചക്രവാളങ്ങളെ നോക്കുന്നതിലേയ്ക്കു നയിക്കുന്നതാണ്..."  

"അതിനാല്‍", പാപ്പാ തുടര്‍ന്നു, "...സഭയ്ക്ക് പ്രവാചകശുശ്രൂഷ ആവശ്യമാണ്". 'രക്തസാക്ഷികളുടെ നിണമാണ് സഭയുടെ വിത്ത്' എന്ന വസ്തുത ഓര്‍മിപ്പിച്ചുകൊണ്ട്,  വിമര്‍ശിക്കുന്നവനല്ല, പ്രവാചകന്‍ എന്നും വിമര്‍ശനം ഒരിക്കലും നല്ലതല്ല എന്നും ഉദ്ബോധിപ്പിച്ച മാര്‍പ്പാപ്പാ, യഥാര്‍ഥ പ്രവാചകന്‍ ആരാണെന്നു വീണ്ടും വിശദീകരിച്ചു: " പ്രാര്‍ഥിക്കുന്ന, ദൈവത്തിലേയ്ക്കും മനുഷ്യരിലേയ്ക്കും ദൃഷ്ടി തിരിക്കുന്നു, ജനം തെറ്റുചെയ്യുമ്പോള്‍ വേദനിക്കുന്ന, അവരെക്കുറിച്ചു വിലപിക്കുന്ന, എന്നാല്‍ സത്യം വിളിച്ചു പറയുന്ന വ്യക്തിയാണ് പ്രവാചകന്‍..." സഭയ്ക്കു മുന്നോട്ടുപോകാന്‍, പ്രവാചകശുശ്രൂഷയുടെ അഭാവമുണ്ടാകാതിരിക്കട്ടെ എന്ന ആഗ്രഹം ഏറ്റുപറഞ്ഞുകൊണ്ടാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.