2018-04-12 20:21:00

ക്രിസ്തുസാക്ഷികള്‍ സത്യത്തിന് വിലപേശരുത്!


സാന്താ മാര്‍ത്തയിലെ വചനസമീക്ഷ
12 ഏപ്രില്‍ 2018, വ്യാഴം

ഒരു ഈസ്റ്റര്‍ ഇടവേളയക്കുശേഷം പേപ്പല്‍ വസതി സാന്താമാര്‍ത്തയില്‍ ഏപ്രില്‍ 12-Ɔο തിയതി വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകളാണിത്.

സത്യത്തിനു സാക്ഷ്യവഹിക്കുന്നതുകൊണ്ടും സത്യത്തിനുവേണ്ടി വിലപേശാതെ സത്യം ഏറ്റുപറയുന്നതുകൊണ്ടുമാണ് ക്രിസ്തു ശിഷ്യന്മാര്‍ ഇന്ന് കൊല്ലപ്പെടുന്നത്. ആദ്യനൂറ്റാണ്ടിലുമധികം ക്രൈസ്തവര്‍ ആധുനികകാലത്ത് സുവിശേഷത്തെപ്രതിയും സത്യത്തെപ്രിതിയും ക്രൂശിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ക്രൈസ്തവര്‍ സമരസപ്പെട്ടു നല്ക്കുകയാണെങ്കില്‍ ജീവിതം പരമളമുള്ളതാക്കാം, സുഖലോലുപതയുടേതാക്കാം. അതിനാല്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ ആദ്യനിമിഷങ്ങള്‍ എപ്പോഴും അനുസ്മരിക്കേണ്ടതാണ്. തുടര്‍ന്ന് അനുസരണം, ജീവിതസാക്ഷ്യം, യാഥാര്‍ത്ഥ്യബോധം എന്നിവ ഉത്ഥിതന്‍റെ സന്തോഷത്തില്‍നിന്നും ലഭിക്കുന്ന പുണ്യങ്ങള്‍ പാപ്പാ വിശദീകരിച്ചു.

1. ഈസ്റ്റര്‍ സന്തോഷം
ഉത്ഥാനാനന്തരമുള്ള 50 നാളുകള്‍ ഈസ്റ്റര്‍ ലഹരിയുടെയും സന്തോഷത്തിന്‍റെയും നാളുകളാണെന്നു പറയാം. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള സന്തോഷത്തിന്‍റെ നാളുകളായിരുന്നു അവ. അവ യഥാര്‍ത്ഥത്തില്‍ സന്തോഷത്തിന്‍റെ ദിനങ്ങളായിരുന്നെങ്കിലും... ജീവിതത്തില്‍ ഒരുപോലെ സംശയത്തിന്‍റെയും, ഭീതിയുടെയും ആശ്ചര്യത്തിന്‍റെയും നാളുകളുമായിരുന്നു. എന്നാല്‍ പിന്നീട് പരിശുദ്ധാത്മാവ് ആഗതനായപ്പോള്‍ അവരുടെ ഭീതി ധൈര്യമായി പരിണമിക്കുന്നു. അവര്‍ ക്രിസ്തുവിനെ കണ്ടത് എന്തിനാണെന്ന് മനസ്സിലായെങ്കിലും, അത് ഒരു പൂര്‍ണ്ണമായൊരു മനസ്സിലാക്കലായിരുന്നില്ല. അവര്‍ക്ക് എല്ലാം മനസ്സിലായില്ല. എന്നാല്‍ ദൈവാരൂപിയാണ് അവര്‍ക്ക് വെളിച്ചം നല്കി എല്ലാം മനസ്സിലാക്കിക്കൊടുത്തത്.

2. ദൈവഹിതം നിറവേറ്റുന്നതാണ് അനുസരണം
ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിക്കാന്‍ അപ്പസ്തോലന്മാരെ സമൂഹപ്രമാണികള്‍ തടഞ്ഞിരുന്നു. പ്രസംഗിച്ചതിനും അത്ഭുതം പ്രവര്‍ത്തിച്ചതിനും ആദ്യം അവരെ ജയിലിലടച്ചു. ജയില്‍നിന്നു പുറത്തുവിട്ടപ്പോള്‍ വീണ്ടും അവര്‍ ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കാന്‍ തുടങ്ങിയെന്ന് ഇന്നത്തെ ആദ്യവായന രേഖപ്പെടുത്തിയിരിക്കുന്നു (നടപടി 5, 27-33). സെന്‍ഹെദ്രിന്‍ സംഘത്തിനു മുന്‍പില്‍ അവര്‍ വിചാരണചെയ്യപ്പെട്ടു. പത്രോസ് തുറന്നു പറഞ്ഞു, “ഞങ്ങള്‍ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്.” അനുസരണയെക്കുറിച്ച് ഇന്നത്തെ സുവിശേഷവും പ്രതിപാദിക്കുന്നു (യോഹ.3, 31-36). ദൈവാരൂപിയെ സ്വീകരിച്ച അപ്പസ്തോലന്മാര്‍ അനുസരണയുള്ളവരും ദൈവഹിതത്തോട് കീഴ്വഴക്കമുള്ളവരുമായി മാറുന്നു. അത് ക്രിസ്തുവിനോടു അനുസരണപ്പെട്ടു ജീവിക്കാനായിരുന്നു. “പുത്രനെ അനുസരിക്കുന്നവന് നിത്യജീവന്‍ ലഭിക്കുന്നു,” ഇതാണ് സുവിശേഷം! മരണത്തോളം പിതാവിനു വിധേയപ്പെട്ട ക്രിസ്തു. അതിനാല്‍ അവിടുന്നു തുറന്നുതന്ന മാര്‍ഗ്ഗംതന്നെയാണ് അനുസരണം. അതിനാല്‍ അവിടുത്തെ ശിഷ്യരായ നമ്മളും ദൈവഹിതത്തോട് അനുസരണയുള്ളവരായി ജീവിക്കണം.

3. ആദ്യം സമ്പത്തിന്‍റെ ലൗകായത്വം
സമൂഹത്തില്‍ എല്ലാം നിയന്ത്രിക്കാന്‍ മുന്‍കൈയ്യെടുക്കുന്നവര്‍ കൈക്കൂലി കൊടുത്താണ് അപ്രകാരം ചെയ്യുന്നത്. അത് ക്രിസ്തുവിന്‍റെ കല്ലറയുടെ വിളുമ്പുവരെ എത്തി. ലോകത്ത് പലകാര്യങ്ങളും പരിഹരിക്കപ്പെടുന്നത് ലൗകികമായ ശൈലിയിലാണ്. പണമാണ് ഇന്നും എവിടെയും ആദ്യം. പണത്തിന്‍റെ അധിപന്‍ പിശാചാണ്. ഈശോ പറയുന്നുണ്ട് നമുക്ക് രണ്ടു യജമാന്മാരെ ഒരുമിച്ചു സേവിക്കാനാവില്ല (മത്തായി 6, 24).

4. പീഡിതരായ ക്രൈസ്തവര്‍
അപ്പോസ്തോലന്മാരുടെ രണ്ടാമത്തെ ഗുണമാണ് ക്രിസ്തുവിനു സാക്ഷ്യമേകുകയെന്നത്. എന്നാല്‍ സാക്ഷ്യം ചിലര്‍ക്ക് ആരോചകമാണ്. അങ്ങനെയുള്ളവര്‍ സൗകര്യാര്‍ത്ഥം ലോകത്തോട് തങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ച കാണിക്കുന്നവരാണ്. എന്നാല്‍ ക്രിസ്തു സാക്ഷികള്‍ വിട്ടുവീഴ്ച കാണിക്കുന്നില്ല. എന്നാല്‍ വിശ്വാസവും ചിന്താധാരയും അംഗീകരിക്കാത്തവരെ ശിഷ്യന്മാര്‍ ക്ഷമയോടെ പിന്‍ചെല്ലാറുണ്ട്. അവരോട് വീട്ടുവീഴ്ച കാണിക്കാറുമുണ്ട്. എന്നാല്‍ ഒരിക്കലും അവര്‍ സത്യത്തിനായി വിലപേശാറില്ല! പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാലും സത്യം കൈവെടിയുകയില്ല!!  ആദ്യം അനുസരണം, പിന്നെ സാക്ഷ്യം. രണ്ടും വെല്ലുവിളിയാണ്. പീഡനങ്ങള്‍ ഉണ്ടാകുന്നത് സാക്ഷ്യത്തില്‍നിന്നാണ്. അത് അന്നു തുടങ്ങിയത് ഇന്നും തുടരുന്നു. മദ്ധ്യപൂര്‍വ്വദേശത്തും ആഫ്രിക്കയിലും പീഡിപ്പിക്കപ്പെടുന്നവരെ ഓര്‍ക്കാം. അവര്‍ പൂര്‍വ്വോപരി അധികമാണ്, ധാരാളമാണ്. പലരും തടങ്കലിലാണ്, കഴുത്തറുത്തു കൊല്ലപ്പെടുന്നു, ക്രിസ്തുവിനെ ഏറ്റുപറഞ്ഞതിന് തൂക്കിലേറ്റപ്പെടുന്നു! അവസാനവും സ്വയാര്‍പ്പണത്തിന്‍റെ സാക്ഷ്യംതന്നെയാണ്.

5. യാഥാര്‍ത്ഥ്യങ്ങള്‍ മറക്കരുത്!
യാഥാര്‍ത്ഥ്യബോധം അപ്പസ്തോലന്മാരുടെ മൂന്നാമത്തെ പുണ്യമാണ്. അവര്‍ കെട്ടുകഥകള്‍ ചമയ്ക്കുകയായിരുന്നില്ല. തങ്ങള്‍ കണ്ടതും നേരില്‍ ശ്രവിച്ചതും സ്പര്‍ശിച്ചതും, തങ്ങളെ സ്പര്‍ശിച്ചതും, അനുഭവിച്ചതുമായ കാര്യങ്ങള്‍ സകലരുടെയും മുന്‍പില്‍ സാക്ഷ്യപ്പെടുത്തുകയായിരുന്നു.  ചിലപ്പോള്‍ ഭീതി നമ്മെ വിഴുങ്ങുന്നു. അപ്പോള്‍ നമ്മെ മാറ്റിമറിച്ച ആദ്യകൂടിക്കാഴ്ചയുടെ അനുഭവങ്ങള്‍ മറന്നുപോകും. ഓര്‍മ്മ മങ്ങുന്നു. സ്മൃതി വളച്ചൊടിക്കപ്പെടുന്നു. അപ്പോള്‍ നാം സുഖലോലുപരായ ക്രൈസ്തവരായി മാറും. നമ്മുടെ ജീവിതങ്ങള്‍ ഉപരിപ്ലവമായിത്തീരും. യേശു പങ്കുവയ്ക്കുകയും പകര്‍ന്നുനല്കുകയും ചെയ്തിട്ടുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിക്കാനുളള കൃപയ്ക്കായി ദൈവാരൂപിയോടു പ്രാര്‍ത്ഥിക്കാം. ദൈവാത്മാവ് എന്നില്‍ ആവസിച്ചിട്ടുള്ളതാണ്. എന്നാല്‍ ഞാന്‍ ആ നിമിഷങ്ങള്‍ മറക്കുന്നു.

6. ഉത്ഥാനലഹരിയുടെ ആനന്ദത്തിനായി പ്രാര്‍ത്ഥിക്കാം
അത് പരിശുദ്ധാത്മാവു തരുന്ന സന്തോഷമാണ്. അത് ഉത്ഥാനാനുഭവത്തിന്‍റെയും ദൈവഹിതത്തോടുള്ള അനുസരണയുടെയും ആനന്ദമാണ്. അത് ക്രിസ്തു-സാക്ഷ്യം തരുന്ന സന്തോഷമാണ്. അത്  ഉത്ഥാനം തരുന്ന യാഥാര്‍ത്ഥ്യമായ ആത്മീയ ആനന്ദനിര്‍വൃതിയാണ്!








All the contents on this site are copyrighted ©.