സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പാപ്പായുടെ ത്രികാലജപസന്ദേശം:ഉത്ഥിതന്‍റെ യഥാര്‍ത്ഥ സാന്നിധ്യം

ഫ്രാന്‍സീസ് പാപ്പാ, ത്രികാല പ്രാര്‍ത്ഥനാവേളയില്‍ ,ഞായര്‍ 15/04/18 വത്തിക്കാന്‍ - REUTERS

16/04/2018 12:34

പൊടികലര്‍ന്ന ചാറ്റല്‍ മഴയുണ്ടായ ഒരു ദിനമായിരുന്നു റോമില്‍ ഈ ഞായറാഴ്ച (15/04/18). എന്നിരുന്നാലും ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന 30000ത്തോളം വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായരുന്നു.  ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(15/04/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, ഉത്ഥിതന്‍ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നുതും അവര്‍ക്ക് സമാധാനം ആശംസിക്കുന്നതുമായ സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ലൂക്കായുടെ സുവിശേഷം, ഇരുപത്തിനാലാം അദ്ധ്യായം 35 മുതല്‍ 48 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

പാപ്പായുടെ ത്രികാലജപസന്ദേശം :

 പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

തന്‍റെ എല്ലാ ശിഷ്യന്മാരുമൊത്തുള്ള ഉത്ഥിതന്‍റെ അനുഭവമാണ് ഉയിര്‍പ്പുകാലത്തിലെ മൂന്നാമത്തെതായ ഈ ഞായറാഴ്ചയുടെ കാതല്‍. “നിങ്ങള്‍ക്കു സമാധാനം” എന്ന് ആശംസിച്ചുകൊണ്ട് അപ്പസ്തോലന്മാര്‍ക്കു മുന്നില്‍ യേശു പ്രത്യക്ഷനാകുന്ന ആ മുറിയിലേക്ക് ഒരിക്കല്‍കൂടി നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന സുവിശേഷം ഭാഗം ഇത് എടുത്തുകാട്ടുന്നു. നമുക്കു സമാധാനം പ്രദാനം ചെയ്യുന്നതാണ് “നിങ്ങള്‍ക്കു സമാധാനം“  എന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ ആശംസ. ആന്തരികവും ഒപ്പം വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ സംജാതമാകുന്നതുമായ സമാധാനമാണ് ഇത്. ഉത്ഥാനം എന്ന യാഥാര്‍ത്ഥ്യത്തിന് ഏറെ ഊന്നല്‍ നല്കുന്നതാണ് ലൂക്കാ സുവിശേഷകന്‍ നല്കുന്ന സംഭവ വിവരണം. യേശു ഒരു ഭൂതമല്ല. വാസ്തവത്തില്‍ യേശുവിന്‍റെ ആത്മീയമായ ഒരു പ്രത്യക്ഷീകരണമല്ല മറിച്ച്, അവിടത്തെ ഉത്ഥിത ശരീരത്തോടുകൂടിയ യഥാര്‍ത്ഥ  സാന്നിധ്യമാണ് ഉണ്ടാകുന്നത്.   

തന്നെ ദര്‍ശിച്ച ശിഷ്യര്‍ അസ്വസ്ഥരാണെന്നും, അവര്‍ പരിഭ്രാന്തരാണെന്നും യേശുവിനു മനസ്സിലായി. കാരണം ഉത്ഥാനം എന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് അഗ്രാഹ്യമായിരുന്നു. ഒരു ഭൂതത്തെയാണ് തങ്ങള്‍ കാണുന്നതെന്ന് അവര്‍ വിചാരിച്ചു, എന്നാല്‍ ഉത്ഥാനം ചെയ്ത യേശു ഒരു ഭൂതമല്ല, ആത്മാവും ശരീരവുമുള്ള ഒരു മനുഷ്യനാണ്. ആകയാല്‍ ഈ വസ്തുത അവരെ ബോധ്യപ്പെടുത്തുന്നതിന് അവിടന്ന് അവരോടു പറയുന്നു: “എന്‍റെ കരങ്ങളും പാദങ്ങളും കാണുക” - അവിടന്ന് മുറിവുകള്‍ അവരെ കാണിച്ചുകൊടുക്കുന്നു- എന്നിട്ടു പറയുന്നു. ഇതു ഞാന്‍ തന്നെയാണെന്നും മനസ്സിലാക്കുവിന്‍. എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ. (ലൂക്കാ 24,39). ശിഷ്യരുടെ അവിശ്വാസത്തെ ജയിക്കാന്‍ ഇതു മാത്രം മതിയാകുമായിരുന്നില്ല എന്നു തോന്നുന്നു. സുവിശേഷം ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി പറയുന്നുണ്ട്. യേശു തങ്ങളുടെ മുന്നില്‍ നില്ക്കുന്നു എന്ന വിശ്വസിക്കാന്‍ കഴിയാത്തവിധം അത്രയധികം ആന്തരികാനന്ദം അവര്‍ക്കുണ്ടായി. ഇത് എന്നാല്‍ യേശു അവരെ വിശ്വസിപ്പിക്കുന്നതിനായി അവരോടു ചോദിക്കുന്നു: “ഇവിടെ ഭക്ഷിക്കാന്‍ വല്ലതുമുണ്ടോ?” ഒരു കഷണം വറുത്ത മീന്‍ അവര്‍ അവനു കൊടുത്തു; യേശു അതെടുത്തു അവരുടെ മുന്നില്‍വച്ചു ഭക്ഷിച്ചു.” അത് അവരെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു.

തന്‍റെ ഉത്ഥാനമെന്ന യാഥാര്‍ത്ഥ്യത്തിന് യേശു നല്കുന്ന ഊന്നല്‍ ശരീരത്തെ സംബന്ധിച്ച ക്രിസ്തീയവീക്ഷണത്തെ പ്രകാശിപ്പിക്കുന്നു. അതായത്, ശരീരം ഒരു പ്രതിബന്ധമോ ആത്മാവിന്‍റെ തടവറയൊ അല്ല. ദൈവമാണ് ശരീരത്തിന്‍റെ സൃഷ്ടികര്‍ത്താവ്. ആത്മശരീരങ്ങളുടെ ഐക്യത്തിന്‍റെ അഭാവത്തില്‍ മനുഷ്യന് പൂര്‍ണ്ണതയുണ്ടാകില്ല.  മരണത്തെ ജയിച്ച് ആത്മവോടും ശരീരത്തോടും കൂടി ഉയിര്‍ത്തെഴുന്നേറ്റ യേശു നമുക്കു മനസ്സിലാക്കിത്തരുന്നത് നമ്മുടെ ശരീരത്തെക്കുറിച്ച് ഭാവാത്മകമായ ഒരു ആശയം നമുക്കുണ്ടായിരിക്കണം എന്നാണ്. ശരീരം പാപത്തിന് ഒരു അവസരമോ ഉപകരണമോ ആയി ഭവിക്കാം, എന്നാല്‍ ശരീരമല്ല പാപത്തിനു കാരണമാകുന്നത്, പ്രത്യുത, നമ്മുടെ ധാര്‍മ്മികമായ ബലഹീനതയാണ് പാപ ഹേതു. ദൈവത്തിന്‍റെ വിസ്മയകരമായ ഒരു ദാനമാണ് ശരീരം. ഈ ശരീരം ആത്മാവുമായി ഐക്യത്തിലായിരിക്കുകയും  ദൈവവുമായുള്ള ഛായയും സാദൃശ്യവും പൂര്‍ണ്ണമായി ആവിഷ്ക്കരിക്കുകയും വേണം. ആകയാല്‍ നമ്മുടെയും മറ്റുള്ളവരുടെയും ശരീരത്തെ ഏറെ ആദരിക്കാനും പരിപാലിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

നമ്മുടെ അയല്‍ക്കാരന്‍റെ ശരീരത്തെ ഉപദ്രവിക്കുകയോ, മുറിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ അത് സ്രഷ്ടാവായ ദൈവത്തെ നിന്ദിക്കലാണ്. ശാരീരികമായി പീഢിപ്പിക്കപ്പെടുന്ന കുട്ടികളെയും സ്ത്രീകളെയും വൃദ്ധജനത്തെയും ഞാന്‍ പ്രത്യേകം ഓര്‍ക്കുകയാണ്. അവരുടെ ശരീരത്തില്‍ നാം ക്രസ്തുവിന്‍റെ, വ്രണിതനും പരിഹാസ്യനും നിന്ദിതനും അവമാനിതനും ചാട്ടവാറടിയേറ്റവനും ക്രൂശിതനുമായ ക്രിസ്തുവിന്‍റ, ശരീരം കാണുന്നു. യേശു നമ്മെ പഠിപ്പിച്ചത് സ്നേഹമാണ്. പാപത്തെയും മരണത്തെയുംക്കാള്‍ ശക്തവും നമ്മുടെ ഈ കാലഘട്ടത്തിന്‍റെ അടിമത്തങ്ങള്‍ തങ്ങളുടെ ശരീരത്തില്‍ അനുഭവിച്ചറിയുന്നവരെ വീണ്ടെടുക്കാന്‍ അഭിലഷിക്കുന്നതുമായ ഒരു സ്നേഹമാണ് അതെന്ന് യേശുവിന്‍റെ ഉത്ഥാനത്തില്‍ വെളിപ്പെടുത്തപ്പെട്ടു.

കൂടുതല്‍ ബലഹീനരായവരുടെ മേല്‍ അധികാരഭാവം മിക്കപ്പോഴും പ്രബലപ്പെടുകയും ഭൗതികവാദം ആത്മാവിനെ ഞെരുക്കുകയും ചെയ്യുന്ന ഒരു ലോകത്തില്‍ ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് ഉത്ഥിതനായ കര്‍ത്താവിനെ കണ്ടുമുട്ടിയതിലുള്ള വിസ്മയത്താലും മഹാനന്ദത്താലും നിറഞ്ഞവരായി ആഴത്തിലേക്കു നോക്കാന്‍ കഴിവുള്ള വ്യക്തികളായിരിക്കാനാണ്. പുതിയ ആകാശങ്ങളും പുതിയ ഭൂമിയും ലക്ഷ്യം വയ്ക്കാന്‍ ചരിത്രത്തെ പ്രാപ്തമാക്കുന്നതിന് അതില്‍ കര്‍ത്താവ് വിതയ്ക്കുന്ന ജീവന്‍റെ പുതുമ ഉള്‍ക്കൊള്ളാനും അതിനെ വിലമതിക്കാനും അറിയുന്ന വ്യക്തികളായി മാറാന്‍ അവിടന്ന് നമ്മെ വിളിക്കുന്നു. ഈ യാത്രയില്‍ പരിശുദ്ധ കന്യകാമറിയം നമ്മെ തുണയ്ക്കട്ടെ. അവളുടെ മാതൃസന്നിഭ മാദ്ധ്യസ്ഥ്യത്തിന് വിശ്വാസത്തോടെ നമുക്ക് നമ്മെ ഭരമേല്‍പ്പിക്കാം.   

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്, ഉയിര്‍പ്പുകാലത്തില്‍ ചൊല്ലുന്ന “സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

ആശീര്‍വ്വാദാനന്തരം പാപ്പാ, ആഫ്രിക്കയുടെ തെക്കു കിഴക്കെ ഭാഗത്തിനടുത്തായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കിടക്കുന്ന മഡഗാസ്കര്‍ ദ്വീപിലെ വൊഹിപേനൊയില്‍  കുടുംബനാഥനായ നിണസാക്ഷി ലുച്യാനൊ ബൊത്തൊവാസൊവ ഞായറാഴ്ച (15/04/18) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു. കര്‍ത്താവിനോടും സഭയോടും വിശ്വസ്തനായിരിക്കാന്‍ ശ്രമിച്ചതിന് തടവിലാക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത നവവാഴ്ത്തപ്പെട്ടവന്‍ നമുക്കെല്ലാവര്‍ക്കും ഉപവിയുടെയും വിശ്വാസധീരതയുടെയും മാതൃകയാണെന്ന് പാപ്പാ പറഞ്ഞു.  

ലോകത്തിലെ ഇന്നത്തെ അവസ്ഥയിലുള്ള തന്‍റെ അത്യധികമായ അസ്വസ്ഥതയും പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ വെളിപ്പെടുത്തി.

അന്താരാഷ്ട്രസമൂഹത്തിന്‍റെ കൈവശം ഉപാധികളുണ്ടായിട്ടും സിറിയിലും ലോകത്തിന്‍റെ   ഇതര ഭാഗങ്ങളിലും   സമാധാനം സംസ്ഥാപിക്കുന്നതിനുള്ള പൊതു കര്‍മ്മപരിപാടിയെക്കുറിച്ച് ഒരു ധാരണയിലെത്താന്‍ ക്ലേശിക്കുന്ന അവസ്ഥയാണുള്ളതെന്ന് പാപ്പാ പറഞ്ഞു. സമാധാനത്തിനായി തന്നോടൊപ്പം പ്രാര്‍ത്ഥിക്കാന്‍ പാപ്പാ സന്മനസ്സുള്ള സകലരേയും ക്ഷണിച്ചു. നീതിയും സമാധാനവും പ്രബലപ്പെടുന്നതിനായി പരിശ്രമിക്കാന്‍ പാപ്പാ രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എക്വദോര്‍,കൊളൊംബിയ എന്നീ തെക്കെ അമേരിക്കന്‍ നാടുകളുടെ അതിര്‍ത്തിയില്‍ വച്ച് മാര്‍ച്ച് മാസം അവസാനം തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നു പേര്‍ വധിക്കപ്പെട്ട സംഭവത്തിലുള്ള ദു:ഖവും പാപ്പാ അറിയിച്ചു. വധിക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രാ‍ര്‍ത്ഥിച്ച പാപ്പാ ഐക്യത്തിലും സമാധനത്തിന്‍റെ  പാതയിലും പരിശുദ്ധ കന്യകാമറിയത്തിന്‍റെ സഹായത്തോടെ മുന്നേറാന്‍ എക്വദോറിലെ ജനങ്ങള്‍ക്ക് പ്രചോദനം പകര്‍ന്നു.

പലപ്പോഴും ഗുരുതരമായ രോഗാവസ്ഥയില്‍ മരുന്നിന്‍റെ സഹായത്താല്‍ മാത്രം ദീര്‍ഘകാലമായി ജീവന്‍ നിലനിറുത്തപ്പെടുന്നവര്‍ക്ക്, ഫ്രാന്‍സിലെ വിന്‍സന്‍റ് ലാംബെര്‍ട്ട്, ഇംഗ്ലണ്ടിലെ പിഞ്ചു കുഞ്ഞായ ആല്‍ഫി ഏവന്‍സ്, ലോകത്തിന്‍റെ  ഇതരഭാഗങ്ങളില്‍ അപ്രകാരമുള്ള അവസ്ഥയില്‍ കഴിയുന്നവര്‍ക്ക്, വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. അതിലോലവും ഏറെ വേദനയുളവാക്കുന്നതും സങ്കീര്‍ണ്ണവുമാണ് ഇവരുടെ അവസ്ഥയെന്ന് പാപ്പാ അനുസ്മരിച്ചു. ഓരോ രോഗിയുടെയും ഔന്നത്യം ആദരിക്കപ്പെടുന്നതിനും ഓരോ രോഗിക്കും സ്വന്തം അവസ്ഥയ്ക്കനുയോജ്യമായ പിരചരണം കുടുംബാംഗങ്ങളുടെയും ഭിഷഗ്വരന്മാരുടെയും ഇതര ആരോഗ്യപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ലഭിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

തുടര്‍ന്ന് പാപ്പാ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളി‍ല്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്തതിനു ശേഷം എല്ലാവര്‍ക്കും ശുഭ ഞായറും നല്ല ഉച്ചവിരുന്നും നേര്‍ന്നു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന പതിവഭ്യര്‍ത്ഥന നവീകരിച്ച പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

16/04/2018 12:34