സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

പെസഹാത്രിദിന ചിന്തകള്‍

ക്രിസ്തു ലോകത്തിന്‍റെ വെളിച്ചം- കൊളുത്തിയ പെസഹാ തിരിയുമായി ഫ്രാന്‍സീസ് പാപ്പാ,2017 - AFP

30/03/2018 11:21

ദിവ്യഗുരു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി സേവനത്തിന്‍റെ പാഠപുസ്തകം നമുക്കുമുന്നില്‍ തുറന്നുവയ്ക്കുന്ന പെസഹാവ്യാഴം.

ദൈവസുതന്‍ കുരിശിലേറി സ്വയംശൂന്യവത്ക്കരിക്കുന്ന സ്നേഹത്തിന്‍റെ സന്ദേശമേകുന്ന ദു:ഖവെള്ളി.

കാല്‍വരിയിലെ കുരിശിന്‍ ചുവട്ടില്‍ നിന്ന് ഉത്ഥിതന്‍റെ പാദാന്തികത്തിലേക്കുള്ള ദൂരം നിശബ്ദതയില്‍ നാം നടന്നു നീങ്ങുന്ന   വലിയ ശനിയാഴ്ച.                       

പെസഹാത്രിദിനം!

പാപത്തെയും മരണത്തെയും കീഴടക്കി കൂശിതന്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്ന ആ സുദിനം, ഉത്ഥാനത്തിരുന്നാള്‍, ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ(28/03/18) പൊതുകൂടിക്കാഴ്ചാവേളയില്‍ വിശേഷിപ്പിച്ചതു പോലെ “ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്‍റെ ഉത്സവം”, ആഘോഷിക്കുന്നതിനുള്ള ഏറ്റവും അടുത്ത ഒരുക്കത്തിന്‍റെതായ ദിനങ്ങളിലാണ് നാം.

ഓരോ ക്രൈസ്തവ വിശ്വാസിയുടെയും വിശ്വാസ ജീവിതത്തിലെ സുപ്രധാന ദിനങ്ങളാണ്, പെസഹാ വ്യാഴം മുതൽ ഉയിർപ്പു ഞായർ വരെയുള്ള ദിവസങ്ങള്‍ പെസഹാ വ്യാഴാഴ്ച തുരുവത്താഴതിരുക്കര്‍മ്മത്തില്‍ തുടങ്ങി, ഉയിര്‍പ്പു ഞായറാഴ്ച്ച സായാഹ്ന പ്രാര്‍ത്ഥനവരെയുള്ള സമയമാണ് പെസഹാ ത്രിദിനംകൊണ്ടുദ്ദേശിക്കുന്നത്
"ദൈവത്തിന്‍റെ കരുണയും സ്നേഹവും അനന്തമാണ്. അങ്ങനെ അവിടുന്ന് നമുക്കു വേണ്ടി സ്വയം സമർപ്പിച്ചു. ഉയിർപ്പുതിരുന്നാൾ വലിയൊരു സ്നേഹത്തിന്‍റെ കഥയാണ്. ആ സ്നേഹത്തിന് അതിരുകളില്ല, നിബന്ധനകളില്ല. നിരുപാധിക സ്നേഹം.

യേശു തന്‍റെ ശിഷ്യരുടെ പാദങ്ങൾ കഴുകുന്നതും അവസാന അത്താഴത്തിൽ വിശുദ്ധ കുർബ്ബാന സ്ഥാപിക്കുന്നതും പെസഹാവ്യാഴാഴ്ചത്തെ തിരുക്കര്‍മ്മങ്ങളിലൂടെ നാം അനുസ്മരിക്കുന്നു. തന്‍റെ അനുയായികൾ എന്താണ് ലോകത്തില്‍ ചെയ്യേണ്ടത്, എപ്രകാരമാണ് വര്‍ത്തിക്കേണ്ടത്, യജമാനന്മാരല്ല, ശശ്രൂഷകര്‍ ആയിരിക്കേണ്ടവരാണ്  അവര്‍ എന്ന് യേശു തിരുവത്താഴവേളയില്‍ ശിഷ്യന്മാർക്ക് കാണിച്ചു കൊടുക്കുന്നു.

ഈ ശുശ്രൂഷാഭാവത്തില്‍ നിന്ന് നാം കടക്കുന്നത് സ്നേഹത്തിന്‍റെ പാരമ്യമായ ബലിയിലേക്കാണ്. ദൈവപുത്രന്‍ യാഗമായിത്തീരുന്ന ദുഃഖവെള്ളിയിലേക്ക് നമ്മള്‍ പ്രവേശിക്കുന്നു. "അത് സ്നേഹത്തിന്‍റെ നിമിഷമാണ്. മനുഷ്യനോടുള്ള സ്നേഹത്തെപ്രതി ദൈവം സ്വന്തം സൂനുവിനെ കുരിശു മരണത്തിന് ഏൽപ്പിച്ചു കൊടുത്ത ദിവസം! ദൈവം തന്നെ സ്വയം മരണത്തിനേൽപ്പിച്ചു കൊടുക്കുന്ന ആ സ്നേഹം ജീവിതത്തിൽ പകര്‍ത്താന്‍ നാം ആഹ്വാനംചെയ്യപ്പെടുകയാണ് ദുഃവെള്ളിയാഴ്ച. 

പരിത്യാഗത്തിന്‍റെയും പ്രായശ്ചിത്ത പ്രവര്‍ത്തികളുടെയുമായ ദിനങ്ങള്‍ക്ക് സമാപനം കുറിക്കുന്നതും ഒപ്പം ആഹ്ലാദത്തിന്‍റെ, സന്തോഷത്തിന്‍റെ ദിനമായ ഉയിര്‍പ്പു    ഞായറിലേക്കു നമ്മെ ആനയിക്കുന്നതുമായ നിശബ്ദതയുടെ ദിവസമാണ് ദുഃഖ ശനി, അഥവാ, വലിയ ശനി, വിശുദ്ധ ശനി.

ദുഃഖവെള്ളിയില്‍ ക്രിസ്തുവിനോടൊപ്പം മൃത്യുവരിക്കുകയും, വലിയ ശനിയാഴ്ച മൗനത്തിന്‍റെ കല്ലറയില്‍ അവിടത്തൊടൊപ്പം ആയിരിക്കുകയും ചെയ്താല്‍ ഉയിര്‍പ്പു  ഞായറില്‍ അവിടത്തോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ നമുക്കു സാധിക്കും; നാം അവിടത്തെ പ്രകാശവലയത്തിലാകുകയും പുതുജീവനിലേക്ക്‌ പ്രവേശിക്കുകയും ചെയ്യും.

 

 

30/03/2018 11:21