2018-03-22 10:56:00

DOCAT ​LX​: “സ്വതന്ത്രവിപണി''


ക്ഷേമവും നീതിയും എല്ലാവര്‍ക്കും എന്നു ശീര്‍ഷകം നല്‍കിയിട്ടുള്ള ഏഴാമധ്യായത്തിലെ ചോദ്യോത്തരങ്ങള്‍ ചര്‍ച്ച ചെയ്യുകയാണു നാം. അവിടെ സാമ്പത്തിക പ്രവര്‍ത്തനത്തെ നിര്‍വചിക്കുകയും വിശദീകരിക്കുകയും സാമ്പത്തികവ്യാപാരങ്ങളുടെ ധാര്‍മികതയെ, വിലയിരുത്തുകയും ചെയ്യുന്ന സഭാപ്രബോധനങ്ങള്‍ വ്യക്തതയോടെ വിശദീകരിക്കുന്നു.  ഇന്നു ഒരു സാമ്പത്തികമാതൃകയും ആത്യന്തികമായി നീതി നിര്‍വഹണത്തിനു പര്യാപ്തവുമാകുന്നില്ല എന്നു കാണുന്നതിനാല്‍, ക്രിസ്തീയമായൊരു സാമ്പത്തിക മാതൃക സഭയ്ക്കു നിര്‍ദേശിക്കാനാവുമോ എന്ന ചോദ്യമുയരാം.  ഇന്ന് ഡുക്യാറ്റ് പഠനപരമ്പരയില്‍, 172 മുതല്‍ 177 വരെയുള്ള ചോദ്യങ്ങളിലൂടെ ഇതിനെക്കുറിച്ചും, സ്വതന്ത്രവിപണിയെക്കുറിച്ചും ഉള്ള ചര്‍ച്ചകളിലേയക്കു കടക്കുകയാണ്.

ചോദ്യം 172: ക്രിസ്തീയ സാമ്പത്തിക മാതൃക എന്നൊന്നുണ്ടോ?

ഇല്ല. സഭ സുവിശേഷം പ്രഘോഷിക്കേണ്ടവളാണ്.  ഏറ്റവും നല്ല സാമ്പത്തിക മാതൃകയ്ക്കുവേണ്ടിയും മത്സരത്തില്‍ ഏര്‍പ്പെടാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവളല്ല.  സാമ്പത്തികത മനുഷ്യനും പൊതു നന്മയ്ക്കും സേവനം ചെയ്യണമെന്ന സഭയുടെ ആവശ്യം മനുഷ്യമഹത്വത്തിനു ചേര്‍ന്ന യുക്തി പൂര്‍വകമായ ആവശ്യമാണ്.

നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സാമ്പത്തികമാതൃകകള്‍ പൊതുനന്മയെ ലക്ഷ്യംവയ്ക്കുന്നവയാണ്. സ്വാര്‍ഥതയുള്ള മനുഷ്യന്‍ അതിനെ വേണ്ടവിധം ഫലപ്രദമാക്കുന്നില്ല എന്നു നാം കാണുന്നു. അതുകൊണ്ട് അവയില്‍ സുവിശേഷചൈതന്യം നിറയ്ക്കുക ആവശ്യമാണ്. അതാണ് സഭ ചെയ്തുകൊണ്ടിരിക്കുന്നതും. ലെയോ പതിമൂന്നാമന്‍ പാപ്പാ പറയുന്നു, സ്വകാര്യസ്വത്ത് ഇല്ലായ്മ ചെയ്താല്‍ സമ്പത്തിന്‍റെ ഉറവിടങ്ങള്‍തന്നെ വറ്റിപ്പോകും.  എന്തെന്നാല്‍ ഒരുവനും തന്‍റെ കഴിവുകളെ അല്ലെ ങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനത്തെ വിനിയോഗിക്കാന്‍ താല്പര്യമുണ്ടാവുകയില്ല. എന്നാല്‍,  ആ ദര്‍ശപരമായ സമത്വം, യഥാര്‍ത്ഥത്തില്‍ എല്ലാവരെയും ദുരിതത്തിന്‍റെയും തരംതാഴ്ത്തലിന്‍റെയും അവസ്ഥയിലെത്തിക്കും എന്ന ദുരന്തവും പാപ്പാ മനസ്സിലാക്കുന്നുണ്ട്. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രബോധനവും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം: “സഭയ്ക്ക് സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ നല്‍കാനില്ല. സ്റ്റേറ്റുകളുടെ രാഷ്ട്രീയത്തില്‍ ഒരുതരത്തിലും ഇടപെടുന്നുവെന്ന് അവ കാശപ്പെടുന്നുമില്ല”.

അപ്പോള്‍ പൊതുനന്മയ്ക്കുചിതമായ ഒരു സാമ്പത്തികക്രമം എന്നത് അപ്രാപ്യമാണോ എന്ന സംശയം ഉദിക്കുന്നു.  അതെങ്ങനെ നേടുമെന്നുള്ള ചോദ്യത്തിനു സഭ ഉത്തരം നല്‍കുന്നുണ്ട്.

ചോദ്യം 173: മനുഷ്യനും പൊതുനന്മയ്ക്കും സേവനംചെയ്യുന്ന ഒരു സാമ്പത്തികക്രമം നാം എങ്ങനെ നേടും?

അനുദിന വ്യാപാരത്തിലേയ്ക്ക് നീതി, അയല്‍ക്കാരനോടുള്ള സ്നേഹം എന്നീ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുക എന്നതിനെയാണ് അത് ഒന്നാമതായി ആശ്രയിച്ചിരിക്കുന്നത്. സ്ഥാപനങ്ങളും ജീവിതാവസ്ഥകളും മാനുഷികമായിത്തീരുന്നതുവരെ നന്നാക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് അവസരം മാത്രമല്ല, കടമയുമുണ്ട്.  ക്രൈസ്തവന്‍ മറ്റുള്ളവരെ നന്നാക്കുന്നതിനുമുമ്പ് താന്‍തന്നെ നന്നാവാന്‍ പരിശ്രമിക്കണമെന്നേ ഉള്ളു.  അപ്പോള്‍ മാത്രമേ സാമ്പത്തികസാഹചര്യങ്ങളെയും സാമൂഹിക സ്ഥാപന ങ്ങളെയും ഏറ്റവും നല്ലാതാക്കാനുള്ള അവന്‍റെ സമര്‍പ്പണം വിശ്വസനീയമാകുകയുള്ളു.

അധ്വാനത്തെക്കുറിച്ച്, സ്വകാര്യസ്വത്തിനെക്കുറിച്ച് ഉള്ള ചോദ്യത്തിലേയ്ക്ക് ഈ ചര്‍ച്ച വീണ്ടും നമ്മെ നയിക്കുകയാണ്. 

ചോദ്യം 174: സ്വന്തം നിലയില്‍ മുന്‍കൈയെടുത്ത് അധ്വാനിച്ചു നേടുന്ന സ്വകാര്യസ്വത്ത് ഒരു അനീതിയാണോ?

അല്ല.  സ്വന്തം ചുമതലയിലും ഉത്തരവാദിത്വത്തിലും മുന്‍കൈയെടുത്ത് ബിസിനസ്സ് നടത്തുന്ന വ്യക്തിക്ക് മറ്റുള്ള ഏതു വ്യക്തിയെയും പോലെ, അയാളുടെ അധ്വാനത്തിന്‍റെ ഫലങ്ങളെയും ആ ഫലങ്ങള്‍ നേടാനുള്ള മാര്‍ഗങ്ങളെയും (ഉല്‍പ്പാദനോപാധികള്‍) സംബന്ധിച്ച് സ്വാഭാവികമായ അവകാശമുണ്ട്. ഈ അവകാശമാണ് സൃഷ്ടിപരവും സ്വന്തം നിലയിലുള്ള അധ്വാനത്തെ സംബന്ധിച്ചതുമായ സ്വാതന്ത്ര്യത്തെ പ്രചോദിപ്പിക്കുന്നത്. ആ സ്വാതന്ത്ര്യത്തില്‍നിന്ന് അതിലുള്‍പ്പെടുന്ന ഓരോ വ്യക്തിയും സാമ്പത്തികപ്രക്രിയയില്‍ നേട്ടങ്ങള്‍ കണ്ടെത്തും.  സ്വത്തു സൃഷ്ടിക്കല്‍ കൂടുതല്‍ പരിശ്രമം ചെയ്യാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നു.  എന്തെന്നാല്‍, സ്വകാര്യസ്വത്ത് ഒരുവന് തന്‍റെ കടമ തുടര്‍ന്നുകൊണ്ടുപോകാനുള്ള പ്രേരണകള്‍ കൂട്ടിച്ചേര്‍ക്കുന്നു.  സിവിള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി യുള്ള വ്യവസ്ഥകളില്‍ ഒന്നിനെ അതു സ്ഥാപിക്കുന്നു (GS 71). മറുവശത്ത്, വിട്ടുവീഴ്ചയില്ലാത്ത സാമ്പത്തികാസമത്വങ്ങള്‍ സാമൂഹിക വിസ്ഫോടനവസ്തുക്കളാണ്.  അവ മിക്കപ്പോഴും നീതി രഹിതവുമാണ്. ഉദാഹരണമായി, തൊഴിലാളികള്‍ക്ക് ലാഭത്തിന്‍റെ പര്യാപ്തമായ പങ്കു ലഭിക്കാതിരിക്കുമ്പോള്‍, പല രാജ്യങ്ങളിലും ഇന്ന് ചൂഷണം വ്യവസ്ഥയായിരിക്കുന്നു. ചിലരുടെ വിപുലമായ സാമ്പത്തിക മേധാവിത്വം മറ്റുള്ളവരെ അധഃസ്ഥിതിയിലേയ്ക്കും വിഷമാവസ്ഥയിലേക്കും നയിക്കുന്നു. അതുകൊണ്ട്, സ്വകാര്യസ്വത്ത് ‘‘സാമൂഹിക-പണയത്തിനു’’ വിധേയമാണ്. സ്വത്ത് എ ല്ലാവരുടെയും പൊതുനന്മയ്ക്കായി ഉപയോഗിക്കപ്പെടണം. എന്തെന്നാല്‍, ദൈവം ഭൗതിക വസ്തുക്കളെ ഓരോ വ്യക്തിക്കും വേണ്ടിയാണു സൃഷ്ടിച്ചത്.  സ്വത്തിനെ സംബന്ധിച്ച ഈ സാമൂഹികാവശ്യത്തെ നീതിപൂര്‍വം ക്രമപ്പെടുത്താനും അതു നടപ്പിലാക്കാനുമുള്ള ചുമതല സ്റ്റേറ്റിന്‍റേതാണ്.

വി. ജോണ്‍ പോള്‍ പാപ്പാ പറയുന്നു: "ദൈവം ഭൂമി മുഴുവന്‍ മനുഷ്യവംശത്തിനുവേണ്ടി, അതിന്‍റെ എല്ലാ അംഗങ്ങളുടെയും നിലനില്‍പ്പിനുവേണ്ടി, ആരെയെങ്കിലും ഒഴിവാക്കകയോ പ്രത്യേകം പരിഗണിക്കുകയോ ചെയ്യാതെ നല്‍കി. ഇതാണ് ഭൂമിയിലുള്ള വസ്തുക്കളുടെ സാര്‍വത്രികലക്ഷ്യത്തിന്‍റെ അടിസ്ഥാനം".  അങ്ങനെ സാമ്പത്തികപ്രവര്‍ത്തനത്തില്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമ്പോഴും വ്യക്തികളുടെ നന്മയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കാതെ, അവ പൊതു നന്മ ലക്ഷ്യം വയ്ക്കേണ്ടതുണ്ട് എന്നു സഭ വ്യക്തമാക്കുന്നു.

ചിലയവസരങ്ങളില്‍ പണം എന്ന വിനിമയവസ്തുവിനെ വിലകുറച്ചുകാണുന്ന പ്രവണതയുണ്ട്.  അതുകൊണ്ട് അക്കാര്യത്തെക്കുറിച്ചുള്ള ക്രിസ്തീയ വീക്ഷണമെന്താണെന്നു നോക്കാം.

ചോദ്യം 175: പണം അതില്‍ത്തന്നെ മോശമാണോ?

അല്ല. പണം ഒരു നല്ല മാനുഷിക കണ്ടുപിടുത്തമാണ്. എന്നാല്‍, അതു ദുരുപയോഗിക്കപ്പെട്ടേക്കാം. പണം കൈമാറ്റത്തിനുള്ള മാര്‍ഗമാണ്, മൂല്യത്തിന്‍റെ അളവാണ്. ഭാവി സുരക്ഷിതത്വത്തിന് ഉറപ്പു നല്‍കുന്നതാണ്, നന്മയായിട്ടുള്ളതിനെ പിന്‍താങ്ങാനുള്ള ഒരുപാധിയാണ്. പണം ഒരിക്കലും അതില്‍ത്തന്നെ ഒരു ലക്ഷ്യമായിരിക്കരുത്.  യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: ‘‘നിങ്ങള്‍ക്ക് ഒരേസമയത്ത് ദൈവത്തെയും മാമ്മോനെയും സേവിക്കാന്‍ കഴിയില്ല’’ (മത്താ 6:24). പണം ഒരു വിഗ്രഹവും ആസക്തി വിഷയവുമായിത്തീരാം.  അത്യാര്‍ത്തിയോടെ പണത്തിന്‍റെ പിന്നാലെ പായുന്നവന്‍ അതിന്‍റെ അടിമായായിത്തീരുന്നു.

പണം എന്ന ആയുധത്തെപ്പറ്റി മക്കളെ പഠിപ്പിക്കുന്നത് ഒരിക്കലും ഒത്തിരി നേരത്തെയാവുകയില്ലെന്നും, അതിനുവേണ്ടി അധ്വാനിക്കേണ്ടതും അതു സൂക്ഷിക്കേണ്ടതും ഉദാരതയോടെ ഉപയോഗിക്കേണ്ടതും എങ്ങനെയെന്ന അവരെ പഠിപ്പിക്കണമെന്നും യൂദിത്ത് ജാനിസണ്‍ എന്ന കലാകാരി പറയുന്നത് സുചിന്തിതമാണ്. കാരണം പണം ഒരായുധമാണ്.  അത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ നന്മയ്ക്കു പകരം തിന്മ ഉളവാക്കും.  

ചോദ്യം 176: ലാഭമുണ്ടാക്കല്‍ അനുവദനീയമാണോ?

അതേ.  ഒരു സംരംഭത്തിന്‍റെ വിജയത്തിന്‍റെ പ്രാരംഭസൂചനയാണ് ലാഭം.  പക്ഷേ, ഇനിയുമത് ആ സംരംഭം സമൂഹത്തെ സേവിക്കുന്നുണ്ടെന്നതിനുള്ള പര്യാപ്തമായ തെളിവായിത്തീര്‍ന്നിട്ടില്ല.  ഒരു വ്യാപാരം നിലനില്‍ക്കത്തക്കവിധം പ്രവര്‍ത്തിക്കണമെങ്കില്‍ ലാഭത്തിനുവേണ്ടിയുളള നീതീകരിക്കത്തക്ക ഓട്ടം മനുഷ്യവ്യക്തിയുടെ മഹത്വത്തിന്‍റെ അപരിത്യാജ്യമായ സംരക്ഷണത്തിനു ചേര്‍ന്നതായിരിക്കണം. ചൂഷണത്തിന്‍റെയോ സാമൂഹികനീതിയുടെ ലംഘനത്തിന്‍റെയോ തൊഴിലാളികളുടെ അവകാശങ്ങളുടെ ലംഘനത്തിന്‍റെയോ അടിസ്ഥാനത്തില്‍ നേടിയ ലാഭം അനീതിയാണ്.

പണം സാധാരണ മനുഷ്യനു പ്രലോഭനമാണ്.  പണം ഫലപ്രദമായും ന്യായമായും ഉപയോഗിക്കാതെ, സൂക്ഷിക്കുകയും അന്യായമായി വര്‍ധിപ്പിക്കാന്‍ പ്രലോഭിപ്പിക്കപ്പെടുകയും ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് യേശു നല്‍കുന്ന മുന്നറിയിപ്പ് ശക്തമാണ്. 

ഇന്ന് ആഗോളഗ്രാമമെന്നു വിശേഷിപ്പിക്കത്തക്കവിധം നമ്മുടെ ലോകം ദൂരത്തിലും സമയത്തിലും കൂടുതല്‍ അടുത്തായിരിക്കുന്ന ഇക്കാലഘട്ടത്തില്‍, സ്വതന്ത്രവിപണി എന്ന തത്വം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.  അതിനെക്കുറിച്ചും സഭ ചിന്തിക്കുകയും പ്രബോധനം നല്‍കുകയും ചെയ്തിട്ടു ണ്ടെന്ന് അടുത്ത ചോദ്യത്തിനുത്തരം വ്യക്തമാക്കുന്നു.

ചോദ്യം 177: സ്വതന്ത്രവിപണി നല്ലതാണോ?

സ്വതന്ത്രവിപണിയില്‍ സ്വതന്ത്രമായി നിയമാനുസൃതവും ധാര്‍മികവുമായ ഒരു ചട്ടക്കൂട്ടില്‍ ആളുകള്‍ക്കും സാധനങ്ങളും സേവനങ്ങളും നല്‍കുകയും സ്വീകരിക്കുകയുംചെയ്യാം.  എന്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു, എന്തു വിലയ്ക്ക്, ഏത് അളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്നത് ഉപഭോക്താക്കളാണ് ആത്യന്തികമായി നിശ്ചയിക്കുന്നത്. കുത്തകക്കാരും വില വര്‍ധിപ്പിക്കാന്‍ വ്യാപാര ക്കമ്പനികള്‍ എത്തിച്ചേരുന്ന പൊതുധാരണയും വിതരണത്തിന്‍റെയും ആവശ്യത്തിന്‍റെയും നിയമ ത്തെ തകര്‍ക്കാതിരുന്നാല്‍ അങ്ങനെ സംഭവിക്കും. 

സാമ്പത്തിക വികസനത്തെ ദീര്‍ഘകാലത്തേയ്ക്ക് ചലിപ്പിച്ചുകൊണ്ടിരിക്കാനും നിലനിര്‍ത്താനും കഴിയുമെന്ന് സ്വതന്ത്രവിപണി പൊതുവെ തെളിയിച്ചിട്ടുണ്ട്.  കൂടാതെ, വിഭവങ്ങള്‍, ആസൂത്രിത സാമ്പത്തികത എന്നതിനെക്കാള്‍ കൂടുതല്‍ കാര്യക്ഷമതയോടെ സ്വതന്ത്രവിപണിയില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാലും ധാര്‍മികതയ്ക്കു വിരുദ്ധമായ വിപണികളുമുണ്ട്. ഉദാഹരണമായി, മയക്കുമരുന്നുകളുടെ വ്യാപാരം, മനുഷ്യക്കടത്ത്- അതിന്‍റെ എല്ലാ രൂപങ്ങളിലും, നിയമവിരുദ്ധമായ ആയുധവില്‍പ്പന, മുതലായവ.  എന്നാലും കാര്യക്ഷമതകൊണ്ട് എല്ലാമായില്ല.  പലപ്പോഴും ചില പ്രത്യേക സാഹചര്യങ്ങളിലേയ്ക്കു നയിക്കാന്‍ സ്വതന്ത്ര വിപണിക്കു കഴിയും.  ആ സാഹചര്യങ്ങ ളില്‍, കുറച്ചു സാമ്പത്തിക വിഭവങ്ങളുള്ളവരെ കൂടുതല്‍ വിഭവങ്ങള്‍ ഉള്ളവര്‍ നഷ്ടത്തിലേയ്ക്കു നയിക്കുകയോ ചൂഷണത്തിനു വിധേയരാക്കുകയോ ചെയ്യും.  ഉദാഹരണമായി നീതിരഹിതമായ താഴ്ന്ന കൂലി സ്വീകരിക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിച്ചുകൊണ്ട് അങ്ങനെചെയ്യും.  ഇതു സംഭവിക്കുമ്പോള്‍ കൂടുതല്‍ ദുര്‍ബലമായ കക്ഷി സഹായിക്കപ്പെടണം.  രാഷ്ട്രം അതിന്‍റെ നിയമ ങ്ങളിലൂടെയും ട്രേഡുയൂണിയനുകള്‍ പോലെയുള്ള സാമൂഹിക സംഘടനകളിലൂടെയും അങ്ങനെ ചെയ്യണം.  മുഴുവന്‍ സമൂഹത്തെയും സേവിക്കുന്ന വിപണികൂടിയാണെങ്കില്‍ മാത്രമേ സ്വതന്ത്ര വിപണി സ്വീകാര്യമാവുകയുളളു.  എന്നാല്‍ അധാര്‍മിക വിപണികളുമുണ്ട്.  ഉദാഹരണമായി മുന്‍ പറഞ്ഞ മയക്കുമരുന്നു വ്യാപാരം, മനുഷ്യക്കടത്ത്- അതിന്‍റെ സകല രൂപങ്ങളിലും, ആയുധ ങ്ങളുടെ നിയമരഹിതമായ കടത്തല്‍ മുതലായവ.

വ്യക്തിഗത രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്രബന്ധങ്ങളുടെയും തലത്തില്‍ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും കാര്യക്ഷമമായി ആവശ്യങ്ങളോടു പ്രതികരിക്കുന്നതിനും കാര്യക്ഷമമായ ഉപകരണമായി സ്വതന്ത്രവിപണിയെ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കാണുന്നു. അതിനാല്‍, സമ്പത്തിനെയോ, അതിനായുള്ള അധ്വാനത്തെയോ, നീതിപൂര്‍വമായ ലാഭത്തിനുവേണ്ടിയുള്ള ആഗ്രഹത്തെയോ ആത്മീയതയ്ക്കെതിരെന്നു നമുക്കു പറയാന്‍ കഴിയില്ല.  എന്നാല്‍, ദൈവത്തെ മറന്നും, സഹോദരരെ മറന്നും, അനീതിയില്‍ വ്യാപരിക്കുകയും പണം ലക്ഷ്യമാക്കുകയും ചെയ്യുമ്പോള്‍ അത് ആത്മീയതയെ നശിപ്പിക്കുന്നു.








All the contents on this site are copyrighted ©.