2018-03-13 20:05:00

പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ ഫ്രാന്‍സിസ്!


വത്തിക്കാന്‍, 13 മാര്‍ച്ച് 2018.

പത്രോസിന്‍റെ പരമാധികാര സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം വാര്‍ഷികനാളില്‍ പ്രാര്‍ത്ഥനയോടെ ആശംസകള്‍! സഭയെ ഭരിക്കാനും നയിക്കാനും ദൈവം ഇനിയും ആയുസ്സും ആരോഗ്യവും നല്കട്ടെ!

2013 മാര്‍ച്ച് 13-നാണ് അര്‍ജന്‍റീനക്കാരനും, അവിടെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കര്‍ദ്ദിനാള്‍ ഹോര്‍ഹെ ബര്‍ഗോളിയോ പാപ്പാ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിന് തികച്ചും അപ്രതീക്ഷിതമായിരുന്ന ഒരു തിരഞ്ഞെടുപ്പ്! അന്നു സായാഹ്നത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ പാപ്പാ ഫ്രാന്‍സിസ് ആദ്യം പ്രത്യക്ഷപ്പെട്ടത്, അന്നത്തെ സായാഹ്നത്തില്‍ പൊടിഞ്ഞ ചെറുമഴയെ വെല്ലുവിളിച്ചും ആര്‍ത്തിരമ്പി തടിച്ചുകൂടിയ ആയിരങ്ങള്‍ക്കും മാധ്യമങ്ങളിലൂടെ ലോകത്തിന്‍റെ നാനാഭാഗത്തും കണ്ണുംനട്ടിരുന്ന പതിനായിരങ്ങള്‍ക്കും ‘നല്ലൊരു സായാഹ്നം’ (Buonasera, Good Evening) ആശംസിച്ചുകൊണ്ടായിരുന്നു. കരങ്ങള്‍ ഉയര്‍ത്തി ആശീര്‍വ്വദിക്കുന്ന ഔദ്യോഗികതയുടെ പതിവും, അതിന്‍റെ വേഷഭൂഷാദികളുമില്ലാതെ ലാളിത്യത്തോടുകൂടെയായിരുന്നു ആ സ്ഥാനക്കയറ്റം. ആ ലാളിത്യം വിശ്വസ്നേഹമായും കാരുണ്യത്തിന്‍റെ സുവിശേഷമായും ഇന്നും തുടരുമ്പോള്‍ പാപ്പാ ഫ്രാന്‍സിസ് തീര്‍ത്തും സഭാചരിത്രത്തിലെ “പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ”യാണ്! മാനുഷികതയുടെ പരിമിതികളെ ആശ്ലേഷിക്കുകയും, സ്നേഹം കരുണയാണെന്ന് ലോകത്തെ പഠിപ്പിക്കുകയും ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസിനുവേണ്ടി ഇനിയും പ്രാര്‍ത്ഥിക്കാം!!

“ഉറപ്പുള്ളതു നിയമാനുസൃതവും ന്യായമായിട്ടുള്ളതു മാത്രവും ചെയ്യുന്നവര്‍ക്ക് കരുണയുണ്ടാവില്ല. ഉറപ്പുള്ളതു മാത്രം ചെയ്യുന്ന നല്ലമനുഷ്യരായി അപ്പോള്‍ അവര്‍ക്ക് കഴിഞ്ഞുകൂടാം. അങ്ങനെയുള്ളവര്‍ കാരുണ്യത്തിന്‍റെ സുവിശേഷമെന്തെന്ന് അറിയാതെ പോകും! മുറിപ്പെട്ട ജീവിതങ്ങളെ ആശ്ലേഷിക്കണമെങ്കില്‍ കാരുണ്യത്തിന്‍റെ സുവിശേഷമറിയണം, സ്നേഹത്തിന്‍റെ ധാരാളിത്തവും ഉണ്ടായിരിക്കണം...”   – പാപ്പാ ഫ്രാന്‍സിസ് ജൂബിലിവര്‍ഷത്തില്‍ വൈദികരുടെ കൂട്ടായ്മയോട് പറഞ്ഞ വാക്കുകളാണിവ

ചിത്രം: കണ്ണട  വാങ്ങാന്‍ കൂട്ടുകാരന്‍റെ കട തേടിയെത്തിയ പാപ്പാ ഫ്രാന്‍സിസ്!
ഒരു ചെറിയ 'ഫിയറ്റ്' കാറില്‍ തന്‍റെ |ഒരു  സുരക്ഷാ സഹായിയുമായി 2015 സെപ്തംബര്‍ 3-ന് സായാഹ്നത്തിലായിരുന്നു പാപ്പാ കണ്ണട വാങ്ങാന്‍ വത്തിക്കാനു പുറത്തുപോയത്. ആറു കിലോമീറ്റര്‍ അകലെ ‘വിയ ദേല്‍ ബാബൂയിനോ’യിലെ (Via del Babuino, Rome) സുഹൃത്തിന്‍റെ കടയില്‍ കുറിപ്പുകൊടുത്ത്  പാപ്പാ പുതിയ കണ്ണടവാങ്ങുന്നതാണ് രംഗം.








All the contents on this site are copyrighted ©.