2018-04-17 11:43:00

"സമാധാനപ്രക്രിയ സ്ത്രീപങ്കാളിത്തത്തോടെ": ആര്‍ച്ചുബിഷപ്പ് ഔസ്സ


ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സില്‍, 2018 ഏപ്രില്‍ 16-ാതീയതി,  സ്ത്രീകള്‍, സമാധാനവും സുരക്ഷയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയിലാണ് ഐക്യരാഷ്ട്രസഭ, ന്യൂയോര്‍ക്കിലെ വത്തിക്കാന്‍ നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസ്സ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ പ്രത്യേകിച്ചും സംഘട്ടനങ്ങളുടെ സാഹചര്യങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് സമാധാനപ്രക്രിയയില്‍ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തണമെന്ന ശക്തമായ നിര്‍ദേശം അദ്ദേഹം ഉന്നയിച്ചത്.

ഐക്യരാഷ്ട്രസഭ സുരക്ഷാകൗണ്‍സില്‍ ആദ്യമായി, സ്ത്രീകളും, സമാധാനവും സുരക്ഷയും എന്ന പ്രമേയം രണ്ടായിരാമാണ്ടില്‍ സ്വീകരിച്ചതിനുശേഷം ഈ വിഷയങ്ങളോടനുബന്ധിച്ച പ്രശ്നങ്ങളോടുള്ള പ്രതികരണങ്ങളില്‍ സാരവത്തായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന സത്യം അംഗീകരിച്ചുകൊണ്ടു നടത്തിയ അദ്ദേഹത്തിന്‍റെ പ്രഭാഷണത്തില്‍, സംഘട്ടനങ്ങളില്‍, ഇരകളാകുന്നവരില്‍ സ്ത്രീകളുടെ സഹനം അളവറ്റതാണെന്നും, പ്രത്യേകിച്ച് ലൈംഗിക അതിക്രമങ്ങള്‍ ഭീകരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"അതിനാല്‍", അദ്ദേഹം നിര്‍ദേശിച്ചു: "ആദ്യമായി സംഘട്ടനങ്ങള്‍ തടയപ്പെടണം.  അതിനായി, ഐക്യരാഷ്ട്രസംഘടനയുടെ അംഗരാജ്യങ്ങളെല്ലാം, തങ്ങളുടെ തര്‍ക്കങ്ങള്‍, സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കുന്നതില്‍ അടിയന്തിര ശ്രദ്ധ പതിക്കേണ്ടതുണ്ട്... സംഘട്ടനമുണ്ടായ ശേഷം സ്ത്രീകള്‍ക്കു സുരക്ഷ നല്‍കുക എന്നതിനെക്കാള്‍, സംഘട്ടനങ്ങള്‍ ഒഴിവാക്കുക എന്നതാണ് കൂടുതല്‍ ഫലപ്രദമായിരിക്കുന്നത്. ഈ ചര്‍ച്ചകളിലും സംവാദങ്ങളിലും സ്ത്രീകളുടെ ശബ്ദം കേള്‍ക്കപ്പെടുക എന്നതും തികച്ചും ആവശ്യമായിരിക്കുന്നു..."

"രണ്ടാമതായി", അദ്ദേഹം തുടര്‍ന്നു: "സമാധാന സംസ്ഥാപനത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍, സ്ത്രീകളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സമഗ്രതയോടുകൂടി ഉള്‍ച്ചേര്‍ക്കപ്പെടണം. സമാധാനപ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും, സ്ത്രീകളുടെ ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്തണം..."

"മൂന്നാമതായി, സംഘട്ടനശേഷമുള്ള സാഹചര്യങ്ങളും ഇവിടെ പ്രത്യേകം പരിഗണിക്കപ്പെടണം.  സംഘട്ടനം തന്നെ ഒഴിവാക്കുന്നതു പോലെ, സംഘട്ടനം നടന്ന രാജ്യങ്ങളില്‍, വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ വികസനപ്രവര്‍ത്തനങ്ങളിലൂടെയും, ക്ഷേമവും സമാധാനവും ഉറപ്പുവരുത്തണം..."

കത്തോലിക്കാസഭ ഇക്കാര്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു: "...വിദ്യാഭ്യാസത്തിനുള്ള അവകാശം സാധ്യമാക്കുന്നതില്‍, കത്തോലിക്കാസഭയ്ക്ക് ദൈര്‍ഘ്യമാര്‍ന്നതും അഭിമാനകരവുമായ ഒരു ചരിത്രമുണ്ട്. യുവതികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനുള്ള സാധ്യതയേകുന്നതിനും കഴിയുന്നുണ്ട്... അങ്ങനെ, വിദ്യാ ഭ്യാസരംഗത്തും മറ്റു രംഗങ്ങളിലും സ്ത്രീകള്‍ നല്‍കുന്ന സംഭാവന കുടുംബങ്ങളിലും സമൂഹങ്ങളിലും, ഐക്യവും സമാധാനവും കൈവരുത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഈ അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായമേകുകയും അവരെ സമൂഹത്തിലേയ്ക്കു സമുദ്ഗ്രഥിക്കുകയും വേണം..."

യുദ്ധം, സംഘട്ടനം മുതലായ അവസരങ്ങളിലെന്നപോലെ, അനുദിനസാഹചര്യങ്ങളിലും അവര്‍ സഹിക്കേണ്ടിവരുന്ന വിവിധങ്ങളായ അക്രമങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടും, ‘സ്ത്രീകളുടെ പ്രാമുഖ്യത്തെ അവഗണിക്കുന്ന, പുരുഷമേധാവിത്വത്തിന്‍റെ സംസ്ക്കാരത്തെ കാത്തുസൂക്ഷിക്കുന്ന സമൂഹത്തില്‍, സ്ത്രീകള്‍ക്കെതിരായി നടത്തുന്ന അക്രമങ്ങളെ ഒരിക്കലും സാധാരണമാണെന്ന് പരിഗണിക്കാവില്ല’ (Pope Francis, Puerto Maldonado, 19 January 2018) എന്ന പെറുവിയന്‍ സന്ദര്‍ശനവേളയിലെ പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടുമാണ്, സ്ത്രീകളുടെ അന്തസ്സ് മാനിക്കപ്പെടുന്നതിനു വേണ്ടിയുള്ള വത്തിക്കാന്‍റെ ശക്തമായ ശബ്ദം ഐക്യരാഷ്ട്ര സഭയില്‍ അദ്ദേഹം ഉയര്‍ത്തിയത്.

 








All the contents on this site are copyrighted ©.