2018-03-19 12:38:00

ലജ്ജയും ഭയവും കൂടാതെ സധൈര്യം സംസാരിക്കുക-പാപ്പാ യുവതയോട്


യുവതയുടെ സംഭാവന അത്യന്താപേക്ഷിതമെന്ന് മാര്‍പ്പാപ്പാ.

റോമില്‍ മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതുസമ്മേളനത്തിനായുള്ള മുന്നൊരുക്കയോഗത്തെ അതിന്‍റെ ആരംഭദിനമായിരുന്ന തിങ്കളാഴ്ച (19/03/18) സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

റോമിലെ “മരിയ മാത്തെര്‍ എക്ലേസിയെ” പൊന്തിഫിക്കല്‍ കോളേജില്‍ 19-24(19-24/03/18) വരെയുള്ള ഈ സമ്മേളനം മെത്രാന്മാരുടെ സിനഡിന്‍റെ പൊതു കാര്യാലായം അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമന്‍കൂരിയ വിഭാഗവുമായി സഹകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഭാരതമുള്‍പ്പടെ വിവിധരാജ്യങ്ങളില്‍ നിന്നായി ക്രൈസ്തവരും അക്രൈസ്തവരും അവിശ്വാസികളുമുള്‍പ്പടെ 360 ലേറെ യുവതീയുവാക്കള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.

“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്നതും ഒക്ടോബര്‍ 03-28 (03-28/10/18) വരെ നടക്കാന്‍ പോകുന്നതുമായ സിനഡുയോഗത്തിനുള്ള തയ്യാറെടുപ്പില്‍ യുവജനങ്ങളെ ആവശ്യമുണ്ടെന്ന് പാപ്പാ അവരെ സംബോധനചെയ്യവെ പറഞ്ഞു.

ദൈവം യുവജനങ്ങള്‍ വഴി സംസാരിച്ചിട്ടുള്ളത് പാപ്പാ പഴയനിയമത്തില്‍ നിന്ന് സാമുവേല്‍, ദാവീദ്, ദാനിയേല്‍ എന്നിവരുടെ പേരുകള്‍ ഉദാഹരിച്ചുകൊണ്ട് അനുസ്മരിക്കുകയും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവജനപ്രതിനിധികളിലൂടെ ഇന്നു ദൈവം സംസാരിക്കുമെന്ന തന്‍റെ ബോധ്യം പ്രകടിപ്പിക്കുകയും ചെയ്തു.

യുവതയെ കാര്യമായി പരിഗണിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ പാപ്പാ, ഒരു വശത്ത് യുവത്വത്തെ ആരാധനാപാത്രമാക്കുകയും മറുവശത്ത് നായകരാകുന്നതില്‍ നിന്ന് നിരവധി യുവജനങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു സംസ്കൃതി നമ്മെ വലയം ചെയ്തിരിക്കുന്നതും അവര്‍ പലപ്പോഴും ഒറ്റപ്പെടുത്തപ്പെടുന്നതുമായ വസ്തുത ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതല്ല സുവിശേഷം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ പാപ്പാ പരസ്പരം കണ്ടുമുട്ടാനും, സ്നേഹിക്കാനും ഒത്തൊരുമിച്ചു ചരിക്കാനും ഭീതികൂടാതെ പങ്കുവയ്ക്കാനുമാണ് സുവിശേഷത്തിന്‍റെ സന്ദേശം നമ്മെ ക്ഷണിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു.

ആരെയും ഒഴിവാക്കാതെ സകലയുവതീയുവാക്കളെയും  ശ്രവിക്കാനുള്ള സഭയുടെ സന്നദ്ധതയുടെ അടയാളമായിരിക്കാന്‍ സിനഡിന്‍റെ ഈ മുന്നൊരുക്കയോഗം അഭിലഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ആകയാല്‍ ആത്മാര്‍ത്ഥമായി സകല സ്വാതന്ത്ര്യത്തോടും കൂടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പാപ്പാ യുവതീയുവാക്കളെ ക്ഷണിക്കുകയും അവര്‍ സംസകൃതിയുടെ ശില്പികളാണെന്നു പ്രസ്താവിക്കുകയും ചെയ്തു.

പിന്നിലേക്കു നയിക്കുന്ന ലജ്ജ അരുതെന്നും ധൈര്യത്തോടെ സംസാരിക്കണമെന്നും പാപ്പാ യുവജനത്തെ ഓര്‍മ്മിപ്പിച്ചു.

നായകരായ യുവജനങ്ങള്‍ തുറന്നു സംസാരിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ പാപ്പാ അവരുടെ സംഭാവനകള്‍ ഗൗരവപൂര്‍വ്വം പരിഗണിക്കപ്പടുമെന്ന ഉറപ്പു നല്കി.

സാഹസത്തിനു മുതിരാതെ അസ്തിത്വപരമായ അതിരുകളിലേക്കിറങ്ങാന്‍ ഭയപ്പെട്ടിരുന്നാല്‍ അകാലവാര്‍ദ്ധക്യം പ്രാപിക്കുമെന്ന് മുന്നറിയിപ്പുനല്കിയ പാപ്പാ യുവജനം അകാലവാര്‍ദ്ധക്യം പ്രാപിക്കുകയെന്നാല്‍ സഭ വയസ്സാകുന്നുവെന്നാണ് സുചിപ്പിക്കുന്നതെന്നു പറഞ്ഞു.

 








All the contents on this site are copyrighted ©.