സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സര്‍വ്വകലാശാലകള്‍ സംഭാഷണ-സമാഗമങ്ങളുടെ പണിപ്പുരകളാകണം- പാപ്പാ

ഫ്രാന്‍സീസ് പാപ്പാ - AP

14/04/2018 12:57

മാനവകുടുംബത്തിന്‍റെ ഐക്യത്തെക്കുറിച്ച് ഒരു സാര്‍വ്വത്രിക വീക്ഷണവും ഇന്നത്തെ ലോകത്തില്‍ പ്രകടമായ കടുത്ത അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും എതിരായ പോരാട്ടത്തിനാവശ്യമായ പ്രായോഗിക ഐക്യദാര്‍ഢ്യോന്മുഖ പ്രതിബദ്ധതയും വികസിപ്പിച്ചെടുക്കുക എന്നത് വിദ്യാദായക ദൗത്യത്തിന്‍റെ അടിയന്തിരമായ മാനങ്ങളില്‍ ഒന്നാണെന്ന് മാര്‍പ്പാപ്പാ.

അമേരിക്കന്‍ ഐക്യനാടുകളിലെ ഫിലഡാഫിയായിലുള്ള “വില്ലനോവ സര്‍വ്വകലാശാല”യുടെ എഴുപതോളം പ്രതിനിധികളെ ശനിയാഴ്ച (14/04/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളില്‍ ചാതുര്യേണയും ഉത്തരവാദിത്വത്തോടുംകൂടെ പങ്കുചേരാന്‍ യുവതയെ പ്രാപ്തമാക്കുന്ന ബൗദ്ധികവും ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ സംവേദനം ചെയ്യാന്‍ “വില്ലനോവ സര്‍വ്വകലാശാല”യ്ക്ക് കഴിയട്ടെയെന്ന് പാപ്പാ തദ്ദവസരത്തില്‍ ആശംസിച്ചു.

സര്‍വ്വകലാശാലകള്‍, പ്രകൃത്യാ, എല്ലാ തലത്തിലും, സത്യത്തിനും നീതിക്കും മാനവൗന്നത്യ സംരക്ഷണത്തിനുമുള്ള സേവനത്തിനായുള്ള സംഭാഷണത്തിന്‍റെയും സമാഗമത്തിന്‍റെയും പണിപ്പുരകളായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഇത് കത്തോലിക്കാ സര്‍വ്വകലാശാലകളെ സംബന്ധിച്ചിടത്തോളം സവിശേഷമാം വിധം സത്യമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ദൈവത്തില്‍ നിയതമായ പൂര്‍ണ്ണതയിലെത്തിച്ചേരുന്നതിനുള്ള മാനവകുടുംബത്തിന്‍റെ   അധികൃതവും സമഗ്രവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയെന്ന സഭയുടെ ദൗത്യ നിര്‍വ്വഹണത്തിന് കത്തോലിക്കാസര്‍വ്വകലാശാലകള്‍ സംഭാവനയേകുന്നുവെന്നും പാപ്പാ പറഞ്ഞു.

യുവാവായിരുന്ന വിശുദ്ധ അഗസ്റ്റിനെപ്പോലെ, ജീവിതത്തിന്‍റെ യഥാര്‍ത്ഥ പൊരുളും മൂല്യവും അന്വേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ പുത്തന്‍ തലമുറകള്‍ക്ക് കത്തോലിക്കാ പാരമ്പര്യത്തിന്‍റെ സമ്പന്നത പകര്‍ന്നു നല്കുന്നതിനും അതു കാത്തുസൂക്ഷിക്കുന്നതിനുമാണ് “വില്ലനോവ സര്‍വ്വകലാശാല” സ്ഥാപിക്കപ്പെട്ടതെന്നും പാപ്പാ അനുസ്മരിച്ചു.  

14/04/2018 12:57