2018-03-22 18:40:00

കുമ്പസാരം ‘ഡ്രൈക്ലീനിങ്ങ’ല്ല! പാപ്പാ ഫ്രാന്‍സിസിന്‍റെ വചനധ്യാനം


ദൈവസ്നേഹത്തിന്‍റെ അപാരതയെക്കുറിച്ച്
പാപ്പാ ഫ്രാന്‍സിസിന്‍റെ വചനചിന്ത...

1. കുമ്പസാരമെന്ന കൂദാശ ഡ്രൈക്ലീനിങ്ങാണെന്നു വിചാരിക്കരുത്.

വിശ്വസ്തതയില്‍നിന്നും വളരുന്ന അനുരഞ്ജനവും മാനസാന്തരവുമാണത്. നമ്മെ അത് സന്തോഷത്തിലേയ്ക്ക് നയിക്കും. പൂവ്വപിതാവായ അബ്രാഹത്തിന്‍റെപോലെ നാം ദൈവത്തില്‍ അര്‍പ്പിക്കുന്ന പ്രത്യാശയിലായിരിക്കും, അല്ലെങ്കില്‍ പ്രത്യാശയ്ക്ക് അനുസൃതമായിരിക്കും നമ്മുടെ ആനന്ദം. നമുക്ക് അറിയാം, ദൈവത്തോട് നാം അത്ര വിശ്വസ്തരല്ല. എന്നാല്‍ ദൈവം നമ്മോട് സദാ വിശ്വസ്തനാണ്!

ദൈവം നമ്മെ നിരസിക്കുന്നില്ല. തന്നെത്തന്നെ അവിടുന്നു നിഷേധിക്കുന്നുമില്ല. ഇത് ദൈവത്തിന്‍റെ പതറാത്ത വിശ്വസ്തതയാണ്! അനുരഞ്ജനത്തിന്‍റെ കൂദാശയെ നാം സമീപിക്കുമ്പോള്‍ അല്ലെങ്കില്‍ കുമ്പസാരിക്കാന്‍ പോകുമ്പോള്‍ അത് വസ്ത്രത്തിലെ അഴുക്കു മാറ്റാന്‍ ഡ്രൈക്ലീനിങ്ങിനു കൊടുക്കുന്നതുപോലെയാണെന്നു കരുതരുത്. വലിയ പ്രയാസമൊന്നുമില്ലാതെ കുമ്പസാരത്തില്‍ നമ്മുടെ അഴുക്കുകള്‍ മാറ്റിയെടുക്കാമല്ലോ എന്നു ചിന്തിക്കരുത്. നാം മനസ്തപിച്ച്, മേലില്‍ പാപംചെയ്യുകയില്ലെന്ന് ഉറച്ച്, നമുക്കായും നമ്മുടെ തിരിച്ചുവരവിനായും ക്ഷമയോടെ കാത്തിരിക്കുന്ന വിശ്വസ്തനായ പിതാവായ ദൈവത്തിന്‍റെ ആശ്ലേഷം സ്വീകരിക്കുന്ന അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും വേദിയാണ് കുമ്പസാരമെന്ന് പാപ്പാ വ്യക്തമാക്കി.

2. പ്രത്യാശ ജീവിതത്തിന് ആനന്ദം തരുന്നു!
ഈശോയെ കല്ലെറിയാന്‍ ഒരുങ്ങിയ നിയമഞ്ജരുടെ കാര്യം സുവിശേഷ സംഭവത്തില്‍നിന്നും (യോഹ.8, 51-59) പാപ്പാ ഉദ്ധരിച്ചു. അവര്‍ ഉയര്‍ത്തിയ കല്ലുകള്‍ യേശുവിനെ കൊല്ലാനായിരുന്നു. അതുപോലെ അവിടുത്തെ കല്ലറ അവര്‍ കല്ലുവെച്ചടച്ചത് അവിടുത്തെ  പുനരുത്ഥാനം ഇല്ലാതാക്കാമെന്നു കരുതിയായിരുന്നു. എന്നിട്ടും അവിടുന്ന് ഉയര്‍ത്തെഴുന്നേറ്റു. ക്രിസ്തു ജീവിക്കുന്നു, ഇന്നും ജീവിക്കുന്നു!

നമ്മെ സ്നേഹിക്കുകയും നമ്മോടു വിശ്വസ്തനായിരിക്കുകയും ചെയ്യുന്ന ക്രിസ്തു നമ്മെ അറിയുന്നു. അവിടുന്നു നമ്മെ അനാഥരായി വിടുകയില്ല.  അവിടുന്ന് നമ്മെ കൈപിടിച്ചു നയിക്കും. അതിനാല്‍ എനിക്കൊന്നിനും കുറവുണ്ടാകില്ല. ഞാന്‍ ഒന്നിനെയും ഭയപ്പെടുകയില്ല.  അവിടുന്ന് എനിക്ക് പ്രത്യാശയുടെ ആനന്ദമാണ്! കാരണം അവിടുന്ന് എന്നെ ഒരു അച്ഛനെയും അമ്മയെയുംപോലെ സദാ സ്നേഹിക്കുന്നു പരിപാലിക്കുന്നു!

3. ഒരച്ഛന്‍റെയും അമ്മയുടെയും സ്നേഹംപോലെ... ദൈവസ്നേഹം!
ഉല്പത്തിപ്പുസ്തകം പറയുന്ന ഈ ദിവസത്തെ ആദ്യവായന - അബ്രാഹത്തോടു ദൈവം ചെയ്ത പതറാത്ത വാഗ്ദാനമാണ്. വിശ്വസ്തതയോടെ നമ്മെ കാത്തുപാലിക്കുന്ന  ദൈവസത്തെ സങ്കീര്‍ത്തകനും ഏറ്റുപാടുന്നു (സങ്കീ.104). ദൈവസ്നേഹത്തിന്‍റെ ഈ ഉടമ്പടിയാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനധ്യാനത്തിന് ആധാരമാക്കിയത് (ഉല്പത്തി 17, 9-9). ദൈവം അബ്രാഹത്തോടു ചെയ്ത ഉടമ്പടി ഇന്നും ജനമദ്ധ്യത്തില്‍ തുടരുകയും ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു. അചഞ്ചലമായ ദൈവസ്നേഹം നമുക്ക് അനുഭവവേദ്യമാകുന്ന ഈ ഭൂമിയിലെ ഒരച്ഛന്‍റെയും അമ്മയുടെയും സ്നേഹമാണ്.

4. യുക്തിക്കതീതമായ ദൈവസ്നേഹം
ദൈവസ്നേഹം അനശ്വരവും അചഞ്ചലവും അത് മാനുഷിക യുക്തിക്ക് അതീതവുമാണ്. അര്‍ജന്‍റീനയില്‍വച്ച് കുഞ്ഞായിരുന്ന നാള്‍മുതല്‍ അമ്മയുടെ അനുസ്മരണ ദിനത്തില്‍ (Mother’s Day) സമ്മാനിച്ചിരുന്ന നീലപൂവിന്‍റെ സ്പാനിഷ് പേര്, “എന്നെ മറക്കല്ലേ!” എന്നായിരുന്നു! ആ പൂവ് മറ്റൊരു നിറത്തിലും കിട്ടുമായിരുന്നു. വൈലറ്റ്! നീലനിറത്തിലുള്ളത് ജീവിച്ചിരിക്കുന്ന അമ്മമാര്‍ക്കു നല്കുന്നതായിരുന്നു. വൈലറ്റ് നിറത്തിലുള്ളത് മരിച്ചുപോയ അമ്മമാരുടെ സ്മൃതിമണ്ഡപത്തില്‍ ചാര്‍ത്താനുമായിരുന്നു.

ദൈവസ്നേഹം അമ്മയുടെ സ്നേഹംപോലെയാണ്. അവിടുന്നു നമ്മെ മറക്കുന്നില്ല, ഒരിക്കലും മറക്കുന്നില്ല. കാരണം ദൈവം തന്‍റെ ഉടമ്പടികളോട് വിശ്വസ്തനാണ്. ഇത് നമുക്കൊരു സുരക്ഷയും ഉറപ്പും നല്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ലല്ലോ! എന്‍റെ ജീവിതചുറ്റുപാടുകള്‍ അത്ര നല്ലതല്ല. ‍ഞാന്‍ എപ്പോഴും പ്രതിസന്ധിയിലാണ്. ഞാനൊരു പാപിയാണേ! എങ്കിലും നാം ഓര്‍ക്കണം. ദൈവത്തിന്‍റെ സ്നേഹം അതിനും അപ്പുറമാണ്. അത് യുക്തിക്കതീതമാണ്. അമ്മയുടെയും അച്ഛന്‍റേതും പോലെയാണ്. തെറ്റുചെയ്താലും അച്ഛനും അമ്മയും മക്കളോടു എപ്പോഴും ക്ഷമിക്കുന്നു. അവരെ സ്നേഹിക്കുന്നു! അവരെ നയിക്കുന്നു!








All the contents on this site are copyrighted ©.