2018-03-23 09:38:00

ജീവനും ജൈവാവയവങ്ങളും കച്ചവടച്ചരക്കാക്കരുതെന്ന് വത്തിക്കാന്‍


ഉല്പന്നങ്ങളുടെ ബൗദ്ധിക പകര്‍പ്പവകാശം സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തില്‍നിന്ന്...

ജൈവസാങ്കേതികതയും അവയുടെ ഉല്പന്നങ്ങളും സംബന്ധിച്ച തീരുമാനങ്ങള്‍ ധാര്‍മ്മികതെ മാനിക്കുന്നതായിരിക്കണെന്ന് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഐവന്‍ യാര്‍ക്കോവിച് അഭിപ്രായപ്പെട്ടു. മാര്‍ച്ച് 21-Ɔο തിയതി ബുധനാഴ്ച യുഎന്നിന്‍റെ ജനീവ കേന്ദ്രത്തില്‍ സമ്മേളിച്ച ഉല്പന്നങ്ങളുടെ ബൗദ്ധിക പകര്‍പ്പവകാശം സംബന്ധിച്ച സമ്മേളനത്തിലാണ് (WIPO - World Intellectual Property Organization) വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചത്.

ജീവനെ സംബന്ധിച്ച ഉല്പന്നങ്ങളും സാങ്കേതികതയും ധാര്‍മ്മിക സുതാര്യതയ്ക്കൊപ്പം വികസന സൗഹാര്‍ദ്ദതയും ഉണ്ടായിരിക്കേണ്ടതാണ്. കാരണം ജീവന്‍ വളര്‍ച്ചയും വികസനവും ആവശ്യപ്പെടുന്നുണ്ട്. മനുഷ്യന്‍റെ ജനിതകഘടന മനുഷ്യാവാകശ നിയമങ്ങളുമായി ബന്ധപ്പെട്ടതാണ്. രാജ്യാന്തര നിയമങ്ങളും അവകാശനയങ്ങളും ഇക്കാര്യത്തില്‍ മാനിക്കപ്പെടേണ്ടതാണ്. അതിനാല്‍ ജനിതക ഘടനയുടെ സ്വാഭാവികതയെ നശിപ്പിക്കുന്ന വിധത്തില്‍ ലാഭേച്ഛയോടെ ഉല്പനങ്ങള്‍ ഉണ്ടാക്കുവാനോ വിപണിയില്‍ ഇറക്കാനോ പാടില്ലാത്തതാണെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് രാഷ്ട്രപ്രതിനിധികളെ ചൂണ്ടിക്കാട്ടി.

ജൈവാഔഷധങ്ങള്‍ നിര്‍മ്മിക്കുന്നതിലുള്ള മനുഷ്യാന്തസ്സിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും രാജ്യന്തര നിയമങ്ങളും, അവയുടെ ധാര്‍മ്മികതയും മാനക്കപ്പെടേണ്ടതാണ്. അതുവഴി ഒരിക്കലും മനുഷ്യശരീരമോ, മനുഷ്യന്‍റെ ജൈവാവയവങ്ങളോ ലാഭക്കച്ചവടത്തിന് എറിഞ്ഞു കൊടുക്കരുതെന്നും കമ്പോളവത്ക്കരിക്കപ്പെടരുതെന്നും വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.