2018-03-27 08:08:00

"നസ്രത്തിലെ മറിയം യുവതയ്ക്കു മാതൃക": മാര്‍പ്പാപ്പാ


2018-ലെ ഓശാന ഞായറാഴ്ചയില്‍, ആഗോള യുവജനദിനത്തിന്‍റെയും  മെത്രാന്‍ സിനഡിന്‍റെ ഒരുക്കസമ്മേളന സമാപനത്തിന്‍റെയും പശ്ചാത്തലത്തില്‍ യുവജനങ്ങളെ പ്രത്യേകമായി അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു പാപ്പാ ത്രികാലജപ സന്ദേശം നല്‍കിയത്.  

ദിവ്യബലിയ്ക്കുശേഷം, പ്രീ സിനഡില്‍ സംബന്ധിച്ച യുവജനപ്രതിനിധികളെ ഓരോരുത്തരായി പാപ്പാ  അഭിവാദ്യം ചെയ്യുകയും.  അവരുടെ ആഗ്രഹപ്രകാരം അവരോടൊത്തു  സെല്‍ഫിയ്ക്കു പോസു ചെയ്യുകയും ചെയ്തു.  തുടര്‍ന്ന് ത്രികാല പ്രാര്‍ഥനയോടനുബന്ധിച്ചു നല്‍കിയ ഹ്രസ്വസന്ദേശത്തില്‍ ആനുകാലികസംഭവങ്ങള്‍ അനുസ്മരിക്കുകയും വിശ്വാസികളെ പ്രത്യേകമായി അഭിവാദ്യം ചെയ്യുകയും  ചെയ്തു.

"ഈ തിരുക്കര്‍മങ്ങള്‍ അവസാനിക്കുന്നതിനുമുമ്പ്, നിങ്ങളെയെല്ലാവരെയും, റോമാക്കാരും, തീര്‍ഥാടകരുമായ, പ്രത്യേകമായി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവജനങ്ങളെ പ്രത്യേകമായും, ഇതില്‍ വിവിധ മാധ്യമങ്ങളിലൂടെ പങ്കെടുത്തുകൊണ്ടിരിക്കുന്ന പതിനയ്യായിരത്തോളം വരുന്ന യുവജനങ്ങളെയും അഭിവാദ്യം  ചെയ്യുന്നു" എന്ന വാക്കുകളോടെ ദിവസത്തിന്‍റെ മുഖ്യവിഷയത്തെ പാപ്പാ അനുസ്മരിച്ചു.  മാര്‍ച്ച് 25, ആഗോള യുവജനദിനമായി ആചരിക്കുന്നതിനോട് അനുബന്ധിച്ചുള്ള ചിന്തകള്‍ പങ്കുവച്ചുകൊണ്ട്, അടുത്ത ഒക്ടോബറില്‍ നടക്കാനിരിക്കുന്ന മെത്രാന്‍ സിനഡിനെക്കുറിച്ചും, 2019-ല്‍ പനാമയില്‍ വച്ചു നടക്കാനിരിക്കുന്ന ആഗോളയുവജന സംഗമത്തെക്കുറിച്ചും പരാമര്‍ശിച്ചു.  നസ്രത്തിലെ യുവതിയായ മറിയത്തിന്‍റെ മാതൃക പിന്‍തുടരാനും, അവളുടെ മാധ്യസ്ഥം യാചിക്കാനും പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.  അടുത്തകാലത്ത് നടത്തിയ പെറുവിലെ അപ്പസ്തോലികയാത്രയെ നന്ദിയോടെ അനുസ്മരിച്ചുകൊണ്ടാണ് അവിടെ സന്നിഹിതരായിരുന്ന ഇറ്റലിയിലെ പെറുവിയന്‍ സമൂഹത്തെ പാപ്പാ അഭിവാദ്യം ചെയ്തത്. തുടര്‍ന്ന് വിശ്വാസിസമൂഹത്തിനും മാര്‍പ്പാപ്പാ പ്രാര്‍ഥനാശംസകളേകി:

"ഈ വിശുദ്ധവാരം നന്നായി ജീവിക്കുന്നതിന് മറിയം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ! ഹൃദയത്തിലേയ്ക്ക് നോട്ടമയച്ചുകൊണ്ട്, സ്നേഹപൂര്‍ണമായ വിശ്വാസത്തോടെ, യേശുവിനെ അവിടുത്തെ കുരിശിന്‍റെ വഴിയില്‍ പിഞ്ചെല്ലുന്നതിന്, ഉയിര്‍പ്പിന്‍റെ ആനന്ദപൂര്‍ണമായ പ്രകാശത്തിലേക്കു നയിക്കപ്പെടുന്നതിന് അവളില്‍ നിന്ന് നമുക്ക് ആന്തരികനിശ്ശബ്ദത പഠിക്കാം"

ഈ സിനഡൊരുക്കസമ്മേളനത്തിന്‍റെ ചുമതല വഹിച്ച കര്‍ദിനാള്‍ ബാള്‍ദിസ്സേരിക്കും, മോണ്‍. ഫബേനെയ്ക്കും, സിനഡു കാര്യാലയത്തിനും, മറ്റു സഹകാരികള്‍ക്കും പാപ്പാ നന്ദി പറഞ്ഞ ശേഷമാണ് പാപ്പാ  ത്രികാലജപം നയിച്ചത്. തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കി. 








All the contents on this site are copyrighted ©.