2018-04-17 11:46:00

സങ്കീര്‍ത്തനങ്ങളിലെ നന്ദിയുടെ വികാരം


സങ്കീര്‍ത്തനം 138-ന്‍റെ പഠനം രണ്ടാംഭാഗം.

കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം സങ്കീര്‍ത്തനം 138-ന്‍റെ പഠനം ആരംഭിച്ചു. ഇതൊരു കൃതജ്ഞതാഗീതമാണെന്നു മനസ്സിലാക്കി. ഒപ്പം അത് ദാവീദു രാജാവിന്‍റെ രചനയാണെന്നും, ശ്രദ്ധിച്ചതാണ്. നന്ദിപറച്ചിലിന്‍റെ അല്ലെങ്കില്‍ കൃതഞ്ജതയുടെ വികാര മുണര്‍ത്തുന്ന സങ്കീര്‍ത്തനങ്ങള്‍ വിശുദ്ധഗ്രന്ഥത്തില്‍ നിരവധിയാണ്. വ്യക്തികളുടെ നന്ദിപറച്ചിലാവാം, അല്ലെങ്കില്‍ അത് സമൂഹത്തിന്‍റെ നന്ദിപറച്ചിലാവാം. ദൈവം നല്കിയ നന്മകള്‍ക്കാണ് ഗായകന്‍ നന്ദിപറയുന്നത്. വ്യക്തിപരമായ അനുഭവത്തിലൂടെ തെളിഞ്ഞുകാണുന്ന ദൈവപരിപാലനയെപ്പറ്റിയാണ് ഈ ഗീതം അടിസ്ഥാനപരമായി പരാമര്‍ശിക്കുന്നത്. എളിയവരിലും വിശ്വാസസമൂഹത്തിലും ദൈവം വര്‍ഷിക്കുന്ന നന്മകള്‍ക്ക് സങ്കീര്‍ത്തകന്‍ നന്ദിയര്‍പ്പിക്കുന്നു. വ്യക്തിഗത നന്മകള്‍ക്കു മാത്രമല്ല, ഇസ്രായേലിന്‍റെ, സമൂഹത്തിന്‍റെ മോചനത്തിനും പരിഹാരങ്ങള്‍ക്കും നന്ദിപറയുന്നു. പദങ്ങള്‍ പരിചയപ്പെട്ടുകൊണ്ട് നമുക്ക് ഈ ഗീതം ഉള്‍ക്കൊള്ളുന്ന ദൈവത്തോടുള്ള നന്ദിയുടെ വികാരം സ്വായത്തമാക്കാന്‍ ശ്രമിക്കാം.  

ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം അനൂപ്കുമാര്‍ ജീയും സംഘവും.

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.


1-3 സങ്കീര്‍ത്തനം 138 തുറന്നത്, ആരംഭിക്കുന്നത്, The Opening note... “ദാവീദിന്‍റെ സങ്കീര്‍ത്തനം,” എന്ന ഉപശീര്‍ഷകത്തോടെയാണ്. പി.ഒ.സി.യുടെ പതിപ്പിലും കാണുന്നത് ഇങ്ങനെ തന്നെയാണ്. അതായത് വിശുദ്ധഗ്രന്ഥത്തിന്‍റെ മലയാളപരിഭാഷയില്‍ വളരെ വിശ്വസ്തമായി മൂലകൃതിയിലെന്നപോലെ ഉപശീര്‍ഷകം “ദാവീദിന്‍റെ കീര്‍ത്തനം” എന്ന് കുറിക്കുന്നു. എന്നിട്ടാണ് കൃതജ്ഞതയുടെ പദങ്ങള്‍ ഗായകന്‍ ആരംഭിക്കുന്നത് :

Recitation:
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.

ദാവീദുരാജാവ് കര്‍ത്താവിന് നന്ദിപറഞ്ഞ്  ഈ ഗീതം എഴുതിയത് ക്രിസ്തുവിന് 800-ലേറെ വര്‍ഷങ്ങള്‍ക്കുമുന്‍പാണ്. വ്യക്തിഗത ആത്മാനുരാഗമായിട്ടാണ് അദ്ദേഹം ഇത് കുറിച്ചിരിക്കുന്നത്. വ്യക്തിയാണ്, കര്‍ത്താവിന് നന്ദിയര്‍പ്പിക്കുന്നത്.
ഘടനയിലേയ്ക്ക് കടക്കുമ്പോള്‍, ആദ്യത്തെ മൂന്നു പദങ്ങള്‍ ആമുഖമാണ്, അല്ലെങ്കില്‍ നന്ദിപ്രകടനത്തിന് പശ്ചാത്തലമാണെന്നും പറയാം. ബാബിലോണിലെ ജനങ്ങള്‍ അക്കാലഘട്ടത്തിലെ അവിജാതീയ ദേവാന്മാരെ വണങ്ങിയിരുന്ന ഭക്തിസ്ഥലങ്ങളാണ് ഈ ഗീതത്തിന്‍റെ രചനയ്ക്ക് പശ്ചാത്തലം. രണ്ട് വിജാതീയ ദൈവങ്ങളുടെ ക്ഷേത്രസമുച്ഛയങ്ങളെ ബന്ധിക്കുന്ന നഗരമദ്ധ്യത്തിലൂടെയുള്ള രാജവീഥിയെക്കുറിച്ച് പരാമര്‍ശമുണ്ട്. ക്ഷേത്രങ്ങളില്‍ ഒന്ന് നെബോദേവന്‍റേതും, മറ്റൊന്ന് ബാലിന്‍റേതുമാണ്. വര്‍ഷത്തിലൊരിക്കല്‍ ഉത്സവനാളില്‍  ഈ ദേവസ്ഥാനങ്ങള്‍ തമ്മില്‍ സ്ഥാനമാറ്റം നടത്തപ്പെടാറുണ്ട്. അലംകൃതമായ രഥങ്ങളില്‍ ജനങ്ങള്‍ ദേവാന്മാരെ വലിച്ചുകൊണ്ട് നീങ്ങുന്നു. അവരുടെ താല്‍ക്കാലിക സ്ഥാനങ്ങളിലേയ്ക്ക്  അവ മാറ്റപ്പെടുന്നു. വിപ്രവാസത്തില്‍ കഴിയുന്ന ജനങ്ങളെ അന്നാളില്‍ സ്വതന്ത്രമാക്കുന്ന പതിവുമുണ്ടായിരുന്നത്രേ! ഘോഷയാത്രയുടെ പൂരവുംമേളവും കണ്ടു നില്ക്കുന്നവര്‍ അസഭ്യങ്ങള്‍ പുലമ്പി സന്തോഷിക്കുന്നു. ദേവന്‍മാരെ പ്രീതിപ്പെടുത്താനെന്ന വ്യാജേനയാണ് അപ്രകാരം ചെയ്തിരുന്നത്. കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഇന്നും കാണുന്നതുപോലുള്ളൊരു ആചാരമായിരുന്നത്. ദൈവങ്ങളുടെ പേരില്‍ അങ്ങനെ മനുഷ്യര്‍, അവിഹിതമായ സന്തോഷ ശകലങ്ങള്‍ കണ്ടെത്തുന്നതുപോലെ...!

 ഇങ്ങനെ ഒരു സാമൂഹ്യപശ്ചാത്തലം മനസ്സില്‍ പേറിക്കൊണ്ടാണ് രചയിതാവ്, യാഹ്വേയ്ക്ക് നന്ദിയര്‍പ്പിക്കുന്ന ഗീതം ആരംഭിക്കുന്നത്. 8 പദങ്ങളാണ് ഈ ഗീതത്തില്‍ ആകെയുള്ളത്..., എന്നാല്‍ ഓരോ പദവും, സമാന്യം ദൈര്‍ഘ്യമുള്ളവയാണെന്നു കാണാം.  ഇസ്രായേലിന്‍റെ വിപ്രവാസം കഴിഞ്ഞു, ക്ലേശപൂര്‍ണ്ണമായ ഒരു കാലഘട്ടം കഴിഞ്ഞു. മടങ്ങിയെത്തിയ ജനം രാജാവിനോടു ചേര്‍ന്ന് പുതിയ ദേവാലയം നിര്‍മ്മിച്ചു. ഈ ആഹ്ലാദത്തിന്‍റെ നിറവിലായിരിക്കണം സങ്കീര്‍ത്തകന്‍ പൂര്‍ണ്ണഹൃദയത്തോടെ യാഹ്വേയ്ക്ക് നന്ദിയര്‍പ്പിച്ചത്. ആദ്യമൂന്നു പദങ്ങള്‍ നമുക്ക് പരിശോധിക്കാം.  
Recitation :
കര്‍ത്താവേ, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ
അങ്ങേയ്ക്കു നന്ദിപറയുന്നു.
ദേവന്മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.

രചയിതാവ് രാജാവ് തന്നെയും, അല്ലെങ്കില്‍ സമുന്നതനായ ഏതെങ്കിലും ഒരു വ്യക്തിയാവട്ടെ..! അദ്ദേഹം സമൂഹത്തിന്‍റെ പ്രതിനിധിയാണ്. അങ്ങനെയാണ് കര്‍ത്താവിന് നന്ദിപറയുന്നത്. പൂര്‍ണ്ണഹൃദയത്തോടെ എന്നു പറയുന്നത്, ബുദ്ധിയിലും മനസ്സിലും, വ്യക്തി മുഴുവനായും, സര്‍വ്വസ്വവും യാഹ്വേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു. “മഹേശാ!... ഞാനും എനിക്കുള്ളതെല്ലാം...നിന്‍റെ ദാനങ്ങളല്ലോ!”  എന്ന് മഹാകവി കുനിയന്തോടത്ത് കുറിച്ചിരിക്കുന്നതുപോലെ...! സങ്കീര്‍ത്തകന്‍ ബാബിലോണിയന്‍ ദേവാന്മാരെപ്പോലെയല്ലെന്നു പറയുന്നത്... നമുക്കിന്ന് ഒരു മതാന്തരസംവാദ രീതയല്ലെന്നു തോന്നാമെങ്കിലും... അന്നത്തെ സമൂഹ്യപശ്ചാത്തലത്തിന്‍റെ പ്രതിഫലനമോ, പ്രത്യാഘാതമോ, ആണ് അതെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Recitation :
ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ
ശിരസുനമിക്കുന്നു.
അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത്
അങ്ങേയ്ക്കു നന്ദിയര്‍പ്പിക്കുന്നു.
അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്.

അനന്തമായ സ്നേഹവും കാരുണ്യവും, പതറാത്ത വിശ്വസ്തതയുമായി തന്‍റെ നാമം വെളിപ്പെടുത്തിയ ദൈവത്തിന് സങ്കീര്‍ത്തകന്‍ നന്ദിയര്‍പ്പിക്കുന്നു. കര്‍ത്താവിന്‍റെ സാന്നിദ്ധ്യമാണ് ‘നാമവും വാഗ്ദാനവും’ എന്നു കുറിച്ചിരിക്കുന്നത്. കര്‍ത്താവിന്‍റെ രക്ഷാകര പ്രവൃത്തികള്‍ അവിടുത്തെ മഹത്ത്വം വെളിവാക്കുന്നു.

Recitation :
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ അവിടുന്നെനിക്ക് ഉത്തരമരുളി
അവിടുന്നെന്‍റെ ആത്മാവില്‍ ധൈര്യംപകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.

അര്‍ഹിക്കാത്ത വിധത്തില്‍ കര്‍ത്താവ് തന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും, ദുര്‍ബലമായ ആത്മാവിനെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ക്ലേശങ്ങള്‍ സഹിക്കുന്ന സങ്കീര്‍ത്തകനെ കര്‍ത്താവു രക്ഷിച്ച്, പുതുജീവന്‍ നല്കിയിരിക്കുന്നു. അവിടുന്ന് തന്‍റെ ജനത്തിന് തന്നെത്തെന്നെ വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. അവിടുന്ന് അവരെ വിളിച്ചു, ഒന്നിപ്പിച്ച് ഒരു ജനതയാക്കി! അവിടുന്ന് അവരെ നയിച്ചു. കെടുതികളില്‍നിന്നും കെണികളില്‍നിന്നും  അവരെ കര്‍ത്താവ് മോചിച്ചു. അങ്ങനെ കര്‍ത്താവ് തന്‍റെ ദാസരില്‍ അവിടുത്തെ കാരുണ്യം സമൃദ്ധമായി വര്‍ഷിച്ചു. ഇനി ആ കാരുണ്യം മറ്റുള്ളവര്‍ക്ക് നാം പകര്‍ന്നുനല്കണം. സഹോദരങ്ങളുമായി പങ്കുവയ്ക്കണം. അങ്ങനെ മറ്റുള്ളവരെ സ്നേഹിക്കാനുള്ള കരുത്ത് പകര്‍ന്നുനല്കുന്നതും ദൈവമാണെന്ന് സങ്കീര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നു.

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടങ്ങേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു
മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു.
ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു മുന്‍പില്‍
ശിരസ്സുനമിക്കുന്നു, ഞാന്‍ ശിരസ്സുനമിക്കുന്നു.








All the contents on this site are copyrighted ©.