2018-04-16 16:55:00

ആനന്ദത്തിന്‍റെ സാക്ഷ്യമേകി പാപ്പായുടെ ഇടയസന്ദര്‍ശനം


2018 ഏപ്രില്‍ 15-ാംതീയതി ഞായറാഴ്ചയില്‍, വൈകുന്നേരം റോമിന്‍റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള കോര്‍വിയാലെയില്‍ കുരിശിന്‍റെ വി. പൗലോസിന്‍റെ നാമത്തിലുള്ള ഇടവകയില്‍ മാര്‍പ്പാപ്പാ  നടത്തിയ ഇടയസന്ദര്‍ശനം ആനന്ദത്തിന്‍റെ സാക്ഷ്യവും സംവാദവുമായിരുന്നു.

വൈകിട്ട് നാലുമണിയോടുകൂടി അവിടെ എത്തിച്ചേര്‍ന്ന പാപ്പാ അവിടെ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും കൂടാതെ, കുട്ടികളും, പാവപ്പെട്ടവരും വയോധികരുമായവരുമൊത്തു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പാവപ്പെട്ടവരും വയോധികരും ഒരുമിച്ചുചേര്‍ന്ന സംഘത്തെ അഭിസംബോധനചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു: "ഇടവക നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കര്‍ത്താവു നിങ്ങളെ സ്നേഹിക്കുന്നുവെന്നതിനു തെളിവാണ്. അതു തീര്‍ച്ചയായും വേണ്ടതാണ്.  ആവശ്യത്തിലിരിക്കുന്നവരാണ്, ഇടവകയുടെ കേന്ദ്രം, അതാണ് സുവിശേഷത്തിന്‍റെ കേന്ദ്രം...എനിക്കറിയാം, നിങ്ങളില്‍ ഓരോരുത്തര്‍ക്കും, അവരവരുടേതായ വേദനകളും മുറിവുകളും, പ്രശ്നങ്ങളുമുണ്ട്...  എന്നിരുന്നാലും, നിങ്ങളുടെ പ്രത്യാശയ്ക്കും ആനന്ദത്തിനും ഇതൊന്നും തടസ്സമായിക്കൂടാ, എന്തെന്നാല്‍ യേശു വന്നത്, അവന്‍റെ മുറിവുകളാല്‍ നിങ്ങളുടെ മുറിവുകളെ സൗഖ്യമാക്കുന്നതിനാണ്..." പാവങ്ങളെ വി. ലോറന്‍സ്, സഭയുടെ സമ്പത്തെന്നു വിശേഷിപ്പിച്ചത് അനുസ്മരിച്ചുകൊണ്ട് ഇടവകവികാരി, പാവപ്പെട്ടവരും വയോധികരുമായ ഈ സംഘത്തെ പാപ്പായ്ക്കു പരിചയപ്പെടുത്തിയത്, "ഇവരാണ് ഇടവകയുടെ സമ്പത്ത് എന്നായിരുന്നു".  നൂറോളം കുടുംബങ്ങള്‍ക്ക് ഇടവക നല്‍കുന്ന സഹായം പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു.

കുട്ടികളുമായുള്ള പാപ്പായുടെ സംവാദം ഏറെ രസകരമായ ചോദ്യങ്ങളുള്‍പ്പെട്ട വിശ്വാസപ്രബോധനവും കൂടിയായിരുന്നു.  കുട്ടികളുടെ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കു ഉത്തരമേകിയുള്ള ഈ വേളയില്‍, പാപ്പായ്ക്കിഷ്ടപ്പെട്ട സുവിശേഷഭാഗമേത് എന്ന ചോദ്യത്തിനുത്തരമായി, വീട്ടില്‍ തിരിച്ചെത്തിയാല്‍,  ഇഷ്ടപ്പെട്ട സുവിശേഷഭാഗം വായിക്കാമെന്നു വാഗ്ദാനം ചെയ്യിച്ചുകൊണ്ടാണ് ആ ഭാഗം പാപ്പാ അവരോടു വിശദീകരിച്ചത്. ചുങ്കക്കാരനായ മത്തായി യേശുവിനെ അനുഗമിക്കുന്ന ഭാഗമായിരുന്നു അത്. "മാമ്മോദീസ സ്വീകരിച്ചവര്‍ ദൈവമക്കളായിത്തീരുന്നു. എന്നാല്‍ ആ കൂദാശ സ്വീകരിക്കാത്തവര്‍ ദൈവത്തിന്‍റെ മക്കളല്ലേ", എന്ന മറ്റൊരു കുട്ടിയുടെ ചോദ്യത്തിനുത്തരമായി പാപ്പാ പറഞ്ഞു: "എല്ലാവരും ദൈവമക്കളാണ്. എന്നാല്‍, മാമോദീസ സ്വീകരിക്കുന്നവര്‍, പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട്, ദൈവഭവനത്തില്‍ പ്രവേശിക്കുന്നു... "  ദൈവം ഒരിക്കലും തന്‍റെ മക്കളെ കൈവിടുകയില്ല എന്ന് വിശദീകരിച്ചുകൊണ്ടും കുട്ടികളെക്കൊണ്ട് ആ സത്യം ആവര്‍ത്തിപ്പിച്ചുകൊണ്ടുമാണ് പാപ്പാ അവരുമായുള്ള സംവാദത്തിനു സമാപനം കുറിച്ചത്.

തനിക്കു നല്‍കിയ സ്വീകരണത്തിനും, കാണിച്ച സ്നേഹത്തിനും, നന്ദി അറിയിച്ചുകൊണ്ട്, ദൈവകാരുണ്യത്തില്‍ ആശ്രയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്, നന്മനിറഞ്ഞ മറിയമേ എന്ന ജപം എല്ലാവരുമൊപ്പം ചൊല്ലിയശേഷം അപ്പസ്തോലികാശീര്‍വാദം നല്‍കിയാണ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങിയത്.

റോമിന്‍റെ മെത്രാനെന്ന നിലയില്‍, മാര്‍പ്പാപ്പായുടെ 2018-ലെ രണ്ടാമത്തെ ഇടയസന്ദര്‍ശനമാണിത്.  ഫെബ്രുവരി 25-ാതീയതി നടത്തിയ ആദ്യസന്ദര്‍ശനം, പൊന്തെ മാമ്മൊളോയിലുള്ള വി. ജലാസി യോയുടെ നാമത്തിലുള്ള ദേവാലയത്തിലേയ്ക്കായിരുന്നു.








All the contents on this site are copyrighted ©.