സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

"ഉന്നതത്തില്‍ നിന്നുള്ള ജനനം അനിവാര്യം": മാര്‍പ്പാപ്പ

ഫ്രാന്‍സീസ് പാപ്പാ കാരുണ്യത്തിന്‍റെ മിഷനറിമാരോടൊത്ത്, 10-04-2018

10/04/2018 15:23

കരുണയുടെ ഞായറാഴ്ചയാചരണത്തോടനുബന്ധിച്ച്,  കാരുണ്യത്തിന്‍റെ മിഷനറിമാരായ വൈദികരോടൊത്ത് പാപ്പാ ഏപ്രില്‍ 10-ാം തീയതി മധ്യാഹ്നത്തില്‍ വി. പത്രോസിന്‍റെ ബസിലിക്കയിലര്‍പ്പിച്ച ബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് ഇപ്രകാരം പാപ്പാ ഉദ്ബോധിപ്പിച്ചത്.

"അപ്പസ്തോലന്മാര്‍, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നല്‍കി" എന്ന നടപടിഗ്രന്ഥത്തിലെ വചനം (4:33) ഉദ്ധരിച്ചുകൊണ്ട് വചനസന്ദേശത്തിന്‍റെ സംഗ്രഹം നല്‍കി പാപ്പാ ആരംഭിച്ചു:  "എല്ലാം ആരംഭിക്കുന്നത് യേശുവിന്‍റെ ഉത്ഥാനത്തില്‍ നിന്നാണ്. ആ സംഭവത്തില്‍ നിന്നാണ്, അപ്പസ്തോലന്മാരുടെ സാക്ഷ്യവും, അതിലൂടെയാണ് വിശ്വാസവും നവജീവിതവും ലഭിച്ച സമൂഹവും ഉത്ഭവിക്കുന്നത്.  ഇതാണ് ലളിതമായ സുവിശേഷപ്രഘോഷണ ശൈലി...

വ്യക്തിയുടെ നവജനനവും സമൂഹജീവിതവും അതുകൊണ്ട് വേര്‍തിരിക്കാനാവാത്തതാണ്. കാരുണ്യത്തിന്‍റെ വിശുദ്ധ ജൂബിലി വത്സരത്തില്‍ നിങ്ങള്‍ ഏറ്റെടുത്ത ശുശ്രൂഷ ഈ രണ്ടു ദിശയിലേയ്ക്കുമുള്ളതാണ്.  എന്തെന്നാല്‍ അത്, ഉന്നതത്തില്‍ നിന്നുള്ള വീണ്ടുംജനനവും, സമൂഹത്തിനു വേണ്ടിയുള്ള ശുശ്രൂഷയുമാണ്..." അവരുടെ ദൗത്യത്തിന്‍റെ സവിശേഷത എടുത്തുപറഞ്ഞുകൊണ്ട്, ദിവ്യബലിയുടെ വായനയെ പാപ്പാ വിശദീകരിച്ചു.

"...ഉന്നതത്തില്‍ നിന്നു ജനിച്ചവരാകുക. ജലത്താലും അരൂപിയാലും ജനിച്ചവര്‍.  ദൈവത്തിന്‍റെ ഈ യുക്തി നിക്കൊദേമൂസിനു മനസ്സിലാകുന്നതായിരുന്നില്ല. ഈ ദൈവികയുക്തി, കൃപയുടെ യുക്തിയാണ്, കാരുണ്യത്തിന്‍റെ യുക്തിയാണ്, ചെറുതായിരിക്കുന്നവര്‍ വലിയവരായിരിക്കുന്നതും, അവസാനത്തവന്‍ ആദ്യമായിരിക്കുന്നതിന്‍റെയും യുക്തി. അത് പിതാവിന്‍റെയും, യേശുവിന്‍റെയും പരി ശുദ്ധാത്മാവിന്‍റെയും പ്രാഥമികത്വം നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്നതാണ്..." അതുകൊണ്ട്, സാധാരണ വൈദികരായിരിക്കുക, ലാളിത്യമാര്‍ന്ന, സൗമ്യതയുള്ള, സന്തുലിത വ്യക്തിത്വമുള്ള, അരൂപിയാല്‍ നിരന്തരം നവീകരിക്കപ്പെടാന്‍ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്ന, മരുഭൂമിയില്‍ ഉയര്‍ത്തപ്പെടുന്ന രക്ഷയുടെ അടയാളം, സമൂഹത്തിനുമുഴുവന്‍ മാനസാന്തരത്തിന്‍റെ ഉറവിടമാ ക്കുവാന്‍ ആഹ്വാനം ചെയ്തു.

ഏപ്രില്‍ 10-ാംതീയതി, രാവിലെ 10.30-ന്, അവര്‍ക്കു വത്തിക്കാനിലെ റേജിയ ശാലയില്‍ പ്രത്യേകമായി അനുവദിച്ച കൂടിക്കാഴ്ചാ വേളയില്‍, പ്രായേണ ദൈര്‍ഘ്യമാര്‍ന്ന സന്ദേശമാണ് അവര്‍ക്കു പാപ്പാ നല്‍കിയത്

പ്രിയ മിഷനറിമാരെ, എന്ന അഭിസംബോധനയോടെ ആരംഭിച്ച സന്ദേശത്തില്‍, ദൈവികകാരുണ്യ ത്തിന്‍റെ മിഷനറിവേലയില്‍ ഏര്‍പ്പെട്ടുകൊണ്ട് അവര്‍ നടത്തുന്ന സഭാശുശ്രൂഷ മഹത്വമാര്‍ന്നതാണ് എന്ന് പാപ്പാ പ്രത്യേകം സൂചിപ്പിച്ചു.  ദൈവകാരുണ്യത്തിന്‍റെ പ്രഘോഷണത്തിലൂടെയും അനുരഞ്ജന കൂദാശ പരികര്‍മം ചെയ്തും അവര്‍ വിശ്വാസികള്‍ക്കു നല്‍കിയ ശുശ്രൂഷകളെ പാപ്പാ അനുസ്മരിച്ചു.

കരുണയുടെ ആഴങ്ങളിലേയ്ക്കാണ്ടിറങ്ങുന്ന ഏശയ്യായുടെ വചനവും, പൗലോസ് അപ്പസ്തോലന്‍റെ വചനവും പാപ്പാ പങ്കുവച്ചു.  ... "മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല"... (ഏശ 49:ദൈവിക ഔദാര്യത്തിന്‍റെ, സമാശ്വാസത്തിന്‍റെ, ദൈവികസാന്നിധ്യത്തിന്‍റെ  നിത്യ സ്നേഹവാഗ്ദാനത്തിന്‍റെ സമ്പന്നത ഈ ദൈവകാരുണ്യത്തിലുണ്ട്... "...യേശു വന്നത് പാപികളെ രക്ഷിക്കാനാണ്... പാപികളില്‍ ഒന്നാമനാണു ഞാന്‍... എങ്കിലും എനിക്കു കാരുണ്യം ലഭിച്ചു" (1 തിമോ 1:15-16).  അപ്പസ്തോലന്‍ ഒരിക്കലും തന്‍റെ കഴിഞ്ഞകാലത്തെ മറച്ചുവയ്ക്കുന്നില്ല... അതുകൊണ്ട് അപ്പസ്തോലന്‍ പറയുന്നതുപോലെ, "ദൈവത്തിന്‍റെ കൃപ വ്യര്‍ഥമാക്കരുതെന്ന് നിങ്ങളോടു ഞാന്‍ അപേക്ഷിക്കുന്നു" (2 കോറി 6,1). നോമ്പുകാലത്തിലെ ഹൃദയസ്പര്‍ശിയായ ചിന്തകളെ പ്രാര്‍ഥനയായും ജീവിതശൈലിയായും പകര്‍ത്താം എന്ന നിര്‍ദേശിച്ചുകൊണ്ട് ആ ചിന്തകള്‍ പാപ്പാ പ്രാര്‍ഥനയായി പങ്കുവച്ചു:

ഓ പിതാവേ, നീതിമാന്മാര്‍ക്ക് അവരുടെ പ്രതിഫലം നല്‍കേണമേ, പശ്ചാത്തപിക്കുന്ന പാപി കള്‍ക്ക് അവിടുത്തെ ക്ഷമ നിഷേധിക്കരുതേ, ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ, ഞങ്ങളുടെ തെറ്റുകളുടെ വിനയമാര്‍ന്ന ഏറ്റുപറച്ചിലുകള്‍ ശ്രദ്ധിക്കണമേ, അങ്ങയുടെ കാരുണ്യം ഞങ്ങള്‍ നേടട്ടെ!

കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ കാരുണ്യദൗത്യവുമായി പാപ്പാ നിയോഗിച്ച ആയിരത്തോളം വരുന്ന വൈദികരാണ് കാരുണ്യത്തിന്‍റെ മിഷനറിമാര്‍. നവസുവിശേഷവത്ക്കരണത്തിനായുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡ‍ന്‍റ് ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കേല്ലയുടെ ചുമതലയിലാണ് ഈ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍.  മിസെരിക്കോര്‍ദിയ എത് മീസെര എന്ന അപ്പസ്തോലിക എഴുത്തിലൂടെ, കാരുണ്യത്തിന്‍റെ ഈ മിഷനറിദൗത്യം വിശുദ്ധ വത്സരത്തിനുശേഷവും തുടരുന്നതിനു അവരെ പരിശുദ്ധ പിതാവു ചുമതലപ്പെടുത്തുകയായിരുന്നു.


(Sr. Theresa Sebastian)

10/04/2018 15:23