2018-04-02 13:39:00

പെസഹാജാഗര ദിവ്യബലി-പാപ്പായുടെ വചനസമീക്ഷ


ശനിയാഴ്ച (31/03/18) രാത്രി, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പുറത്ത് ഒരുക്കിയിരുന്ന വേദിയില്‍ വച്ച് പെസഹാത്തിരി കൊളുത്തല്‍ തിരുക്കര്‍മ്മാനന്തരം ഫ്രാന്‍സീസ് പാപ്പാ ദീപ്ത പെസഹാമെഴികുതിരിയേന്തി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഉത്ഥാനവിളംബരാനന്തരം നടന്ന വചനശുശ്രൂഷയ്ക്കു ശേഷം, ജ്ഞാനസ്നാനം നല്കല്‍ കര്‍മ്മത്തിനു മുമ്പ്, പാപ്പാ വചനസന്ദേശം നല്കി.

പാപ്പായുടെ പ്രഭാഷണം:

ശൈത്യമാര്‍ന്ന നിശയുടെ ഇരുളിമയില്‍ മുങ്ങിയ വെളിയിലാണ് നാം ഈ തിരുക്കര്‍മ്മത്തിന് തുടക്കം കുറിച്ചത്. കര്‍ത്താവിന്‍റെ മൃത്യുവിന്‍റെ മൗനത്തിന്‍റെതായ ഒരു ഭാരം നമുക്കനുഭവപ്പെടുന്നു. നമുക്ക് നമ്മെത്തന്നെ താദാത്മ്യപ്പെടുത്താന്‍ കഴിയുന്ന ഒരു നിശബ്ദതയാണത്, കുരിശിന്‍റെ മുന്നില്‍ വാക്കുകളില്ലാതെ നില്ക്കുന്ന ശിഷ്യന്‍റെ  പിളര്‍ന്ന   ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്ന ഒരു നിശബ്ദതയാണത്.

യേശുവിന്‍റെ മരണം ഉളവാക്കിയ വേദന നിശബ്ദനാക്കിയ ശിഷ്യന്‍റെ  മണിക്കൂറുകളാണിത്. ഈ യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ എന്തു പറയാന്‍ സാധിക്കും? കര്‍ത്താവിന്‍റെ ജീവിതത്തിലെ നിര്‍ണ്ണായക മണിക്കൂറുകളില്‍ സ്വന്തം പ്രതികരണങ്ങള്‍ എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള അവബോധത്താല്‍ ശിഷ്യന്‍ മൗനിയായി നിലകൊണ്ടു. ഗുരുവിനെ വിധിച്ച അനീതിയ്ക്കു മുന്നില്‍ ശിഷ്യന്മാര്‍ മൗനം പാലിച്ചു. ഗുരുവിനെതിരെയുണ്ടായ ദോഷാരോപണങ്ങള്‍ക്കും കള്ളസാക്ഷ്യങ്ങള്‍ക്കും മുന്നില്‍ ശിഷ്യന്മാര്‍ നിശബ്ദരായിരുന്നു. പീഢാസഹനത്തിന്‍റെ പ്രയാസകരവും വേദനാജനകവുമായ മണിക്കൂറുകളില്‍, ശിഷ്യന്മാര്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്താനും ഗുരുവിനുവേണ്ടി സംസാരിക്കാനുമുള്ള തങ്ങളുടെ കഴിവില്ലായ്മ നാടകീയമാം വിധം അനുഭവിച്ചറിഞ്ഞു. അതിനും പുറമെ അവര്‍ ഗുരുവിനെ തള്ളിപ്പറഞ്ഞു, അവര്‍ മറഞ്ഞിരുന്നു, പലായനം ചെയ്തു, മൗനം പാലിച്ചു. (യോഹന്നാന്‍:18,25-27)

തന്നെ സമ്മര്‍ദ്ദത്തിലാക്കുകയും വലയം ചെയ്യുകയും ചെയ്തിരിക്കുന്ന വേദനാജനകങ്ങളായ നിരവധിയായ അവസ്ഥകള്‍ക്കുമുന്നില്‍ എന്തുചെയ്യണം, എങ്ങോട്ടു പോകണം എന്നറിയാതെ മരവിച്ചിരുന്നപോയ, തളര്‍ന്നുപോയ ശിഷ്യന്‍റെ നിശബ്ദതയുടെ നിശയാണ്. നമുക്കു നിയന്ത്രിക്കാനകാത്തതും, അതിലുപരിയായി, നമ്മുടെ സഹോദരീസഹോദരന്മാര്‍ അവരുടെ ശരീരത്തില്‍ അനുഭവിക്കേണ്ടിവരുന്ന അനീതികള്‍ക്കെതിരെ നാം നിസ്സഹായരാണെന്ന തോന്നലുകളുളവാക്കുന്നതുമായ മൗനം പാലിക്കുന്ന ഇന്നത്തെ ശിഷ്യന്‍റെ നിശബ്ദതയുടെ രാത്രിയാണിത്.

ഈ ശിഷ്യന് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നു. കാരണം, സ്മരണയെ ഇല്ലാതാക്കുകയും, പ്രത്യാശയെ നിശബ്ദമാക്കുകയും, “എന്നും ഇപ്രകാരമാണ് ചെയ്തിരുന്നത്” എന്ന ചിന്താശീലത്തില്‍ മുന്നോട്ടു നയിക്കുകയും ചെയ്യുന്ന  മഥിക്കുന്ന പതിവുകളില്‍ അവന്‍ ആമഗ്നനായിരിക്കുന്നു. “ജനം മുഴുവന്‍ നശിക്കാതിരിക്കുന്നതിനായി അവര്‍ക്കു വേണ്ടി ഒരുവന്‍ മരിക്കുന്നത് യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ല” (യോഹ:11,50) എന്ന കയ്യഫാസിന്‍റെ വാക്കുകളുമായി പരിചയത്തിലാകുകയും അവയെ സാധാരണമായി കരുതുകയും ചെയ്യുന്നതിലെത്തിച്ചേരുന്ന മൗനിയാക്കപ്പെടുകയും അന്ധകാരത്തിലാഴ്ത്തപ്പെടുകയും ചെയ്ത ഒരു ശിഷ്യന്‍.

നമ്മുടെ നിശബ്ദതകള്‍ക്കിടയില്‍, നമ്മുടെ മൗനം അതിശക്തമാകുമ്പോള്‍, കല്ലുകള്‍ ആര്‍ത്തുവിളിക്കുകയും, “അവന്‍ ഇവിടെ ഇല്ല, ഉയിര്‍പ്പിക്കപ്പെട്ടു” (മത്തായി 28,6) എന്ന, ചരിത്രം ഒരിക്കലും കേട്ടിട്ടില്ലാത്തതായ മഹാസന്ദേശത്തിന് ഇടം നല്കപ്പെടുകയും ചെയ്യും. കല്ലറയുടെ കല്ല് ആര്‍ത്തുവിളിക്കുകയും അതുവഴി സകലരോടും നവമായ മാര്‍ഗ്ഗം പ്രഘോഷിക്കപ്പെടുകയും ചെയ്തു. സുവിശേഷത്തിന്‍റെ ആനന്ദത്തെ നിശബ്ദമാക്കാനും ഞെരുക്കാനും ശ്രമിച്ച സകല യാഥാര്‍ത്ഥ്യങ്ങളുടെയും മേലുമുള്ള വിജയത്തിന് ആദ്യം പ്രതിധ്വനിയേകിയത് സൃഷ്ടി തന്നെ ആയിരുന്നു. കല്ലറയുടെ കല്ലായിരുന്നു ആദ്യം കുതിച്ചുമാറിയതും തനതായ രീതിയില്‍ സ്തുതിപ്പിന്‍റെയും ആനന്ദത്തിന്‍റെയും പ്രത്യാശയുടെയും ഗീതം പൊഴിക്കുകയും ചെയ്തത്. അതില്‍ പങ്കുചേരാന്‍ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു.

ഇന്നലെ നമ്മള്‍ പിളര്‍ക്കപ്പെട്ടവനെക്കുറിച്ച് സ്ത്രീകളോടൊന്നുചേര്‍ന്നു ധ്യാനിച്ചു. ഇന്നാകട്ടെ അവരോടപ്പം നമ്മള്‍ ശൂന്യമായ കല്ലറയെക്കുറിച്ച് ധ്യാനിക്കാനും “ഭയപ്പെടേണ്ട... അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു” എന്ന ദൈവദൂതന്‍റെ വാക്കുകള്‍ ശ്രവിക്കാനും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ആ വചനങ്ങള്‍ നമ്മുടെ അഗാധമായ ബോധ്യങ്ങളെയും സുനിശ്ചിതത്വങ്ങളെയും നമ്മുടെ അനുദിന ജീവിതസംഭവങ്ങളെ നാം വിലയിരുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതിയെയും, വിശിഷ്യ, നാം മറ്റുള്ളവരുമായി ബന്ധപ്പെടുന്ന രീതിയെയും, സ്പര്‍ശിക്കേണ്ടിയരിക്കുന്നു. ശൂന്യമായ കല്ലറ നമ്മെ വെല്ലുവിളിക്കുകയും ചലിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യണം. പ്രത്യേകിച്ച്, ഏതൊരു സാഹചര്യത്തിലും, ഏതൊരു വ്യക്തിയിലും ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടാകും, അസ്തിത്വത്തിന്‍റെ അപ്രതീക്ഷിതവും അടഞ്ഞതുമായ കോണുകളിലും ദൈവത്തിന്‍റെ പ്രകാശം എത്തിച്ചേരും എന്നും വിശ്വസിക്കാന്‍, വിശ്വാസ മുള്ളവരായിരിക്കാന്‍ നമുക്കു പ്രചോദനമാകണം. അവിടന്ന് മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. ആരും ഒന്നും പ്രതീക്ഷിക്കാത്തിടത്തുനിന്ന് അവിടന്ന് ഉയിര്‍ത്തെഴുന്നേറ്റു. അവിടന്ന് സ്ത്രീകളെ കാത്തിരുന്നതു പോലെ, അവിടത്തെ രക്ഷാകരപ്രവര്‍ത്തനത്തില്‍ നമ്മെയും പങ്കുചേര്‍ക്കുന്നതിന്, നമുക്കുവേണ്ടിയും കാത്തിരിക്കുന്നു. ഈ അടിസ്ഥാനത്തിലും ശക്തിയോടുകൂടിയും നമ്മള്‍, ക്രൈസ്തവര്‍ നമ്മുടെ ജീവിതവും ഊര്‍ജ്ജവും ബുദ്ധിയും സ്നേഹവും മനസ്സും ഔന്നത്യത്തിന്‍റെ  പാതകള്‍ കണ്ടെത്തുന്നതിന്, വിശിഷ്യ, സൃഷ്ടിക്കുന്നതിനു വേണ്ടി സമര്‍പ്പിക്കുന്നു.

“അവന്‍ ഇവിടെയില്ല... ഉയിര്‍പ്പിക്കപ്പെട്ടു”! ഈ സന്ദേശമാണ് നമ്മുടെ പ്രത്യാശയെ താങ്ങിനിറുത്തുന്നതും ഉപവിയുടെ സമൂര്‍ത്ത പ്രവര്‍ത്തികളായി പരിവര്‍ത്തിപ്പിക്കുന്നതും. നമ്മുടെ ബലഹീനത ഈ അനുഭവത്താല്‍ അഭിഷേകം ചെയ്യപ്പെടേണ്ടത് എത്ര വലിയ ആവശ്യമാണ്!. നമ്മുടെ വിശ്വാസം നവജീവനാര്‍ജ്ജിക്കേണ്ടത് എത്രമാത്രം ആവശ്യമായരിക്കുന്നു! നമ്മുടെ സങ്കുചിത ചക്രവാളങ്ങള്‍ ഈ സന്ദേശത്താല്‍ വെല്ലുവിളിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യേണ്ടത് എത്ര വലിയ ആവശ്യമാണ്! ക്രിസ്തു ഉത്ഥാനം ചെയ്തു, നമ്മുടെ പ്രത്യാശയെയും സര്‍ഗ്ഗാത്മകതയെയും അവിടന്ന് അവിടത്തോടൊപ്പം ഉയിര്‍പ്പിക്കുന്നു. നാം ഒറ്റയ്ക്കല്ല എന്ന അവബോധത്താല്‍ നമ്മുടെ ഇന്നത്തെ പ്രശ്നങ്ങളെ നാം നേരിടേണ്ടതിനാണ് അവിടന്ന് അപ്രകാരം ചെയ്യുന്നത്.

ഉത്ഥാനത്തിരുന്നാള്‍ ആഘോഷിക്കുകയെന്നാല്‍, നമ്മുടെ യാഥാസ്ഥിതികതയെയും നിശ്ചലാവസ്ഥയിലാക്കുന്ന പ്രവര്‍ത്തന ശൈലികളെയും വെല്ലുവിളിച്ചുകൊണ്ട് ചരിത്രങ്ങളിലേക്ക് ദൈവം വീണ്ടും കടന്നുവരുന്നു, അത് അവിടന്ന് തുടരുന്നു എന്നു വിശ്വസിക്കുകയാണ്. പലപ്പോഴും നമ്മെ വളഞ്ഞാക്രമിക്കുകയും നമ്മുടെ എല്ലാ പ്രത്യാശകളെയും അടക്കംചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന മനോഭാവത്തെ ജയിക്കാന്‍ യേശുവിനെ അനുവദിക്കുകയാണ് ഉത്ഥാനത്തിരുന്നാള്‍ ആഘോഷിക്കുക എന്നതിന്‍റെ  വിവക്ഷ.

കല്ലറയുടെ കല്ല് അതിന്‍റെ ദൗത്യം നിര്‍വ്വഹിച്ചു. സ്ത്രീകള്‍ അവരുടെ ഭാഗം പൂര്‍ത്തിയാക്കി. ഇനി ക്ഷണം നിങ്ങള്‍ക്കും എനിക്കുമുള്ളതാണ്. ആവര്‍ത്തികപ്പെടുന്ന പതിവുകളെ ഭേദിക്കാന്‍, ജീവിതത്തെ, തിരഞ്ഞെടുപ്പുകളെ, അസ്തിത്വത്തെ നവീകരിക്കാന്‍ ഉള്ള ക്ഷണം. നാം എവിടെ ആയിരിക്കുന്നുവോ അവിടെ, നാം എന്തു ചെയ്യുന്നുവോ അതില്‍, നാം എന്തായിരിക്കുന്നുവോ അതില്‍ ഈ ക്ഷണം ഉണ്ടാകുന്നു. നമ്മു‌ടെ കഴിവിനനുസൃതമാണ് ഈ ക്ഷണം. ജീവന്‍റെ ഈ വിളംബരത്തില്‍ പങ്കുചേരാന്‍ നാം ആഗ്രഹിക്കുന്നുണ്ടോ അതോ, സംഭവിക്കുന്നവയ്ക്കു മുന്നില്‍ നിശബ്ദമായിരിക്കാനാണോ നാം ഇഷ്ടപ്പെടുന്നത്?.

“അവന്‍ ഇവിടെ ഇല്ല.. ഉയിര്‍ത്തെഴുന്നേറ്റു. അവിടന്ന് നിന്നെ ഗലീലിയില്‍ കാത്തിരിക്കുന്നു. ഭയപ്പെടേണ്ട, എന്നെ അനുഗമിക്കൂ എന്നു നിന്നോടു പറയുന്നതിന് ആദ്യ സ്നേഹത്തിന്‍റെ കാലത്തിലേക്കും സ്ഥലത്തിലേക്കും തിരിച്ചുപോകാന്‍ അവിടന്ന് നിന്നെ ക്ഷണിക്കുന്നു.

 








All the contents on this site are copyrighted ©.