2018-03-21 18:40:00

കുടിയേറ്റത്തിന്‍റെ മേഖലയില്‍ ആഗോളനയം വേണം : വത്തിക്കാന്‍


യുഎന്‍ ജനീവ കേന്ദ്രത്തില്‍ വത്തിക്കാന്‍ അഭിപ്രായപ്രകടനം നടത്തി.

കുടിയേറ്റത്തിന്‍റെ മേഖലയില്‍ ആഗോളനയം വേണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഐവന്‍ യാര്‍ക്കോവിച് അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 20-ന് യുഎന്നിന്‍റെ ജനീവകേന്ദ്രത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് കുടിയേറ്റക്കാരെ സംബന്ധിച്ച് രാജ്യാന്തരതലത്തില്‍ നയങ്ങള്‍ രൂപീകരിക്കണമെന്ന് വത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

കുടിയേറ്റം ആധുനിക യുഗത്തിന്‍റെ പ്രതിഭാസമായതിനാലും, കുടിയേറ്റക്കാരും പ്രവാസികളും, അഭയാര്‍ത്ഥികളുമായവരുടെ
എണ്ണം അഭൂതപൂര്‍വ്വകമായി വര്‍ദ്ധിച്ചു വരുന്നതിനാലുമാണ് പൊതുനയം വേണമെന്ന അഭ്യര്‍ത്ഥന വത്തിക്കാന്‍ ഉയര്‍ത്തിയത്. കുടിയേറ്റപ്രകൃയയില്‍ മനുഷ്യര്‍ - വിശിഷ്യാ സ്ത്രീകളും കുട്ടികളും നേരിടേണ്ടിവരുന്ന ക്ലേശങ്ങളും, പ്രശ്നങ്ങളും ഭീതിദമാണെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ പൊതുസമ്മേളനത്തെ ചൂണ്ടിക്കാട്ടി.

കൂടിയേറ്റവും കുടിയേറുന്നവരും മാനവികതയുടെ ചരിത്രത്തിന്‍റെ ഭാഗമായിരിക്കെ, അവരെ അവഗണിക്കുന്നതും അവരോടു നിസംഗത പുലര്‍ത്തുന്നതും, അവരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്നതും അന്യായമാണ്. ഒരു പ്രത്യേക വിശ്വാസ സമൂഹത്തില്‍പ്പെട്ടവരായതില്‍  കുടിയേറ്റത്തിന്‍റെ മേഖലയില്‍ അക്കൂട്ടര്‍ വിവേചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതും അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതയാണ്. പ്രത്യേകിച്ച് നിര്‍ബന്ധിത കുടിയേറ്റക്കാരുടെ – അതായ് യുദ്ധം, അഭ്യന്തരകലാപം, കാലാവസ്ഥക്കെടുതി, വരള്‍ച്ച, പകര്‍ച്ചവ്യാധികള്‍ എന്നിവയാല്‍ അഭയാര്‍ത്ഥികളാക്കപ്പെടുന്നവരുടെ അടിസ്ഥാന അവകാശങ്ങളും, അന്തസ്സും, സ്വാതന്ത്ര്യവും മാനിക്കപ്പെടണമെന്നു പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചിട്ടുള്ളത് വത്തിക്കാന്‍റെ പ്രബന്ധത്തില്‍ ഉദ്ധരിക്കപ്പെട്ടു.

തങ്ങളുടെ ക്ലേശങ്ങള്‍ മറന്ന് കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളാനും, വാതിലുകളും ഹൃദയങ്ങളും അവര്‍ക്കായി തുറന്നിടുകയുംചെയ്യുന്ന രാഷ്ട്രങ്ങളെയും ജനതകളെയും പിന്‍തുണയ്ക്കാന്‍ രാജ്യാന്തര സമൂഹത്തിന് കടപ്പാടുണ്ട്. ഇനി, കുടിയേറ്റത്തിനുമപ്പുറം അഭയാര്‍ത്ഥികളുടെ പ്രവാഹം തടയാനും, ജനസമൂഹങ്ങളും ഗോത്രങ്ങളും കുടിയേറാന്‍ നിര്‍ബന്ധിതരാകുന്നതിന്‍റെ കാരണങ്ങള്‍ കണ്ടുപിടിക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും രാജ്യാന്തര സമൂഹത്തിന് ഉത്തരവാദിത്ത്വമുണ്ട്. നയതന്ത്രപരമായും സംവാദത്തിന്‍റെ രീതിയിലും രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാനത്തിലും കുയേറ്റ-അഭയാര്‍ത്ഥി പ്രശ്നങ്ങളിലേയ്ക്ക് കടന്നുചെല്ലേണ്ടതും, പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടതും പലരാജ്യങ്ങളിലും ഏറെ അടിയന്തിരമാണെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ദീര്‍ഘകാലാടിസ്ഥാനത്തിലും, സമ്പൂര്‍ണ്ണമായും കുടിയേറ്റത്തിന്‍റെയും അഭയാര്‍ത്ഥി പ്രശ്നത്തിന്‍റെയും മേഖലകളില്‍ ഫലവത്തായ പരിഹാരമാര്‍ഗ്ഗം കണ്ടെത്താനാവണമെങ്കില്‍ എല്ലാവര്‍ക്കും അന്തസ്സോടും സമാധാനത്തിലും സുരക്ഷിതമായും ഓരോ രാജ്യങ്ങളിലും ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതാണ്. കുടിയേറ്റത്തിന്‍റെ ഉറവിടങ്ങള്‍ സ്വമേധയാ സുരക്ഷമായും അന്തസ്സോടെയും ജീവിക്കാവുന്ന ഇടങ്ങളായാല്‍ അവര്‍ മാതൃരാജ്യങ്ങളിലേയ്ക്ക് തിരകെ പോവുകതന്നെ ചെയ്യും! ആര്‍ച്ചുബിഷപ്പ് പ്രബന്ധത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.