2018-03-21 19:59:00

സിനഡിന് യുവജനങ്ങളുടെ മുന്നൊരുക്കം


യുവജനങ്ങളുടെ മുന്നൊരുക്ക സംഗമം അടിസ്ഥാനരേഖ തയ്യാറാക്കും !

സിനഡിനു മുന്നൊരുക്കമായുള്ള യുവജനങ്ങളുടെ പ്രതിനിധി സംഗമം (Pre-synodal Assembly of Young people) അടിസ്ഥാനരേഖ തയ്യാറാക്കി പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിക്കും.  സിനഡു കമ്മിഷന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി മാര്‍ച്ച് 20-Ɔο തിയതി വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു (L’Osservatore Romano) നല്കിയ പ്രസ്താവനയിലാണ് യുവജനങ്ങളുടെ സിനഡിന് മുന്നൊരുക്കമായുള്ള സംഗമം തയ്യാറാക്കുന്ന അടിസ്ഥാന രേഖയെക്കുറിച്ച് അറിയിച്ചത്.

അധികം കത്തോലിക്കരും, ഇതരമതസ്ഥരും ഉള്‍പ്പടെ 300-ല്‍ അധികം യുവജനങ്ങളുടെ രാജ്യാന്തര പ്രതിനിധി സംഘമാണ് മാര്‍ച്ച് 19-Ɔο തിയതി തിങ്കളാഴ്ച മുതല്‍ വത്തിക്കാനിലെ  കൊളേജിയോ മാത്തര്‍ എക്ലേസിയെയിലാണ് (Collegio Mater Ecclesiae in Vatican)  സംഗമിച്ചിരിക്കുന്നത്. സമ്മേളനത്തിന്‍റെ സമാപനദിനമായ മാര്‍ച്ച് 25-Ɔο തിയതി ഞായറാഴ്ച വത്തിക്കാനില്‍ ആഘോഷിക്കുന്ന ഓശാനദിവ്യബലിയര്‍പ്പണത്തില്‍ യുവജനങ്ങള്‍ തങ്ങളുടെ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും ഫലം അടിസ്ഥാനരേഖയായി (Preparatory Document) പാപ്പാ ഫ്രാന്‍സിസിനു സമര്‍പ്പിക്കും. കര്‍ദ്ദിനാള്‍ ബാള്‍ദിസേരി പ്രസ്താവനയിലൂടെ അറിയിച്ചു. അന്ന് റോമാ രൂപത യുവജനദിനം ആചരിക്കകൂടെ ചെയ്യും.

ആഗോളതലത്തിലുള്ള 300 യുവജനപ്രതിനിധികളില്‍ - കത്തോലിക്കുരും ഇതര ക്രൈസ്തവവിഭാഗക്കാരും മറ്റുമതസ്ഥരുമുണ്ട്. 12 പേരാണ് ഏഷ്യന്‍ വംശജര്‍. ഇന്ത്യയില്‍നിന്നും ആകെ 5 പേരാണ്. അതില്‍ മൂന്നുപേര്‍ കത്തോലിക്കരും, രണ്ടുപേര്‍ ഇതരമതസ്ഥരുമാണ്. കേരളത്തിന്‍റെ പ്രതിനിധി ക്യമ്പ്യൂട്ടര്‍ എന്‍ജിനീയറായ പോള്‍ ജോസ് പടമാട്ടുമ്മലാണ്. അദ്ദേഹം കോട്ടപ്പുറം സ്വദേശിയും രൂപതാംഗവുമാണ്. 18-നും 29-നു വയസ്സു പ്രായപരിധിയില്‍പ്പെട്ട യുവജനങ്ങളാണ് മുന്നൊരുക്ക സിനഡില്‍ പങ്കെടുക്കുന്നത്.  

യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും” എന്ന പ്രമേയവുമായിട്ടാണ് 15-Ɔമത് മെത്രാന്മാരുടെ സാധാരണ സിനഡുസമ്മേളനം 2018 ഒക്ടോബര്‍ 3-മുതല്‍ 28-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കാന്‍ പോകുന്നത്. 

ഇത് യുവജനങ്ങള്‍ക്കുവേണ്ടി, യുവജനങ്ങളാലുള്ള യുവജനങ്ങളുടെ സിനഡെന്നാണ് പാപ്പാ ഫ്രാന്‍സിസ്, മുന്നൊരുക്ക-സംഗമത്തിന് ആമുഖമായുള്ള പ്രഭാഷണത്തില്‍ യുവജനങ്ങളോടു ആസന്നമാകുന്ന സിനഡിനെക്കുറിച്ചു പറഞ്ഞത്. തങ്ങളുടെ അജപാലകരായ മെത്രാന്മാരുമായി സംവദിക്കുക, അവരെ ശ്രവിക്കുക എന്നതാണ് സിനഡിന്‍റെ ബലതന്ത്രമെന്നും, ആത്മീയതയുടെ മനോഭാവത്തോടെ പരസ്പരം ഹൃദയങ്ങള്‍ തുറന്നു പങ്കുവയ്ക്കുകയെന്നതും സിനഡിന്‍റെ അരൂപിയാണെന്നും കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി പ്രസ്താവനയില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.