2018-03-15 09:56:00

സാമൂഹ്യശൃംഖലയില്‍ മഹാകോടി ‘ബൈറ്റു’കളുടെ വ്യാജവാര്‍ത്താശേഖരം


പാപ്പാ ഫ്രാന്‍സിസിന്‍റെ “വ്യാജവാര്‍ത്ത മാധ്യമദിന സന്ദേശത്തിന്…
” ആഗോളതലത്തില്‍ ക്രിയാത്മകമായ വന്‍പ്രതികരണം.

വ്യാജവാര്‍ത്തയെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ 2018-ലെ മാധ്യമദിന സന്ദേശം കാലികവും പ്രസക്തവുമെന്ന് അമേരിക്കയിലെ മാധ്യമവിദഗ്ദ്ധന്‍ കാര്‍ലൊ പൊള്‍വാനി പ്രസ്താവിച്ചു. മാര്‍ച്ച് 13-ന് പാപ്പാ ഫ്രാന്‍സിസിന്‍റെ തിരഞ്ഞെടുപ്പിന്‍റെ 5-Ɔο വാര്‍ഷികാനുസ്മരണത്തോട് അനുബന്ധിച്ച് വത്തിക്കാന്‍റെ ദിനപത്രം “ലൊസര്‍വത്തോരെ റൊമാനോ” പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ് പാപ്പായുടെ ശ്രദ്ധേയമായ മാധ്യമദിന സന്ദേശത്തെക്കുറിച്ച് ലേഖകന്‍, പൊള്‍വാനി ഇങ്ങനെ പരാമര്‍ശിച്ചത്.

രഹസ്യസംഘങ്ങള്‍ വ്യജവാര്‍ത്തകള്‍ ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയും, അവയെക്കൊണ്ട് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞുനില്ക്കുകയും ചെയ്യുന്ന കാലത്ത് പാപ്പായുടെ ഈ മാധ്യമദിനസന്ദേശത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് പൊള്‍വാനി അഭിപ്രായപ്പെട്ടു. യാഥാര്‍ത്ഥ്യത്തെയും സത്യത്തെയും വ്യക്തികളും സംഘങ്ങളും തങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ നിരുത്തരവാദിത്ത്വപരമായി വളച്ചൊടിക്കുകയും, കോലംകെടുത്തുകയും ചെയ്യുന്നുണ്ട്. സത്യത്തിന്‍റെയും വസ്തുതകളുടെയും സ്വതന്ത്രമായ പുനരാവിഷ്ക്കരണവും പുനര്‍വ്യാഖ്യാനവുമാണ് ഇന്നത്തെ സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളില്‍ കാണുന്നതെന്നത് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.

താത്വികന്മാരായ നീഷ്ചേയും ഷോണ്‍ ഫ്രാന്‍ഷ്വായും രേഖപ്പെടുത്തിയിട്ടുളളതുപോലെ ഉത്തരാധുനിക കാലത്തെ മാധ്യമ പ്രവര്‍ത്തനങ്ങളില്‍ സത്യമായ വാര്‍ത്തയോ വസ്തുതകളോ ഉണ്ടാവില്ല, മറിച്ച് അവ സത്യത്തിന്‍റെയും യാഥാര്‍ത്ഥ്യങ്ങളുടെയും വ്യാഖ്യാനങ്ങള്‍ മാത്രമായിരിക്കുമെന്നത് ഇന്നത്തെ മാധ്യമങ്ങളുടെ പ്രത്യേകതയായിട്ടുണ്ട്. മനുഷ്യര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ നുണയും കാപട്യവും കുടിലതയും നിറഞ്ഞതാണെന്നു വാദിക്കുന്ന നീഷ്ചേപോലുള്ള ചിന്തകര്‍ ലോകത്ത് ഇന്നു ധാരാളമുണ്ട്. ഇങ്ങനെ സാമൂഹിക മാധ്യമങ്ങളില്‍ കയറിപ്പറ്റുന്ന സാമൂഹിക, സാമ്പത്തിക, മതാത്മക, രാഷ്ട്രീയ തലങ്ങളിലുള്ള വ്യാജവാര്‍ത്തയുടെ ഡിജിറ്റില്‍ സാങ്കേതികതയിലെ അളവ് അല്ലെങ്കില്‍ വലുപ്പം ഊഹിക്കാവുന്നതിലേറെ മഹാകോടി ‘ബൈറ്റു’കള്‍ക്കും അപ്പുറമാണ്. കാരണം ആര്‍ക്കും എന്തും എഴുതാം എന്ന അവസ്ഥയാണെന്ന് പൊള്‍വാനി വ്യക്തമാക്കി.

 ആധുനികതയുടെ വന്‍ വിവരശേഖരത്തില്‍നിന്നും മനുഷ്യര്‍ക്കു ലഭിക്കുന്ന അറിവും വാര്‍ത്തയും വിവേചനത്തോടെയും നന്മയുടെ അവബോധത്തോടെയും വേണം കൈകാര്യംചെയ്യാന്‍. അല്ലെങ്കില്‍ നല്ലതിനോടു കിടപിടിക്കുന്ന വിധത്തില്‍ തലപൊക്കുന്ന വ്യാജന്മാര്‍ നമ്മെ അസത്യത്തിലേയക്കും അയാഥാര്‍ത്ഥ്യമായവയിലേയ്ക്കും നയിക്കും. അതിനാല്‍ മാധ്യമാവബോധമുള്ളവരായി ജീവിക്കണം എന്ന താക്കീതോടെയാണ് പൊള്‍വാനി ലേഖനം ഉപസംഹരിക്കുന്നത്.








All the contents on this site are copyrighted ©.