2018-04-13 09:15:00

അള്‍ജീരിയയിലെ വിമാനാപകടം : പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലെ വിമാനാപകടത്തില്‍
പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു.

ഏപ്രില്‍ 11-Ɔο തിയതി ബുധനാഴ്ച രാവിലെ മൊറോക്കന്‍ തിരങ്ങളില്‍നിന്ന് അള്‍ജീരിയന്‍ സൈനികരും അവരുടെ കുടുംബങ്ങളുമായി തലസ്ഥാനത്തേയ്ക്ക് പറക്കവെ  30 കി.മി. രാജ്യാതിര്‍ത്തിയിലാണ് സ്ത്രീകളും കുഞ്ഞുങ്ങളുമുള്ള
257-പേരുടെ ജീവനൊടുക്കിയ ദാരുണമായ അപകടമുണ്ടായത്.

മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ പാപ്പാ അനുശോചനം അറിയിച്ചു. കരയുന്ന കുടുംബങ്ങളുടെ വേദനയില്‍ താന്‍ പങ്കുകൊള്ളുന്നുവെന്നും, ഈ അപകടത്തില്‍ വേദനക്കുന്ന അള്‍ജീരിയന്‍ ജനതയ്ക്ക് തന്‍റെ ആത്മീയ സാമീപ്യമുണ്ടെന്നും, അല്‍ജെര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് പോള്‍ ഡെസ്ഫാര്‍ജസിന് അയച്ച കത്തിലൂടെ പാപ്പാ അറിയിച്ചു. മരണമടഞ്ഞവരെ ദൈവം നിത്യശാന്തിയിലേയ്ക്ക് സ്വീകരിക്കട്ടെയെന്നും, മുറിപ്പെട്ടവരെ അവിടുന്നു സമാശ്വസിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. അതുപോലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്കും തന്‍റെ പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടും അപ്പോസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

അപകടകാരണം ഇനിയും വ്യക്തമല്ല. മൊറോക്കോയുടെ തര്‍ക്കഭൂമിയില്‍ സുരക്ഷാസേവനം ചെയ്തിരുന്ന കുറെ സൈനികരും കുടുംബങ്ങളും അള്‍ജീരിയയിലേയ്ക്ക് മടങ്ങവെയാണ്, ദാരുണമായ വിമാനാപകടം ഉണ്ടായത്. മിലിട്ടറി താവളത്തില്‍നിന്നും ഏകദേശം 30 കിലോമീറ്റര്‍ പറന്നുയര്‍ന്ന വിമാനത്തിന്‍റെ ചിറകുകളില്‍ തുടങ്ങിയ തീപിടുത്തമാണ് അപകടകാരണമായതെന്ന് വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു. 2014-നുശേഷം ഉണ്ടായിട്ടുള്ള ലോകത്തെ ഏറ്റവും വലിയ അപകടമാണിത്.








All the contents on this site are copyrighted ©.