സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

"ഉത്ഥിതദര്‍ശനത്തിലെ ആനന്ദം നമുക്കു യുവത്വമേകും": പാപ്പാ

കോര്‍വിയാലെ ഇടവകയില്‍ പാപ്പാ വചനസന്ദേശം നല്‍കുന്നു, 15 ഏപ്രില്‍ 2018

16/04/2018 17:16

നാം പാപം ചെയ്തവരായാല്‍ പോലും പിതാവിന്‍റെ പക്കല്‍ നമുക്കു മധ്യസ്ഥനായി ഉത്ഥിതനായ യേശുവുണ്ട് എന്നും, പാപത്താല്‍ പഴക്കമേറുന്ന ഹൃദയങ്ങള്‍ക്കു പാപമോചനം നല്‍കി അവയുടെ യുവത്വം അവിടുന്നു വീണ്ടെടുത്തു തരുന്നുവെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടായിരുന്നു, ഉയിര്‍പ്പുകാലത്തിലെ മൂന്നാം ഞായറാഴ്ചയില്‍ വിശുദ്ധഗ്രന്ഥവായനയെ അടിസ്ഥാനമാക്കി കുരിശിന്‍റെ വി. പൗലോസിന്‍റെ നാമത്തിലുള്ള ഇടവകയില്‍ മാര്‍പ്പാപ്പാ നല്‍കിയ വചനസന്ദേശം.

ഉത്ഥിതനായ യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്ന ഭാഗം ലൂക്കായുടെ സുവിശേഷത്തില്‍ വിവരിക്കുന്നത് (24:36-49) വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: "...ഉത്ഥിതനായ യേശു അവര്‍ക്കു പ്രത്യക്ഷനായപ്പോള്‍ അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവാണെന്ന് ശിഷ്യന്മാര്‍ അറിഞ്ഞിരുന്നു.  കാരണം, മഗ്ദലനമറിയവും, എമ്മാവൂസില്‍ നിന്നു തിരിച്ചെത്തിയ ശിഷ്യന്മാരും, അവരോടതു പറഞ്ഞിട്ടുണ്ടായിരുന്നു.  പത്രോസ്ശ്ലീഹാ യേശുവിനെ കാണുകയും ചെയ്തിരുന്നു. .. എന്നിട്ടും, അവര്‍ യേശുവിനെ കണ്ടപ്പോള്‍, സന്തോഷാധിക്യത്താല്‍ അവിശ്വസിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്യുകയാണ്... നാമും ഇങ്ങനെയാണ്, നല്ല വാര്‍ത്ത കേള്‍ക്കുമ്പോള്‍ നാം ആനന്ദംകൊണ്ട്, അതു ഹൃദയത്തിലേറ്റുവാങ്ങുന്നതിനുമുമ്പ്, ഇങ്ങനെ പറയും, 'എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല'. ആ സുവാര്‍ത്ത ഹൃദയത്തിലേറ്റുവാങ്ങിക്കഴിയുമ്പോള്‍ ആ ആനന്ദം നമ്മെ നവീകരിക്കും... യുവത്വമുള്ളതാക്കും..."

"...ഇതു ഞാന്‍ തന്നെയാണെന്നു മനസ്സിലാക്കുവിന്‍. എന്നെ സ്പര്‍ശിച്ചുനോക്കുവിന്‍" എന്ന യേശുവിന്‍റെ വാക്കുകളെ പാപ്പാ വിശദീകരിച്ചു: "...ആ വിശ്വാസം അവിടംകൊണ്ടവസാനിക്കുകയല്ല, ആ വിശ്വാസത്തിലൂടെ അവിടുന്നു തന്നെ സ്പര്‍ശിക്കുന്നതിന് നമ്മെ അനുവദിക്കുന്നു. പ്രാര്‍ഥനയിലൂടെയും കൂദാശകളിലൂടെയും അവിടുന്നു നമുക്കു തരുന്ന പാപമോചനത്തിലൂടെയും അവിടുന്ന് നമുക്ക് ആ കൃപ സംലഭ്യമാക്കുകയാണ്. വിശുദ്ധ കുര്‍ബാനയായി നാം സ്വീകരിക്കുന്നത് ആശീര്‍വദിക്കപ്പെട്ട അപ്പത്തെയല്ല, അവിടുത്തത്തന്നെയാണ്. അത് യേശുവാണ്. ജീവിക്കുന്നവനായ ക്രിസ്തു.  ഇക്കാര്യം നാം അംഗീകരിക്കുന്നില്ലെങ്കില്‍ ഹൃദയത്തിലേറ്റു വാങ്ങുന്നില്ലെങ്കില്‍ നാം നല്ല ക്രൈസ്തവരല്ല, ആയിരിക്കാന്‍ കഴിയുകയുമില്ല..." അവിടുത്തെ വിശ്വസിക്കാനും, സ്പര്‍ശിക്കാനും, ആനന്ദമുള്ള, നവീകൃതരായ സമൂഹമായിരിക്കാനും വേണ്ട കൃപ യാചിക്കാനുള്ള ആഹ്വാനവുമായാണ് പാപ്പാ വചനസന്ദേശത്തിനു പരിസമാപ്തി കുറിച്ചത്.


(Sr. Theresa Sebastian)

16/04/2018 17:16