2018-03-16 07:27:00

DOCAT ​LIX​: “ദാരിദ്ര്യത്തോടുള്ള ക്രൈസ്തവപ്രതികരണം''


ക്ഷേമവും നീതിയും എല്ലാവര്‍ക്കും എന്നു ശീര്‍ഷകം നല്‍കിയിട്ടുള്ള ഏഴാമധ്യായത്തിലെ ചോദ്യോത്തരങ്ങള്‍ ചര്‍ച്ച ചെയ്യുകയാണു നാം. അവിടെ സാമ്പത്തിക പ്രവര്‍ത്തനത്തെ നിര്‍വചിക്കുകയും വിശദീകരിക്കുകയും സാമ്പത്തി കവ്യാപാരങ്ങളുടെ ധാര്‍മികതയെ, വിലയിരുത്തുകയും ചെയ്യുന്ന സഭാപ്രബോധനങ്ങള്‍ വ്യക്തതയോടെ പഠിപ്പിക്കപ്പെടുന്നുണ്ട്.  ഉള്ള സമ്പത്ത് വര്‍ധിപ്പിക്കുന്നതിനെ ക്കുറിച്ചും, ഭാവിയെ സുരക്ഷിതമാക്കുന്നതിനെക്കുറിച്ചും, ദാരിദ്ര്യംമൂലം നാളെയെക്കുറിച്ചും ഉത്ക്കണ്ഠപ്പെടുന്നവരാണ് മാനവകുടുംബത്തിലുള്ളത്.ഇരുകൂട്ടരോടും യേശു പറയുന്നത് നാളെയെക്കുറിച്ച് ആകുലരാകരുത് എന്ന ഏകകാര്യമാണ്.  എന്നാല്‍, സമ്പത്തും പങ്കുവയ്ക്കുന്ന പരസ്നേഹം എപ്പോഴും യേശു ആവശ്യപ്പെടുന്നുമുണ്ട്.

നാളെയെക്കുറിച്ച് ആകുലരാകരുത് എന്ന യേശുവിന്‍റെ വചനം വിശദീകരിച്ചുകൊണ്ടാണ് ഇന്നത്തെ പഠനഭാഗം ആരംഭിക്കുക.  ഒന്നാം സുവിശേഷത്തിലെ ആറാമധ്യായം 34-ാം വാക്യത്തി ലാണ് ദൈവത്തിന്‍റെ പരിപാലനയില്‍ വിശ്വസിക്കാനുള്ള പ്രബോധനത്തിന്‍റെ പശ്ചാത്തലത്തില്‍ യേശു ഇപ്രകാരം പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്.  

ചോദ്യം 167:  നാളെയെപ്പറ്റി നാം ആകുലപ്പെടരുതെന്ന് യേശു എന്തുകൊണ്ട് നമ്മോടു പറയുന്നു (മത്താ 6,34)?

സ്ഥിരോത്സാഹത്തോടെയുള്ള ആസൂത്രണത്തെ അവമതിക്കാന്‍ ഇതുവഴി യേശു ഉദ്ദേശിച്ചില്ല.  മറ്റൊരുഭാഗത്ത് ബുദ്ധിപൂര്‍വകമായ കാര്യസ്ഥതയെയും ആശ്രയിക്കാവുന്ന തൊഴിലിനെയും അവിടുന്ന് പ്രശംസിച്ചിട്ടുണ്ടല്ലോ.  കൂടാതെ യേശുതന്നെ കൈകൊണ്ട് അധ്വാനിക്കുന്ന ഒരാളായി ജീവിച്ചു.  മറ്റുള്ളവര്‍ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്തു.  നേരെമറിച്ച്, ഭാവിയെപ്പറ്റിയുള്ള ഉത്ക്കണ്ഠാപൂര്‍ണമായ ആകുലത ക്രൈസ്തവമൗലികവിശ്വാസത്തിനു ചേരാത്തതാണ്.

നാം നമ്മുടെ ദാരിദ്ര്യത്തോടും മറ്റുള്ളവരുടെ ദാരിദ്ര്യത്തോടും എങ്ങനെ പ്രതികരി ക്കണമെന്നുള്ള നിര്‍ദേശമാണ് തുടര്‍ന്നു വരിക.

ചോദ്യം 168: ക്രൈസ്തവന്‍ തന്‍റെ തന്നെ ദാരിദ്ര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ബോധപൂര്‍വകവും സ്ഥിരവുമായ ജോലിവഴി തന്നെയും തന്‍റെ കുടുംബത്തെയും ദാരിദ്ര്യത്തില്‍ നിന്നു സ്വതന്ത്രരാക്കാന്‍ കഴിയുന്നതെല്ലാം അവന്‍ ചെയ്യും.  ദരിദ്രര്‍ക്ക് സ്വകാര്യ സ്വത്തുണ്ടാകാനും സ്വയം പിന്തുണയ്ക്കാനും ഭൗതികമായ പുരോഗതി ഉണ്ടാകാനുമുള്ള അവസരങ്ങളെ മിക്കപ്പോഴും പരിമിതപ്പെടുത്തുന്ന തിന്മനിറഞ്ഞ വ്യവസ്ഥിതികളെയും അനീതിപരമായ ശക്തികളെയും മറ്റുള്ളവരോടു ചേര്‍ന്നു പരിശ്രമിച്ചുകൊണ്ടു കീഴടക്കണം.

ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പറയുന്നു: “നമ്മുടെ മുമ്പിലുള്ള വലിയ വെല്ലുവിളി ഇതാണ്: സൗജന്യത്തിന്‍റെ തത്വത്തിനും ദാനത്തിന്‍റെ യുക്തിക്കും സാഹോദര്യത്തിന്‍റെ പ്രകാശനമെന്ന നിലയില്‍, സ്വാഭാവിക സാമ്പത്തിക പ്രവര്‍ത്തനത്തില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയുമെന്നു തെളിയിക്കണം, അതു സാധ്യമാവുകയും ചെയ്യും” (CiV 36).

ദാരിദ്ര്യം തുടച്ചുനീക്കേണ്ട ഒരു തിന്മയാണ്.  വിശപ്പിന് ആഹാരവും ദാഹത്തിനു പാനീയവും ലഭിക്കുക, മറ്റ് അടിസ്ഥാനാവശ്യങ്ങള്‍ നിവൃത്തിയാക്കുക ഓരോ മനുഷ്യനും അവകാശമുള്ളതാണ്.  അത് നിഷേധിക്കപ്പെടുക, ജീവനെതിരെയുള്ള തിന്മയായതുകൊണ്ടാണ്, ശാരീരിക കാരുണ്യപ്രവൃത്തികള്‍ ചെയ്യുക എല്ലാവരുടെയും കടമയായി മാറുന്നത്.  മറ്റു തിന്മകകള്‍ക്ക് ഇതു കാരണമാകുന്നുമുണ്ട്.  അതുകൊണ്ട് ആര്‍ക്കും അപരന്‍റെ ദാരിദ്ര്യമെന്ന വിഷയത്തില്‍ നിന്നു മാറിനില്‍ക്കാനാവില്ല. ഇക്കാര്യത്തെക്കുറിച്ചുള്ള സഭാപ്രബോധനമെന്ത് എന്ന് നമുക്കു കാണാം.

ചോദ്യം 169: മറ്റുള്ളവരുടെ ദാരിദ്ര്യത്തെ സംബന്ധിച്ച് ഞാന്‍ എന്തു ചെയ്യണം?

ഓരോ മനുഷ്യവ്യക്തിയെയും ദൈവം കുരിശുമരണം ഏറ്റെടുക്കുവോളം സ്നേഹിക്കുന്നു.  അതു കൊണ്ട് ക്രൈസ്തവര്‍ തങ്ങളുടെ സഹജീവികളെ പുതിയൊരു പ്രകാശത്തില്‍ നോക്കിക്കാണുന്നു.  ദരിദ്രരില്‍ ദരിദ്രനായവനിലും അവര്‍ തങ്ങളുടെ കര്‍ത്താവായ ക്രിസ്തുവിനെ തിരിച്ചറിയുന്നു.  അതുകൊണ്ട് ക്രൈസ്തവര്‍ മറ്റുള്ളവരുടെ സഹനം കുറയ്ക്കാന്‍ ആവുന്നതെല്ലാം ചെയ്യണമെന്ന ഉദ്ദേശമുള്ളവരാണ്.  അങ്ങനെ ചെയ്യുന്നതില്‍ കാരുണ്യപ്രവൃത്തികളെ അവര്‍ തങ്ങളുടെ മാര്‍ഗ ദര്‍ശിയായി സ്വീകരിക്കുന്നു.  വ്യക്തിക്ക് വ്യക്തിയെ സഹായിക്കാം. എന്നാല്‍, അതിജീവിക്കാനും മഹത്വത്തോടെ ജീവിക്കാനും പരോക്ഷമായി ദാനങ്ങളിലൂടെ ദരിദ്രരെ സഹായിക്കാനും കഴിയും.  എന്നാലും ഇതിനെക്കാള്‍ കൂടുതല്‍ പ്രാധാന്യമുള്ള ഒന്നുണ്ട്. അതാണ് ഒരു ദരിദ്രനെ അവന്‍റെ ദാ രിദ്ര്യത്തില്‍നിന്നു സ്വയം രക്ഷിക്കാന്‍ ശക്തനാക്കുന്ന സഹായം നല്‍കുകയെന്നത്. ഉദാഹരണമായി ഒരു തൊഴില്‍ കണ്ടെത്താല്‍ സഹായിച്ചുകൊണ്ട് അല്ലെങ്കില്‍, അവന് കൂടുതല്‍ നല്ല വിദ്യാഭ്യാസം നല്‍കിക്കൊണ്ട് അങ്ങനെ ചെയ്യാം.  അപ്രകാരം ചെയ്യുമ്പോള്‍ താന്‍ അമിതഭാരം ചുമക്കുന്ന തായി ആര്‍ക്കും തോന്നരുത്.  എന്നാല്‍ താന്‍ അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നും ആരും കരുതരുത്.  തൊഴിലുകളും മാനുഷിക തൊഴിലവസ്ഥകളും സൃഷ്ടിച്ചുകൊണ്ട് ദാരിദ്ര്യത്തി നെതിരെയുള്ള യുദ്ധത്തില്‍ വ്യവസായികള്‍ സുപ്രധാന സഹായം ചെയ്യുന്നുണ്ട്.

നാളെയെക്കുറിച്ച് ആകുലപ്പെടരുത് എന്നു പറയുമ്പോള്‍ നാം വ്യക്തികളിലും സമൂഹത്തിലും ഉള്ള കുറവിനെയും തിന്മയെയും ദൂരീകരിക്കരുതെന്ന് അര്‍ഥമില്ല.  ആത്മീയമായും ശാരീരികമായുമുള്ള ഉള്ള കാര്യങ്ങളില്‍ യേശുവിന്‍റെ ശ്രദ്ധ പതിഞ്ഞിരുന്നു എന്നതിനാല്‍, അതി നായി സുവിശേഷം നമ്മെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞുപോയ കാരുണ്യവര്‍ഷത്തില്‍ നാം ഇവയെക്കുറിച്ച് ധ്യാനിക്കുന്നതിനും അവ പ്രാവര്‍ത്തികമാക്കുന്നതിനും ഏറെ ശ്രദ്ധ കൊടുത്തിരുന്നു. അവ ദൈവരാജ്യപ്രവേശനത്തിന്‍റെ മാനദണ്ഡമായി യേശു പറഞ്ഞിരിക്കുന്നതാകയാല്‍, ആ പ്രവൃത്തികള്‍ നമ്മുടെ സ്വഭാവത്തില്‍ തന്നെ ഏറ്റുവാങ്ങേണ്ടതാണ്. എല്ലാക്കാലത്തിലും തുടരേണ്ടതുമാണ്.  

കാരുണ്യപ്രവൃത്തികള്‍

സംശയിക്കുന്നവരുടെ സംശയം തീര്‍ക്കുക, അറിവില്ലാത്തവരെ പഠിപ്പിക്കുക

ദുഃഖിതരെ ആശ്വസിപ്പിക്കുക, തെറ്റു ചെയ്യുന്നവരെ തിരുത്തുക

മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമയോടെ സഹിക്കുക

എല്ലാ ദ്രോഹങ്ങള്‍ക്കും മാപ്പുകൊടുക്കുക

ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുക

വിശക്കുന്നവര്‍ക്കു ഭക്ഷണം കൊടുക്കുക, ദാഹിക്കുന്നവര്‍ക്കു കുടിക്കാന്‍ കൊടുക്കുക

കാരാഗൃഹത്തിലായിരിക്കുന്നവരെ സന്ദര്‍ശിക്കുക, പരദേശിയെ സ്വാഗതം ചെയ്യുക

നഗ്നരെ ഉടുപ്പിക്കുക, രോഗികളെ സന്ദര്‍ശിക്കുക, മൃതരെ സംസ്ക്കരിക്കുക

ഫ്രാന്‍സീസ് പാപ്പായുടെ പ്രബോധനം ഇക്കാലഘട്ടത്തില്‍ കാര്യമാത്രപ്രസക്തമാകുന്നുണ്ട്. “വിപണിയുടെ ഇന്നോളം കണ്ടിട്ടില്ലാത്ത ശക്തികളെയും കാണാനാവാത്ത കരത്തെയും നമുക്ക് ഇനി ഒട്ടും വിശ്വസിക്കാനാവുകയില്ല” എന്ന് തിരിച്ചറിയുന്ന പാപ്പാ നീതിയിലുള്ള വളര്‍ച്ചയ്ക്ക് വരുമാനത്തെ കൂടുതല്‍ നന്നായി വിതരണം ചെയ്യാന്‍ സവിശേഷ പ്രചോദനശക്തിയുള്ള പ്രകിയകള്‍, തൊഴിലിനുള്ള ഉറവിടങ്ങളുടെ സൃഷ്ടി, ദരിദ്രര്‍ക്കുവേണ്ടി ലളിതമായ ക്ഷേമമനോഭാവത്തിനപ്പുറം പോകുന്ന സമഗ്രവളര്‍ത്തല്‍, അതിനായുള്ള തീരുമാനങ്ങള്‍ കര്‍മപരിപാടികള്‍ എന്നിവ നിര്‍ദേശിക്കുന്നുണ്ട് (EG 204) 

എന്നിരുന്നാലും ഭൗതികമായ രീതിയില്‍ എല്ലാംതികഞ്ഞ ഒരു ലോകത്തെ നമുക്കു നിര്‍മിക്കാനാവുമോ? എന്ന ചോദ്യം പ്രസക്തമാണ്. നശ്വരമായതൊന്നും നിലനില്‍ക്കുകയില്ല എന്നതിനാല്‍, അനശ്വരമായ ദൈവരാജ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഭൂമിക്കു കഴിയുകയില്ല എന്നു നമുക്കറിയാം. എന്നിരുന്നാലും ഭൗതികമായ അഭിവൃദ്ധി, ക്ഷേമം എന്നിവ ലക്ഷ്യമാണ്. അതു ദൈവരാജ്യ സംസ്ഥാപനത്തിന്‍റെ ഭാഗവുമാണ് എന്നു സഭ പഠിപ്പിക്കുന്നു.

ചോദ്യം 170: ഭൗതിക പുരോഗതിയിലൂടെ ദൈവരാജ്യം സംഭവിപ്പിക്കാന്‍ നമുക്കു കഴിയുമോ?

സമഗ്രമായ മാനുഷികവികസനത്തിനും പരിസ്ഥിതിയുടെ സംരക്ഷണത്തിനും ആവേശത്തോടെ സ്ഥിരോത്സാഹത്തോടെ, നാം അധ്വാനിച്ചാല്‍ ഏറെക്കാര്യങ്ങള്‍ നേടാന്‍ കഴിയും.  എന്നാല്‍ പറുദീസയെ വീണ്ടും സൃഷ്ടിക്കാന്‍ കഴിയുകയില്ല. യേശു പറയുന്നു: ‘‘എന്‍റെ രാജത്വം ഐഹികമല്ല’’ (യോ ഹ 18:36).  അതുകൊണ്ട്, ദൈവരാജ്യത്തെ ഭൗതികമായ അല്ലെങ്കില്‍ ഭൗമികമായ പുരോഗതി യാണെന്നു തെറ്റിദ്ധരിക്കരുത്. എന്നാലും ‘‘മാനുഷികസമൂഹത്തെ കൂടുതല്‍ നന്നായി ക്രമവത്ക്കരിക്കുന്നതിനു സംഭാവന ചെയ്യാന്‍’’ സാമ്പത്തിക പുരോഗതിക്കു കഴിയുന്നിടത്തോളം അതു ദൈവ രാജ്യത്തോട് സജീവമായി ബന്ധപ്പെട്ടതാണ് (GS 39).

 ദാരിദ്ര്യത്തില്‍, ജീവന്‍ നിലനിര്‍ത്താനുള്ള വിഭവലഭ്യത പോലുമില്ലാതെ അനേകലക്ഷം ജനങ്ങള്‍ ജീവിക്കുന്ന ഒരു ലോകത്തിലാണു നാം.  അവിടെ മുതലാളിത്തമാണോ, സോഷ്യലിസമാണോ ഉചിതമായത് എന്ന ചോദ്യം സങ്കീര്‍ണമാണ്. ഇക്കാര്യത്തില്‍, സഭയുടെ ഉത്തരം വ്യക്തമാണ്. 

ചോദ്യം 171:  മുതലാളിത്വം മാനുഷികമഹത്വത്തിനു ചേര്‍ന്നതാണോ?

സോവ്യറ്റ് വ്യവസ്ഥിതിയില്‍ കേന്ദ്ര ആസൂത്രണ സാമ്പത്തികതയുടെ പരാജയം വിസ്മയനീയമായി രുന്നു.  അതിനെ നിരീക്ഷിച്ചുകൊണ്ട് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഇങ്ങനെ എഴുതി: ‘‘ഒരു സാമ്പത്തിക വ്യവസ്ഥിതി, വ്യവസായം, കമ്പോളം, സ്വകാര്യസ്വത്ത്, തത്ഫലമായി ഉത്പാദനോപാധികളെ സംബന്ധിച്ചുണ്ടാക്കുന്ന ഉത്തരവാദിത്വം എന്നിവയുടെ മൗലികവും ഭാവാത്മകവുമായ പങ്കും അതോടൊപ്പം സാമ്പത്തികമേഖലയിലെ സ്വതന്ത്രമായ മാനുഷിക സര്‍ഗാത്മകതയും അംഗീകരിക്കുന്നതുമായ, ഒരു സാമ്പത്തിക വ്യവസ്ഥിതി എന്നാണ് മുതലാളിത്ത വ്യവസ്ഥിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ പ്രസ്തുത ചോദ്യത്തിന്‍റെ ഉത്തരം തീര്‍ച്ചയായും, 'അതേ' എന്നാണ്. അത്തരം ഒരു വ്യവസ്ഥിതിയെപ്പറ്റി വ്യാവസായിക സാമ്പത്തികത, കമ്പോള സാമ്പത്തികത, അഥവാ വെറുതെ സ്വതന്ത്രസാമ്പത്തികത (fee economy) എന്നിങ്ങനെ പറയുകയായിരിക്കും കൂടുതല്‍ ഉചിതമെന്നുതോന്നുന്നു. എന്നാല്‍, മനുഷ്യസ്വാതന്ത്ര്യത്തെ അതിന്‍റെ പൂര്‍ണതയില്‍ സേവിക്കാന്‍വേണ്ടി സാമ്പത്തിക മേഖലയിലുള്ള സ്വാതന്ത്ര്യത്തെ പ്രതിഷ്ഠിക്കുകയും അതിനെ പരിഗണിക്കുകയും ചെയ്യുന്ന സുശക്തമായ ഒരു നൈയാമിക ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്താത്ത വ്യവസ്ഥിതി എന്നാണ് മുതലാളിത്ത വ്യവസ്ഥിതികൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഉത്തരം നിഷേധാത്മകമാണ്’’ (CA 42).

തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുകയെന്ന ദൈവികനിയമം പാലിക്കപ്പെട്ടാല്‍ ഭൗമി കവിഭവങ്ങളുടെ അഭാവത്താല്‍ ആരും ക്ലേശിക്കേണ്ടിവരികയില്ല.  അമിതസമ്പത്തിന്‍റെ ആഹ്ലാദമോ, അതീവദാരിദ്ര്യത്തിന്‍റെ മുറവിളിയോ അവിടെ കേള്‍ക്കേണ്ടിവരികയുമില്ല. കാരണം, ഈ ഭൂമിയിലെ സര്‍വജീവികള്‍ക്കും ജീവനും ജീവിതത്തിനും ആവശ്യമായവ ദൈവം ഭൂമിയില്‍ ഒരുക്കിയിട്ടുണ്ട് എന്നതുതന്നെ. മനുഷ്യന് അതിന്‍റെ സമൃദ്ധി ബുദ്ധിപൂര്‍വം സംലഭ്യമാക്കാന്‍ കഴിയുകയും ചെയ്യും. അപ്പോഴും  നാളെയെക്കുറിച്ച് ആകുലരാകാതെ ദൈവപരിപാലനയില്‍ ആശ്രയിച്ചു ജീവിക്കാനുള്ള വിശ്വാസവും വിവേകവും മനുഷ്യനുണ്ടായിരി ക്കണം. അതാണു ദൈവഹിതം.








All the contents on this site are copyrighted ©.