2018-03-28 16:42:00

ദൈവമാതാവിന്‍റെ നവമായ അനുസ്മരണാദിനം : “സഭയുടെ അമ്മ”


അനുവര്‍ഷം പെന്തക്കൂസ്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച “സഭയുടെ അമ്മ” എന്ന ആരാധനക്രമ അനുസ്മരണം. പാപ്പാ ഫ്രാന്‍സിസ് ഡിക്രിയിലൂടെ (Mater Ecclesiae, Mother of the Church) പ്രബോധിപ്പിച്ചു.

1.  ദൈവമാതാവിന്‍റെ കാലികമായൊരു വണക്കം
സമകാലീന സഭയില്‍ ദൈവമാതാവിനു നല്കുന്ന സന്തോഷപൂര്‍ണ്ണമായ വണക്കത്തിന്‍റെ അടയാളമാണ് ക്രിസ്തുവിന്‍റെ അമ്മയെ “സഭയുടെ അമ്മ”യായി,  Mater Ecclesiae, Mother of the Church പ്രത്യേകം അനുസ്മരിക്കുന്ന ദിനം. പാപ്പാ ഫ്രാന്‍സിസ് ‘സഭയുടെ അമ്മ’ (Ecclesia Mater) എന്ന ഡിക്രിയിലൂടെ ഉദ്ബോധിപ്പിച്ചു. 2018 ഫെബ്രുവരി 11-Ɔο തിയതി ലൂര്‍ദ്ദുനാഥയുടെ തിരുനാളില്‍  പ്രബോധിപ്പിച്ച തീര്‍പ്പിലാണ് (Decree) പാപ്പാ ഇങ്ങനെ ആഹ്വാനംചെയ്തത്. ഈ പുതിയ തീര്‍പ്പിലൂടെ അനുവര്‍ഷം പെന്തക്കൂസ്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച “സഭയുടെ അമ്മ”  (Mother of the Church  Mater Ecclesiae) എന്ന ആരാധനക്രമ അനുസ്മരണം ആഗോളസഭയില്‍ ആചരിക്കപ്പെടണമെന്ന് പാപ്പാ ആഹ്വാനംചെയ്യുന്നു.

2. സഭാമക്കള്‍ക്കൊരു മാതൃവിചാരം - “സഭയുടെ അമ്മ
വിശ്വാസികളിലും അജപാലകരിലും സന്ന്യസ്തരിലും സഭയെക്കുറിച്ചുള്ള മാതൃവിചാരം വളര്‍ത്താന്‍ “സഭയുടെ അമ്മ” എന്ന പേരിലെ ദൈവമാതൃഭക്തി സഹായകമാകും എന്ന ഉറച്ചബോധ്യത്തിലാണ് ഈ അനുസ്മരണം പാപ്പാ ഫ്രാന്‍സിസ് റോമന്‍ കലണ്ടറില്‍ കുറിക്കുന്നതെന്ന് ഡിക്രി വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന്‍റെ കുരിശിലും, കാല്‍വരിയിലെ അവിടുത്തെ സ്വയാര്‍പ്പണത്തിലും, രക്ഷകന്‍റെ അമ്മയിലും, രക്ഷിക്കപ്പെട്ടവരുടെ അമ്മയിലും, തന്നെത്തന്നെ സമ്പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ച കന്യകയിലും നങ്കൂരമടിച്ച് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ വളര്‍ത്താനും മെച്ചപ്പെടുത്താനും “സഭയുടെ അമ്മ” എന്ന അനുസ്മരണം നമ്മെ സഹായിക്കുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രബോധനത്തില്‍ വിശദീകരിക്കുന്നു.

3. പ്രാര്‍ത്ഥനകള്‍ പരിഭാഷചെയ്തെടുക്കണം
ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം ലഭ്യമാക്കിയിരിക്കുന്ന “സഭയുടെ അമ്മ” എന്ന അനുസ്മരണദിനത്തിലെ ദിവ്യബലിയുടെ പ്രാര്‍ത്ഥനകളും, യാമപ്രാര്‍ത്ഥനയുടെ ഭാഗങ്ങളും ലത്തീനിലുള്ള മൂലരൂപത്തെ അടിസ്ഥാനമാക്കി വിശ്വസ്തതയോടെ പരിഭാഷപ്പെടുത്തി സഭാനിയമപ്രകാരമുള്ള അനുമതിയോടെ ദേശീയ പ്രാദേശിക സഭകളില്‍ ഉപയോഗിക്കേണ്ടതാണെന്ന് പാപ്പാ പ്രബോധനത്തില്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്.

4. വിശുദ്ധാത്മാക്കള്‍ സഭയുടെ അമ്മയെക്കുറിച്ച്
വിശുദ്ധ അഗസ്റ്റിന്‍റെയും മഹാനായ വിശുദ്ധ ലിയോയുടെയും ആത്മീയത നിറഞ്ഞതും പ്രചോദിതവുമായ വാക്കുകളിലൂടെ ഈ ആശയം സഭയുടെ മനസ്സിലും ചരിത്രത്തിലും തിങ്ങിനില്ക്കുന്നുണ്ട്.  വിശുദ്ധ അഗസ്റ്റിന്‍ മറിയത്തെ ക്രിസ്തുശിഷ്യരുടെ അമ്മയെന്നു വിശേഷിപ്പിച്ചു. കാരണം തന്‍റെ സ്നേഹത്തില്‍ ആദിമസഭയുടെ പുനരാവിഷ്ക്കാരണത്തില്‍ മറിയം പങ്കുചേര്‍ന്നു.  വിശുദ്ധ ലിയോ പറയുന്നത്, കുഞ്ഞിന്‍റെ ജനനത്തില്‍ തലയെന്നോ ഉടലെന്നോ വിവേചിക്കാറില്ല! അതുപോലെ മറിയം ദൈവത്തിന്‍റെ അമ്മയാണ്. ഒപ്പം സഭയാകുന്ന ക്രിസ്തുവിന്‍റെ മൗതികദേഹത്തിലെ അംഗങ്ങളുടെയും അമ്മയാണ്. മേല്‍ത്തീര്‍പ്പുകള്‍ ഉടലെടുക്കുന്നതിന് കാരണം മറിയത്തിന്‍റെ ദൈവമാതൃത്വവും കുരിശിന്‍ ചുവടുവരെ എത്തിയ രക്ഷകന്‍റെ രക്ഷണീയ പദ്ധതിയിലെ പങ്കാളിത്തവുമാണ്.

5. കുരിശിന്‍ ചുവട്ടിലെ അമ്മ-സകലര്‍ക്കും അമ്മ!
കുരിശിന്‍ ചുവട്ടില്‍നിന്നുകൊണ്ട് മറിയം തന്‍റെ പുത്രന്‍റെ സ്നേഹത്തിന്‍റെ ഉടമ്പടി ഏറ്റെടുത്തു. മാനവകുലത്തെ മുഴുവനായും തന്‍റെ പുത്രന്മാരും പുത്രിമാരുമായി സ്വീകരിച്ചു. അവര്‍ നിത്യ ജീവനിലേയ്ക്ക് പുനര്‍ജനിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു (യോഹ. 19, 25). അങ്ങനെ കുരിശില്‍വച്ച് ദൈവരൂപിയാല്‍ ക്രിസ്തു നേടിത്തന്ന സഭയുടെ ലാളിത്യമുള്ള അമ്മയായി മറിയം! മാത്രമല്ല, പ്രിയ ശിഷ്യന്‍ യോഹന്നാനെ പുത്രനായി മറിയത്തെ ഏല്പിച്ചുകൊണ്ട് തന്‍റെ സ്നേഹസന്ദേശത്തിന്‍റെ ശുശ്രൂഷകരാകുന്ന സകലരെയും ഈ അമ്മയുടെ മാതൃവാത്സല്യത്തിലും സംരക്ഷണയിലും ക്രിസ്തു സമര്‍പ്പിക്കുകയായിരുന്നു.

6. അപ്പസ്തോല സഭയുടെ കരുതലുള്ള പരിപാലിക
വളരുന്ന സഭയുടെ ശ്രദ്ധയുള്ള പരിപാലികയായി മറിയം ജരൂസലേമിലെ മേല്‍മുറിയില്‍ ദൈവാരൂപിയെ സ്വീകരിക്കുന്നതുവരെ അപ്പസ്തോലന്മാര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ ഒത്തുചേര്‍ന്നു (നടപടി 1, 14).  ഈ അര്‍ത്ഥത്തില്‍ നൂറ്റാണ്ടുകളിലൂടെയുള്ള ക്രിസ്തീയഭക്തി മറിയത്തെ ശിഷ്യരുടെ അമ്മയെന്നും, വിശ്വാസികളുടെ അമ്മയെന്നും, ക്രിസ്തുവില്‍ നവജാതരുടെ അമ്മയെന്നും വിശേഷിപ്പിച്ചു. ആത്മീയ ഗ്രന്ഥകര്‍ത്താക്കളും, സഭയുടെ പ്രബോധന അധികാരത്തില്‍ ബനഡിക്ട് 14-Ɔമന്‍ പാപ്പാ, ലിയോ 13-‍Ɔമന്‍ എന്നിവര്‍ “സഭയുടെ അമ്മ” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. സകല വിശ്വാസികളും ക്രൈസ്തവമക്കളും സ്നേഹമുള്ള അമ്മയെന്നു വിളിക്കുന്ന ദൈവമാതാവിനെ “സഭയുടെ അമ്മ”യെന്ന സമുന്നതമായ മധുരനാമത്താല്‍ വണങ്ങണമെന്നും വിളിച്ചപേക്ഷിക്കണമെന്നും ആദ്യമായി ആഗോളസഭയോടു ഉദ്ബോധിപ്പിച്ചത് വാഴ്ത്തപ്പെട്ട പോള്‍ 6-Ɔ‍‍മന്‍ പാപ്പായായിരുന്നു. അത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പരിസമാപ്തിയുടെ 3-Ɔമത്തെ സമ്മേളനത്തില്‍ 1964 നവംബര്‍ 31-Ɔο തിയതിയായിരുന്നു.

7. കാലത്തികവില്‍ തെളിഞ്ഞ സംജ്ഞ - സഭയുടെ അമ്മ
1975-ലെ അനുരഞ്ജനത്തിന്‍റെ വിശുദ്ധവത്സരത്തില്‍ പരിശുദ്ധ മറിയം ‘സഭയുടെ അമ്മ’ എന്നപേരില്‍ പ്രത്യേക നിയോഗമുള്ള ഒരു ദിവപൂജാപ്രാര്‍ത്ഥനകള്‍  (Votive Holy Mass) ചിട്ടപ്പെടുത്തി റോമന്‍ കുര്‍ബ്ബനപുസ്തകത്തില്‍ (Roman Missal) ചേര്‍ത്തിരുന്നു.  1980-ല്‍ ദൈവമാതാവിന്‍റെ ലൊരേത്തോയിലെ ലുത്തീനിയയില്‍ “സഭയുടെ അമ്മ” അല്ലെങ്കില്‍ തിരുസഭയുടെ മാതാവ്... എന്ന പേരു ചേര്‍ക്കപ്പെട്ടു. തുടര്‍ന്ന് ദേശീയ പ്രാദേശിക കലണ്ടറുകളിലും വത്തിക്കാന്‍റെ അനുമതിയോടെ “സഭയുടെ അമ്മ” എന്ന മേരിയന്‍ ശീര്‍ഷകം ഉപയോഗിച്ചു തുടങ്ങിയിട്ടുള്ളത് ഈ ഡിക്രിയില്‍ പാപ്പാ ഫ്രാന്‍സിസ് ഒന്നൊന്നായി അനുസ്മരിക്കുന്നു.

നമുക്ക് പെന്തക്കൂസ്താ നാളിനെ തുടര്‍ന്നുള്ള തിങ്കളാഴ്ച
‘സഭയുടെ അമ്മ’യെ അനുസ്മരിക്കാം, മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാം!   








All the contents on this site are copyrighted ©.