സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

"കുരിശിന്‍റെ വലിയ വിജ്ഞാനം പഠിക്കുക": ത്രികാലജപസന്ദേശം

പാപ്പാ ത്രികാലജപം നയിക്കുന്നു, 18-03-2018 - AP

19/03/2018 14:06

2018, മാര്‍ച്ച് 18-ാം തീയതി, നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ച മധ്യാഹ്നത്തില്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസ്ലിക്കയുടെ അങ്കണത്തില്‍ മാര്‍പ്പാപ്പാ നയിക്കുന്ന ത്രികാല ജപത്തില്‍ പങ്കുചേരുന്നതിനും സന്ദേശം ശ്രവിച്ച് ആശീര്‍വാദം സ്വീകരിക്കുന്നതിനുമായി അനേകായിരങ്ങള്‍ സന്നിഹിതരായിരുന്നു. വി. കുര്‍ബാനയുടെ സുവിശേഷവായനയില്‍ (യോഹ 12:20-33) നിന്ന് യേശുവിന്‍റെ ജീവിതത്തിന്‍റെ അവസാനദിനങ്ങളില്‍ നടക്കുന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുളള വിവരണത്തെ വ്യാഖ്യാനിച്ചുകൊണ്ട്, ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നല്‍കിയ  സന്ദേശത്തിന്‍റെ പരിഭാഷ വായിക്കാം.

പ്രിയ സഹോദരീസഹോദരന്മാരേ, സുപ്രഭാതം!

ഇന്നത്തെ സുവിശേഷം (യോഹ 12:20-33) യേശുവിന്‍റെ ജീവിതത്തിലെ അവസാനദിനങ്ങളില്‍ നടക്കുന്ന ഒരു സംഭവത്തെ വിവരിക്കുന്നു.  ആ രംഗം ജറുസലെമിലാണ് നടക്കുന്നത്.  യേശു അവിടെ പെസഹാ ആഘോഷത്തിനായി എത്തിയതായിരുന്നു.  കുറച്ചു ഗ്രീക്കുകാരും, ഈ ആചാരങ്ങള്‍ക്കായി അവിടെ എത്തിയിരുന്നു.  ഈ മനുഷ്യര്‍, മതപരമായ ചില വൈകാരികാനുഭവങ്ങളാല്‍, യഹൂദജനങ്ങളുടെ വിശ്വാസത്താല്‍ ആകര്‍ഷിക്കപ്പെട്ടവര്‍, ഒരു വലിയ പ്രവാചകനെക്കുറിച്ചു കേള്‍ക്കു കയും അവര്‍, പന്ത്രണ്ട് അപ്പസ്തോലരിലൊരുവനായ പീലിപ്പോസിനെ സമീപിച്ച്, ഇങ്ങനെ ആവശ്യപ്പെടുകയും ചെയ്യുന്നു: “*ഞങ്ങള്‍ക്ക് യേശുവിനെ കാണണം” (വാ. 21).  "കാണുക" എന്ന ക്രിയയെ കേന്ദ്രമാക്കി, യോഹന്നാന്‍ ഈ വാക്കുകള്‍ക്ക് ഊന്നല്‍ കൊടുക്കുന്നുണ്ട്.  സുവിശേഷകന്‍റെ പദപ്രയോഗങ്ങളില്‍, "കാണുക" എന്ന വാക്ക് സാധാരണ അര്‍ഥത്തിനതീതമായി, വ്യക്തിരഹസ്യം ഗ്രഹിക്കുന്നതിനെ, കാഴ്ച ഹൃയത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങി, മനുഷ്യന്‍റെ ആന്തരികതയെ മനസ്സിലാക്കുന്നതിനെ സൂചിപ്പിക്കുന്നു.

യേശുവിന്‍റെ പ്രതികരണം അതിശയിപ്പിക്കുന്നതാണ്. യേശു അവരുടെ ആവശ്യത്തോട് അതെയെന്നോ അല്ലയെന്നോ പ്രതികരിക്കാതെ, ഇപ്രകാരം പറയുന്നു: “മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു” (വാ. 23). ഈ വാക്കുകള്‍, ഗ്രീക്കുകാരായ അവരുടെ ചോദ്യത്തെ അവഗണിക്കുന്നതാണെന്ന് ആദ്യം തോന്നിയേക്കാമെങ്കിലും, വാസ്തവത്തില്‍  അത് യഥാര്‍ഥമായ ഒരുത്തരം കൊടുക്കലാണ്.  എന്തെന്നാല്‍, യേശുവിനെ കാണാനാഗ്രഹിക്കുന്നവര്‍ യാഥാര്‍ഥത്തില്‍ കുരിശിന്‍റെ ഉള്ളിലേയ്ക്കു നോക്കണം, അവിടെ മഹത്വം വെളിപ്പെടുന്നുണ്ട്.  കുരിശിനുള്ളിലേയ്ക്കു നോക്കുക. ഇന്നത്തെ സുവിശേഷം, നമ്മുടെ നോട്ടം കുരിശിലേക്കു തിരിക്കാനാണ് നമ്മെ ക്ഷണിക്കുന്നത്.  അതൊരിക്കലും ഒരു ആഭരണമോ, വസ്ത്രാലങ്കാരമോ അല്ല – ചിലപ്പോള്‍ അങ്ങനെയും കുരിശ് ചൂഷണംചെയ്യപ്പെടുന്നുണ്ട്! – എന്നാല്‍ അത് ധ്യാനിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും ചെയ്യേണ്ട ഒരു മത പ്രതീകമാണ്. ക്രൂശിതനായ യേശുവിന്‍റെ രൂപം ദൈവപുത്രന്‍റെ മരണത്തിന്‍റെ രഹസ്യം എല്ലാക്കാലത്തു മുള്ള മാനവകുലത്തിന്‍റെ രക്ഷയും ജീവന്‍റെ ഉറവിടവുമായ സ്നേഹത്തിന്‍റെ ഏറ്റവും ഉന്നതമായ പ്രവൃത്തിയാണെന്നു വെളിപ്പെടുത്തുകയുംചെയ്യുന്നു. അവന്‍റെ മുറിവുകളാല്‍ നാം സൗഖ്യമാക്കപ്പെട്ടു.

എങ്ങനെയാണ് ഞാന്‍ ക്രൂശിതനിലേയ്ക്കു നോക്കുന്നത്?  ഒരു കലാരൂപമെന്ന നിലയില്‍ മനോഹരമാണോ, അതോ അല്ലയോ എന്നാണോ?  അതോ ഞാന്‍ കുരിശിന്‍റെ ആന്തരാര്‍ഥത്തിലേയ്ക്ക്, യേശുവിന്‍റെ മുറിവുകളിലൂടെ അവിടുത്തെ ഹൃദയംവരെ എത്തുന്നതാണോ എന്‍റെ നോട്ടം? കുരിശില്‍ ഒരു  അടിമയെപ്പോലെ, ഒരു കുറ്റവാളിയെപ്പോലെ  ശൂന്യമാക്കപ്പെട്ട, ദൈവികരഹസ്യത്തിലേയ്ക്കാണോ ഞാന്‍ നോക്കുന്നത്? ഇക്കാര്യം നിങ്ങള്‍ മറക്കാതിരിക്കുക.  ക്രൂശിതനെ നോക്കുക, കുരിശിനു ള്ളിലേയ്ക്കു നോക്കുക. യേശുവിന്‍റെ അഞ്ചു മുറിവുകളില്‍ ഓരോന്നിനെയും നോക്കി, ഒരു സ്വര്‍ഗസ്ഥനായ പിതാവേ, എന്ന ജപം ചൊല്ലുന്ന ഒരു ഭക്താഭ്യാസമുണ്ട്.  സ്വര്‍ഗസ്ഥനായ പിതാവേ, എന്ന ഓരോ ജപം ചൊല്ലുമ്പോഴും, അവിടുത്തെ മുറിവിലൂടെ, യേശുവിന്‍റെ ഉള്ളിലേയ്ക്ക് അവിടുത്തെ ഹൃദയത്തില്‍ തന്നെ നോക്കുക.  അവിടെ നാം ക്രിസ്തുവിന്‍റെ രഹസ്യത്തിന്‍റെ വലിയ വിജ്ഞാനം, കുരിശിന്‍റെ വലിയ വിജ്ഞാനം പഠിക്കുന്നു,

തന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും അര്‍ഥം വിശദീകരിക്കുന്നതിന് യേശു ഒരു പ്രതീകം ഉപയോഗിച്ചുകൊണ്ട് പറയുന്നതിങ്ങനെയാണ്: “ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അങ്ങനെ തന്നെ ഇരിക്കും.  അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” (വാ. 24). അവിടുന്ന് തന്‍റെ പ്രവര്‍ത്തനങ്ങളെ അങ്ങേയറ്റം വ്യക്തമാക്കുകയാണ് – അതായത് കുരിശിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യങ്ങളെ – ഫലപ്രദമായ പ്രവര്‍ത്തനമായി, അവിടുത്തെ മുറിവുകള്‍ നമുക്കു സൗഖ്യം നല്‍കുന്നതായി, അതായത്, അനേകര്‍ക്കായി ഫലം നല്‍കുന്ന ഫലപൂര്‍ണമായ ഒരു പ്രവൃത്തിയായി.  അങ്ങനെ അവിടുന്ന തന്നെത്തന്നെ, മണ്ണില്‍ വീണഴിയുന്ന പുതുജീവനുല്‍പ്പാദിപ്പിക്കുന്ന ഒരു ഗോതമ്പുമണിയോടു താരതമ്യം ചെയ്യുകയാണ്. മനുഷ്യാവതാരത്തിലൂടെ അവിടുന്നു ഭൂമിയിലേക്കു വന്നു, എന്നാല്‍, അതു മതിയാകുമായിരുന്നില്ല. മനുഷ്യനെ, പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നും രക്ഷിച്ച്, പുതുജീവന്‍ നല്‍കേണ്ടതിന് അവിടുന്നു മരിക്കേണ്ടിയിരുന്നു. ഞാന്‍ പറയുന്നു, മനുഷ്യനെ രക്ഷിക്കുന്നതിന്, എന്നാല്‍ എന്നെ, നിന്നെ, നമ്മെയെല്ലാവരെയും ഓരോരുത്തരെയും രക്ഷിക്കേണ്ടതിന് അവിടുന്ന വില നല്‍കേണ്ടിയിരുന്നു, അതാണ് ക്രിസ്തുരഹസ്യം.  അവിടുത്തെ മുറിവുകളിലേയ്ക്കു പോവുക, ഉള്ളിലേയ്ക്കു കടക്കുക, ധ്യാനിക്കുക, ആന്തരികതയില്‍ യേശുവിനെ കാണുക .

ഈ ഗോതമ്പുമണിയുടെ ചലനാത്മകത, യേശുവില്‍ പൂര്‍ത്തിയായ ഈ ചലനാത്മകത, അവി ടുത്തെ ശിഷ്യരിലും പൂര്‍ത്തിയാകേണ്ടതാണ്.  നാം വിളിക്കപ്പെട്ടിരിക്കുന്നത്, ഈ ജീവിതത്തിന്‍റെ ഈ പുനരുത്ഥാനനിയമം, നവമായും ഒപ്പം നിത്യമായും സ്വീകരിച്ച് നമ്മുടെ സ്വന്തമാക്കേണ്ടതിനാണ്.  എന്താണ് നിങ്ങളുടെ ജീവിതം നഷ്ടപ്പെടുത്തുക എന്നതിനര്‍ഥം? എന്താണ്, ഒരു ഗോതമ്പുമണിയായിത്തീരുക എന്നതിനര്‍ഥം?  അത് അര്‍ഥമാക്കുന്നത്, ഒരുവന്‍ തന്നെക്കുറിച്ച്, തന്‍റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളെക്കുറിച്ച്, ഉള്ള ചിന്തകള്‍ കുറച്ച്, നമ്മുടെ അയല്‍ക്കാരുടെ ആവശ്യങ്ങള്‍, പ്രത്യേകിച്ച്, ഏറ്റവും അവസാനത്തുള്ളവരുടെ ആവശ്യങ്ങള്‍ കാണുന്നതിന് പഠിക്കുക എന്നതാണ്.  നമ്മുടെ സമൂഹങ്ങളുടെ അവശ്യമായ അടിസ്ഥാനമായിരിക്കേണ്ടത് ഇതാണ്. സാഹോദര്യത്തിലും, പരസ്പരസ്വീകാര്യതയിലും വളരുക, ആത്മാവിലും ശരീരത്തിലും സഹിക്കുവന്നവര്‍ക്കായി സ്നേഹത്തിന്‍റെ ജോലികള്‍ ആനന്ദത്തോടുകൂടി ചെയ്യുക.  ഇതാണ് സുവിശേഷം ജീവിക്കുന്നതിന്‍റെ ഏറ്റവും ആധികാരികമായ മാര്‍ഗം.  ഞാന്‍, യേശുവിനെ കാണാനാഗ്രഹിക്കുന്നെങ്കില്‍ അത് ഉള്ളിലേയ്ക്കു നോക്കിക്കൊണ്ടായിരിക്കണം.  അവിടുത്തെ മുറിവുകളില്‍ പ്രവേശിച്ച്, അവിടുത്തെ ഹൃദയത്തിനു നിനക്കു വേണ്ടിയുള്ള സ്നേഹത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ട് - അതെ നിനക്കുവേണ്ടി, നിനക്കുവേണ്ടി, എനിക്കു വേണ്ടി, എല്ലാവര്‍ക്കും വേണ്ടി ഉള്ള സ്നേഹത്തെ ധ്യാനിച്ചുകൊണ്ട് - ആയിരിക്കണം.

ബെതലേഹമിലെ പുല്‍ക്കൂടു മുതല്‍ കാല്‍വരിയിലെ കുരിശുവരെ തന്‍റെ മകനില്‍ നോട്ടമുറപ്പിച്ച ഒരു ഹൃദയം കാത്തുസൂക്ഷിച്ച. പരിശുദ്ധ കന്യകാമറിയം, യേശുവിനെ കണ്ടുമുട്ടുവാനും അവിടുത്തെ അറിയുവാനും,, അവനാല്‍ പ്രചോദിതരായി, ലോകത്തില്‍ നീതിയുടെയും സമാധാനത്തിന്‍റെയും ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ നമ്മെ സഹായിക്കട്ടെ.

ഈ പ്രാര്‍ഥനയോടെ പാപ്പാ സന്ദേശമവസാനിപ്പിച്ച് ലത്തീന്‍ഭാഷയില്‍ ത്രികാലജപം ചൊല്ലി.  തുടര്‍ന്ന് അപ്പസ്തോലികാശീര്‍വാദം നല്‍കിയപ്പോള്‍ വിശ്വാസികള്‍ തങ്ങളുടെമേല്‍ കുരിശടയാളം വരച്ചുകൊണ്ട് ആശീര്‍വാദം സ്വീകരിച്ചു.


(Sr. Theresa Sebastian)

19/03/2018 14:06