2018-03-14 13:00:00

കര്‍ത്തൃപ്രാര്‍ത്ഥനയും അപ്പം മുറിക്കലും: പൊതുദര്‍ശനപ്രഭാഷണം


ഫ്രാന്‍സീസ് എന്ന നാമം സ്വീകരിച്ച കര്‍ദ്ദിനാള്‍ ഹൊര്‍ഹെ മാരിയൊ ബെര്‍ഗോള്യൊ 2013 മാര്‍ച്ച് 13 ന് പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പട്ടിട്ട് ചൊവ്വാഴ്ച (13/03/18) 5 വര്‍ഷം പൂര്‍ത്തിയായി. അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണത്തിന്‍റെ അ‍ഞ്ചാം  വാര്‍ഷികം വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുന്നാള്‍ ദിനമായ ഈ വരുന്ന തിങ്കളാഴ്ച, പത്തൊമ്പതാം തിയതി (19/03/2018) ആണ്. ഈ രണ്ടു വാര്‍ഷികങ്ങള്‍ക്കിടയിലാണ് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ ഈ ബുധനാഴ്ച പ്രതിവാര പൊതുദര്‍ശനം അനുവദിച്ചത്. ശൈത്യത്തിന്‍റെ പിടിയില്‍ നിന്ന് മോചിതമായിക്കൊണ്ടിരിക്കുന്ന റോമില്‍ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നതിനാല്‍ പൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിസ്തൃതമായ അങ്കണമായിരുന്നു ഇത്തവണ. കൂടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. സഹകരണം, വിനോദസഞ്ചാരം, ദേവസ്വം എന്നീ വകുപ്പുകളുടെ മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ വിശിഷ്ട വ്യക്തികളുടെ നിരയില്‍ ഉണ്ടായിരുന്നു. തയ്വാനില്‍ നിന്നുള്ള താവോയിസ്റ്റ് മതപ്രതിനിധികളുമായി പോള്‍ ആറാമന്‍ ശാലയിലെ ഒരു ചെറിയ മുറിയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പാപ്പാ  പൊതുദര്‍ശനപരിപാടിക്കെത്തിയത്. പതിവുപോലെ, വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ചത്വരത്തിലേക്കു കടന്നപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദം അണപൊട്ടിയൊഴുകി. പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലൂടെ വാഹനത്തില്‍ നീങ്ങിത്തുടങ്ങിയ പാപ്പാ  ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, ചെയ്യുന്നുണ്ടായിരുന്നു. വാഹനം വേദിക്കരികില്‍ നിശ്ചലമായപ്പോള്‍ അതില്‍ നിന്നിറങ്ങിയ പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“29അവര്‍ യേശുവിനെ നിര്‍ബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളോടുകൂടെ താമസിക്കുക. നേരം വൈകുന്നു; പകല്‍ അസ്തമിക്കാറായി. അവന്‍ അവരോടുകൂടെ താമസിക്കാന്‍ കയറി.30 അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍ അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്ക് കൊടുത്തു.31 അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്ഷേ അവന്‍ അവരുടെ മുമ്പില്‍ നിന്ന് അപ്രത്യക്ഷനായി. (ലൂക്കായുടെ സുവിശേഷം അദ്ധ്യായം 24, വാക്യങ്ങള്‍ 29-31)

ഈ സുവിശേഷഭാഗം പാരായണംചെയ്യപ്പെട്ടതിനു ശേഷം, പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധകുര്‍ബ്ബാനയിലെ സ്തോത്രയാഗ കര്‍മ്മത്തെക്കുറിച്ചുള്ള പ്രബോധനത്തില്‍ അപ്പംമുറിക്കലും അതിനുമുമ്പുള്ള കര്‍ത്തൃപ്രാര്‍ത്ഥനയുമമായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ചുള്ള വിചിന്തനം നമുക്കു തുടരാം. അന്ത്യഅത്താഴവേളയില്‍ അപ്പവും വീഞ്ഞടങ്ങിയ പാനപാത്രവുമെടുത്ത് ദൈവത്തിന് കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം യേശു അപ്പം മുറിച്ചുവെന്നു നമുക്കറിയാം. ആ പ്രവര്‍ത്തിയോടു ചേര്‍ന്നുപോകുന്നതാണ്, കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥന വിശുദ്ധകുര്‍ബ്ബാനയില്‍, സ്തോത്രയാഗകര്‍മ്മത്തില്‍ ചൊല്ലിയതിനുശേഷമുള്ള  അപ്പം മുറിക്കല്‍.

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥന സമൂഹം ഏകയോഗമായി ചൊല്ലി സ്തുതിപ്പും സ്തോത്രയാഗപ്രാര്‍ത്ഥനയും തുടരുകയും  അങ്ങനെ ദിവ്യകാരുണ്യസ്വീകരണകര്‍മ്മത്തിന് തുടക്കമാകുകയും ചെയ്യുന്നു. “സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്നത് നിരവധിയായ ക്രൈസ്തവ പ്രാര്‍ത്ഥനകളില്‍ ഒന്നുമായി കാണരുത്, പ്രത്യുത, ദൈവമക്കളുടെ പ്രാര്‍ത്ഥനയാണ് അത്. വാസ്തവത്തില്‍ നമ്മുടെ മാമ്മോദീസായുടെ ദിനത്തില്‍ നമുക്കു നല്കപ്പെടുന്ന “സ്വര്‍ഗ്ഗസ്ഥനായ പിതാവേ”  എന്ന പ്രാര്‍ത്ഥന യേശുക്രിസ്തുവിനുണ്ടായിരുന്ന അതേ വികാരങ്ങള്‍ നമ്മില്‍ പ്രതിധ്വനിപ്പിക്കുകയാണ്. കര്‍ത്താവ്  പഠിപ്പിച്ചതനുസരിച്ച ദൈവത്തെ പിതാവ് എന്ന് ധൈര്യപൂര്‍വ്വം നാം വിളിക്കുന്നു. എന്തെന്നാല്‍ ജലത്താലും പരിശുദ്ധാത്മാവിനാലും നാം അവിടത്തെ മക്കളായി വീണ്ടും ജനിച്ചിരിക്കുന്നു.(എഫെസോസ് 1,5) വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നതുപോലെ, ദൈവത്താല്‍ ജനിപ്പിക്കപ്പെടാത്തവനും, പരിശുദ്ധാരൂപിയുടെ പ്രചോദനം ലഭിക്കാത്തവനും ദൈവത്തെ മമതയോടെ “ആബാ” എന്ന് വിളിക്കാനാകില്ല. ദൈവവുമായി കൗദാശിക കൂട്ടായ്മയിലാകുന്നതിന് നമ്മെ ഒരുക്കാന്‍ കഴിയുന്ന യേശുപഠിപ്പിച്ച ഈ പ്രാര്‍ത്ഥനയെക്കാള്‍ മെച്ചപ്പെട്ട ഏതു പ്രാര്‍ത്ഥനയാണുള്ളത്? വിശുദ്ധ കുര്‍ബ്ബാനയില്‍ മാത്രമല്ല പ്രഭാതപ്രാര്‍ത്ഥനയിലും സായാഹ്ന പ്രാര്‍ത്ഥനയിലും “സ്വര്‍ഗ്ഗസ്ഥനായ പിതാവേ”  എന്ന പ്രാര്‍ത്ഥന ചൊല്ലുന്നു. അങ്ങനെ ദൈവത്തോടുള്ള പുത്രനടുത്ത മനോഭാവവും അയല്‍ക്കാരനോടുള്ള സാഹോദര്യഭാവവും  നമ്മുടെ ദിനങ്ങള്‍ക്ക് ക്രിസ്തീയ രൂപമേകുന്നതിന് സംഭാവന ചെയ്യുന്നു.

ഈ പ്രാര്‍ത്ഥനയില്‍ നമ്മള്‍ “അന്നന്നു വേണ്ടുന്ന ആഹാരത്തിനും” “നമ്മുടെ പാപങ്ങളുടെ മോചനത്തിനും” “തിന്മയില്‍ നിന്നു രക്ഷിക്കപ്പെടുന്നതിനും” വേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്നു വരുന്ന, സഭയ്ക്കും ലോകത്തിനും സമാധാനവും ഐക്യവും ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ ഇതു കൂടുതല്‍ വിശാലമാക്കപ്പെടുന്നു. പരസ്പരം സമാധാനം ആശംസിക്കുകവഴി നാം പ്രകടിപ്പിക്കുന്നത്, സ്വയംദാനമായ കാര്‍ത്താവിനെ സ്വീകരിക്കുന്നതിന് യോഗ്യതയോടെ ബലിവേദിയിലണയുന്നതിനാവശ്യമായ പരസ്പര ഐക്യത്തിനായുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ്. ദൈവത്തിന്‍റെ കുഞ്ഞാടായ ക്രിസ്തുവിനോടുള്ള നമ്മുടെ പ്രാര്‍ത്ഥനയോടെയുള്ള അപ്പംമുറിക്കല്‍ കര്‍മ്മം നമ്മുടെ മദ്ധ്യേയുള്ള ഉത്ഥിതന്‍റെ  രക്ഷാകരസാന്നിധ്യത്തെ തിരിച്ചറിയുകയും അവിടന്ന് കുരിശില്‍ നമുക്കായി നേടിയ സമാധാനത്തിനായി യാചിക്കുകയും ചെയ്യുന്നു. ലോകത്തിനു ജീവനുണ്ടാകുന്നതിനായി മുറിക്കപ്പെട്ട ദിവ്യകാരുണ്യ അപ്പത്തില്‍, പ്രാര്‍ത്ഥനാസമൂഹം, യഥാര്‍ത്ഥ  ദൈവ  കുഞ്ഞാടിനെ, അതായത് രക്ഷകനായ ക്രിസ്തുവിനെ തിരിച്ചറിയുകയും, ഞങ്ങളോടു കരുണ കാട്ടണമേ, ഞങ്ങള്‍ക്ക് സമാധാനം നല്കണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

“സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാര്‍ത്ഥനയിലും അപ്പം മുറിക്കലിലും അടങ്ങിയിരിക്കുന്ന “ഞങ്ങളില്‍ കനിയണമേ, ഞങ്ങള്‍ക്ക് ശാന്തിയേകണമേ” ​എന്നീ പ്രാര്‍ത്ഥനകള്‍ ദൈവത്തോടും സഹോദരങ്ങളോടുമുള്ള കൂട്ടായ്മയുടെ ഉറവിടമായ ദിവ്യകാരുണ്യവിരുന്നില്‍ പങ്കുചേരുന്നതിന് ആത്മാവിനെ ഒരുക്കാന്‍ നമ്മെ സഹായിക്കുന്നു.

യേശു പഠിപ്പിച്ച ശ്രേഷ്ഠമായ ആ പ്രാര്‍ത്ഥന നാം മറക്കരുത്. പിതാവിനോടു അവിടന്നു പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥനയാണത്. കൂട്ടായ്മയിലായിരിക്കാന്‍ ഈ പ്രാര്‍ത്ഥന നമ്മെ ഒരുക്കുന്നു.     

ഈ വാക്കുകളെ തുടര്‍ന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പാപ്പാ നയിച്ചു. ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

തപസ്സുകാലം കൃപയുടെയും ആദ്ധ്യാത്മിക നവീകരണത്തിന്‍റെയും സമയമായിരിക്കട്ടെയെന്ന് പാപ്പാ ആംഗലഭാഷാക്കാരെ സംബോധനചെയ്യവെ ആശംസിച്ചു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ പ്രത്യേകം സംബോധന ചെയ്ത പാപ്പാ നമ്മോടുകൂടെ എന്നുമുണ്ടായിരിക്കും എന്ന് വാഗ്ദാനം ചെയ്ത ക്രിസ്തു വിവിധ രൂപങ്ങളില്‍ തന്‍റെ സാന്നിധ്യം പ്രകടിപ്പിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ചു. നമ്മുടെ ജീവിതത്തിന്‍റെ ഏതൊരവസ്ഥയിലും നമ്മെ താങ്ങിനിറുത്തുന്ന അവിടത്തെ സ്നേഹം ഉത്തരവാദിത്വത്തോടും ധീരതയോടും പ്രഘോഷിക്കുന്നതിനും ആ സ്നേഹത്തിന് സാക്ഷ്യമേകുന്നതിനും നമുക്കൊരോരുത്തര്‍ക്കും കടമയുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. തളരരുത്, ക്രിസ്തുവിന് സ്വയം ഭരമേല്പിക്കുക, അവിടത്തെ സുവിശേഷം സകലയിടത്തും പ്രസരിപ്പിക്കുക, പാപ്പാ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.