സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

“ആനന്ദിച്ചാഹ്ലാദിക്കുവിന്‍” - പ്രബോധനസംഗ്രഹം

- REUTERS

14/04/2018 09:39

“സമകാലീന ലോകത്തില്‍ വിശുദ്ധിയിലേയ്ക്കുള്ള വിളി” എന്ന ഉപശീര്‍ഷകവുമായി “ആനന്ദിച്ചാഹ്ലാദിക്കുവിന്‍” (GAUDETE ET EXSULTATE, On the Call to Holiness in Today’s World) എന്ന പേരില്‍ ഫ്രാന്‍സീസ് പാപ്പായുടെ പുതിയ അപ്പസ്തോലികാഹ്വാനം 2018 ഏപ്രില്‍ 9-ാംതീയതി പ്രസിദ്ധപ്പെടുത്തി.  ഈ അപ്പസ്തോലിക രേഖയുടെ സംഗ്രഹം വായിക്കാം.

                          “ആനന്ദിച്ചാഹ്ലാദിക്കുവിന്‍”  (GAUDETE ET EXSULTATE)

വി. മത്തായിയുടെ സുവിശേഷത്തില്‍, യേശു ഉദ്ഘോഷിക്കുന്ന അഷ്ടസൗഭാഗ്യങ്ങളെക്കുറിച്ചുള്ള വിവരണത്തിന്‍റെ അവസാനത്തില്‍ നാം വായിക്കുന്നു: “എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം വലുതായിരിക്കും” (മത്താ 5:12).  അവിടുത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണെന്നു വ്യക്തമാക്കിയശേഷം "ആനന്ദിച്ചാഹ്ലാദിക്കുവിന്‍" എന്നു യേശു നല്‍കുന്ന ഈ ആഹ്വാനമാണ് ആധുനികലോകത്തില്‍ വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചുള്ള പ്രബോധനത്തിനു പാപ്പാ നല്‍കിയിരിക്കുന്ന ശീര്‍ഷകം.

ആമുഖം

അഞ്ച് അധ്യായങ്ങളിലായി 176 ഖണ്ഡികകളിലായി നല്‍കുന്ന ഈ രേഖയുടെ ആമുഖം രണ്ടു ചെറിയ ഖണ്ഡികകളില്‍ ഒതുങ്ങുന്നുവെങ്കിലും അവിടെ, "ആനന്ദിച്ചാഹ്ലാദിക്കുവിന്‍" (മത്താ 5:12) എന്ന യേശുവിന്‍റെ ഈ ഉദ്ഘോഷണത്തിന്‍റെ പശ്ചാത്തലം വ്യക്തമാക്കി, മലയിലെ പ്രസംഗത്തില്‍ (മത്താ 5-7), അഷ്ടസൗഭാഗ്യങ്ങളുടെ ഉദ്ഘോഷണത്തിനുശേഷമുള്ള ഭാഗത്ത്, വിശുദ്ധിയിലേയ്ക്കുള്ള വിളി അതിന്‍റെ എല്ലാ ബുദ്ധിമുട്ടുകളോടും വെല്ലുവിളികളോടും കൂടെ ഏറ്റെടുക്കേണ്ട അവസരങ്ങളില്‍ അനുവര്‍ത്തിക്കേണ്ട പ്രായോഗികമാര്‍ഗങ്ങള്‍, യേശു നല്‍കുന്നുവെന്നും പാപ്പാ ആമുഖമായി പറഞ്ഞുവയ്ക്കുന്നു.

അധ്യായം ഒന്ന് വിശുദ്ധിയിലേയ്ക്കുള്ള വിളി

നമുക്കുമുമ്പേ സാക്ഷ്യം നല്‍കി കടന്നുപോയിട്ടുള്ള വിശുദ്ധരെ മുന്നില്‍ കണ്ടുകൊണ്ട് വിശുദ്ധിയിലേയ്ക്കുള്ള നമ്മുടെ ഓട്ടം സ്ഥിരോത്സാഹത്തോടെ നടത്തുന്നതിന് ഹെബ്രായലേഖനം ആഹ്വാനം ചെയ്യുന്നത് (12 :1) ഉദ്ധരിച്ചുകൊണ്ട്, പഴയനിയമ കാലഘട്ടത്തില്‍ ദൈവത്തിനു പ്രസാദജനകമായ ജീവിതം നയിച്ചവരെ അനുസ്മരിക്കുമ്പോള്‍, പരിപൂര്‍ണതയിലല്ലെങ്കിലും ദൈവത്തിനു പ്രസാദജനകമായ ജീ വിതം നയിച്ച നമ്മുടെ പ്രിയപ്പെട്ടവരെയും അവരോടൊപ്പം ചേര്‍ക്കുന്നുണ്ട്. ദൈവസാന്നി ധ്യത്തിലായിരിക്കുന്ന അവര്‍ നമ്മോടുള്ള ബന്ധവും ഐക്യവും കാത്തുസൂക്ഷിക്കുന്നു, എന്നു വ്യക്തമാക്കുമ്പോള്‍, രക്ഷയുടെ സാമൂഹികമാനത്തെ ഊന്നിപ്പറയുന്നതിനും പാപ്പാ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നിരുന്നാലും, വിശുദ്ധിയുടെ വഴിയിലെ വ്യതിരിക്തത ഏറെ പ്രധാനമാണ്.  കാരണം, ദൈവത്തിനു ഓരോരുത്തരെക്കുറിച്ചും തനതായൊരു പദ്ധതി അനാദിമുതലേ ഉണ്ട് (ജറെ 1:5). എല്ലാപ്രകാരത്തിലും സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖം വിശുദ്ധിയുടേതാണ്

സഭയിലെ ദൗത്യമനുസരിച്ചല്ല വിശുദ്ധിയിലേയ്ക്കുള്ള വിളി കണക്കാക്കപ്പെടേണ്ടതെന്നും, എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ശക്തമായ പ്രബോധനം ഇവിടെ നല്‍കുന്നുണ്ട്.  മാമ്മോദീസായില്‍ ലഭിച്ച കൃപാവരം ഫലം പുറപ്പെടുവിക്കുന്നത് വിശുദ്ധിയുടെ വഴിയിലാണെന്നും അതു ചെറിയ ചെറിയ കാര്യങ്ങളില്‍ നാം കാത്തുസൂക്ഷിക്കുന്ന വിശുദ്ധിയുടെ തെരഞ്ഞെടുപ്പുകളിലൂടെയാണെന്നും ഉദാഹരണസഹിതമാണ് വിശദീകരിക്കുക.  ഓരോ ജീവിതവും ഓരോ ദൗത്യമാണെന്നും അതു ക്രിസ്തുവിലൂടെയാണ് പരിപൂര്‍ണമാകുന്നതെന്നും അതിനാല്‍, ശുശ്രൂഷയും ഏകാന്തതയും മൗനവും സമഗ്രമായി സംയോജിപ്പിച്ച, സുവിശേഷാത്മകജീവിതം വിശുദ്ധിയ്ക്ക് ആവശ്യമാണെന്നും ഉദ്ബോധിപ്പിക്കുന്ന പാപ്പാ, 32 ഖണ്ഡികകളിലായി നല്‍കുന്ന ഈ അധ്യായം അവസാനിപ്പിക്കുന്നത് ഒരു ഉദ്ധരണിയോടെയാണ്:  “നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം നാം ഒരു വിശുദ്ധവ്യക്തി ആയിത്തീരുന്നില്ല എന്നതാണ്” (Leòn Bloy, La femme pauvre, Paris, II, 27)

അധ്യായം 2. വിശുദ്ധിയുടെ നിഗൂഢശത്രുക്കള്‍

വിശുദ്ധിയുടേതെന്നു തോന്നിപ്പിക്കുന്ന ഗ്നോസ്റ്റിസിസം, പെലാജിയനിസം എന്നീ രണ്ടു വ്യാജമാര്‍ഗങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നതിനാണ് പാപ്പാ 35 മുതല്‍ 62 വരെയുള്ള ഖണ്ഡികകളുള്‍ക്കൊള്ളുന്ന രണ്ടാമധ്യായം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ദൈവത്തെ ഉള്‍ക്കൊള്ളാതെ അറിവില്‍ അഭിമാനിക്കുന്നവര്‍, ക്രിസ്തുവിന്‍റെ സഹനങ്ങള്‍ മറ്റുള്ളവരുടെ ശരീരത്തില്‍ കാണാന്‍ കഴിവില്ലാത്തവരാണെന്നും, അങ്ങനെയുള്ളവര്‍ ക്രമേണ, അംഗങ്ങളെ ഉള്‍ക്കൊള്ളാതെ സഭയെയും, സഭയെ ഉള്‍ക്കൊള്ളാതെ ക്രിസ്തുവിനെയും, ക്രിസ്തുവിനെ ഉള്‍ക്കൊള്ളാതെ ദൈവത്തെയും സ്വീകരിക്കുന്ന അവസ്ഥയിലെത്തിച്ചേരുന്നുവെന്നും പറഞ്ഞുകൊണ്ട്, ആധുനിക ഗ്നോസ്റ്റിസിസം  അഥവാ ജ്ഞാനവാദത്തെ തള്ളിക്കളയുന്നു.  എല്ലാക്കാര്യത്തിനും ഉത്തരമുള്ളവര്‍ ഒരിക്കലും ശരിയായ പാതയിലല്ല.  വിശ്വാസസത്യങ്ങള്‍  എപ്പോഴും ദൈവികരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ അത് അറിവിന്‍റെ പരിധിയ്ക്കപ്പുറമാണെന്ന സത്യം മറക്കാവതല്ലെന്നും പാപ്പാ ഓര്‍മിപ്പിക്കുന്നുണ്ടിവിടെ.

സ്വന്തം പ്രയത്നത്താല്‍ വിശുദ്ധിയും രക്ഷയും നേടാമെന്ന പെലാജിയനിസ്റ്റ് രീതിയിലുള്ള ചിന്താഗതിയെയും പാപ്പാ നിഷേധിക്കുന്നു. വിനയത്തോടെ ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് നേടേണ്ട വിശുദ്ധിയെ, വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകളിലൂടെ പാപ്പാ വിശദമാക്കുന്നു:  "നീ എന്നോടു ചോദിക്കുന്നത് ആദ്യം നീ എനിക്കു തരിക, എന്നിട്ട്, നീ ആഗ്രഹിക്കുന്നത് എന്നോടു ചോദിക്കുക” (Confessions, X, 29, 40).   അഭിനവ പെലാജിയന്‍ ചിന്തകളെല്ലാം വെടിഞ്ഞ്, ഔദാര്യമായി ലഭിക്കുന്ന ദൈവകൃപ വിനയത്തോടെ സ്വീകരിച്ചുകൊണ്ട് ആ കൃപയോടു സഹകരിച്ചുകൊണ്ട്, നമ്മുടെ രൂപാന്തരീകരണം ക്രമാനുഗതമായി സാധിതമാക്കുവാന്‍ പാപ്പാ ഈ ഭാഗത്ത് ആഹ്വാനം ചെയ്യുന്നു.   

അധ്യായം 3. ഗുരുവിന്‍റെ പ്രകാശത്തില്‍

വിശുദ്ധിയെക്കുറിച്ചു പ്രതിപാദിക്കുന്ന അനേകം തത്വങ്ങളും പ്രബോധനങ്ങളുമുണ്ടെങ്കിലും, അവ ഉപകാരപ്രദമാകാമെങ്കിലും, യേശുവിന്‍റെ വാക്കുകയും വഴികളും ആണ് സത്യമായിട്ടുള്ളതെന്ന് പാപ്പാ ഈ അധ്യായത്തില്‍ ഉദ്ബോധിപ്പിക്കുന്നു. ഏറ്റവും ലളിതമായി യേശു വിശദീകരി ക്കുന്ന അഷ്ടസൗഭാഗ്യങ്ങളെ ക്രിസ്ത്യാനിയുടെ ഐഡന്‍റിറ്റി കാര്‍ഡ് എന്ന് പാപ്പാ ഇവിടെ വിശേ ഷിപ്പിക്കുന്നു. അവിടെ, "ആനന്ദമുള്ളവരായിരിക്കുക", "അനുഗൃഹീതരായിരിക്കുക" എന്നത് വിശുദ്ധിയുടെ പര്യായപദങ്ങള്‍ ആയി മാറുകയാണ്.

 "കവിതാസമാനമായ ഈ ഭാഗം", പാപ്പാ പറയുന്നു, "ഒഴുക്കിനെതിരെ നീങ്ങുന്നതിനുള്ള ആഹ്വാനമാണ്; അത് നമ്മില്‍ നിന്ന് ഏറെ ആവശ്യപ്പെടുന്നുമുണ്ട്".  പരിശുദ്ധാത്മാവിന്‍റെ ശക്തി നമ്മില്‍ നിറയുന്നെങ്കില്‍ മാത്രമേ ഈ അനുഗൃഹീതാവസ്ഥയ്ക്കു യോഗ്യമായി നമുക്കു ജീവിക്കാനാവുകയുള്ളു എന്ന് ആമുഖമായി പറഞ്ഞുകൊണ്ട്, അഷ്ടസൗഭാഗ്യങ്ങളിലെ ഓരോ ഉദ്ഘോഷണവും പാപ്പാ ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു. മത്തായിയുടെ സുവിശേഷത്തിലെ തന്നെ 25-ാമധ്യായത്തില്‍ നല്‍കിയിരിക്കുന്ന അന്ത്യവിധിയുടെ  മാനദണ്ഡങ്ങളുമായി ഈ ഭാഗത്തെ തുടര്‍ന്നു ബന്ധിപ്പിക്കുന്ന പാപ്പാ ഉറപ്പോടെ പറയുന്നതിതാണ്: "ശക്തമായ സാക്ഷ്യമേകുന്ന വിശുദ്ധരുടെ ജീവിതങ്ങള്‍ വെളിപ്പെടുത്തുന്നത് അവര്‍ രൂപപ്പെട്ടത്, അഷ്ടസൗഭാഗ്യങ്ങളുടെയും അവസാനവിധിയുടെയും മാനദണ്ഡമനുസരിച്ചാണെന്നാണ്".  അതിനാല്‍, ഈ സുവിശേഷഭാഗങ്ങളുടെ, പ്രാര്‍ഥനാപൂര്‍വകമായ, പ്രായോഗികമാക്കലിനു പരിശ്രമിച്ചുകൊണ്ടുള്ള നിരന്തരമായ വായനയ്ക്ക് പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു: “അവ നമുക്കു നന്മയുളവാക്കും, നമ്മെ യഥാര്‍ഥമായ ആനന്ദമുള്ളവരാക്കി മാറ്റും”, പാപ്പാ പ്രസ്താവിക്കുന്നു.  

അധ്യായം 4. സമകാലീനലോകത്തില്‍ വിശുദ്ധിയുടെ അടയാളങ്ങള്‍

വിശുദ്ധിയുടെ മാര്‍ഗങ്ങളായി സഭ നിര്‍ദേശിക്കുന്നതും ഏവര്‍ക്കും അറിയാവുന്നതുമായ കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട്, അതിനോടു ചേര്‍ത്തുവയ്ക്കാന്‍, ആധുനികലോകത്തിന്‍റെ സംസ്ക്കാരത്തില്‍ സ്ഥിരോത്സാഹവും, ദീര്‍ഘക്ഷമയും സൗമ്യതയും കാത്തു സൂക്ഷിക്കുവാന്‍ പാപ്പാ നമ്മോട് ആവശ്യപ്പെടുന്നു.  "ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കെതിരു നില്‍ക്കും" (റോമാ 8:31) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചുകൊണ്ട്, ആ അറിവ് വിശുദ്ധരുടെ ക്ഷമയുടെ ഉറവിടമായി എന്നും, ക്ഷമാപൂര്‍വം നന്മയില്‍ ഉറച്ചു നില്‍ക്കാന്‍ അതു നമ്മെയും സഹായിക്കുമെന്നും പാപ്പാ ഓര്‍മിപ്പിക്കുന്നു.  വിനയം വേരുറയ്ക്കുന്നത്, എളിമപ്പെടാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെയാണെന്നും അതിനാല്‍, അഹങ്കാരത്തില്‍ നിന്നും അക്രമത്തില്‍ നിന്നും സ്വതന്ത്രരായിരിക്കാനും ഓര്‍മിപ്പിക്കുന്ന പാപ്പാ, എപ്പോഴും ആനന്ദവും, നര്‍മബോധവും കാത്തുസൂക്ഷിക്കാനും വിവിധ അവസരങ്ങളെ വിശദീകരിച്ചുദ്ബോധിപ്പിക്കുന്നു. 110 മുതല്‍ 157 വരെ ഖണ്ഡികകളിലായി വിശുദ്ധിയുടെ അടയാളങ്ങളെക്കുറിച്ചു നല്‍കുന്ന ഈ പ്രബോധനം പാപ്പാ അവസാനിപ്പിക്കുന്നതിങ്ങനെയാണ്: "സുവിശേഷത്തിലെ യേശുവുമായുള്ള കണ്ടുമുട്ടല്‍ കുര്‍ബാനയിലേയ്ക്കു നമ്മെ നയിക്കും... ദിവ്യകാരുണ്യത്തില്‍ അവിടുത്തെ സ്വീകരിക്കുമ്പോള്‍, നാം അവിടുത്തോടുകൂടി നമ്മുടെ ഉടമ്പടി നവീകരിക്കുകയും, നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനുള്ള യേശുവിന്‍റെ പ്രവര്‍ത്തനങ്ങളെ സമ്പൂര്‍ണതയില്‍ നിര്‍വഹിക്കുന്നതിന് അവിടുത്തെ അനുവദിക്കുകയും ചെയ്യും".

അധ്യായം അഞ്ച്: ആത്മീയസമരം, ജാഗ്രതയും വിവേചനാബുദ്ധിയും

അവസാനത്തെ അധ്യായത്തില്‍, 19 ഖണ്ഡികകളിലായി പാപ്പാ ഉപദേശിക്കുന്നത് ക്രിസ്തീയജീവിതം നിരന്തരമായ ഒരു സമരത്തിന്‍റേതാണെന്നോര്‍മിപ്പിച്ചുകൊണ്ട്, പ്രലോഭനങ്ങളെ നേരിടാനുള്ള ധൈര്യവും ശക്തിയും നമുക്കാവശ്യമാണെന്നും അതിനായി, നമ്മുടെ ബലഹീനതകളോടും തിന്മയുടെ ചാച്ചിലുകളോടും പൊരുതുകയും വിവേചനാശക്തി ഉപയോഗിച്ചു ജാഗ്രതയിലായിരിക്കുകയും വേണമെന്നാണ്. പിശാചിന്‍റെ അസ്തിത്വം ഒരു കെട്ടുകഥയല്ല, മറിച്ച് യാഥാര്‍ഥ്യമാണെന്നും, അതിനാല്‍, ജാഗ്രതയോടെ ദൈവശക്തിയില്‍ ആശ്രയം തേടണമെന്നും, നമ്മുടെ വിളക്കുകള്‍ തെളിഞ്ഞിരിക്കണമെന്നും ഉന്നതത്തില്‍ നിന്നുള്ള ദാനം സ്വീകരിച്ചുകൊണ്ട്, കര്‍ത്താവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സഭാപ്രബോധനങ്ങളുടെ പിന്‍ബലത്തോടെ പാപ്പാ പഠിപ്പിക്കുന്നു.  പരിശുദ്ധ അമ്മയുടെ ഹൃദയം പിളര്‍ക്കുന്ന വാളിനെ ഓര്‍മിപ്പിച്ചുകൊണ്ട്, സഹനത്തെ ഏറ്റെടുക്കാനും അമ്മയെ കൂടെ നിര്‍ത്താനും ഉപദേശിക്കുന്ന പാപ്പാ, നമ്മുടെ മാതാവായ മറിയം വാക്കുകളുടെ പ്രളയം ആഗ്രഹിക്കുന്നില്ല എന്നും, ആകയാല്‍ നമുക്കാവശ്യമായിരിക്കുന്നത്, "നന്മനിറഞ്ഞ മറിയമേ" എന്ന ജപം നിരന്തരം ഉരുവിടുന്ന അധരങ്ങളാണെന്നും അവസാനമായി ഓര്‍മിപ്പിക്കുന്നു. 

വിശുദ്ധിയ്ക്കായുള്ള ആഗ്രഹം സഭയില്‍ നവീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും ഈ പ്രബോധനം സഹായകമാണെന്നു തെളിയും എന്ന പ്രതീക്ഷയോടെ, വിശുദ്ധരായിരിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹം നമ്മുടെ മേല്‍ ചൊരിയണമേയെന്ന് പരിശുദ്ധാത്മാവിനോട് യാചിക്കാം എന്നും അങ്ങനെ, ഈ ലോകത്തിന് എടുത്തുമാറ്റാന്‍ കഴിയാത്ത ആനന്ദം നമുക്കു പങ്കുവയ്ക്കാം എന്നുമുള്ള ആഹ്വാന മേകിയാണ് “ആനന്ദിച്ചാഹ്ലാദിക്കുവിന്‍” എന്ന ഈ അപ്പസ്തോലികാഹ്വാനം അവസാനിക്കുന്നത്.

തന്‍റെ പരമാചാര്യത്വത്തിന്‍റെ ആറാംവര്‍ഷത്തില്‍, 2018 മാര്‍ച്ച് 19-ാം തീയതി, വി. യൗസേപ്പിന്‍റെ തിരുനാള്‍ ദിനത്തില്‍  ഫ്രാന്‍സീസ് പാപ്പാ ഒപ്പുവെച്ചതാണ് ഈ രേഖ.

 


(Sr. Theresa Sebastian)

14/04/2018 09:39