സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

പാപ്പായുടെ സുവിശേഷ ചിന്തകള്‍ ദൈവിക കരുണയുടെ തിരുന്നാളില്‍

ഫ്രാന്‍സീസ് പാപ്പാ ദൈവിക കരുണയുടെ തിരുന്നാള്‍ക്കുര്‍ബ്ബാനാര്‍പ്പണ വേളയില്‍, വത്തിക്കാന്‍ 08/04/018 - REUTERS

09/04/2018 13:04

ഉത്ഥാനത്തിരുന്നാള്‍ കഴിഞ്ഞു വരുന്ന ആദ്യഞായറാഴ്ച തിരുസഭ ദൈവിക കരുണയുടെ തിരുന്നാളും തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിന്‍റെ ഓര്‍മ്മയും ആചരിക്കുന്നു. പുതുഞായര്‍ എന്ന പേരിലും ഈ ദിനം പരിശുദ്ധമായി ആചരിക്കപ്പെടുന്നു. ആകയാല്‍ ഇക്കഴിഞ്ഞ എട്ടാം തിയതി ഞായറാഴ്ച (08/04/18)  വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, ഫ്രാന്‍സീസ് മുഖ്യകാര്‍മ്മികനായി, ദൈവിക കാരുണ്യത്തിന്‍റെ തിരുന്നാള്‍ക്കുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ടു. റോമിലെ സമയം രാവിലെ 10.30 ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച സാഘോഷമായ ഈ സമൂഹബലിയില്‍ വിവിധരാജ്യാക്കാരായിരുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ഉള്‍പ്പടെ 60 ഉം കരുണയുടെ പ്രേഷിതരായ 550 ല്‍പ്പരം വൈദികരും സഹകാര്‍മ്മികരായി. അമ്പതിനായിരത്തിലേറെ വിശ്വാസികള്‍ ഈ ദിവ്യബലിയില്‍ പങ്കുകൊണ്ടു. ഉയിര്‍പ്പുതിരുന്നാളിനോടനുബന്ധിച്ച് പുഷ്പങ്ങളാല്‍ അലങ്കരിച്ചിരുന്ന വേദിയില്‍ത്തന്നെയായിരുന്നു ദിവ്യപൂജാര്‍പ്പണം.

പ്രവേശനഗീതം ആലപിക്കപ്പെട്ടപ്പോള്‍ ബലിവേദിയില്‍ പ്രദക്ഷിണമായെത്തിയ ഫ്രാന്‍സീസ് പാപ്പ പ്രാരംഭപ്രാര്‍ത്ഥനകള്‍ക്കും ദൈവവചനപാരായണത്തിനും ശേഷം സുവിശേഷചിന്തകള്‍ പങ്കുവച്ചു.

ഭയന്ന് കതകടച്ചിരിക്കുകയായിരുന്ന ശിഷ്യന്മാര്‍ക്ക് ഉത്ഥിതന്‍ പ്രത്യക്ഷനാകുന്നതും,  ആ ദര്‍ശനത്തില്‍ ശിഷ്യന്മാര്‍ സന്തോഷിക്കുന്നതും, അവര്‍ക്ക് പാപമോചനാധികാരം നല്കി അവരെ അയക്കുന്നതും അവരോടുകൂടെയില്ലാതിരുന്ന ശിഷ്യന്‍ തോമസ് ഉത്ഥിതനെ കണ്ട് തൊട്ടറിഞ്ഞേ വിശ്വസിക്കയുള്ളു എന്നു ശാഠ്യം പിടിക്കുന്നതും അവസാനം ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും പ്രത്യക്ഷനായ ഉത്ഥിതനെ കണ്ട തോമാശ്ലീഹാ “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ” എന്നുദ്ഘോഷിച്ചുകൊണ്ട് വിശ്വാസം പ്രഖ്യാപിക്കുന്നതുമായ സംഭവവിവരണം, യോഹന്നാന്‍റെ സുവിശേഷം ഇരുപതാം അദ്ധ്യായം 19-31 വരെയുള്ള വാക്യങ്ങളായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.  

പാപ്പായുടെ വചനസമീക്ഷ:

“കാണുക” എന്ന ക്രിയാപദം ഇന്നത്തെ സുവിശേഷത്തില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. “കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ ആനന്ദിച്ചു” (യോഹന്നാന്‍ 20:20) പിന്നീട് ശിഷ്യന്മാര്‍ തോമസിനോടു പറയുന്നു:”ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു” (യോഹന്നാന്‍ 20:25) എന്നാല്‍ അവര്‍ കര്‍ത്താവിനെ എങ്ങനെയാണ് കണ്ടതെന്ന് സുവിശേഷം വിവിരിക്കുന്നില്ല, ഉത്ഥിതനെക്കുറിച്ച് വിശദീകരിക്കുന്നില്ല, എന്നാല്‍ ഒരു സവിശേഷത മാത്രം എടുത്തുകാട്ടുന്നു, ഉത്ഥിതന്‍  “കരങ്ങളും പാര്‍ശ്വവും അവര്‍ക്കു കാണിച്ചു കൊടുക്കുന്നു” (യോഹന്നാന്‍ 20:20) ശിഷ്യന്മാര്‍ യേശുവിനെ തിരിച്ചറിഞ്ഞത് അവിടത്തെ മുറിവുകളാലാണ് എന്ന് നമ്മോടു പറയാന്‍ ശ്രമിക്കുന്നതു പോലെ തോന്നുന്നു. തോമസിന്‍റെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെയാണ്. കര്‍ത്താവിന്‍റെ കരങ്ങളിലെ ആണിപ്പാടുകള്‍ കാണണമെന്ന് അദ്ദേഹവും ആവശ്യപ്പെട്ടു. അവ കണ്ടതിനുശേഷം തോമസ് വിശ്വസിക്കുന്നു. (യോഹന്നാന്‍ 20:27).

തോമസ് അവിശ്വാസം പ്രകടിപ്പിച്ചെങ്കിലും നാം അദ്ദേഹത്തോടു നന്ദി പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം യേശു ജീവിച്ചിരിക്കുന്നുവെന്നു മറ്റുള്ളവര്‍ പറഞ്ഞതുകൊണ്ടും അവിടത്തെ നേരിട്ടു കണ്ടതുകൊണ്ടും തോമസ് തൃപ്തനായില്ല, മറിച്ച്, ഉള്ളു കാണാന്‍, യേശുവിന്‍റെ സ്നേഹത്തിന്‍റെ അടയാളങ്ങളായ അവിടത്തെ മുറിവുകളില്‍ കൈകൊണ്ടു തൊട്ടറിയാന്‍ ആഗ്രഹിച്ചു. ഇരട്ട എന്നര്‍ത്ഥം വരുന്ന ദീദിമോസ് എന്നാണ് സുവിശേഷം തോമസിനെ സംബോധന ചെയ്യുന്നത്. ഇക്കാര്യത്തില്‍ സത്യമായും നമ്മുടെ ഇരട്ട സഹോദരനാണ് തോമസ്. എന്തെന്നാല്‍ നമ്മെ സംബന്ധിച്ചും, ദൈവം ഉണ്ട് എന്ന അറിവുമാത്രം പോരാ. ഉയിര്‍ത്തെഴുന്നേറ്റ വിദുരസ്ഥ ദൈവത്തിന് നമ്മുടെ ഹൃദയത്തെ നിറയ്ക്കാനാകില്ല, എത്രതന്നെ നിതിമാനും വിശുദ്ധനുമായാലും അകലെ ആയിരിക്കുന്ന ഒരു ദൈവത്തിന് നമ്മെ ആകര്‍ഷിക്കാനാകില്ല. ദൈവത്തെ കാണുകയും ഉയിര്‍ത്തെഴുന്നേറ്റവനെ, നമുക്കുവേണ്ടി ഉത്ഥാനം ചെയ്തവനെ കൈ കൊണ്ടു തൊടുകയും ചെയ്യുകയെന്നത് നമ്മുടെയും ആവശ്യമാണ്. നമുക്കെങ്ങനെ അവിടത്തെ കാണാന്‍ കഴിയും? ശിഷ്യന്മാരെപ്പോലെ തന്നെ അവിടത്തെ മുറിവുകളിലൂടെ. മുറിവുകളില്‍ നോക്കിയപ്പോള്‍ അവര്‍ക്കു മനസ്സിലായി ഒരു നേരമ്പോക്കായിട്ടല്ല അവിടന്ന് തങ്ങളെ സ്നേഹിച്ചിരുന്നതെന്നും തന്നെ തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവന്‍ തങ്ങള്‍ക്കിടയിലുണ്ടാന്നയിട്ടും മാപ്പു നല്കിയിരുന്നതെന്നും. അവിടത്തെ മുറിവുകളിലേക്കു പ്രവേശിക്കുകയെന്നാല്‍  അവിടത്തെ ഹൃദയത്തില്‍ നിന്ന് പ്രവഹിക്കുന്ന അളവില്ലാത്ത സ്നേഹത്തെ ധ്യാനിക്കുകയാണ്. ഇതാണ് മാര്‍ഗ്ഗം. യേശുവിന്‍റെ ഹൃദയം എനിക്കായി, നിനക്കായി, നമുക്കോരോരുത്തര്‍ക്കുമായി തുടിക്കുന്നു എന്നറിയുകയാണ്. പ്രിയ സഹോദരീസഹോദരന്മാരേ, ക്രൈസ്തവരാണെന്ന് നമുക്കു സ്വയം കരുതാനും, അവകാശപ്പെടാനും, വിശ്വാസത്തിന്‍റെ ശ്രേഷ്ഠമായ നിരവധി മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാനുമൊക്കെ നമുക്കു സാധിക്കും, എന്നാല്‍ നമ്മള്‍ യേശുവിന്‍റെ സ്നേഹം തൊട്ടറിഞ്ഞുകൊണ്ട് അവിടത്തെ ദര്‍ശിക്കേണ്ടതുണ്ട്. അപ്രകാരം മാത്രമെ, വിശ്വാസത്തിന്‍റെ ഹൃദയത്തിലേക്ക്, ശിഷ്യരെന്ന നിലയില്‍, നമുക്കു കടന്നുചെല്ലാനും സകലവിധ സന്ദേഹങ്ങളെക്കാള്‍ ശക്തമായ ശാന്തിയും സന്തോഷവും കണ്ടെത്താനും സാധിക്കുകയുള്ളു.

കര്‍ത്താവിന്‍റെ മുറിവുകള്‍ കണ്ടതിനുശേഷം തോമസ് ഉദ്ഘോഷിച്ചു:”എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ"(യോഹന്നാന്‍ 20:28) തോമാശ്ലീഹാ ആവര്‍ത്തിക്കുന്ന “എന്‍റെ” എന്ന ഉത്തമപുരുഷ സര്‍വ്വനാമത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഉടമസ്ഥതയെ ദ്യോതിപ്പിക്കുന്ന സര്‍വ്വനാമമാണിത്. ഒന്നു ചിന്തിച്ചാല്‍, ഈ സര്‍വ്വനാമം ദൈവവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുമ്പോള്‍ അസ്ഥാനത്താണ് എന്ന് പ്രതീതമാകുന്നു. ദൈവം എങ്ങനെ എന്‍റേതാകും? സര്‍വ്വശക്തനെ എന്‍റേതാക്കിത്തീര്‍ക്കാന്‍ എങ്ങനെ സാധിക്കും? വാസ്തവത്തില്‍ എന്‍റെ എന്നു പറയുകവഴി നാം ദൈവത്തെ കളങ്കപ്പെടുത്തുകയല്ല, പ്രത്യുത, അവിടത്തെ കാരുണ്യത്തെ ആദരിക്കുകയാണ് ചെയ്യുക  കാരണം അവിടന്നാണ്  “നമ്മുടേതായി”ത്തീരാന്‍ തിരുമനസ്സായത്. അതൊരു പ്രണയകഥ പോലെയാണ്. അവിടത്തോടു നാം പറയുന്നു: “നീ എനിക്കുവേണ്ടി മനുഷ്യനായിത്തീര്‍ന്നു, നീ എനിക്കായി മരിച്ചു, ഉയിര്‍ത്തെഴുന്നേറ്റു, ആകയാല്‍ നീ ദൈവം മാത്രല്ല; നീ എന്‍റെ  ദൈവവും എന്‍റെ ജീവനുമാണ്. ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്ന സ്നേഹം ഞാന്‍ നിന്നില്‍ കണ്ടെത്തി, അത് എനിക്കു ചിന്തിക്കാന്‍ കഴിയുതിനേക്കാളൊക്കെ ഉപരിയാണ്”. നമ്മുടേതായിരിക്കാന്‍ ദൈവത്തിന് വിഷമമില്ല. കാരണം, സ്നേഹം വിശ്വസ്തതയും കാരുണ്യം വിശ്വാസവും ആവശ്യപ്പെടുന്നു. പത്തുപ്രമാണങ്ങളുടെ തുടക്കത്തില്‍ തന്നെ ദൈവം പറയുന്നു:” ഞാന്‍ ആകുന്നു നിന്‍റെ ദൈവമായ കര്‍ത്താവ്”.(പുറപ്പാട് 20,2) അവി‌ടന്ന് ആവര്‍ത്തിക്കുന്നു:”ഞാന്‍ നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്”.(പുറപ്പാട് 20,5) ഇവി‌ടെ അസഹിഷ്ണുവായ പ്രണയിതാവായിട്ടാണ് നിന്‍റെ  ദൈവം സ്വയം അവതരിപ്പിക്കുന്നത്. അതിന്, തോമാശ്ലീഹായുടെ ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന ഉത്തരം ഇതാണ്: ”എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ".  ദൈവിക രഹസ്യത്തിലേക്ക് മുറിവുകളിലൂടെ പ്രവേശിക്കുകവഴി നാം മനസ്സിലാക്കുന്നു, കാരുണ്യം മറ്റു പലഗുണങ്ങളില്‍ ഒന്നല്ല, പ്രത്യുത അവിടത്തെ ഹൃദയത്തുടിപ്പ് തന്നെയാണെന്ന്. അപ്പോള്‍, തോമസിനെപ്പോലെ തന്നെ നമുക്കും, ഇനിമേല്‍, സംശയാലുക്കളും, ഭക്തരെങ്കിലും ച‍ഞ്ചലമാനസ്സരുമായ ശിഷ്യരായി ജീവിക്കാനാകില്ല. കര്‍ത്താവിന്‍റെ യഥാര്‍ത്ഥ പ്രണയിതാക്കളായി നാം മാറുന്നു. കര്‍ത്താവിനോടു പ്രണയമുള്ളവര്‍ എന്ന പദത്തെ ഭയപ്പെടേണ്ടതില്ല.

ഈ സ്നേഹം രുചിച്ചറിയാന്‍, ഇന്ന് യേശുവിന്‍റെ കാരുണ്യത്തെ കൈ കൊണ്ട്  തൊട്ടറിയാന്‍ നമുക്കെങ്ങനെ സാധിക്കും? ഇതിനുത്തരം സുവിശേഷം തന്നെ നല്കുന്നുണ്ട്. പെസഹാ സായാഹ്നത്തില്‍, അതായത്, ഉത്ഥാനം ചെയ്ത ഉടനെ, യേശു ആദ്യം തന്നെ  പാപം മോചിക്കുന്നതിന് പരിശുദ്ധാത്മാവിനെ പ്രദാനം ചെയ്യുന്നത് സുവിശേഷം എടുത്തു കാട്ടുന്നു. പൊറുക്കപ്പെടാന്‍ സ്വയം അനുവദിക്കുക. ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കണമെങ്കില്‍ ഇതിലൂടെ കടന്നു പോകണം. പൊറുക്കപ്പെടാന്‍ അനുവദിക്കുക. എന്നോടുതന്നെയും നിങ്ങളോടുമുള്ള ചോദ്യമാണ്: പൊറുക്കപ്പെടാന്‍ ഞാന്‍ എന്നെ വിട്ടുകൊടുക്കുന്നുണ്ടോ?  എന്നാല്‍ പിതാവേ, കുമ്പസാരത്തിനണയുക ബുദ്ധിമുട്ടുള്ള ഒരുകാര്യമാണ്  എന്നൊരു തോന്നലുണ്ട്.  സുവിശേഷത്തിലെ ശിഷ്യരെപ്പോലെ കതകടച്ചിരിക്കാന്‍ നമ്മളും പ്രലോഭിതരാകുന്നു. ഭയത്താലാണ് അവര്‍ അങ്ങനെ ചെയ്തത്. നമുക്കും ഭയമുണ്ട്, സ്വയം തുറക്കാനും പാപങ്ങള്‍ ഏറ്റു പറയാനും നമ്മള്‍ ലജ്ജിക്കുന്നു.  നാണക്കേട് മനസ്സിലാക്കാന്‍, അതിനെ അടച്ചിടപ്പെട്ട വാതിലായിട്ടല്ല, മറിച്ച്, കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ആദ്യ പടിയായി കാണാന്‍ ഉള്ള കൃപ കര്‍ത്താവ് നമുക്കു നല്കട്ടെ. ലജ്ജ അനുഭവപ്പെടുമ്പോള്‍ നാം നന്ദിയുള്ളവരാകണം. കാരണം അതിനര്‍ത്ഥം  തിന്മയെ നാം അംഗീകരിക്കുന്നില്ല എന്നാണ്. തിന്മയെ ജയിക്കുന്നതിന് കര്‍ത്താവിനെ ആവശ്യമുള്ള ആത്മാവിന്‍റെ നിഗൂഢമായ ക്ഷണമാണ് ലജ്ജ. ലജ്ജയില്ലാത്ത അവസ്ഥയാണ് ദുരന്തമായി പരിണമിക്കുന്നത്. ലജ്ജിതരാകാന്‍ നാം ഭയപ്പെടരുത്. ലജ്ജയില്‍ നിന്ന് നാം കടക്കുന്നത് പൊറുക്കലിലേക്കാണ്. ലജ്ജിതരാകാന് ഭയമരുത്. പേടിക്കേണ്ട. എന്നാല്‍ കര്‍ത്താവു നല്കുന്ന പാപപ്പൊറുതിക്കു മുന്നില്‍ ഒരു അടഞ്ഞ വാതിലുണ്ട്. കീഴടങ്ങലാണ് ആ അടഞ്ഞ വാതില്‍. അത് എന്നും അടഞ്ഞ വാതിലാണ്.  എല്ലാം പഴയതിലേക്കു തന്നെ മടങ്ങുകയാണെന്ന് ഉയിര്‍പ്പു ദിനത്തില്‍ നിരാശയോടെ ചിന്തിച്ച ശിഷ്യന്മാര്‍ക്ക് ഈ കീഴടങ്ങല്‍ അനുഭവവേദ്യമായി. അവരപ്പോഴും ജെറുസേലേമില്‍ നിരാശരായില്‍ കഴിയുകയായിരുന്നു. “യേശുവിന്‍റെ അദ്ധ്യായം” തങ്ങളുടെ ജീവിതത്തില്‍ അവസാനിച്ചു എന്ന് അവര്‍ കരുതി. ഏറെ നാളുകള്‍ യേശുവിനോടൊത്ത് കഴിഞ്ഞെങ്കിലും അവരില്‍ മാറ്റമൊന്നും സംഭവിച്ചില്ല, അവര്‍ കീഴടങ്ങി. നമ്മളും ഇങ്ങനെ ചിന്തിക്കാം: ”ഇക്കാലമത്രയും ഞാന്‍ ക്രൈസ്തവനായിരുന്നു. എന്നാല്‍ എന്നില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല, ഞാന്‍ സദാ പാപം ചെയ്യുന്നു”. അപ്പോള്‍ പ്രത്യാശ നഷ്ടപ്പെട്ട നാം കാരുണ്യം ഉപേക്ഷിക്കുകയാണ്. എന്നാല്‍ കര്‍ത്താവ് നമ്മോടു ചോദിക്കുന്നു: ”നിന്‍റെ ദുരിതത്തേക്കാള്‍ വലുതാണ് എന്‍റെ  കാരുണ്യമെന്ന് നീ വിശ്വസിക്കുന്നില്ലേ? പാപസങ്കീര്‍ത്തന കൂദാശയ്ക്കണയുന്നവനറിയാം എല്ലാം പഴയതുപോലെ ആയിരിക്കും എന്നത് തെറ്റാണെന്ന്. ഓരോ തവണ പൊറുക്കപ്പെടുമ്പോഴും നാം നവീകൃതരാകുകയും പ്രചോദിതരാവുകയും ചെയ്യുന്നു. കാരണം അപ്പോഴെല്ലാം നാം കൂടുതല്‍ സ്നേഹിക്കപ്പെടുകയും പിതാവിനാല്‍ കൂടുതല്‍ ആശ്ലേഷിതരാകുകയും ചെയ്യുന്നു. സ്നേഹിക്കപ്പെട്ടവരായ നാം വീണ്ടും നിപതിക്കുമ്പോള്‍ മുമ്പത്തെക്കാളുപരി വേദനിക്കുന്നു. അതു ഗുണദായക വേദനയാണ്. ആ വേദന ക്രമേണ നമ്മെ പാപത്തില്‍ നിന്ന് വിടുവിക്കുന്നു. അപ്പോള്‍ നമുക്കു മനസ്സിലാകും ജീവന്‍റെ ശക്തി ദൈവത്തില്‍ നിന്നു മാപ്പു സ്വീകരിക്കലും പൊറുക്കപ്പെടലില്‍ നിന്ന് പൊറുക്കപ്പെടലിലേക്കുള്ള പ്രയാണവും ആണെന്ന്. ഇങ്ങനെയാണ് ജീവിതം മുന്നോട്ടു പോകുന്നത്: ലജ്ജയില്‍ നിന്ന് ലജ്ജയിലേക്കും പാപപ്പൊറുതിയില്‍ നിന്ന് പാപപ്പൊറുതിയിലേക്കും.

ലജ്ജയ്ക്കും കീഴടങ്ങലിനും ശേഷം വരുന്ന മറ്റൊരു അടഞ്ഞ വാതില്‍ ആണ് നമ്മുടെ പാപം. ചിലപ്പോഴൊക്കെ അത് ഉരുക്കുവാതില്‍ പോലെ ആയിരിക്കും. ഞാന്‍ ഒരു ഘോര പാപം ചെയ്യുമ്പോള്‍, അത് പൊറുക്കപ്പെടണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നില്ലെങ്കില്‍, ദൈവം എന്നോട് എന്തിനു പൊറുക്കണം?  എന്നാല്‍ ഈ വാതില്‍ ഒരു വശത്തു നിന്നു മാത്രമെ, അതായത് നമ്മുടെ ഭാഗത്തുനിന്നു മാത്രമെ അടച്ചിട്ടുള്ളു. ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും കടന്നുപോകാന്‍ കഴിയാത്തതല്ല അത്. സുവിശേഷം നമ്മെ പഠിപ്പിക്കുന്നതു പോലെ, എല്ലാ പ്രവേശന കവാടങ്ങളും അടച്ചിരിക്കയാണെന്ന് തോന്നുമ്പോഴും, അടഞ്ഞ വാതിലിലൂടെ കടക്കാന്‍ അവിടന്ന് ഇഷ്ടപ്പെടുന്നു. അവിടെ ദൈവം അത്ഭുതം പ്രവര്‍ത്തിക്കുന്നു. നമ്മില്‍ നിന്ന് വിട്ടു നില്ക്കാന്‍ അവിടന്നാഗ്രഹിക്കുന്നില്ല, നമ്മളാണ് അവിടത്തെ പുറത്താക്കുന്നത്. എന്നാല്‍ കുമ്പസാരിക്കുമ്പോള്‍ ഒരിക്കലും കേട്ടിട്ടില്ലാത്തതു സംഭവിക്കുന്നു. കര്‍ത്താവില്‍ നിന്ന് നമ്മെ അകറ്റിയ പാപം തന്നെ അവിടന്നുമായുള്ള കൂടിക്കാഴ്ചയുടെ വേദിയായി പരിണമിക്കുന്നു. അവിടെ സ്നേഹത്തില്‍ മുറിപ്പെട്ട ദൈവം നമ്മുടെ മുറിവുകളുമായി കണ്ടുമുട്ടുന്നതിനെത്തുന്നു. നമ്മുടെ നിന്ദ്യമായ മുറിവുകളെ അവിടത്തെ മഹത്വീകൃത മുറിവുളോടു സമാനമാക്കി മാറ്റുന്നു. ഇവിടെ ഒരു രൂപാന്തരീകരണം സംഭവിക്കുന്നു. എന്‍റെ മ്ലേച്ഛമായ മുറിവുകള്‍ അവിടെത്തെ മഹത്വീകൃത മുറിവുകളോടു സദൃശമാക്കപ്പെടുന്നു. എന്തെന്നാല്‍ അവിടന്ന് കാരുണ്യമാണ്, നമ്മുടെ ദുരിതങ്ങളില്‍ അവിടന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നമ്മുടെ ദൈവത്തെ തിരിച്ചറിയുന്നതിനുള്ള അനുഗ്രഹം, അവിടന്നു നല്കുന്ന മാപ്പില്‍ നമ്മുടെ ആനന്ദവും അവിടത്തെ കാരുണ്യത്തില്‍ നമ്മുടെ പ്രത്യാശയും കണ്ടെത്തുന്നതിനുള്ള കൃപ, തോമാശ്ലീഹായെപ്പോലെ, നമുക്ക് ഇന്ന് യാചിക്കാം.

09/04/2018 13:04