2018-03-16 17:01:00

യുവജനങ്ങള്‍ക്കായ് തുറന്നിട്ട “ക്രിസ്തുവിന്‍റെ വീട്...!”


“ക്രിസ്തുവിന്‍റെ വീട്…”
ഉപവിപ്രസ്ഥാനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ അഭിനന്ദനം.

യുവജനങ്ങളുടെ വളര്‍ച്ചയ്ക്ക് താങ്ങായി “ക്രിസ്തുവിന്‍റെ വീട്”, “ഹോഗാര്‍ ക്രിസ്തോ”  Hogar de Cristo!  ആര്‍ജന്‍റീനയിലെ ഉപവിപ്രസ്ഥാനത്തിന്‍റെ പത്താം വാര്‍ഷികാചരണത്തിന് പാപ്പാ ഫ്രാന്‍സിസ് വീഡയോ സന്ദേശമയച്ചു.  മാര്‍ച്ച് 14-Ɔο തിയതി അര്‍ജന്‍റീനയിലെ ലുയാന്‍ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന വാര്‍ഷീകാചരണത്തിലേയ്ക്കാണ് പാപ്പാ സന്ദേശം നല്കിയത്. യുവജനങ്ങള്‍ക്ക് പഠിക്കാനും പണിയെടുക്കാനും പാര്‍പ്പിടമേകുന്ന ഐക്യദാര്‍ഢ്യത്തിന്‍റെ  ഈ ‘ആത്മീയസിദ്ധി’യെയും പ്രസ്ഥാനത്തെയും ശ്ലാഘിക്കുന്നതായിരുന്നു പാപ്പായുടെ സന്ദേശം.

പത്തു വര്‍ഷംകൊണ്ട് അര്‍ജന്‍റീനയിലെ ചേരിപ്രദേശങ്ങളില്‍നിന്നും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന യുവജനങ്ങളുടെ ഭാവിയെ കരുപ്പിടിപ്പിക്കാനുള്ള  ഈ ഉപവിപ്രസ്ഥാനത്തെ അഭിനന്ദിച്ച പാപ്പാ, വ്രണിതാക്കളും ആശ്രിതരുമായ പാവപ്പെട്ട യുവജനങ്ങളുടെ ഹൃദയവയലുകളിലെ നല്ല വിതയ്ക്കാരാണ് “ക്രിസ്തുവിന്‍റെ വീട്” പ്രസ്ഥാനത്തിന്‍റെ അല്‍മായരായ പ്രേഷിതരും പ്രയോക്താക്കളുമെന്ന് വിശേഷിപ്പിച്ചു.

യുവജനങ്ങളുടെ നല്ലഭാവി വീക്ഷണമുള്ള പ്രസ്ഥാനം അവര്‍ക്കു നല്കുന്നത് ജീവിതത്തില്‍ മുന്നേറാനുള്ള പ്രത്യാശയാണ്. അതിനാല്‍ യുവതീയുവാക്കളുടെ ഭാവി നിര്‍മ്മിതിയുടെ പ്രയോക്താക്കളാണ് “ഹോഗാര്‍ ദി ക്രിസ്തോ” “ക്രിസ്തുവിന്‍റെ വീടെ”ന്ന് പാപ്പാ സന്ദേശത്തില്‍ ആവര്‍ത്തിച്ചു.  നിങ്ങള്‍ സഹായിക്കുന്ന യുവജനങ്ങള്‍ ഭാവിയുടെ വാഗ്ദാനങ്ങളും പ്രത്യാശയുടെ സാക്ഷികളുമായി മാറും. അതിനാല്‍ ഈ ഉപവിപ്രവര്‍ത്തനത്തില്‍ പതറാതെ, നിരാശരാവാതെ, തളരാതെ, ഭയപ്പെടാതെ മുന്നേറണമെന്ന് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

Link for the Message of Pope Francis :  https://www.youtube.com/watch?v=1hTVXvKIwfA 








All the contents on this site are copyrighted ©.