2018-04-09 17:24:00

“ആനന്ദിച്ചാഹ്ലാദിക്കുവിന്‍” പുതിയ അപ്പസ്തോലികാഹ്വാനം


സമകാലീന ലോകത്തില്‍ വിശുദ്ധിയിലേയ്ക്കുള്ള വിളി എന്ന ഉപശീര്‍ഷകവുമായി “ആനന്ദിച്ചാഹ്ലാദിക്കുവിന്‍” (GAUDETE ET EXSULTATE, On the Call to Holiness in Today’s World) എന്ന പേരിലുള്ള പുതിയ അപ്പസ്തോലികാഹ്വാനം പ്രസിദ്ധീകൃതമായി.  വി. മത്തായിയുടെ സുവിശേഷത്തില്‍ നിന്ന്, അഷ്ടസൗഭാഗ്യത്തെക്കുറിച്ചുള്ള യേശുവിന്‍റെ ഉദ്ഘോഷണത്തില്‍ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണെന്നു വ്യക്തമാക്കി ആനന്ദിച്ചാഹ്ലാദിക്കുവിന്‍ (മത്താ 5:12) എന്നു അവിടുന്നു നല്‍കുന്ന ആഹ്വാനമാണ് ഈ അപ്പസ്തോലികാഹ്വാനത്തിന്‍റെ ശീര്‍ഷകമായിരിക്കുന്നത്.

അഞ്ച് അധ്യായങ്ങളിലായി 176 നമ്പറുകളില്‍ നല്‍കുന്ന ഈ രേഖയുടെ ആമുഖത്തില്‍ത്തന്നെ യേശുവിന്‍റെ ഈ ഉദ്ഘോഷണത്തിന്‍റെ പശ്ചാത്തലം വിവരിക്കുന്ന പാപ്പാ, അതേത്തുടര്‍ന്ന് വിശു ദ്ധിയിലേയ്ക്കുള്ള വിളി അതിന്‍റെ എല്ലാ ബുദ്ധിമുട്ടുകളോടും വെല്ലുവിളികളോടും കൂടെ ഏറ്റെടുക്കേണ്ട അവസരങ്ങളില്‍ അനുവര്‍ത്തിക്കേണ്ട പ്രായോഗികമാര്‍ഗങ്ങള്‍, മലയിലെ പ്രസംഗത്തില്‍ യേശു നല്‍കുന്നുവെന്ന് പ്രബോധിപ്പിക്കുന്നു.

ഒന്നാമധ്യായം നമുക്കു മുമ്പേ കടന്നുപോയിട്ടുള്ള വിശുദ്ധരെക്കുറിച്ച്, നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരെക്കുറിച്ചുകൂടി ഓര്‍മിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുമ്പോള്‍, രണ്ടാമധ്യായം വിശുദ്ധ ജീവിതത്തിന്‍റെ ശത്രുക്കളെക്കുറിച്ചും, മൂന്നാമധ്യായം നല്ല ക്രിസ്ത്യാനിയാകുന്നതിന് എന്തുചെയ്യണം എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുന്ന യേശുവിന്‍റെ മലയിലെ പ്രസംഗത്തെക്കു റിച്ചും വിശദീകരിക്കുന്നു. അഷ്ടസൗഭാഗ്യങ്ങളുടെയും അവസാനവിധിയുടെയും മാനദണ്ഡങ്ങളായ കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ രൂപവത്ക്കരിക്കപ്പെട്ട വിശുദ്ധരുടെ ജീവിതങ്ങളുടെ പുനര്‍വായനയ്ക്കും, പ്രാര്‍ഥനാപൂര്‍വമായ മനനത്തിനും, സമൂര്‍ത്തമാക്കലിനുമായി പാപ്പാ നമ്മെ ക്ഷണിക്കുന്നുമുണ്ട്. 

വിവിധങ്ങളായ പ്രാര്‍ഥനാരീതികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമിടയില്‍, അവയുടെ പ്രാധാ ന്യം കുറച്ചുകാണാതെ തന്നെ, ദൈവത്തോടും സഹോദരങ്ങളോടുമുളള സ്നേഹത്തിന്‍റെ നിദര്‍ശനങ്ങളായ തികച്ചും പ്രായോഗികവും അര്‍ഥപൂര്‍ണവുമായ ചില പുണ്യാഭ്യസനങ്ങള്‍കൂടി പാപ്പാ നിര്‍ദേശിച്ചിരിക്കുന്നത് നാലാമധ്യായത്തില്‍ കാണാം.  അവസാനാധ്യായം ജാഗ്രതയോടും വിവേ ചനയോടും കൂടി നിരന്തരം പൊരുതുന്ന ക്രിസ്ത്യാനിയായിരിക്കാന്‍ ഉള്ള ക്ഷണമാണു നല്‍കുക. ഇതിനായി, ദൈവിക പ്രകാശത്തിലായിരിക്കാനും, അവിടുത്തെ വാക്കുകള്‍ക്കും ദാനങ്ങള്‍ക്കും തുറവിയുള്ളവരായിരിക്കാനും പാപ്പാ ഉപദേശിക്കുന്നു.

പരിശുദ്ധ അമ്മയുടെ ഹൃദയം പിളര്‍ക്കുന്ന വാളിനെ ഓര്‍മിപ്പിച്ചുകൊണ്ട്, സഹനത്തെ ഏറ്റെടുക്കാനും വിശുദ്ധരിലെ വിശുദ്ധയായ, നമ്മുടെ പക്ഷത്തു എപ്പോഴും നില്‍ക്കുന്ന അമ്മയെ കൂടെ നിര്‍ത്താനും ഉപദേശിക്കുന്ന പാപ്പാ, മാതാവായ മറിയം വാക്കുകളുടെ പ്രളയം ആഗ്രഹിക്കുന്നി ല്ല എന്നും, ആകയാല്‍ നമുക്കാവശ്യമായിരിക്കുന്നത് നന്മനിറഞ്ഞ മറിയമേ എന്ന ജപം നിരന്തരം ഉരുവിടുന്ന അധരങ്ങളാണെന്നും അവസാനമായി ഓര്‍മിപ്പിക്കുന്നു.  വിശുദ്ധിയ്ക്കായുള്ള ആഗ്രഹം സഭയില്‍ നവീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും ഈ പ്രബോധനം സഹായകമാണെന്നു തെളിയും എന്ന പ്രതീക്ഷയോടെ, വിശുദ്ധരായിരിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹം നമ്മുടെ മേല്‍ ചൊരിയണമേയെന്ന് പരിശുദ്ധാത്മാവിനോട് ചോദിക്കാനുള്ള ഉപദേശമേകുന്നു. അങ്ങനെ, ഈ ലോകത്തിന് എടുത്തുമാറ്റാന്‍ കഴിയാത്ത ആനന്ദം നമുക്കു പങ്കുവയ്ക്കാം എന്ന ആഹ്വാനമേകിയാണ് “ആനന്ദിച്ചാഹ്ലാദിക്കുവിന്‍” എന്ന ഈ അപ്പസ്തോലികാഹ്വാനം അവസാനിക്കുന്നത്.

2018 ഏപ്രില്‍ 9-ാംതീയതി തിങ്കളാഴ്ച, രാവിലെ പരിശുദ്ധ സിംഹാസനം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വച്ചു നടത്തിയ പ്രകാശനകര്‍മത്തില്‍, പത്രപ്രവര്‍ത്തകര്‍, വിവിധ കലാസാംസ്ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിവിധ മതവിശ്വാസികള്‍ എന്നിവരുള്‍പ്പെടെ അനേകര്‍ പങ്കെടുത്തു.

 








All the contents on this site are copyrighted ©.